◾ബിജെപി രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണു ലക്ഷ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കുന്നതിനാണ് ബിജെപി പ്രചാരണ, ആഘോഷ പരിപാടികള്‍ നടത്തുന്നത്. ജൂണ്‍ മുപ്പതുവരെയാണ് പരിപാടികള്‍ നടത്തേണ്ടതെന്ന് ബിജെപി നിര്‍ദേശം നല്‍കി.
◾ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് കടലില്‍ മുക്കിക്കളഞ്ഞെന്ന് സ്ഥിരീകരിച്ച് എന്‍സിബി. മയക്കുമരുന്നു കടത്തു സംഘത്തിലുള്ളവര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാവികസേനക്കുമുന്നില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ലഹരി മാഫിയാ സംഘം കപ്പല്‍ മുക്കിയത്. കപ്പലിനായി കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപവും അസഭ്യവും ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകളാക്കി ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു. അതിക്രമങ്ങള്‍ നടത്തിയാല്‍ തടവുശിക്ഷ ഏഴു വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്. ബുധനാഴ്ച മന്ത്രിസഭയില്‍ ഓര്‍ഡിനന്‍സ് പാസാക്കും.
◾ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പില്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സന്ദീപിനെ പോലുള്ള അധ്യാപകനെകുറിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ആര്‍ക്കും അറിവില്ലായിരുന്നുവെന്നത് അത്ഭുതകരമാണ്. സ്‌കൂളുകളിലെ ലഹരി ഉപയോഗം കര്‍ശനമായി തടയണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ അധ്യാപക സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
◾ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരാറുകരുടെയും ഉപകരാറുകാരുടെയും കമ്മിഷന്‍ ഏജന്റ് ആണോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരാര്‍ കിട്ടാത്ത കമ്പനിയാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. രേഖകള്‍ ഉയര്‍ത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. ക്രമക്കേട് അന്വേഷിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവിനൈതിരേ റിപ്പോര്‍ട്ടു നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു ധൈര്യമുണ്ടാകില്ലെന്നും ചെന്നിത്തല.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പോലീസ് കമ്മീഷണര്‍ക്കു കത്തു നല്‍കി. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമാണ്. ജീവനക്കാര്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഇറങ്ങി നടക്കാനാവില്ലെന്നു കത്തില്‍ പറയുന്നു.
◾ട്രെയിനില്‍ വനിതാ യാത്രക്കാരോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴാണ് പരപ്പനങ്ങാടി സ്വദേശി ദേവനു കുപ്പികൊണ്ടു കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി സിയാദിനെ പോലീസ് പിടികുടി.
◾വൈദ്യുതി കുടിശിക ഈടാക്കാന്‍ ജപ്തി നടപടികള്‍ ആരംഭിച്ച കെഎസ്ഇബിക്ക് 130 കോടി രൂപയുടെ ബില്‍ നല്‍കി പൊലീസ്. കെഎസ്ഇബിയുടെ വിവിധ ഓഫീസുകള്‍ക്കും ഡാമുകള്‍ക്കും സംരക്ഷണം നല്‍കിയതിന് 130 കോടി രൂപ അടയ്ക്കണമെന്നാണ് പോലീസ് എഡിജിപി നല്‍കിയ കത്തില്‍ പറയുന്നത്.
◾ഇരിട്ടി കളിതട്ടുംപാറയിലെത്തിയ മാവോയിസ്റ്റ് സംഘം സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണെന്നു തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താന്‍ പ്രദേശത്തു തെരച്ചില്‍ നടത്തുന്നുണ്ട്.
◾കൊച്ചി മറൈന്‍ഡ്രൈവില്‍ ബോട്ടുകള്‍ പിടിച്ചെടുത്ത കേസില്‍ മാരിടൈം ബോര്‍ഡിന് പൊലീസ് റിപ്പോര്‍ട്ട് കൈമാറും. ബോട്ടിന്റെ ഉടമകളെ വിളിച്ച് വരുത്തും. 13 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളില്‍ നാല്‍പതോളം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പൂന്തുറ എസ് ഐ ജയപ്രകാശിന്റെ തലയ്ക്കു പരിക്കേറ്റു. പൂന്തുറ പോലീസ് വാഹന പരിശോധ നടത്തുന്നതിനിടെ പൂന്തുറ ഹുസൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
◾കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്ന കേസില്‍ രണ്ടു പേരെകൂടി അറസ്റ്റു ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണുബാബു എന്ന കുട്ടു (36), ശ്രീനിലയം വീട്ടില്‍ ശരത്ത് അന്തോളി (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷന്‍ കട ആക്രമിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.
◾മാനന്തവാടി- കോഴിക്കോട് സംസ്ഥാന പാതയില്‍ പച്ചിലക്കാട്ട് കാറും ടിപ്പറും കൂട്ടിയിടിച്ച് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. പള്ളിപ്പുര അഫ്രീദ് (23), മുനവര്‍ (25) എന്നിവരാണു മരിച്ചത്.
◾കര്‍ണാടകത്തില്‍ ബിജെപിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസിലെത്തി മല്‍സരിച്ചു തോറ്റ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎല്‍സിയാക്കി നാമനിര്‍ദേശം ചെയ്ത് മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ നീക്കം. കര്‍ണാടക കോണ്‍ഗ്രസിലെ ഇരുപക്ഷവും ഇക്കാര്യത്തില്‍ യോജിപ്പിലെത്തിയെന്നാണു റിപ്പോര്‍ട്ട്.
◾തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 35 പേരോളം ചികിത്സയിലാണ്. വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. വ്യാജമദ്യം കഴിച്ചു മരിച്ചവരില്‍ മൂന്നു സ്ത്രീകളുമുണ്ട്.
◾കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ബജറംഗ്ദളിനെ ഭീകര സംഘടനയായി താരതമ്യം ചെയ്തുള്ള പരാമര്‍ശത്തിനാണു പഞ്ചാബ് കോടതി നോട്ടീസ് നല്‍കിയത്. നൂറ് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
◾ജമ്മു കാഷ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്. ജമാ അത്തെ ഇസ്ലാമി, പഴയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണു തെരയുന്നത്.
◾സീറ്റ് ബെല്‍റ്റ് അലാറം സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ വില്‍ക്കുന്ന അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നടപടി. ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ളവരോട് അവരുടെ വെബ്‌സൈറ്റുകളില്‍നിന്ന് ഇത്തരം ഉല്‍പന്നങ്ങളുടെ വിപണനം നിര്‍ത്തിവയ്ക്കണമെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. ദേശീയപാത, ഗതാഗത മന്ത്രാലയം ശുപാര്‍ശകളെത്തുടര്‍ന്നാണ് നടപടി.
◾തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായില്ല. നിലവിലെ പ്രസിഡന്റ് എര്‍ദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കെമാല്‍ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. വിജയിക്കാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് വേണം. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഈ മാസം 28 ന് രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടത്തും.
◾ഐപിഎല്ലില്‍ ഇന്ന് നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പതാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾മേയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലെ വാങ്ങല്‍ വര്‍ദ്ധിപ്പിച്ച് വിദേശ നിക്ഷേപകര്‍. മേയ് രണ്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള വ്യാപാര ദിനങ്ങളിലായി 23,152 കോടി രൂപയില്‍ കൂടുതല്‍ എഫ്.പി.ഐ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മങ്ങിയതും മികച്ച വരുമാന സീസണുമാണ് എഫ്.പി.ഐകളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. 2023 ല്‍ ഇതുവരെ 8,572 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ നടത്തിയത്. ഓഹരികളില്‍ ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും എഫ്പിഐ നിക്ഷേപം എത്തിയതിനു പിന്നാലെയാണ് മേയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ 23,152 കോടി രൂപയുടെ നിക്ഷേപമെത്തിയത്. അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാര്‍ട്ണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപമാണ് മാര്‍ച്ചിലെ എഫ്.പി.ഐ നിക്ഷേപത്തെ പോസിറ്റീവാക്കി മാറ്റിയത്. ഇത് മാറ്റിനിര്‍ത്തിയാല്‍ നെഗറ്റീവ് ഇന്‍ഫ്ലോ ആണ് മാര്‍ച്ചില്‍ നടന്നത്. 2023ലെ ആദ്യ രണ്ട് മാസങ്ങളില്‍ എഫ്.പി.ഐകള്‍ 34,000 കോടി രൂപയുടെ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയിരുന്നത്.
◾പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍’ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് യൂട്യൂബില്‍ കൂടിവന്നിട്ടുണ്ട്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് യൂട്യൂബിനെ ഈ ‘കടുംകൈ’ ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. എന്നാല്‍, 2023-ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ശ്രമിക്കുന്നത്. ഇനി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വീഡിയോ കാണാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം, യൂട്യൂബ് സബ്‌സ്‌ക്രിപ്ഷനില്ലാതെ എംബഡഡ് പരസ്യങ്ങള്‍ തടയുന്ന തേര്‍ഡ്-പാര്‍ട്ടി ആപ്പായ യൂട്യൂബ് വാന്‍സ്ഡ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരുന്നു.
◾മീരാ ജാസ്മിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീന്‍ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീന്‍ എലിസബത്തി’ല്‍ അലക്സ്’ ആയിട്ടാണ് നരേന്‍ വേഷമിടുന്നത്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾വിചിത്രവും ആകര്‍ഷകവുമായ പേരുകള്‍ കൊണ്ട് ഞെട്ടിച്ച മലയാള സിനിമകളുണ്ട്. ഈയിടെയായി മലയാള സിനിമകള്‍ക്കു നല്‍കുന്നത് പലപ്പോഴും നീളം കൂടിയതും രസകരവുമായ ടൈറ്റിലുകളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പേരാണ് ‘മസാല ദോശ മൈസൂര്‍ അക്ക’. നടനും സംവിധായകനുമായ മൃദുല്‍ നായരാണ് സിനിമയുടെ സംവിധാനം. ദ് ഫിലിമി ജോയിന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സജി മോന്‍ പ്രഭാകറും മൃദുലും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം 2024 ജനുവരിയില്‍ റിലീസ് ചെയ്യും. എംഡിഎംഎ എന്നാണ് ‘മസാല ദോശ മൈസൂര്‍ അക്ക’യുടെ ചുരുക്കപ്പേരെന്നാണ് സമൂഹമാധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. അതേസമയം മൃദുല്‍-സജി മോന്‍ പ്രഭാകര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘കാസര്‍ഗോള്‍ഡ്’ റിലീസിന് തയാറെടുക്കുകയാണ്. അസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
◾ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് പുതിയ ടാകോമ പിക്ക്-അപ്പ് ട്രക്ക്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍ നിന്നുള്ള പുതിയ ടൊയോട്ട ടകോമയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പുതിയ ടകോമ പുതിയ ഹൈബ്രിഡ് പവര്‍ട്രെയിനുകളും കൂടുതല്‍ സവിശേഷതകളും അവതരിപ്പിക്കും. ടൊയോട്ട ടകോമ ടിആര്‍ഡി പ്രോ ഉള്‍പ്പെടെ ഒന്നിലധികം ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യും. ഒരു ഫാക്ടറി നിര്‍മ്മിത ഓഫ്-റോഡറായി കമ്പനി ഒരു പുതിയ ട്രെയില്‍ ഹണ്ടര്‍ ട്രിം ചേര്‍ക്കും. ടൊയോട്ട ടകോമ പിക്ക്-അപ്പ് ടൊയോട്ട ടുണ്ട്ര ഫുള്‍ സൈസ് പിക്ക്-അപ്പിന്റെ സ്‌കെയില്‍ ഡൗണ്‍ പതിപ്പ് പോലെയാണ്. 437 ബിഎച്ച്പിയും 790 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തുണ്ട്രയുടെ ഐ-ഫോഴ്‌സ് മാക്‌സ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് ടകോമയ്ക്ക് കരുത്തേകുന്നത്. 265 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന പുതിയ 2.4ലി 4സിലിണ്ടര്‍ ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിനും ലഭിക്കും. ഇത് ആഗോളതലത്തില്‍ ലെക്സസ്, ടൊയോട്ട മോഡലുകള്‍ക്ക് കരുത്ത് പകരുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ഡീസല്‍ എന്‍ജിനുമായാണ് പുതിയ മോഡലും എത്തുന്നത്.
◾ഓജസ്സുള്ള വാക്കുകള്‍ കൊരുത്തെടുത്ത് കവിത്വം തുളുമ്പുന്ന ഭാഷയില്‍ നോവലിസ്റ്റ് കഥ പറഞ്ഞുപോകുമ്പോള്‍ അറിയാതെതന്നെ വായനക്കാരനും ആ മായാലോകത്തിന്റെ കാന്തശക്തിയില്‍ പെട്ടുപോകുന്നു. ശക്തമായ ബുദ്ധധാരയില്‍ വേരുകളാഴ്ത്തിയാണീ പുസ്തകത്തിന്റെ നിലനില്‍പ്പ്. ഏകാഗ്രത, അവബോധം
തുടങ്ങിയ ഗുരുപാഠങ്ങള്‍ക്ക് ഇലകളും പൂക്കളും പഴങ്ങളുമുണ്ടായി എന്നു കരുതുകയാണ് ഭംഗി. ബുദ്ധദര്‍ശനങ്ങളുടെ സംവാദാത്മകതകളുടെ അടിസ്ഥാനശിലയില്‍ പണിതുയര്‍ത്തിയ നോവല്‍ശില്‍പ്പം. ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്’. കെ.വി മോഹന്‍ കുമാര്‍. ചിത്രങ്ങള്‍-നമ്പൂതിരി. മാതൃഭൂമി. വില 289 രൂപ.
◾മികച്ച പോഷക ഗുണങ്ങളുള്ള ഓട്സ് മിക്കവരുടെയും പ്രാതല്‍ വിഭവങ്ങളില്‍ ഇടം നേടിയതാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളമടങ്ങിയ ഓട്സ് ഭാരം ക്രമീകരിക്കാനും മികച്ചതാണ്. എന്നാല്‍ വെറുതെ അങ്ങ് കഴിച്ചാല്‍ പോര കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്സ് ഉദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. ഓട്സ് ഉണ്ടാക്കിയിട്ട് അതിന്റെ മുകളില്‍ മധുരമുള്ള ടോപ്പിങ്സ് ചേര്‍ത്തു കഴിച്ചാല്‍ ഒരു ഗുണവും ലഭിക്കില്ല. യാതൊരുവിധ ഫ്ലേവറുകളും ചേര്‍ക്കാത്ത ഓട്സ് വാങ്ങുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. ഫ്ലേവര്‍ ഓട്സില്‍ 70 ശതമാനം ആണ് അധിക കാലറി. വണ്ണം കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബര്‍. രുചി കൂട്ടാന്‍ ഓട്സ് കഴിക്കുമ്പോള്‍ മധുരം ചേര്‍ത്താല്‍ വിപരീതഫലം ആകും ലഭിക്കുക. ഇനി എന്തെങ്കിലും ടോപ്പിങ്സ് വേണമെന്നു തോന്നിയാല്‍ റാസ്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ചേര്‍ത്തു കഴിക്കൂ. മേപ്പിള്‍ സിറപ്, തേന്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നത് ഗുണകരം തന്നെ. പക്ഷേ ഇതില്‍ അധിക കാലറി ഉണ്ട്. അത് വണ്ണംവയ്ക്കാനാണ് സഹായിക്കുന്നത്. ഒരു എത്തപ്പഴം അല്ലെങ്കില്‍ ഷുഗര്‍ കുറഞ്ഞ എന്തെങ്കിലും സ്വീറ്റ്നറുകള്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നതാണ് നല്ലത്. പാലും വെള്ളവും ചേര്‍ത്ത് അതില്‍ ഓട്സ് വേവിച്ചു കഴിക്കുന്നത് നല്ലതാണ്. ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സ് കഴിക്കുന്നതും നല്ലതാണ്. ഓട്സ് പ്രധാനാഹരമാക്കി കഴിക്കുന്നതിനെയാണ് ഓട്സ് മീല്‍സ് എന്നു പറയുന്നത്. ഇത് രണ്ടു തരത്തിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ഓട്സ് മീല്‍സ് മെയിന്‍ കോഴ്സ് ആയി കഴിക്കുക. പഴങ്ങള്‍ ചേര്‍ത്ത് ഇത് കഴിക്കാം. രണ്ടാം ഘട്ടത്തില്‍ ഓട്സ് ദിവസവും ഒന്നോ രണ്ടോ വട്ടം കഴിക്കാം. ബാക്കി നേരങ്ങളിലെ ആഹാരത്തില്‍ കാലറി കുറഞ്ഞിരിക്കണം എന്നതും ശ്രദ്ധിക്കണം. ഇന്‍സ്റ്റന്റ് ഓട്സ് ഈ ഘട്ടത്തില്‍ വേണമെകില്‍ ഉപയോഗിക്കാം. കൂടെ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ചേര്‍ക്കാം. ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ ഓട്സ് മീല്‍സ് മികച്ചതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.31, പൗണ്ട് – 102.74, യൂറോ – 89.53, സ്വിസ് ഫ്രാങ്ക് – 91.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 218.43, കുവൈത്ത് ദിനാര്‍ -268.24, ഒമാനി റിയാല്‍ – 214.10, സൗദി റിയാല്‍ – 21.95, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.94.