P1 yt cover 2

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*

https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/

പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷംമുമ്പ് കൊന്നെന്ന് ആരോപിച്ചു ഭാര്യ അഫ്സാനയെ അറസ്റ്റു ചെയ്തു റിമാന്‍ഡു ചെയ്തിരിക്കേ, നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി. ഭാര്യക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് തൊമ്മന്‍കുത്തില്‍നിന്നു കണ്ടെത്തിയ നൗഷാദ് പറഞ്ഞു. കൊല്ലപ്പെട്ടേക്കാമെന്നു പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു. ഭാര്യ അഫ്സാന നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചെന്നു പറഞ്ഞ് പോലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി ഇന്നലെ പലയിടത്തും കുഴിച്ചുനോക്കിയിരുന്നു. നൗഷാദിന്റെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ അന്വേഷണം.

ഏക സിവില്‍ കോഡിനെതിരേ സ്വകാര്യ ബില്ലുമായി ബിജെപി എംപി രംഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബിജെപി എംപി സുനില്‍ കുമാര്‍ സിംഗാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡിനെതിരേ സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.

പാര്‍ലമെന്റില്‍ ഏഴാം ദിവസവും ബഹളം. സഭാനടപടികള്‍ തടസപ്പെട്ടു. മണിപ്പൂര്‍ വിഷയം ഇന്നുതന്നെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളംവച്ചത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവു നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കി. പിഎസ് സി അംഗീകരിച്ചു. സ്വന്തക്കാരില്ലാത്തതിനാല്‍ നിയമനം നടത്താതെ ഇഷ്ടക്കാരെ നിയമിച്ചെന്നു സതീശന്‍ ആരോപിച്ചു.

എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജീവനക്കാരുടെ ശമ്പളം അടക്കം 137.50 ലക്ഷം രൂപ കുടിശിക വരുത്തിയ പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു. ഇപ്പോള്‍ നടത്തിപ്പുകാരായ കമ്പനി എല്ലാ ബാധ്യതകളും ആസ്തികളും ഏറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ പൊലീസ് കേസെടുത്തു.

തൃശൂര്‍ ചേര്‍പ്പ് സ്റ്റേഷനില്‍ ഇന്‍സ്പെകടര്‍ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയുണ്ടയേറ്റ് തറയിലെ രണ്ടു ടൈലുകള്‍ തകര്‍ന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തൃശൂര്‍ വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് ട്രെയിനുകള്‍ക്കു നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ചില്ലു തകര്‍ന്നു. രാവിലെ പതിനൊന്നരയോടെയാണ് കല്ലേറുണ്ടായത്. എറണാകുളം ബാംഗ്ലൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്ളൂര്‍ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലറുണ്ടായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത. പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി.

മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍ക്കൊള്ളണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കോഴിക്കോട് പോലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്ര നടത്തിപ്പിനു ശമ്പളത്തില്‍നിന്ന് മാസം 20 രൂപ വീതം പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം. ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെ മലപ്പുറത്തേക്കാണു മാറ്റിയത്.

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞുമൊത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു ജാമ്യമില്ല. ഭര്‍ത്താവ് ഓം പ്രകാശ്, ഇയാളുടെ പിതാവ് ഋഷഭ രാജന്‍, അമ്മ ബ്രാഹ്‌മില എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കേടതി തള്ളിയത്. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍ – വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32), ദര്‍ശനയുടെ മകള്‍ ദക്ഷ (അഞ്ച്) എന്നിവരാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു (44) ആണ് മരിച്ചത്.

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി നാളെ. വിദേശത്ത് വച്ച് ഗൂഢാലോചന നടത്തിയ പ്രതികള്‍ കേരളത്തിലെത്തി സ്റ്റുഡിയോക്കുള്ളില്‍ രാജേഷിനെ വെട്ടിക്കൊന്നെന്നാണു കേസ്. പ്രോസിക്യൂഷനുണ്ടായ വീഴ്ച കാരണം വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി നിയമിച്ചിരുന്നു. 2018 മാര്‍ച്ച് 26 നായിരുന്നു കൊലപാതകം. ഖത്തറിലെ വ്യവസായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയത്തെത്തുടര്‍ന്നാണു കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്.

തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഎം പ്രവര്‍ത്തകനെതിരേ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയും സിപിഐ പ്രവര്‍ത്തകനുമായ സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ആലപ്പുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതില്‍ രതീഷ് (39), വള്ളികുന്നം കടുവിനാല്‍ കാഞ്ഞുകളീക്കല്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.

മണിപ്പൂരില്‍ സ്ത്രീകളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതിനു പിറകില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണം സിബിഐ ആരംഭിച്ചിട്ടുണ്ട്. വിഡീയോ പകര്‍ത്തിയ യുവാവിനെ കണ്ടെത്തിയെന്നും ഫോണ്‍ പിടിച്ചെടുത്തെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.

മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലേത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും മുന്നോട്ടു വരണമെന്നും ബോംബെ ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു.

ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണു സംഭവം. ഗജ്‌റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്.

റഷ്യയിലെ കൂലിപ്പടയായ വാഗ്‌നറിന്റെ മേധാവി യവ്ഗനി പ്രിഗോഷിന്‍ ആഫ്രിക്കയിലെ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്. പ്രിഗോഷിനെ പുടിന്‍ ഭരണകൂടം കൊലപ്പെടുത്തിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരിക്കേയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും, അച്ചടി വേളയില്‍ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍.ബി.ഐ വെബ്‌സൈറ്റില്‍ ലഭ്യമാണ്’ – ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍.ബി.ഐ അറിയിച്ചു. പ്രിഫിക്‌സിനും നമ്പറിനുമിടയില്‍ നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ 2006 മുതല്‍ പ്രാബല്യത്തിലുണ്ട്. 10, 20, 50, 100, 500 നോട്ടുകള്‍ ഇത്തരത്തില്‍ ആര്‍.ബി.ഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. കേടായവക്ക് പകരം മാറ്റി അടിച്ച നോട്ടുകളാണ് ഇവയെന്ന് തിരിച്ചറിയാനായാണ് നക്ഷത്ര ചിഹ്നം ചേര്‍ക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ പാസ്വേഡ് പങ്കിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ സ്ട്രീമിംഗ് സേവനമായ ഡിസ്‌നി+ ഹോട്ട്സ്റ്റാറും ഒരുങ്ങുകയാണ്. പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന നയം നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ ഇന്ത്യയില്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് സേവനത്തിന്റെ ഒരു പ്രീമിയം അക്കൗണ്ട് 10 ഉപകരണങ്ങളിലാണ് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നത്. ഇതാണ് നാലായി പരിമിതപ്പെടുത്തുന്നത്. പുതിയ നിയന്ത്രണങ്ങളോടെ സ്വന്തമായി സബ്സ്‌ക്രിപ്ഷനുകള്‍ എടുക്കാന്‍ മുന്നോട്ട് വരുന്നതിന് ആളുകളെ നിര്‍ബന്ധിതരാക്കും. അതേസമയം ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സ് 100ല്‍ അധികം രാജ്യങ്ങളിലെ വരിക്കാരോട് അവരുടെ വീടിന് പുറത്തുള്ള ആളുകളുമായി പാസ്വേഡ് പങ്കിടുന്ന സേവനം തുടരുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഏകദേശം 5 കോടി ഉപയോക്താക്കളോടെ 2022 ജനുവരിക്കും 2023 മാര്‍ച്ചിനും ഇടയില്‍ പ്രേക്ഷകരുടെ 38% വിഹിതവുമായി ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഇന്ത്യയുടെ സ്ട്രീമിംഗ് വിപണിയില്‍ ഒന്നാമതെത്തിയിരുന്നു. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ജിയോസിനിമ എന്നിവ ഇതിനോടകം ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. 2027ഓടെ ഈ മേഖല 58,000 കോടി രൂപയുടെ വിപണിയായി വളരുമെന്ന് മീഡിയ പാര്‍ട്‌ണേഴ്‌സ് ഏഷ്യ കണക്കാക്കുന്നു.

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്റെ തമിഴ് സംഭാഷണ രചയിതാവുമാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.

റഹ്‌മാന്‍ നായകനായി എത്തുന്ന ‘സമാറ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററില്‍ എത്തും. മാജിക് ഫ്രെയിംസ് ആണ് സമാറ തിയറ്ററുകളില്‍ എത്തിക്കുക. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്‌മാന് പുറമെ ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സമാറ.

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബെനെല്ലി ടിആര്‍കെ 502 , ടിആര്‍കെ 502എക്സ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ പ്രഖ്യാപിച്ചു. 2023 ബെനെല്ലി ടിആര്‍കെ 502 ഇപ്പോള്‍ ഗ്രേ, വൈറ്റ്, പുതിയ ബ്ലാക്ക് ആന്‍ഡ് ഫോറസ്റ്റ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. അതേസമയം, 2023 ബെനെല്ലി ടിആര്‍കെ 502എക്സിന് ഗ്രേ, വൈറ്റ്, യെല്ലോ, പുതിയ ഫോറസ്റ്റ് ഗ്രീന്‍ ഷേഡ് എന്നിവ ഉള്‍പ്പെടെ നാല് നിറങ്ങള്‍ ലഭിക്കുന്നു. 2023 മോഡലുകളില്‍ 25,000 വില വര്‍ദ്ധനയോടെയാണ് അപ്‌ഡേറ്റ് വരുന്നത്. ബെനലി ടിആര്‍കെ 502 ന് ഇപ്പോള്‍ 5.85 ലക്ഷം രൂപയും ടിആര്‍കെ 502എക്സ് ന് 6.35 ലക്ഷം രൂപയുമാണ് വില. 10,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്കിംഗ് സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡെലിവറികളും ആരംഭിച്ചു. ബെനെല്ലി ടിആര്‍കെ 502, ടിആര്‍കെ 502എക്സ് എന്നിവ ഒരേ 500 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ മോട്ടോറില്‍ നിന്ന് 8,500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പിയും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു.

ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ‘ദി സെല്‍ഫിഷ് ജീന്‍’. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിര്‍ദ്ധാരണത്തിന്റെ തലങ്ങള്‍ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെല്‍ഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്. ‘സെല്‍ഫിഷ് ജീന്‍’. റിച്ചാര്‍ഡ് ഡോക്കിന്‍സ്. വിവര്‍ത്തനം: ഡോ. മനോജ് ബ്രൈറ്റ്. ഡിസി ബുക്സ്. വില 520 രൂപ.

ആരോഗ്യകരമായ ജീവിതരീതി പിന്തുടര്‍ന്നാല്‍ ആയുസ്സ് അല്‍പം കൂടി വര്‍ധിപ്പിക്കാമെന്ന് പഠനം. ജീവിതചര്യയില്‍ ആരോഗ്യകരമായ എട്ട് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുകയെന്നാണ് ഇല്ലിനോയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക എന്നിവയാണ് എട്ട് മാറ്റങ്ങള്‍. 2011നും 2019-നും ഇടയില്‍ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. സൈന്യത്തില്‍ നിന്ന് വിരമിച്ച നാല്‍പതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയില്‍ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. എട്ട് ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ പാലിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തില്‍ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങള്‍ സ്വീകരിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 24 വര്‍ഷത്തോളം കൂടുതല്‍ ജീവിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ആയുസ്സ് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണെന്നും സമ്മര്‍ദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തത് മരണസാധ്യത അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചെന്ന് കണ്ടെത്തി. മാനസികാരോഗ്യത്തിനും ആയുസ്സിന്റെ കാര്യത്തില്‍ വലിയ പങ്കുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകാലമരണസാധ്യത എട്ടുശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.29, പൗണ്ട് – 105.21, യൂറോ – 90.15, സ്വിസ് ഫ്രാങ്ക് – 94.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 218.35, കുവൈത്ത് ദിനാര്‍ -267.89, ഒമാനി റിയാല്‍ – 213.74, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 62.16.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *