◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ഭാര്യയുടേയും വരുമാന സ്രോതസ് വിജിലന്‍സ് അന്വേഷിക്കുന്നു. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് അയച്ചു. കണ്ണൂരില്‍ ഓഫീസ് നിര്‍മിക്കാന്‍ വിദേശത്ത് നിന്നടക്കം നടത്തിയ പണപ്പിരിവില്‍ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് കെ സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം.
◾മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി.
◾
◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു വൈകുന്നേരം കേരളത്തിലെത്തും. ചികിത്സയിലുള്ള പിതാവിനെ കാണാനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി.
◾കെ ഫോണ്‍ വീടുകളിലേക്കു വാണിജ്യ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍ നല്‍കാന്‍ കെ ഫോണ്‍ ചുമതലപ്പെടുത്തിയത് കേരള വിഷന്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്കിനെയാണ്. ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ ഇതര കേബിള്‍ ഓപറേറ്റര്‍മാരെ സഹകരിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
◾സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ നാസറിനെ സ്ഥാനത്തുനിന്നു മാറ്റി. ചെറുപ്പളശേരി കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായിരുന്ന എല്‍.സി സെക്രട്ടറിക്കെതിരെ രണ്ടംഗ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പദവി രാജിവക്കണമെന്നും ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി അബ്ദുള്‍ നാസറിനോട് ആവശ്യപ്പെട്ടിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ജയിലറെ തല്ലിയ ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്.
◾അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യും.
◾കേരളത്തില്‍ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരിലും ചര്‍ച്ച ചെയ്തതിന്റെ പേരിലും കേസെടുക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
◾എംഎസ്എഫ് വിദ്യാര്‍ത്ഥികളെ കൈവിലങ്ങു വച്ച സംഭവം നിയമവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
◾വയനാട്ടില്‍ കര്‍ണാടകയുടെ നന്ദിനി പാല്‍ വില്‍പനശാലകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു.
◾വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച യുവാവിനെ പുറത്തെത്തിക്കാന്‍ വാതിലിന്റെ താഴു തകര്‍ത്ത റെയില്‍വെയ്ക്കു നഷ്ടം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപയും. ട്രെയിന്‍ 20 മിനിറ്റ് വൈകുകയും ചെയ്തു. പിടിയിലായ ഉപ്പള സ്വദേശി ശരണിനെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ഇന്നെത്തും. ഇയാള്‍ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു ഡോക്ടര്‍മാര്‍.
◾മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ദക്ഷിണ ഹൗസില്‍ പരേതനായ പ്രഭനന്‍- ഷെര്‍ളി ദമ്പതികളുടെ മകള്‍ പ്രത്യൂഷ (24) ആണു മരിച്ചത്.
◾കൊട്ടാരക്കരയില്‍ റോഡരികില്‍ ഒഡീഷക്കാരനായ യുവാവ് മരിച്ചു കിടന്ന സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. അവയബോറ എന്നയാളാണു കൊല്ലപ്പെട്ടത്. സഹോദരീ ഭര്‍ത്താവ് മനോജ് കുമാര്‍ നായികിനെയാണ് അറസ്റ്റു ചെയ്തത്. സിമന്റു കട്ട ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
◾ഇന്ത്യയില്‍ എന്തുണ്ട് വിശേഷങ്ങളെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരോടാണ് പ്രധാനമന്ത്രി മോദി ഇങ്ങനെ ആരാഞ്ഞത്.
◾
◾ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിച്ചു. മണ്ഡിയില്‍ കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടല്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
◾ഭാര്യയുമായി പ്രണയമുണ്ടെന്നു സംശയിച്ച് ഭര്‍ത്താവ് യുവാവിന്റെ കഴുത്തു മുറിച്ചു ചോര കുടിച്ചു. കര്‍ണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കില്‍ മാരേഷ് എന്ന യുവാവിനെയാണ് ഇങ്ങനെ ആക്രമിച്ചു ചോര കുടിച്ചത്. സംഭവത്തില്‍ ചിന്താമണി സ്വദേശി വിജയിനെ അറസ്റ്റു ചെയ്തു.
◾കര്‍ണാടകയില്‍ ജൂലൈ മൂന്നിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷമായ ബിജെപി. പ്രതിപക്ഷ നേതാവ് ആരാകണമെന്നതു സംബന്ധിച്ച് ബിജെപി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഈയാഴ്ചയോടെ തീരുമാനമുണ്ടാകും.
◾തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ ശമ്പളവിതരണം നടപ്പാക്കും. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് വേതനം.
◾സൗജന്യ അരി വിതരണം ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുന്നില്ലെന്ന പരാതിയുമായി കര്‍ണാടക ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയശേഷമാണു മുനിയപ്പയുടെ ആരോപണം.
◾ഒഡീഷയില്‍ ബസപകടത്തില്‍ 12 പേര്‍ മരിച്ചു. വിവാഹ സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും സര്‍ക്കാര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ചതില്‍ ഏഴ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
◾ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ യുവാവിനെ തല്ലിക്കൊന്നു. നാസിക് ജില്ലയില്‍ പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിര്‍ത്തി കുര്‍ള സ്വദേശിയായ 32 കാരനെ തല്ലിക്കൊന്നത്.
◾ആറ് മുസ്ലിം രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയയാളാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ഇതര മതസ്ഥരെ ദ്രോഹിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിക്കുമെന്നു പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി.
◾ലൈംഗിക ബന്ധം വേണോയെന്നു തീരുമാനിക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവും 16 വയസുള്ള പെണ്‍കുട്ടിക്കുണ്ടെന്ന് മേഘാലയ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും വാദിച്ച പ്രതി പോക്സോ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇങ്ങനെ വിചിത്രമായ ഉത്തരവിട്ടത്.
◾രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിന് ഇടക്കാല ധനസഹായം അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സാണ് വായ്പ അനുവദിച്ചത്. അതേസമയം, ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല വായ്പ അനുവദിച്ചിരിക്കുന്നതെന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ പ്രമുഖ ബാങ്കര്‍ അറിയിച്ചിട്ടുണ്ട്. ഇടക്കാല വായ്പ ഉപയോഗിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, 400 കോടിക്കും 500 കോടിക്കും ഇടയിലുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, പ്രത്യേക ആവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് വിന്‍ഡോ തുറന്നിരിക്കുന്നതാണ്. ജൂലൈ മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ 22 വിമാനങ്ങളുമായി 78 പ്രതിദിന സര്‍വീസുകളാണ് ആരംഭിക്കുക. നിലവില്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 65.21 ബില്യണ്‍ രൂപ ഗോ ഫസ്റ്റ് നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇടക്കാല വായ്പയും അനുവദിച്ചിരിക്കുന്നത്.
◾യുട്യൂബര്‍മാര്‍ നിര്‍മിക്കുന്ന വീഡിയോകള്‍ ഏതു ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് യുട്യൂബ്. അധികം സമയമോ പണമോ ചിലവാക്കാതെ തന്നെ എളുപ്പത്തില്‍ വീഡിയോകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ പുതിയ ഡബ്ബിങ് ടൂള്‍ യുട്യൂബര്‍മാരെ സഹായിക്കും. ഗൂഗിളിന്റെ ഏരിയ 120 ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച എലൗഡ് സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുക. മൊഴിമാറ്റം നടത്തേണ്ട വീഡിയോയിലെ വിവരങ്ങള്‍ മൊഴിമാറ്റം നടത്തി നല്‍കുകയാണ് എലൗഡ് ആദ്യം ചെയ്യുക. ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്ക് സാധിക്കും. അതിനുശേഷം എലൗഡ് മൊഴിമാറ്റ വീഡിയോ നിര്‍മ്മിച്ചു നല്‍കും. എലൗഡിന്റെ വരവ് ഭാഷയുടെ അതിര്‍ത്തികള്‍ തകര്‍ക്കുമെന്നാണ് യുട്യൂബിന്റെ പ്രതീക്ഷ. പല യുട്യൂബര്‍മാര്‍ക്കും ഈ ടൂള്‍ പരീക്ഷിക്കുന്നതിന് ഇതിനകം തന്നെ യുട്യൂബ് നല്‍കിയിട്ടുണ്ട്. നിലവില്‍ വളരെ കുറച്ച് ഭാഷകളില്‍ മാത്രമാണ് പരീക്ഷണത്തിന് യുട്യൂബ് മുതിര്‍ന്നിട്ടുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ എലൗഡിന് വിഡിയോകള്‍ മൊഴിമാറ്റം നടത്താനാവും. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് എലൗഡ് എത്തുമെന്ന് ഉറപ്പിക്കാം. വൈകാതെ എല്ലാവര്‍ക്കും എലൗഡ് ലഭ്യമാവും. വോയ്‌സ് പ്രിസര്‍വേഷന്‍, ലിപ് റീ അനിമേഷന്‍, ഇമോഷന്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ ഫീച്ചറുകളും വൈകാതെ എലൗഡില്‍ വരും.
◾സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡന്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സുരേഷ് ഗോപിയുടെ 65-ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ പ്രമോ വീഡിയോ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പുറത്തുവിട്ടത്. നവാഗതനായ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. നടി അഭിരാമി ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തും. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ കഥ ജിനീഷ് എം ആണ്. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്. 11 വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സി’ല്‍ ആയിരുന്നു ബിജു മേനോനും സുരേഷ് ഗോപിയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.
◾വലിയ ഇടവേളയ്ക്കു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന തമിഴ് സിനിമയിലേക്കും എത്തുകയാണ്. ‘ദി ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ഭാവനയും നിര്‍മ്മാണ പങ്കാളിയാണ്. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ടാവും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് ഭാവന.
◾ഓഫ് റോഡ് എസ്.യു.വി വിഭാഗത്തില്‍ നിലവിലെ ഥാറിനേക്കാള്‍ വലുപ്പവും അഞ്ച് ഡോറുമുള്ള ഥാര്‍ പുറത്തിറക്കാന്‍ മഹീന്ദ്ര തയാറെടുപ്പ് തുടങ്ങി. അടുത്ത കാലത്ത് മാരുതി പുറത്തിറക്കിയ ജിംനി ആണ് താറിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്. അഞ്ച് ഡോറുകളുള്ള ജിംനിയുടെ പതിപ്പ് കുറഞ്ഞ വിലയില്‍ നിരവധി സവിശേഷതകള്‍ ഉള്ളതായിരുന്നു. ഥാറിന്റെ 5 ഡോറുള്ള പതിപ്പ് ആഗസ്റ്റ് 15ന് ആഗോള വിപണിയില്‍ ആണ് ആദ്യം എത്തുക. ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലാവും താറിന്റെ 5 ഡോര്‍ മോഡല്‍ ആദ്യം പുറത്തിറക്കുക. ഇത് നാലാം തവണയാണ് മഹീന്ദ്ര ആഗസ്റ്റ് 15ന് തന്നെ പുതിയ വാഹനം പുറത്തിറക്കുന്നത്. 3 ഡോര്‍ ഥാറിലുള്ള അതേ എഞ്ചിനുകളായിരിക്കും പുതിയതിലും ഉണ്ടാവുക. 2.2 ലിറ്റര്‍ ഡീസല്‍, 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍. 5 ഡോറുള്ള ജിംനിയുടെ നീളത്തേക്കാള്‍ വലുതായിരിക്കും 5 ഡോറുള്ള ഥാര്‍. ഇതിന് 1,820 എംഎം വീതിയും 1,850 എംഎം ഉയരവും ഉണ്ടാകുമെന്നാണ് സൂചനകള്‍. ജിംനിക്ക് 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമാണുള്ളത്. അഞ്ച് പേര്‍ക്ക് ഇരിക്കാനും സാധിക്കും. അടുത്ത വര്‍ഷമായിരിക്കും ഇത് ഇന്ത്യയിലെത്തുക.
◾സത്യവും അഹിംസയും ധാര്‍മ്മികതയും ത്യാഗവും ഉള്‍പ്പെടെയുള്ള ഏഴു നിറങ്ങള്‍കൊണ്ട് ഇന്ത്യക്കാരുടെ കണ്ണില്‍ വര്‍ണ്ണരാജി തീര്‍ത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസര്‍ കക്കട്ടില്‍ ഈ കൃതിയിലൂടെ. മോഹന്‍ദാസില്‍നിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേല്‍ ഹൃദ്യമായി വരച്ചിരിക്കുന്നു. ഗാന്ധിജിയുടെ അവിശ്വസനീയമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവല്‍. ‘പിന്നോട്ട് പായുന്ന തീവണ്ടി’. നാസര്‍ കക്കട്ടില്‍. ഡിസി ബുക്സ്. വില 108 രൂപ.
◾ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചുവന്ന ചീര. അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. ചുവന്ന ചീര രക്തയോട്ടം വര്‍ധിപ്പിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന ചീര ദഹനത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഏറെ പ്രയോജനകരമാകുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചുവന്ന ചീര. ഒരു കപ്പ് ചീരയില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ചുവന്ന ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ സഹായിക്കും. ചുവന്ന ചീരയിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന ചീര നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.02, പൗണ്ട് – 104.53, യൂറോ – 89.32, സ്വിസ് ഫ്രാങ്ക് – 91.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.74, ബഹറിന്‍ ദിനാര്‍ – 217.58, കുവൈത്ത് ദിനാര്‍ -266.83, ഒമാനി റിയാല്‍ – 213.05, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 62.31.