yt cover 33

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ മണിപ്പൂരില്‍ പോലീസ് തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. കുക്കി മേഖലയായ ചുരാന്ദ്പൂരിലേക്ക് പോകവേ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം സ്ഥലത്തെത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച മണിപ്പൂര്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. അതേസമയം, ചുരാചന്ദ്പുരും മെയ്‌തെയ് ക്യാംപും സന്ദര്‍ശിക്കുന്നതില്‍നിന്നു രാഹുല്‍ പിന്നോട്ടില്ലെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നതും മണിപ്പൂര്‍ വിഷയവും ചര്‍ച്ചയായി. ഇന്നലെ രാത്രി വളരെ വൈകി അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതി ഇനിയും മെച്ചപ്പെട്ടില്ല. രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമായില്ല.

എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ പാലാരിവട്ടത്തെ ഏജന്‍സി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനെ കണ്ടെത്താന്‍ തെരച്ചിലുമായി പോലീസ്. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായിരുന്നു.

എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ വ്യാജ പ്രവര്‍ത്തി പരിചയ രേഖയുണ്ടാക്കിയത് സീനിയറായ അപേക്ഷകയെ പിന്തള്ളാനെന്നു പോലീസ്. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറായിരുന്ന കെ. രസിതയ്ക്കായിരുന്നു. ഉദുമ കോളജിലും ഇരുവരും അഭിമുഖത്തിന് എത്തിയിരുന്നു. തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ കേസ് കോടതിയില്‍ തള്ളിപ്പോകുമെന്നാണു നിയമവിദഗ്ധരുടെ നിലപാട്.

നടി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് മൂന്നു ദിവസമായി നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഇന്നു വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

ലോക ബാങ്ക് വൈസ് പ്രസിഡന്റ് ജുനൈദ് കമാല്‍ അഹമ്മദ് ബലിപെരുന്നാള്‍ നമസ്‌കാരം നടത്തിയത് പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍. പയ്യന്നൂര്‍ തുരിയം സംഗീതോല്‍സവത്തില്‍ പങ്കെടക്കുന്ന ഭാര്യ സാമിയ ജുനൈദിനൊപ്പം എത്തിയതാണ് അദ്ദേഹം. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ സുമിത്ര ഗുഹയ്ക്കൊപ്പം സാമിയ ജൂനൈദ് പാടുന്നുണ്ട്. ബംഗ്ലാദേശില്‍ ജനിച്ച ജുനൈദ് അമേരിക്കയിലാണു സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്കു വെല്ലുവിളിയാണ്. ഭരണ ഘടന നല്‍കുന്ന സ്വാതന്ത്രത്തെ ഹനിക്കുന്ന നീക്കങ്ങളില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.

കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കുറ്റങ്ങള്‍ മറച്ചുവക്കാനാണ് കോണ്‍ഗ്രസ് ഈ ആരോപണം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്ത ദേവാലയങ്ങളേയും ക്രൈസ്തവരേയും ലക്ഷ്യമിട്ട മണിപ്പൂര്‍ സംഘര്‍ഷം ആസൂത്രിതമായ വംശഹത്യയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് രാജ്യം ഭരിക്കുന്നവരാണ്. അവര്‍ കലാപത്തിനു കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസര്‍കോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട് പ്രണയത്തിലായി വിശ്വാസം നേടിയശേഷം കബളിപ്പിച്ച് പണം തട്ടിയകേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സംഷീര്‍ (32) ആണ് കോഴിക്കോട് സൈബര്‍ പോലീസിന്റെ പിടിയിലായത്.

മാവലിക്കരയില്‍ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴുകൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ആത്മഹത്യക്കു ശ്രമിച്ചത് അഭിനയമാണെന്നു നക്ഷത്രയുടെ മുത്തച്ഛനായ ലക്ഷ്മണന്‍. പ്രതിയുടെ മാനസിക നിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

ബെംഗളൂരുവില്‍ ബഹുനില കെട്ടിടത്തില്‍നിന്നു വീണ മലയാളി യുവാവ് മരിച്ചു. ഇടുക്കി അടിമാലി ആയത്തുപറമ്പില്‍ ജോ തോമസ് (39 ) ആണ് മരിച്ചത്.

കാലപ ബാധിതമായ മണിപ്പൂരിലേക്കു പോയ രാഹുല്‍ ഗാന്ധി രാഷ്ട്രീയ അവസരവാദിയാണെന്ന് ബിജെപി. ജനങ്ങളെയോര്‍ത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ മുതലെടുപ്പാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ബിജെപി വിമര്‍ശിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കുകയാണെന്നു വിര്‍മശിച്ച അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറസിന്റെ സംഘാംഗമായ സുനിത വിശ്വനാഥുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ യാത്ര സ്പോണ്‍സര്‍ ചെയ്തത് തന്‍സീം അന്‍സാരിയാണെന്നും ആരോപിച്ചു. രാഹുല്‍ഗാന്ധിക്കു പിറകില്‍ സുനിത മറ്റൊരാളുമായി സംസാരിക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് സ്മൃതി ഇറാനിയുടെ ആരോപണം.

വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഇന്നു ഡിസ്ചാര്‍ജു ചെയ്യുമെന്ന സഹറണ്‍പൂരിലെ ജില്ലാ ആശുപത്രി അധികൃതര്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ആറിയിച്ചു.

ഏക സിവില്‍ കോഡിലൂടെ വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കി. മണിപ്പൂര്‍ കത്തുമ്പോഴും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.

ത്രിപുരയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് ആറു പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റ. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്.

ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇവ കണ്ടെടുത്തത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്തിയിട്ടുണ്ട്.

ഔദ്യോഗിക രേഖകളില്‍ കൈയെഴുത്തു കുറിപ്പുകള്‍ എഴുതാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉപയോഗിക്കുന്ന പേനയിലെ മഷി മായ്ച്ചാല്‍ മായുന്നവയാണെന്ന് ആരോപണം. ദി ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാന്‍ നിര്‍മ്മിത പൈലറ്റ് ഫൗണ്ടന്‍ പേന സുനകിന്റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടിരുന്നു.

ലാന്‍ഡിംഗ് ഗിയറുകള്‍ തകരാറിലായതിനാല്‍ നോര്‍ത്ത് കരോലിനയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിംഗ് 717 വിമാനത്തിന്റെ മുന്‍വശം ഭൂമിയിലിടിച്ചു. അറ്റ്ലാന്റയില്‍ നിന്ന് പുറപ്പെട്ട ഫ്ളൈറ്റ് ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയപ്പോഴാണ് ഗിയറുകള്‍ തകരാറിലാതിനാല്‍ റെണ്‍വേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്റെ മുന്‍ഭാഗം നിലത്തിടിച്ചത്. വിമാനത്തില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു.

പാരിസില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ കാറോടിച്ചുപോയ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നു. പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. വടക്കന്‍ ആഫ്രിക്കന്‍ വംശജനായ എം. നെയില്‍ എന്ന 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് വെടിവച്ചു കൊന്നത്.

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ ഒരാള്‍ കോണ്‍സുലേറ്റിനു സമീപം വാഹനം നിര്‍ത്തി കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.

ആപ്പിളിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ബുധനാഴ്ച വന്‍ നേട്ടത്തോടെയാണ് ആപ്പിള്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആപ്പിള്‍ റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തില്‍ വന്‍തോതില്‍ ഉയര്‍ന്നത്. 2023ല്‍ ഇതുവരെ 46 ശതമാനം നേട്ടമാണ് ആപ്പിളിനുണ്ടായത്. ടെസ്ല, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരിവിലയും ഇക്കാലയളവില്‍ ഇരട്ടിയായിരുന്നു. മൈക്രോസോഫ്റ്റ് 40 ശതമാനം നേട്ടമാണുണ്ടാക്കിയത്. ജൂണ്‍ ആദ്യവാരത്തില്‍ ഓഗ്മെന്റ് റിയാലിറ്റി അടിസ്ഥാനമാക്കിയ ഹെഡ്സെറ്റ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു.

പിന്‍ ചെയ്തു വയ്ക്കാന്‍ കഴിയുന്ന ചാറ്റുകളിലാണ് വാട്സ്ആപ്പ് പുതിയ പരീക്ഷണം നടത്തുന്നത്. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ മിക്ക ആളുകളും ചില ചാറ്റുകള്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പിന്‍ ചെയ്ത് വെയ്ക്കുന്ന ചാറ്റുകള്‍ക്ക് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്നതിനാല്‍, ഈ കാലയളവ് തീരുന്ന മുറയ്ക്ക് ചാറ്റുകള്‍ ഓട്ടോമാറ്റിക്കായി അണ്‍പിന്‍ ആകുന്നതാണ്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി മൂന്ന് വ്യത്യസ്ഥ സമയക്രമവും ഉള്‍പ്പെടുത്തുന്നതാണ്. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം അവതരിപ്പിക്കാന്‍ സാധ്യത. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മൂന്ന് സമയക്രമത്തില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത കാലാവധി തീരുമ്പോള്‍ മെസേജ് ഓട്ടോമാറ്റിക്കലി അണ്‍പിന്‍ ആകും.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥ’നിലെ ആദ്യ ലിറിക് വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച്, അങ്കിത് മേനോന്‍ സംഗീതം നല്‍കി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പര്‍ദേസി എന്ന ഗാനം ആണ് പുറത്തിറങ്ങിരിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ റാഫി തന്നെയാണ്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ദിലീപും ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണ്. അതോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദ്ദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു.

‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘കൊച്ചിയാ…’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക്കാണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജു ജോര്‍ജ് പാട്ടിനു വരികള്‍ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നു. ‘കൊച്ചിയാ…’ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഷൈന്‍ ടോമിനൊപ്പം ഗൗതം അനില്‍കുമാര്‍, ശ്രീമോന്‍ വേലായുധന്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി കീബോര്‍ഡ് വായിച്ചിരിക്കുന്നത്. വരുണ്‍ കുമാര്‍ സാക്സോഫോണിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഷെരോണ്‍ റോയ് ഗോമസ് പ്രോഗ്രാമിങ് നിര്‍വഹിച്ചിരിക്കുന്നു. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയ് ബാബു, ദീപക് പറമ്പോല്‍, മാളവിക മേനോന്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, സോന നായര്‍, സ്മിനു സിജോ, ആര്യ ബാബു, സാജന്‍ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ് എന്നീ മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്രയംഫ് – ബജാജ് പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇവ. ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിച്ച ശേഷം വില്‍പനയും ബജാജ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇരു വാഹനങ്ങള്‍ക്കും 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. സ്പീഡ് 400 എന്ന മോഡലിന്റെ ഡിസൈന്‍ സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള വിധത്തിലാണ്. സ്‌ക്രാംബ്ലര്‍ 900 മോഡലില്‍ കണ്ട വിധത്തിലുള്ള എലമെന്റുകള്‍ 400എക്‌സില്‍ കാണാം. ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 398 സിസി വാഹനത്തിനു 40 എച്ച്പി പരമാവധി കരുത്തും 37.5 എന്‍എം ടോര്‍ക്കും ലഭിക്കും. കെടിഎം 390 സിസി ലൈനപ് വാഹനങ്ങളുടേതിനു സമമാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ടാകും. ജൂലൈ 5ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന വാഹനത്തിന് 3 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്നാണ് സൂചന.

കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെയും മകന്‍ നരസിംഹവര്‍മ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവല്‍. നരസിംഹവര്‍മ്മനും നര്‍ത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവല്‍ പൊന്നിയിന്‍ സെല്‍വനെന്ന കല്‍ക്കിയുടെ പില്‍ക്കാല നോവല്‍ പോലെ തന്നെ പ്രശസ്തമാണ്. ‘ശിവകാമിയുടെ ശപഥം – 2 ഭാഗങ്ങള്‍’. കല്‍ക്കി കൃഷ്ണമൂര്‍ത്തി. ഡിസി ബുക്സ്. വില 1139 രൂപ.

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ രോഗം സാധാരണ ശാരീരിക ചലനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് ഡല്‍ഹി സികെ ബിര്‍ല ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് സര്‍ജിക്കല്‍ സയന്‍സസ് ആന്‍ഡ് ഓങ്കോ സര്‍ജറീസ് ഡയറക്ടര്‍ ഡോ. അമിത ജാവേദ്. കാലെടുത്ത് വയ്ക്കുന്നതിലെ നീളം, വേഗം, നടപ്പിലെ ഏകോപനം എന്നിവയിലാണ് ഈ മാറ്റങ്ങള്‍ ദൃശ്യമാകുന്നത്. ഇതിനെ തുടര്‍ന്ന് ചിലര്‍ മുടന്തി നടക്കുകയും ചിലര്‍ ബലം പിടിച്ച് നടക്കുകയും ചിലര്‍ കാലുകള്‍ അമിതമായി പൊക്കുകയും ചിലര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് നടക്കുകയുമൊക്കെ ചെയ്യാം. അടിവയറ്റിലെ ക്യാവിറ്റിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ദ്രാവകം അടിയുന്ന സാഹചര്യം ഒരാളുടെ ചലനത്തെ ബാധിക്കാവുന്നതാണ്. കരള്‍ രോഗം പേശികളുടെ ശക്തിയും ടോണും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതും സാധാരണ രീതിയിലുള്ള നടപ്പിനെ ബാധിക്കാം. കരള്‍ രോഗം പെരിഫെറല്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നത് മരവിപ്പ്, കാലുകള്‍ക്ക് ദുര്‍ബലത എന്നിവയുണ്ടാക്കാം. കരള്‍ രോഗം മൂലമുണ്ടാകുന്ന ക്ഷീണവും ചലനത്തെ സാരമായി ബാധിക്കാം. കരളിന്റെ പ്രവര്‍ത്തനതകരാറും നീര്‍ക്കെട്ടും ശരിയായ രീതിയില്‍ പോഷണങ്ങള്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതാണ് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുന്നത്. നടത്തത്തിലെ വ്യതിയാനം കരള്‍ രോഗത്തിന്റെ മാത്രം ലക്ഷണമല്ലെന്നതിനാല്‍ മറ്റ് ലക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്താറുള്ളത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.05, പൗണ്ട് – 103.76, യൂറോ – 89.56, സ്വിസ് ഫ്രാങ്ക് – 91.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 217.66, കുവൈത്ത് ദിനാര്‍ -266.79, ഒമാനി റിയാല്‍ – 213.14, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 61.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *