◾മണിപ്പൂരിലെ അതിക്രമങ്ങളില്‍ പോലീസ് എടുത്ത ആറായിരം കേസുകള്‍ പരിശോധിക്കുമെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്. പോലീസ് പക്ഷപാതപരമായാണ് കേസെടുത്തതെന്ന് ആരോപണം നിലവിലിരിക്കേ, സുപ്രീം കോടതി ഇടപെടലിനു തടയിടാനാണ് ഈ നീക്കം. ഇതേസമയം, ഇംഫാലില്‍ മറ്റൊരു ഇരട്ട കൂട്ടബലാല്‍സംഗ കൊലക്കേസ്. കാര്‍വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ മേയ് നാലിനു ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. ഇതിനിടെ, മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
◾ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ ബലാല്‍സംഗം ചെയ്ത മാതൃസഹോദരീ ഭര്‍ത്താവായ അമ്പതുകാരനു വധശിക്ഷ. വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറമ്പില്‍ സുനില്‍കുമാര്‍ എന്ന ഷാന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. നാലു കേസുകളിലായി 104 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് ഇടുക്കി അതിവേഗ കോടതി വിധിച്ചു. ആമകണ്ടം വടക്കേതാഴെ റിയാസിന്റേയും സഫിയയുടേയും മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാനാണ് 2021 ഒക്ടോബര്‍ 3 പുലര്‍ച്ചെ മൂന്നിനു കൊല്ലപ്പെട്ടത്.
*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*
https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/
◾കേന്ദ്രമന്ത്രിമാരുടെ സ്റ്റാഫംഗങ്ങളെന്ന് അവകാശപ്പെട്ട് രണ്ടു പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഹരിയാനയിലെ കുരുക്ഷേത്ര അഡീഷണല്‍ ജഡ്ജി അഷു കുമാര്‍ ജെയിന്‍. കേന്ദ്ര നിയമമന്ത്രിയുടേയും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുടേയും പേഴ്സണല്‍ സ്റ്റാഫംഗങ്ങളെന്ന് അവകാശപ്പെട്ട് രണ്ടു പേര്‍ തന്നെ സമീപിച്ച് ഒരു വണ്ടിച്ചെക്കു കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് വെളിപെടുത്തല്‍.
◾ആലപ്പുഴ എടത്വയില്‍ യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍. തായങ്കരി ബോട്ടു ജെട്ടിയ്ക്കു സമീപം പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. ഫയര്‍ ഫോഴ്സെത്തി തീയണച്ചപ്പോഴാണ് അകത്തു മൃതദേഹം കണ്ടത്. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടെ കാറാണു കത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ആരെ പരിഗണക്കുമെന്നു നാളെ നടക്കുന്ന അനുശോചന സമ്മേളനത്തിനുശേഷം തീരുമാനിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഗണിച്ചേക്കുമെന്നാണു പൊതുവേയുള്ള സംസാരം. പാര്‍ട്ടി തീരുമാനിക്കുമെന്നു ചാണ്ടി ഉമ്മന്‍. സിപിഎം യുവനേതാവ് ജെയ്ക് സി. തോമസിനെ മല്‍സരിപ്പിക്കാനാണു സാധ്യത.
◾ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന്‍ ഒളിവില്‍. മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചെങ്കിലും വിനായകന്‍ എത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്നു നോട്ടീസ് നല്‍കും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂന മര്‍ദ്ദം രൂപപ്പെടും.
◾
◾കൊയിലാണ്ടിയില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കു നടത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കൊയിലാണ്ടി -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് പണിമുടക്കിയത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാരനായ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം.
◾മദ്യപിച്ചു ലക്കുകെട്ട് വീട്ടില്‍ ഭാര്യയെ മര്‍ദിച്ചയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ത്തു. ബാലരാമപുരം തലയലില്‍ സതീഷ്(42) എന്നയാളെ ബലപ്രയോഗത്തിലൂടെ ബാലരാമപുരം പൊലീസ് പിടികൂടി. ഭാര്യ വിജിതയെ വീട്ടില്‍ അടച്ചിട്ട് മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണു പോലീസ് എത്തിയത്.
◾ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്.
◾തിരുവനന്തപുരം വെള്ളറടയില്‍ കെ.എസ്. ആര്‍.ടി.സി ബസില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ച താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ചെമ്പൂര് വെള്ളറട ബസിലെ ഡ്രൈവര്‍ എസ്.എന്‍. ഷിജിയെയാണ് പിരിച്ചുവിട്ടത്.
◾കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി എ.കെ ധര്‍മ്മരാജനില്‍നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. അന്തരിച്ച യുവമോര്‍ച്ച കോഴിക്കോട് മുന്‍ ജില്ല പ്രസിഡന്റിന്റെ കുടുംബസഹായ നിധിയിലേക്ക് 50,000 രൂപ വാങ്ങിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കള്‍ ധനസമാഹരണ കൂട്ടായ്മയ ബഹിഷ്‌കരിച്ചു.
◾
◾ആലുവായില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശരണ്യ എന്ന 23 കാരിയാണ് ഭര്‍ത്താവ് അലക്സിന്റെ മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ആലുവയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
◾പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ വീട്ടമ്മ കല്ലടയാറ്റിലേക്കു ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാര്‍ (42) ആണ് മരിച്ചത്. സിന്ധുവും സുഹൃത്തുകളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
◾കോഴിക്കോട് നരിക്കുനി മൂര്‍ഖന്‍കുണ്ട് കുളത്തില്‍ മദ്രസാ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര പടിഞ്ഞാറയില്‍ മീത്തല്‍ സലീമിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്.
◾ഇടുക്കി കഞ്ഞിക്കുഴിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്.
◾സോണിയ ഗാന്ധി അടുത്ത വര്‍ഷം കര്‍ണാടകത്തില്‍നിന്നു രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ആരോഗ്യപ്രശ്നങ്ങള്‍ മൂലം സോണിയ ലോക്സഭയിലേക്ക് മത്സരിക്കില്ല. സോണിയയുടെ സിറ്റിംഗ് സീറ്റായ യുപിയിലെ റായബറേലിയില്‍ പ്രിയങ്കാഗാന്ധി മല്‍സരിച്ചേക്കും.
◾പശ്ചിമ ബംഗാളിലെ മാള്‍ട്ടയില്‍ ആള്‍ക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദിച്ച് അര്‍ധനഗ്‌നരാക്കി നടത്തി. മോഷണം ആരോപിച്ചാണ് ഈ അതിക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു.
◾പ്രിന്റ് ചെയ്ത എംആര്‍പിയേക്കാള്‍ അധികമായി ഒരു രൂപ വാങ്ങിയതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. ചെന്നൈ സില്‍ക്സിനെതിരെ നിയമപോരാട്ടം നടത്തിയ സതീശിനാണു നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനു ചെന്നൈ സ്വദേശിയായ എം. സതീശ് തിരുവള്ളൂരിലെ ചെന്നൈ സില്‍ക്സില്‍ നിന്ന് 2545 രൂപയ്ക്ക് വസ്ത്രങ്ങളും ചെരിപ്പും വാങ്ങിയിരുന്നു. ചെരിപ്പിന്റെ എംആര്‍പി വില സ്റ്റിക്കറില്‍ 379 രൂപ എന്നത് തിരുത്തി 380 ആക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്.
◾ഈവന്റ്- സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാമെന്നു വിശ്വസിപ്പിച്ച് ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്റോയിയില്‍നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തെന്നു പരാതി. ബിസിനസ് പങ്കാളികളായ സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവര്‍ക്കെതിരെയാണ് പരാതി.
◾കുറഞ്ഞ യാത്രാനിരക്കു മാത്രം ഈടാക്കുന്ന ഗോ ഫസ്റ്റിനു വീണ്ടും പറക്കാന്‍ പച്ചക്കൊടി. ഫ്ളൈറ്റുകള്‍ പുനരാരംഭിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അംഗീകാരം നല്‍കി. 15 വിമാനങ്ങള്‍കൊണ്ട് 114 പ്രതിദിന സര്‍വീസുകള്‍ നടത്താനുള്ള അനുമതിയാണ് നല്‍കിയത്. മെയ് മൂന്നിന് ഫ്ളൈറ്റുകള്‍ നിര്‍ത്തിവയ്പിച്ചതായിരുന്നു.
◾വ്യായാമത്തിനിടെ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ കഴുത്തില്‍ പതിച്ച് 33 കാരനായ സോഷ്യല്‍ മീഡിയ ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറായ ഇന്തോനേഷ്യക്കാരന്‍ ജസ്റ്റിന്‍ വിക്കി മരിച്ചു.
◾ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളായിരുന്നു ജോസഫിന്‍.
◾അമേരിക്കന്‍ നാവികസേനയുടെ തലപ്പത്തേക്ക് ഒരു വനിത. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവികസേനാ മേധാവിയായി പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചത്. 38 വര്‍ഷമായി നാവികസേനയില്‍ പ്രവര്‍ത്തിച്ച ലിസ വൈസ് ചീഫായി പ്രവര്‍ത്തിക്കവേയാണ് നിയമനം.
◾വിജയഗോളോടെ ഇന്റര്‍ മിയാമിയിലെ അരങ്ങേറ്റം മനോഹരമാക്കി സൂപ്പര്‍ താരം ലിയോണല്‍ മെസി. തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഇന്റര്‍ മയാമിയെ 94-ാം മിനിറ്റില്‍ നേടിയൊരു ഫ്രീ കിക്കിലൂടെ ലിയോണല്‍ മെസി വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിച്ചു. പെനല്‍റ്റി ബോക്സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. രണ്ടാം പകുതിയുടെ 54-ാം മിനിറ്റിലാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി കളത്തിലിറങ്ങിയത്.
◾ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 5.9% കുറഞ്ഞ് 18,258 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ പാദത്തില്‍ 19,405 കോടി രൂപയായിരുന്നു ലാഭം. തൊട്ടു മുന്‍പാദത്തില്‍ (ജനുവരി-മാര്‍ച്ച്) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 21,227 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 2,42,529 കോടിയില്‍ നിന്ന് 4.6% ഇടിഞ്ഞ് 2,31,132 കോടി രൂപയായി. തൊട്ടു മുന്‍പാദത്തില്‍ ഇത് 2,38,957 കോടി രൂപയായിരുന്നു. ഓയില്‍ ടു കെമിക്കല്‍ ബിസിനസ് വരുമാനത്തിലുണ്ടായ കുറവാണ് വരുമാനത്തെ ബാധിച്ചത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 5.1 % ഉയര്‍ന്ന് 41,982 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 39,935 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പാദത്തില്‍ 41,252 കോടി രൂപയും. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ & ലൈഫ്‌സ്റ്റൈല്‍, ഗ്രോസറി, കണ്‍സ്യൂമര്‍ ബ്രാന്‍ഡ്, ജിയോമാര്‍ട്ട് തുടങ്ങിയ ബിസിനസുകളും വളര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് റീറ്റെയിലിന്റെ ലാഭം 2,448 കോടി രൂപയാണ്. ജിയോ പ്ലാറ്റ്‌ഫോംസ് (30,640 കോടി രൂപ), റിലയന്‍സ് റീറ്റെയ്ല്‍ (69,948 കോടി രൂപ), ഓയ്ല്‍ ടു കെമിക്കല്‍സ് 1,33,03 കോടി രൂപ, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് (4,632 കോടി രൂപ), മീഡിയ ബിസിനസ് (3,790 കോടി രൂപ) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളുടെ വരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 12.2% വര്‍ധനയോടെ 4,863 കോടി രൂപയായി. ഇക്കാലയളവില്‍ ജിയോയുടെ മൊത്ത വരുമാനം 21,995 കോടി രൂപയില്‍ നിന്ന് 24,127 കോടി രൂപയായി ഉയര്‍ന്നു.
◾ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്ന് പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോര്‍ട്ടിലാണ് ഏകദേശം അഞ്ച് ബില്യണ്‍ (500 കോടി) ആളുകള്‍, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍പത്തെ വര്‍ഷത്തെക്കാള്‍ 3.7 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസഖ്യയുളള ഇന്ത്യയില്‍ മൂന്ന് പേരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആഫ്രിക്കയിലാകട്ടെ 11 പേരില്‍ ഒരാള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എകദേശം രണ്ട് മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ഒരു ദിവസത്തെ എകദേശ ഉപയോഗം. അതേസമയം, ബ്രസീലില്‍ ഒരു ദിവസം 3 മണിക്കൂര്‍ 49 മിനിറ്റാണ് ശരാശരി സോഷ്യല്‍ മീഡിയ ഉപയോഗം, ജപ്പാന്റെ കാര്യത്തില്‍ ഇത് ഒരു മണിക്കൂറിലും കുറവാണ്. ഏറെ ആളുകളും ഏഴ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ട്വിറ്റര്‍, ടെലിഗ്രാം, മെറ്റയുടെ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നിവയാണ് ഇഷ്ട ആപ്പുകള്‍.
◾ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്‍’ വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ചു അങ്കിത് മേനോന്‍ സംഗീതം നല്‍കി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച ‘ഓ പര്‍ദേസി’ എന്ന വീഡിയോ സോങ്ങ് ആണ് ഇപ്പോള്‍ പുറത്തു ഇറങ്ങിരിക്കുന്നത്. വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി സത്യനാഥന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രശ്ങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം കൂടിയാണ് സത്യനാഥന്‍. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ റാഫി തന്നെയാണ്. ജോജു ജോര്‍ജ്ജും ഈ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഇവരോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.
◾2023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ‘ദ മാര്‍വല്‍സി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ക്യാപ്റ്റന്‍ മാര്‍വല്‍,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാന്‍, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒരു സ്ത്രീകേന്ദ്രീകൃത ആക്ഷന്‍ ചിത്രമാണ് ദ മാര്‍വല്‍സിലൂടെ മാര്‍വല്‍ നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഒരോ യൂണിവേഴ്സിലെ മാര്‍വല്‍ ക്യാരക്ടറുകള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നാണ് ഈ ട്രെയിലര്‍ നല്‍കുന്ന സൂചന. കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയന്‍ താരവുമായ പാര്‍ക്ക് സിയോ-ജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രീ ലാര്‍സണ്‍, ടെയോന പാരിസ്, ഇമാന്‍ വെള്ളാനി, സാമുവല്‍ എല്‍. ജാക്‌സണ്‍, സാവെ ആഷ്ടണ്‍ എന്നിവരാണ് താരനിര. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യയില്‍ ദീപാവലിക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘ദി മാര്‍വല്‍സ്’ തിയേറ്ററുകളില്‍ എത്തും.
◾ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ പിക് അപ് വാഹനമായ ഹൈലക്‌സ് ഇനി ഇന്ത്യന്‍ സേനയ്‌ക്കൊപ്പവും. ഹൈലക്‌സ് പിക്കപ് ട്രക്കിന്റെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിനു ടൊയോട്ട കൈമാറി. സേനയുടെ വാഹനവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവാലുവേഷന്‍ കമ്മിറ്റി നോര്‍ത്തേണ്‍ കമാന്‍ഡ് നടത്തിയ 2 മാസത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഹൈലക്‌സ് സേനയുടെ ഭാഗമാകുന്നത്. 13000 അടി ഉയരത്തില്‍, പൂജ്യത്തിനു താഴെ തപനിലയുള്ള പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷിച്ച ശേഷമാണ് വാഹനം സേനയ്ക്കു വേണ്ടി പ്രവര്‍ത്തിപ്പിക്കാമെന്നു തീരുമാനിച്ചത്. ഓഫ്‌റോഡ് നിലവാരത്തിനും റഫ് ടെറൈന്‍ കഴിവുകള്‍ക്കും ഏറെ പ്രശസ്തമാണ് ഹൈലക്‌സ്. സിവിലിയന്‍ മോഡലിനെ അപേക്ഷിച്ച് സേനയ്ക്കായി നല്‍കിയ വാഹനത്തിന് ഏതെങ്കിലും വിധത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈലക്‌സിന്റെ ഹൃദയം. ഓട്ടമാറ്റിക് – മാനുവല്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. ഓട്ടമാറ്റിക്കിന് 240 എച്ച്പി പരമാവധി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട്. മാനുവല്‍ ഡ്രൈവില്‍ 204 എച്ച്പിയും 420 എന്‍എം ടോര്‍ക്കുമുണ്ട്. എല്ലാ വാഹനങ്ങളും ഓള്‍വീല്‍ ഡ്രൈവാണ്. 37.90 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദത്തിനു വില. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ വില 37.15 ലക്ഷം രൂപയില്‍ ആരംഭിക്കും. ഐഎംവി ടു പ്ലാറ്റ്‌ഫോമാണ് വാഹനത്തിന്റെ അടിത്തറ.
◾ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും. 93ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്‍ദൈവം, അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്, ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്‍, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ, പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ… തുടങ്ങി പതിനേഴു കഥകള്‍. 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ‘പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ’. മാതൃഭൂമി. വില 195 രൂപ.
◾എല്ലാ ഭക്ഷണങ്ങളും എല്ലാ നേരവും കഴിക്കാന്‍ പറ്റില്ല. നേരം തെറ്റി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കും. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ഉച്ചയ്ക്ക് കഴിക്കാന്‍ അനുയോജ്യമല്ലെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പഴകി കഴിഞ്ഞാല്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണം. ദിവസങ്ങള്‍ പഴകിയ എരിവുള്ള ഭക്ഷണം വീണ്ടും വീണ്ടുമെടുത്ത് ചൂടാക്കി കഴിക്കുന്നത് വയറിന് പണി തരും. ഉച്ചനേരത്ത് പൊതുവേ കാലറി അധികമുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഉച്ചയ്ക്ക് ഒഴിവാക്കേണ്ടതാണ്. സാലഡ്, സൂപ്പ് പോലുള്ള കാലറി കുറഞ്ഞ ഭക്ഷണങ്ങളും ഉച്ചനേരത്ത് അത്ര പ്രയോജനപ്രദമല്ല. രാത്രി വരെ വിശക്കാതിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉചിതം. ഉച്ചഭക്ഷണത്തിന് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. സാന്‍ഡ് വിച്ചും പിസ്സയും പാസ്തയുമെല്ലാം വയര്‍ നിറയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ. എന്നാല്‍ ഉച്ചനേരത്ത് ഇവയൊന്നും അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന വിഭവങ്ങളല്ല. സ്മൂത്തി, ജ്യൂസ്, ഷേക്ക് എന്നിവയൊക്കെ കുടിച്ച് വയര്‍ നിറച്ചാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കേണ്ടതില്ലല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനേരത്തേക്ക് ആവശ്യമുള്ള ഊര്‍ജം ശരീരത്തിന് നല്‍കില്ല എന്നതിനാല്‍ ഉച്ചഭക്ഷണത്തിന് പകരമാവില്ല.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.99, പൗണ്ട് – 105.42, യൂറോ – 91.24, സ്വിസ് ഫ്രാങ്ക് – 94.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 217.70, കുവൈത്ത് ദിനാര്‍ -267.40, ഒമാനി റിയാല്‍ – 213.34, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 61.97.