yt cover 8

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മയ്ക്കു ക്ഷണം. ചൊവ്വാഴ്ച രാവിലെ 11 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ എന്‍പിപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ അടക്കം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സാംഗ്മ അവകാശപ്പെട്ടു.

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു വിറ്റു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റവന്യൂ, ധനവകുപ്പുകളുടെ എതിര്‍പ്പു കൂസാതെ സ്ഥലം വില്‍ക്കുന്നതിനു പിറകില്‍ വന്‍ അഴിമതിയുണ്ട്. കമ്പനി എംഡി വിദേശയാത്ര നടത്തിയതില്‍ വിശദീകരണം തേടണം. നോര്‍ക്ക റൂട്സിനു കീഴില്‍ കമ്പനി രൂപീകരിച്ച് ഭൂമി വില്‍ക്കാനാണ് ശ്രമം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല.

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല ഗവര്‍ണര്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിന് നല്‍കി. മലയാളം സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. ഗവര്‍ണറും സര്‍ക്കാരും സമാന്തരമായി വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി രൂപീകരണ നീക്കവുമായി മുന്നോട്ടു പോയിരുന്നു

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന പുകഴ്ത്തലുകളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണ്. നിപയും കോവിഡും പ്രളയവും വരണമെന്നാണ് യുഡിഎഫുകാരുടെ മോഹമെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇപി ജയരാജന്‍.

ആരോഗ്യ രംഗത്ത് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ കേന്ദ്രം പുനര്‍ചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മുഖ്യമന്ത്രിക്കു രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. മുണ്ടിക്കല്‍ താഴം ജംഗ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്. രണ്ടു സംഭവങ്ങളിലുമായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കാമെന്ന് എസിപി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ ഇന്നു തീവ്രയജ്ഞം. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കു പുക വ്യാപിച്ചു. ഇന്ന് എല്ലാവരും വീടുകളില്‍ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അഗ്‌നിരക്ഷാ സേനയും നേവിയും വ്യോമസേനയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.

രാഷ്ട്രപതി ദ്രൗപതി മുര്‍മു 16 നു തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. 16, നും 17 നും തിരുവനന്തപുരത്തുണ്ടാകും. 17 ന് ഉച്ചയ്ക്കു 12 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ 25 ാം വാര്‍ഷികം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യം. ഹയാത്ത് റീജന്‍സിയിലാണു താമസിക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു തൃശൂരില്‍. വൈകുന്നേരം അഞ്ചിനു തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും.

പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്ത ഹര്‍ഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്. നീതി ലഭിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയെന്ന് ഹര്‍ഷിന പറഞ്ഞു.

ലൈഫ് മിഷനില്‍ വിദേശ സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ലൈഫ് മിഷനും യൂണിടാക്കുമായി കരാറില്ല. യുഎഇയിലെ സംഘടനയായ റെഡ് ക്രെസന്റാണ് പണം നല്‍കിയത്. രാജേഷ് പറഞ്ഞു.

കെ റെയില്‍ വന്നാല്‍ കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിലെത്താമെന്ന കോമഡിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍. ഗോവിന്ദന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യ വിഷയമാകുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ അതിക്രമം നടത്തിയ മുപ്പതോളം പേരില്‍ എട്ടു പ്രതികള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കൈക്കൂലി കേസില്‍ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. സെക്രട്ടറി നാരായണ്‍ സ്റ്റാലിനും പ്യൂണ്‍ ഹസീനയുമാണ് പിടിയിലായത്. നഗരസഭയിലെ മാലിന്യ സംസ്‌കരണം നടത്തുന്ന കരാറുകാരനില്‍നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആദ്യഗഡുവായി 25,000 രൂപ കൈപ്പറ്റിയതിനാണ് അറസ്റ്റ്.

വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വെച്ചൂര്‍ കുന്നപ്പള്ളില്‍ രതിമോള്‍, ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ ധന്‍സ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മര്‍ദ്ദനമേറ്റത്.

ഹാഷിഷ് ഓയില്‍ കടത്തു കേസിലെ മുഖ്യപ്രതിയെ ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെ കൊരട്ടി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു പേര്‍ പിടിയിലായത്. 25 കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിനെ്റ സൂത്രധാരനാണ് സുബ്ബറാവു.

അന്ധയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം ബാലരാമപുരം മേക്കേക്കര തലയല്‍ ബിന്ദു ഭവനില്‍ സുഗുണാ ദേവി (67) യാണു കൊല്ലപ്പെട്ടത്. ചെറുമകളുടെ ഭര്‍ത്താവ് നന്ദകുമാര്‍ (25) ആണ് അറസ്റ്റിലായത്.

യോഗ പഠിക്കാനെത്തിയ ബെല്‍ജിയം സ്വദേശിനിയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജി (44) യെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിയായ ജയകുമാര്‍ ഒപ്പം താമസിച്ചിരുന്ന ആശ എന്നിവരെ അറസ്റ്റു ചെയ്തു. ലക്ഷത്തിലേറെ പാക്കറ്റുകളാണ് പിടികൂടിയത്.

ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടമായ സിറ്റി ടവറില്‍ തീപിടിത്തം. മുകള്‍നിലയിലുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും തൊട്ടരികിലെ രണ്ടു മുറികളും കത്തിനശിച്ചു.

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പിടിയിലായി. നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയായിക്കിയ കേസില്‍ ചുനക്കര നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) യാണ് അറസ്റ്റു ചെയ്തത്.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഒരേ ചോദ്യംതന്നെ തുടരെത്തുടരെ ചോദിച്ചു മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോടു പറഞ്ഞു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഹിന്ദി സംസാരിച്ചതിനു 12 ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നെന്ന് വ്യാജപ്രചാരണം. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നു ബിഹാറി തൊഴിലാളികളുടെ കൂട്ടപ്പലായനം. വ്യാജപ്രചാരണം നടത്തിയതിന് ഏതാനും പേരെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നാലു പേരെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് ബിജെപി നേതാവ് പ്രശാന്ത് ഉംറാവോ, ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ തുടങ്ങിയവര്‍ക്കെതിരേ യുപിയിലും കേസെടുത്തു.

സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും കിട്ടാന്‍ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ നടപടി ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഇന്‍ഡോര്‍ സ്വദേശിനിയായ യുവതിയാണ് പൂനെ സ്വദേശിയായ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

കടക്കെണിയില്‍ ക്ളേശിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ധനിക രാജ്യങ്ങള്‍ക്കും കുത്തകകള്‍ക്കും ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്. ഖത്തറില്‍ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം. നിലനില്‍പ്പിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ഉയര്‍ന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടേകാല്‍ ലക്ഷം കുട്ടികളുടെ നഗ്‌നചിത്രങ്ങളുമായി 72 കാരന്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ അറസ്റ്റിലായി. പോള്‍ സിറ്റല്‍ എന്നയാളെയാണു പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെയും ഓഫീസ് മുറിയിലെയും ചുമരുകള്‍ നിറയെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പതിച്ചിരുന്നു. അനേകായിരം ചിത്രങ്ങളുടെ പ്രിന്റുകള്‍ അലമാരകളിലും കണ്ടെത്തി. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ 25 കേസുകളെടുത്തു.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് തോല്‍പിച്ചു. മുംബൈ ഉര്‍ത്തിയ 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 15.2 ഓവറില്‍ ഒമ്പത് വിക്കറ്റിന് 64 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

എടികെ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് മോഹന്‍ ബഗാന്‍ സെമിയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയാണ് എടികെയുടെ എതിരാളികള്‍. രണ്ടുപാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

54 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കര്‍ണാടക. കലാശപ്പോരില്‍ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വേനല്‍ക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 26 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഒക്ടോബര്‍ 26 വരെയാണ് പ്രത്യേക സര്‍വീസ്. ഈ സമയക്രമത്തില്‍ രാജ്യാന്തരതലത്തിലെ 332 ഉള്‍പ്പെടെ 1,484 സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രധാന വിമാന കമ്പനികളെല്ലാം വേനല്‍കാല സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് അബുദാബിയിലേക്കാണ്. 51 സര്‍വീസുകളാണ് അബുദാബിയിലേക്ക് നടത്തുക. 45 സര്‍വീസുകള്‍ ദുബായിലേക്കും നടത്തുന്നതാണ്. കൂടാതെ, മലേഷ്യയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ അറേബ്യ അബുദാബി ആഴ്ചയില്‍ 10 സര്‍വീസുകളും, എയര്‍ ഏഷ്യ ബര്‍ഹാദ് ക്വാലാലംപൂരിലേക്ക് പ്രതിദിനം 5 സര്‍വീസുകളും അധികമായി ആരംഭിക്കുന്നതാണ്. 63 സര്‍വീസുകളുമായി ഇന്‍ഡിഗോയാണ് രാജ്യാന്തര സര്‍വീസുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നിലായി, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഏഷ്യ ബര്‍ഹാദ്, എമിറേറ്റ്സ് എയര്‍, എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി അറേബ്യന്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയവയും സിയാലില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതാണ്.

‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന എആര്‍എം മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഗ്ലോബല്‍ റിലീസായിരിക്കും. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്‍, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന്‍ തോമസാണ്.

എം.എസ്.ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്‍’ വീണ്ടും പ്രേക്ഷകര്‍ക്കരികില്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്‌കരന്‍ വരികള്‍ കുറിച്ചു. പാട്ട് ഇന്നും നിത്യഹരിതഗീതമായി പ്രേക്ഷകഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ഷഹബാസ് അമന്‍ ആണ് നീലവെളിച്ചത്തിനു വേണ്ടി ‘താമസമെന്തേ വരുവാന്‍’ ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘ഏകാന്തതയുടെ മഹാതീരം’, ‘അനുരാഗമധുചഷകം പോലെ’ എന്നീ ഗാനങ്ങളും പുനരാവിഷ്‌കരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. റിമ കല്ലിങ്കല്‍ നായികയായെത്തുന്നു. നായകന്‍: ടൊവിനോ. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോട്ടോര്‍സൈക്കിളായ ഹീറോയുടെ സ്‌പ്ലെന്‍ഡറിനോട് മത്സരിക്കാന്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 100 സിസി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2023 മാര്‍ച്ച് 15 ന് പുതിയ 100 സിസി ബൈക്ക് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പേരോ വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന മൈലേജ് നല്‍കുന്ന ബൈക്കായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഹോണ്ട 100 സിസി ബൈക്കിന് ഏകദേശം 60 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. പുതിയ ഹോണ്ട 100 സിസി ബൈക്ക് കുറഞ്ഞ പവര്‍ എന്‍ജിന്‍ ഉപയോഗിച്ച് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയ്ക്ക് നിലവില്‍ രണ്ട് 110 സിസി മോട്ടോര്‍സൈക്കിളുകളുണ്ട് – ഹോണ്ട സിഡി 110 ഡ്രീം ഡിഎല്‍എക്സ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ നല്‍കുന്ന ഹോണ്ട ലിവോയും. പുതിയ ഹോണ്ട 100 സിസി ബൈക്ക് 8 ബിഎച്ച്പി, 97.2 സിസി എഞ്ചിനുമായി വരുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസുമായി മത്സരിക്കും.

ഉന്നത വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നമായിരുന്ന കാസര്‍കോടന്‍ ഗ്രാമത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു എന്‍ജിനീയറിങ് കോളജ് അധ്യാപകന്‍ താന്‍ പിന്നിട്ട കാലങ്ങളെ, വികൃതികാട്ടിയ തന്റെ വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയതുപോലെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ശാസനയോടെയും വിചാരണ ചെയ്യുന്ന ഒരാത്മകഥ. പാതകങ്ങള്‍ മഴയായി പെയ്ത അടിയന്തരാവസ്ഥക്കാലത്ത് കാല്‍വിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യന്‍ രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂര്‍ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവന്‍ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാന്‍ ധീരത കാട്ടിയ ജീവിതകഥ. കേരളത്തെ പിടിച്ചു കുലുക്കിയ രാജന്‍ കേസ് പ്രതിപാദനങ്ങളില്‍ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു മാത്രം അകറ്റിനിര്‍ത്തപ്പെട്ട ആ ജീവിതം ഒരിക്കല്‍ക്കൂടി കേരളസമൂഹത്തിന്റെ മുന്നില്‍ വന്നുനിന്ന് പറയുകയാണ്. ‘ഞാന്‍ സാക്ഷി!’. പ്രൊഫ. കെ. കെ. അബ്ദുല്‍ ഗഫാര്‍. കറന്റ് ബുക്സ്. വില 250 രൂപ.

വിട്ടുമാറാത്ത ചുമ, പിന്നാലെ പനിയും, കഴിഞ്ഞ രണ്ട്മൂന്ന് മാസങ്ങളായി രാജ്യത്ത് പലയിടത്തും ആളുകളെ ഈ ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എന്‍2 ആണ് ഇതിന് കാരണമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. എന്നാല്‍ ചുമ, ജലദോഷം, ഛര്‍ദ്ദി എന്നിവ കൂടുമ്പോള്‍ യാതൊരു വേര്‍തിരിവും നോക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിര്‍ദേശിച്ചു. സീസണല്‍ പനി ആണെങ്കില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. മൂന്നാം ദിവസം പിന്നിടുമ്പോള്‍ പനി കുറയുമെങ്കിലും മൂന്നാഴ്ച്ചയെങ്കിലും ചുമയടക്കമുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ തുടരും. വായുമലിനീകരണം മൂലവും വൈറല്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പലര്‍ക്കും പനിയോടൊപ്പം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. 15വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതേസമയം രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ മതിയെന്നും ആന്റിബയോട്ടിക്കുകള്‍ ശുപാര്‍ശ ചെയ്യരുതെന്നുമാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അസിത്രോമൈസിന്‍, അമോക്സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ കൃത്യമായ ഇടവേള ഇല്ലാതെപോലും പലരും കഴിക്കുന്നുണ്ട്. രോഗം ഒന്ന് കുറഞ്ഞെന്ന് തോന്നുമ്പോഴേക്കും ഇത് നിര്‍ത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുന്നതിനാല്‍ ഇത് തടയണം. അല്ലാത്തപക്ഷം ആന്റിബയോട്ടിക് എടുത്തേ മതിയാകൂ എന്നൊരു സാഹചര്യം വരുമ്പോള്‍ മരുന്ന് ഫലിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. ഐഎംഎ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ബാക്ടീരിയ മൂലമുള്ള അണുബാധയാണോ അല്ലയോ എന്ന് കൃത്യമായി പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രമേ ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവൂ എന്നാണ് ഐഎംഎയുടം നിര്‍ദേശം.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി രാജവീഥിയിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ കണ്ട സന്യാസി തന്നെനോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ അത് പരിഹാസമായാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തോന്നിയത്. ദേഷ്യം തോന്നിയ അദ്ദേഹം സന്യാസിയോട് ചോദിച്ചു: ഞാന്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് താങ്കള്‍ക്കറിയില്ലേ? സന്യാസി പറഞ്ഞു: ഞാന്‍ താങ്കളില്‍ ഒരു മഹത്വവും കാണുന്നില്ല. താങ്കള്‍ ദരിദ്രനാണ്. നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ നടക്കുകയാണെന്ന് കരുതുക. ദാഹിച്ചുമരിക്കണമെന്നായപ്പോള്‍ ഒരു പാത്രത്തില്‍ വെള്ളവുമായിവരുന്ന ഒരാളെ താങ്കള്‍ കണ്ടു. ആയാള്‍ നിങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കാന്‍ തയ്യാറല്ല എന്ന് കരുതുക. ആ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം താങ്കള്‍ എന്താണ് നല്‍കുക? എന്റെ സാമ്രാജ്യത്തിന്റെ പകുതിനല്‍കുമെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. അതിനയാള്‍ വഴങ്ങിയില്ലെങ്കില്‍ സാമ്രാജ്യം മുഴുവനും നല്‍കും. അപ്പോള്‍ സന്യാസി പറഞ്ഞു: നിങ്ങളുടെ മുഴുവന്‍ സാമ്രാജ്യത്തിന്റെയും വില ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ അത്രയേ ഉള്ളൂ. ചിലപ്പോള്‍ അതും മതിയാകാതെ വരും. ഇപ്പോള്‍ മനസ്സിലായില്ലേ… നിങ്ങളുടെ മഹത്വം വെറും ഒരു മായയാണെന്ന്.. ! മഹത്വം സ്വയം പ്രഖ്യാപിക്കേണ്ടതല്ല.. മറ്റുള്ളവര്‍ കല്‍പിച്ചുനല്‍കേണ്ടതാണ്. താന്‍ ഉത്കൃഷ്ഠനാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴേല്ലാം ആള്‍ക്കൂട്ടത്തില്‍ അപഹാസ്യനാകും. വിലകൊടുത്തോ ഭീഷണിപ്പെടുത്തിയോ നേടുന്ന ആദരത്തിന് സ്വത്ത് നശിക്കുന്നത് വരെയോ അധികാരമൊഴിയുന്നതുവരെയോ ആയുസ്സുള്ളൂ.. നിര്‍ബന്ധിക്കപ്പെടുന്നതുകൊണ്ടും നിയമമായതുകൊണ്ടും ചിലത് കാണുമ്പോള്‍ എഴുന്നേല്‍ക്കേണ്ടിവരും. പക്ഷേ, നാം മറ്റുചിലരെ കാണുമ്പോള്‍ ആദരം കൊണ്ടും അഭിനിവേശം കൊണ്ടും അറിയാതെ എഴുന്നേറ്റുപോകും. ആ വ്യത്യാസം വ്യക്തിത്വത്തിന്റെതാണ്. മഹത്വം വന്നുചേരേണ്ടതാണ്.. അതിലേക്കുളള യാത്ര തുടരുക എന്നത് മാത്രമാണ് നമ്മുടെ കടമ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *