◾സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്ന പോര്. സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പോലീസിനെ ഉപയോഗിച്ച് അഴിമതി, സാമ്പത്തിക തിരിമറി കേസുകളില്‍ കുടുക്കിയെന്നാണ് ആരോപണം. നിയമപരമായും രാഷ്ട്രീയപരമായും പരസ്പരം ഏറ്റുമുട്ടാനാണ് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റേയും തീരുമാനം. പ്രതിപക്ഷത്തിനെതിരേ പോലീസ് നടപടികള്‍ക്കും സര്‍ക്കാരിനെതിരേ സമരപരമ്പരകള്‍ക്കും കളമൊരുങ്ങി.
◾കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയുമായി വാഷിംഗ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.
◾
◾എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന ആരോപണം ഉയര്‍ന്ന ദിവസത്തെ മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് പോലീസ്. കെഎസ് യു പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ച ജൂണ്‍ ആറാം തീയതിയിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലിന്റെ റൂമില്‍ കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതും കാമ്പസില്‍ മാധ്യമ പ്രവര്‍ത്തകര്‍ വന്നതും അടക്കമുളള ദൃശ്യങ്ങള്‍ പരിശോധിക്കാനാണിത്.
◾യഥാര്‍ത്ഥ പ്രതികള്‍ നടുറോഡില്‍ കൈയുംവീശി നടക്കുമ്പോള്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്നും സിപിഎം നേതാക്കളില്‍നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
◾കേരള തീരത്ത് മൂന്നു മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്നു ജാഗ്രത നിര്‍ദ്ദേശം. കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നു മുന്നറിയിപ്പ്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
◾മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണാനുമതി നല്‍കരുതെന്ന് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല വിലക്ക്. വിഷയം പഠിക്കാന്‍ അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
◾
◾സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി. സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്. സ്വര്‍ണപണയ വായ്പ, ഭൂപണയ വായ്പ, നിക്ഷേപത്തിന്മേലുള്ള വായ്പ എന്നിവയിലെല്ലാം തട്ടിപ്പ് നടത്തിയിട്ടുണ്ട്.
◾പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനു നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജ്സ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷാണു പിടിയിലായത്.
◾കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടുത്തം. പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടുത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.
◾ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12, 9 വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ചന്ദ്രശേഖരന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
◾ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ പണിമുടക്കിന്. പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം കെഎസ്ബിസിയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. പണിമുടക്കിനു മുന്നോടിയായി ഈ മാസം 20 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
◾ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിന്‍ ജോസഫാണ് പിടിയിലായത്. തമിഴ്നാട്ടില്‍നിന്നാണ് കള്ളനോട്ട് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
◾തിരുവനന്തപുരത്ത് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടംഗസംഘത്തിലെ ഒരാള്‍ പൊലീസിന്റെ പിടിയിലായി. പരവൂര്‍ സ്വദേശി സലിം (52) നെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരിലും. തമിഴ്നാട് വ്യവസായ മന്ത്രി ടി ആര്‍ വി രാജ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും.
◾പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കു ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്നു പരാതി. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിപ്പെട്ടത്.
◾മോദി സര്‍ക്കാര്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജകുറ്റം ചുമത്തി ജയിലിലടക്കുകയാണെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.
◾ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ ബിഹാര്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ യോഗം 23 നു പാറ്റ്നയില്‍ ചേരാനിരിക്കേ സഖ്യകക്ഷി മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ്‌കുമാറിനു തിരിച്ചടിയായി.
◾നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് കത്തില്‍ പറയുന്നു.
◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കാഷ്മീരിലും റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളില്ല.
◾മഹാരാഷ്ട്രയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് നാലു പേര്‍ മരിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ടാങ്കറില്‍നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു.
◾2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. അടുത്ത ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണെന്നാണ് മെസിയുടെ വാക്കുകള്‍.
◾ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ വായ്പകള്‍ ശക്തമായി വര്‍ധിച്ചതിന് ശേഷം മൂന്നാം പാദത്തില്‍ വിതരണത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ അവസാന പാദത്തില്‍ വീണ്ടും ഡിജിറ്റല്‍ വായ്പാകളുടെ വിതരണം കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 35,940 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷം 13,461 കോടി രൂപയുമാണ്. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന കമ്പനികള്‍ 2022-23ല്‍ 726 ലക്ഷം വായ്പകളാണ് വിതരണം ചെയ്തതെന്ന് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 310 ലക്ഷമായിരുന്നു.
◾രഞ്ജിന്‍ രാജ് എന്ന സംഗീത സംവിധായകന്റെ ഏറ്റവും പുതിയ റീലീസ് ആണ് ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ‘ആകാശത്തല്ല’ എന്ന ഗാനം. യൂ ട്യൂബില്‍ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നില്‍ ഒരു പിടി പ്രത്യേകതകള്‍ ഉണ്ട്. പല തലമുറയില്‍ പെട്ട ഗായകര്‍ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടന്‍ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. ഈ ഗാനരംഗത്തില്‍ പാടി അഭിനയിക്കാനും, നൃത്തം ചെയ്യാനും ഉള്ള അവസരവും ഇന്ദ്രജിത്ത് സുകുമാരന് ലഭിച്ചിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയൂ മോഹന്‍, മല്ലിക സുകുമാരന്‍, ശാരി, ഹരിശ്രീ അശോകന്‍, ബിജു സോപാനം, ശരത് ദാസ്, അല്‍താഫ് മനാഫ്, ബാലതാരമായ ആഷ്വി എന്നിവരോടൊപ്പം തെന്നിന്ത്യയുടെ മഹാനടന്‍ പ്രകാശ് രാജും പ്രമുഖ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. രഞ്ജിന്‍ രാജ് സിനിമ ഗാനാസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത് ‘ജോസഫ്’ എന്ന സിനിമ മുതല്‍ ആണ്. അടുത്ത് വന്ന മാളികപ്പുറത്തിലും ഗാനങ്ങള്‍ ചെയ്യാന്‍ രഞ്ജിന് സാധിച്ചിട്ടുണ്ട്.
◾ഒട്ടേറെ ജനപ്രിയ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിര്‍മ്മിച്ച് നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്നറാണ് സിനിമയെന്നാണ് അണിറക്കാര്‍ സൂചന നല്‍കിയിരിക്കുന്നത്. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കുന്നതാണ് ചിത്രം. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്കില്‍ കുടചൂടി കുശലം പറഞ്ഞുവരുന്ന നായകനും നായികയുമാണുള്ളത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനുലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനു ഗോപാല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
◾ഹോണ്ട ഡിയോയുടെ എച്ച്-സ്മാര്‍ട്ട് വകഭേദം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി പുതുമകളോടെയാണ് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. എച്ച്-സ്മാര്‍ട്ട് ടെക്കിന് പുറമേ, സ്‌കൂട്ടറിന് അലോയ് വീലുകളും ലഭിക്കുന്നു. അത് മോഡലിനെ പ്രീമിയം ഓഫറായി മാറുന്നു. എച്ച്-സ്മാര്‍ട്ട് വേരിയന്റ് ഹോണ്ട സ്‌കൂട്ടറുകളില്‍ പുതിയതല്ല. ആക്ടിവ 110 ലും 125 വേരിയന്റുകളിലും കമ്പനി നേരത്തെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ സ്‌കൂട്ടറില്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ആക്ടിവ 6ജി വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് ഡിയോയിലും സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 7.6 എച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനില്‍ നിന്ന് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് അതിന്റെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത് തുടരുന്നു. നിലവില്‍, ഹോണ്ട ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,625 രൂപയും ഡിഎല്‍എക്സ് വേരിയന്റിന് 72,626 രൂപയുമാണ് വില. എച്ച്-സ്മാര്‍ട്ട് വേരിയന്റിന് ഡിഎല്‍എക്സ് വേരിയന്റിനേക്കാള്‍ അധിക വില നല്‍കേണ്ടി വരും.
◾മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല. ചില ചതികള്‍ അങ്ങനെയാണ്… കണ്ണ് നനയാതെ നമുക്കത് ചെയ്യാനാകില്ല. ചതിക്കപ്പെട്ടവന്റെ വേദന മരണത്തോടെ തീരുന്നു. ചതിച്ചവന്റേതോ? ‘സോങ്സ് ഓഫ് ഗബ്രിയേല്‍’. മോസ് വര്‍ഗ്ഗീസ്. ഗ്രീന്‍ ബുക്സ് വില 213 രൂപ.
◾ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവര്‍ ദിവസവും കഴിക്കേണ്ട ഭക്ഷണമാണ് നട്സ് എന്ന് പറയുന്നത്. പ്രോട്ടീന്‍, നാരുകള്‍, അപൂരിത കൊഴുപ്പുകള്‍, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പന്നമാണ് നട്സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്‌സ് ബന്ധപ്പെട്ടിരിക്കുന്നു. എല്‍ഡിഎല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാന്‍ കഴിയുന്ന ‘നല്ല’ കൊഴുപ്പുകള്‍ക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. വാള്‍നട്ട് ദിവസവും കഴിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിഷാദം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നും ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ, വാള്‍നട്ട്‌സ് ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. കശുവണ്ടിയില്‍ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ ഇരുമ്പിന്റെ നല്ല ഉറവിടവുമാണ്. അവയില്‍ സിങ്കും അടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അഭിപ്രായപ്പെടുന്നു. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു നട്സ് പിസ്ത. പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ ഇവ ധാരാളം അടങ്ങിയ പിസ്തയില്‍ കാലറി വളരെ കുറവാണ്. വൈറ്റമിന്‍ ബി6 ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ പിസ്തയിലുണ്ട്. ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തിക്കും ഒപ്പം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ഡിഗ്രി ആദ്യവര്‍ഷത്തിന്റെ ആദ്യക്ലാസ്സ്. സീനീയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയ കുട്ടികളെ പരിചയപ്പെടാനായി ആ ക്ലാസ്സിലെത്തി. എല്ലാവരും ആര്‍ത്തുചിരിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരാള്‍ മാത്രം നിശബ്ദയായി ഇരിക്കുന്നത് ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ആ വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി. സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കുട്ടിക്ക് രണ്ടുകണ്ണിനും കാഴ്ചയില്ലായെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ ആ കുട്ടിയെ പരിചയപ്പെട്ടു. അന്നത്തെ ആ പരിചയം ഒരിക്കലും പിരിയാത്ത ആത്മബന്ധമായി മാറി. കൂട്ടികാരിക്ക് പാഠങ്ങള്‍ വായിച്ചുകൊടുത്തത് അവളായിരുന്നു. കൂട്ടുകാരിയുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഒരു ഉത്തരമായി അവള്‍ എത്തി. ഒരിക്കല്‍ കൂട്ടുകാരിക്ക് ആരും പരീക്ഷയെഴുതാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അവള്‍ തന്റെ എംഎ പരീക്ഷ ഒരു വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്ത് തന്റെ കൂട്ടുകാരിക്ക് കൂട്ടായി. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ രണ്ടുപേരും ഒരുപോലെ സന്തോഷം പങ്ക് വെച്ചു. തന്റെ കൂട്ടുകാരിക്ക് ഒന്നാം റാങ്ക്! യഥാര്‍ത്ഥ സ്‌നേഹം, ത്യാഗങ്ങളെ ത്യാഗങ്ങളായി കാണുന്നില്ല. സ്‌നേഹം പ്രകടിപ്പിക്കാനുളള അവസരങ്ങളായാണ് അവയെ കാണുന്നത് എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ നമുക്ക് ഓര്‍മ്മിക്കാം.. നമ്മേക്കാള്‍ കുറവുകളുളളവരെ ചേര്‍ത്ത്പിടിക്കാനുളള അവസരങ്ങള്‍ നമുക്കും നഷ്ടപ്പെടുത്താതിരിക്കാം…- ശുഭദിനം.