◾കോണ്‍ഗ്രസില്‍ പോരുമായി എ, ഐ ഗ്രൂപ്പുകള്‍. അനുനയവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹി നിയമനങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ വെട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തക്കാരെ നിയമിച്ചെന്ന് ആരോപിച്ചാണ് ഗ്രൂപ്പുകള്‍ പോരാട്ടത്തിനിറങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. രമേശ് ചെന്നിത്തലയും എംഎം ഹസനും ഉന്നയിച്ച പരാതികള്‍ സതീശനുമായി സംസാരിക്കും.
◾കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതി കയറുന്നു. പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമായാണ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരാണു പ്രതികള്‍.
◾തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ സി പിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കുന്നില്ല. തനിക്കെതിരേ ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്നില്ല. പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോടു പറയണം. സതീശന്‍ പറഞ്ഞു.
◾രാജ്യാന്തര ഔഷധ നിര്‍മാണ കമ്പനിയായ ഫൈസറിന്റെ ചെന്നൈയിലെ ഗവേഷണകേന്ദ്രത്തിന്റെ ശാഖ കേരളത്തില്‍ ആരംഭിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍. അമേരിക്കയിലെ കമ്പനി മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
◾വ്യാജരേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ പിടികൂടാതെ പൊലീസ്. വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനോടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്കു നീലേശ്വരം പൊലീസ് എത്തി. ആരേയും കാണാതെ മടങ്ങുകയും ചെയ്തു. വിദ്യക്കൊപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും സഹോദരിമാരും ഇന്നലെയാണ് വീട്ടില്‍നിന്നു പോയത്.
◾കെഎസ് യു പ്രവര്‍ത്തക ആര്‍ദ്രയ്ക്കു കൂടുതല്‍ മാര്‍ക്ക് നല്‍കി എന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ആരോപണം അധ്യാപകന്‍ വിനോദ് കുമാറിനെതിരെ നടപടിക്കുവേണ്ടിയാണെന്ന് ആര്‍ദ്ര മോഹന്‍ദാസ്. അതിന് തന്നെ ഉപകരണമായി മാറ്റുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ആര്‍ദ്ര ആരോപിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസംകൂടി ബ്രഹ്‌മപുരത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കും. മഴക്കാലത്ത് സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കാന്‍ പ്രയാസമായതിനാലാണ് തീരുമാനം. മന്ത്രി എം.ബി രാജേഷ്, മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
◾കോഴിക്കോട് ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണം ഫലപ്രദമാക്കണമെന്ന് കോഴിക്കോട്ട് കോര്‍പ്പറേഷനോട് ജില്ലാ കളക്ടര്‍. ബയോമൈനിംഗും ക്യാപ്പിംഗും പൂര്‍ത്തിയായില്ലെന്നും മാലിന്യം പുറത്തേക്കൊഴുകുന്നത് തടയണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.
◾കോഴിക്കോട് സിഎച്ച് മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ അടച്ചിടും. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കച്ചവട കേന്ദ്രങ്ങളോടു ചേര്‍ന്നുള്ള റോഡുകള്‍ വണ്‍വേ ആക്കുന്നതിനെതിരെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് പ്രതിഷേധിക്കും. രണ്ടു മാസത്തെ നിയന്ത്രണത്തോടെ കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുമെന്നാണ് ആശങ്ക.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്നു വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. പുതുമുഖങ്ങള്‍ക്കായി മാറിനില്‍ക്കാന്‍ തയ്യാറെന്നും പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി.
◾ലോക കേരളസഭ മേഖലാ സമ്മേളനത്തിനു ന്യൂയോര്‍ക്കില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 250 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നലെ സൗഹൃദ സംഗമം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
◾റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ചു പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്തു വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാവുന്നതാണ്.
◾ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിംഗിനു നിയന്ത്രണം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. സുരക്ഷിതമായ ഓഫ് റോഡ് യാത്രക്ക് അനുമതി നല്‍കുന്നതിനായി സമിതി രൂപീകരിക്കും.
◾കോട്ടയം തലപ്പലം അമ്പാറയില്‍ ഭാര്‍ഗവി (48) കൊല്ലപ്പെട്ടു. ഒപ്പം താമസിച്ചിരുന്ന ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്. വേറെ വിവാഹം കഴിച്ച ഇരുവരും രണ്ടു വര്‍ഷമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.
◾
◾അരിക്കൊമ്പന്റെ സുരക്ഷയക്കായി പ്രത്യേക പൂജ. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കര്‍ണാടകയിലെ ഒരു ഭക്തയാണ് വഴിപാട് നേര്‍ന്നത്.
◾പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തില്‍ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്.
◾മണിപ്പൂര്‍ കലാപത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. ഗൂഢാലോചനയുള്‍പ്പെടെ ആറു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേന്‍സിംഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ വളരെ വിശദമായിത്തന്നെ അന്വേഷിക്കും. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
◾ഹരിയാനയിലെ ജെജെപി- ബിജെപി സഖ്യം ശക്തമായി മുന്നോട്ടു പോകുമെന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സഖ്യത്തില്‍ അതൃപ്തിയുണ്ടെന്ന സൂചനകള്‍ക്കിടയാണ് ഈ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ 10 സീറ്റുകളിലും മത്സരിക്കാനുള്ള നടപടികള്‍ ജെജെപി തുടങ്ങിയെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
◾ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നു പരാതിക്കാരി. അവിടെ എത്തിയപ്പോള്‍ ബ്രിജ് ഭൂഷണെ കണ്ടു ഭയന്നു. തെളിവെടുപ്പിന് മതിയായ സ്വകാര്യതയും സുരക്ഷയും പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയില്ലെന്നും താരം പറഞ്ഞു.
◾അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ അടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കുളിമുറിയിലും ഹാളിലുമാണു വച്ചിരുന്നതെന്ന് കുറ്റപത്രം. മിലിട്ടറി പ്ലാനുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടെു നുണ പറഞ്ഞെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
◾അഭയാര്‍ത്ഥി ബില്ലിനെ ചൊല്ലി ജപ്പാന്‍ പാര്‍ലമെന്റില്‍ കൈയാങ്കളി. ഇടതുപക്ഷ നിയമനിര്‍മ്മാതാക്കളാണ് കൈയാങ്കളിക്കു തുടക്കം കുറിച്ചത്. ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും അഭയാര്‍ഥികള്‍ നേരിടുന്ന ദീര്‍ഘകാല തടങ്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് അടിപിടി. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബില്ലിനെ രണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. എന്നാല്‍, കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാനും ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിയമത്തെ ശക്തമായി എതിര്‍ത്തു,
◾ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ചു. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായാണ് ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
◾കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക യൂറോപ്പിലുമെത്തി. അമേരിക്കയിലും മറ്റുമായി ഏഴര കോടി ജനങ്ങളെ ആശങ്കയിലാക്കിയ പുക നോര്‍വ്വെയിലാണ് എത്തിയത്. ഗ്രീന്‍ലാന്‍ഡിനെ മൂടിയ ശേഷം ഐസ്ലാന്‍ഡ് കടന്നാണ് പുകപടലം ഇവിടെയത്തിയത്.
◾ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാങ്കേതിക പിഴവിനെ തുടര്‍ന്നാണു യാത്രാ വിമാനങ്ങള്‍ കുട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്. ഇവാ എയറിന്റെയും തായ് എയര്‍വേയ്സന്റേയും യാത്രവിമാനങ്ങളാണ് കൂട്ടിയിടി സാഹചര്യം സൃഷ്ടിച്ചത്. ഇടിയേറ്റ് തായ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞു. ഇവാ വിമാനത്തില്‍ 207 ഉം തായ് വിമാനത്തില്‍ 264 യാത്രക്കാരുമുണ്ടായിരുന്നു.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ വഴി 50,000 കോടി രൂപ സമാഹരിക്കും. ഇതിനായി എസ്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കി. ഡെറ്റ് ഇന്‍സ്ട്രുമെന്റ് എന്നത് മൂലധനം സമാഹരിക്കാന്‍ കമ്പനികള്‍ കൈക്കൊള്ളുന്ന ഒരു നടപടിയാണ്. കടപ്പത്രങ്ങള്‍/ബോണ്ടുകള്‍ ഇറക്കി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിശ്ചിത പലിശ വരുമാനവും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകത്തുകയും ലഭിക്കും. പാട്ടങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്‌ചേഞ്ച് ബില്ലുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ ഡെറ്റ് ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ലോംഗ് ടേം ബോണ്ടുകള്‍, ബേസല്‍ 3 കംപ്ലയന്റ് അഡീഷണല്‍ ടയര്‍ 1 ബോണ്ടുകള്‍, ബേസല്‍ 3 കംപ്ലയന്റ് ടയര്‍ 2 ബോണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ രൂപയിലും അല്ലെങ്കില്‍ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയിലും ഫണ്ട് സ്വരൂപിക്കുന്നതിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍, ടയര്‍-2 ബോണ്ടുകള്‍, എടി-1 ബോണ്ടുകള്‍ എന്നിവയിലൂടെ എസ്.ബി.ഐ ഏകദേശം 38,850 കോടി രൂപ സമാഹരിച്ചിരുന്നു. മാര്‍ച്ച് പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായം 90 ശതമാനം ഉയര്‍ന്ന് 18,094 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു.
◾പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറായ ‘ചാനല്‍സ്’ അവതരിപ്പിച്ചു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ അപ്‌ഡേറ്റുകള്‍ തേടാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത നഷ്ടപ്പെടാതെ വിവരങ്ങള്‍ തേടാന്‍ കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. അപ്‌ഡേറ്റ്‌സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാനല്‍ കാണാന്‍ സാധിക്കുക. സ്റ്റാറ്റസിനൊപ്പമാണ് ചാനല്‍സ് എന്ന ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകള്‍ക്ക് തടസമില്ലാതെ തന്നെ പ്രത്യേക ചാനലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഒരു ദിശയില്‍ മാത്രം ഫോളോവേഴ്‌സുമായി സംവദിക്കുന്ന രീതിയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതായത് ചാനലുകളുടെ അഡ്മിന്‍മാര്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ വണ്‍വേ ബ്രോഡ്കാസ്റ്റ് എന്ന നിലയില്‍ ഫോളോവേഴ്‌സിന് അയക്കും. ചാറ്റ്, ഇ-മെയില്‍ എന്നിവയില്‍ പങ്കുവെച്ചിരിക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ വഴി ചാനലുകളില്‍ കയറാന്‍ സാധിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫോളോവേഴ്‌സിന് ചാനല്‍ അഡ്മിന്‍മാരുടെ പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറും കാണാന്‍ സാധിക്കില്ല. സമാനമായ നിലയില്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അഡ്മിന്‍മാര്‍ക്കും മറ്റു ഉപയോക്താക്കള്‍ക്കും അറിയാന്‍ സാധിക്കില്ല. ചാനല്‍ ഹിസ്റ്ററി 30 ദിവസം വരെ മാത്രമേ സെര്‍വറില്‍ സൂക്ഷിക്കുകയുള്ളൂ. തന്റെ ചാനലുകള്‍ ആരെല്ലാം കാണണമെന്ന് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. തുടക്കത്തില്‍ സിംഗപ്പൂര്‍, കൊളംബിയ എന്നി രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാസങ്ങള്‍ക്കകം ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ടീസര്‍ റിലീസ് ചെയ്തു. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും നിറഞ്ഞതാണ് ടീസര്‍. നടന്റെ കരിയറിലെ മറ്റൊരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബാലയ്യയുടെ 108-ാം ചിത്രം കൂടിയാണ് ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് സംവിധാനം. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനില്‍ രവിപുഡി. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ ഡോണ്‍ട് കെയര്‍ എന്നാണ് ടൈറ്റില്‍ പോസ്റ്ററിലെ ടാഗ് ലൈന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. എസ് തമന്‍ ആണ് സംഗീതം.
◾ഏറെ നാളുകള്‍ക്ക് ശേഷം എം. ജി. ശ്രീകുമാറും സുജാതയും ആലപിച്ച പ്രണയഗാനം പുറത്തിറങ്ങി. സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന സിനിമയിലെ ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’ എന്നു തുടങ്ങുന്ന ഗാനമാണത്. പാപ്പച്ചനും ഭാര്യയും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള തങ്ങളുടെ പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. ബി.കെ. ഹരിനാരായണന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്. ശ്രിന്ദ, ദര്‍ശന എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
◾മരം കൊണ്ടു നിര്‍മിച്ച സിട്രോണ്‍ 2സിവി കാര്‍ ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ വിറ്റു പോയത് 2.10 ലക്ഷം പൗണ്ടിന് (ഏകദേശം 1.86 കോടി രൂപ). ബോഡി പൂര്‍ണമായും മരംകൊണ്ടു നിര്‍മിച്ച ഒരേയൊരു സിട്രോണ്‍ 2സിവി ആണിത്. ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനം മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും സാധാരണ കാറു പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ പാരിസില്‍ നിന്നുള്ള ഷോണ്‍ പോള്‍ ഫവാന്‍ഡാണ് ലേലത്തില്‍ ഈ മരത്തില്‍ കൊത്തിയെടുത്ത കാര്‍ സ്വന്തമാക്കിയത്. 2016ല്‍ ഒരു സിട്രോണ്‍ 2 സിവി 1,72,800 യൂറോക്ക് വിറ്റുപോയിരുന്നു. അപൂര്‍വമായ 1961 മോഡല്‍ 2സിവി സഹാറ മോഡലിനാണ് ഇത്രയും തുക ലഭിച്ചത്. ഈ റെക്കോഡിനേയും മറികടക്കുന്നതായി പുതിയ വില്‍പന. മൈക്കല്‍ റോബില്ലാര്‍ഡാണ് മരത്തില്‍ 2സിവിക്ക് അനുയോജ്യമായ ബോഡി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ വശങ്ങളില്‍ വാള്‍നട്ട് മരത്തിന്റേയും ചേസിസ് പിയറിര്‍, ആപ്പിള്‍ മരങ്ങളുടെ തടി ഉപയോഗിച്ചുമാണ് റോബില്ലാര്‍ഡ് നിര്‍മിച്ചത്. ബോണറ്റിനായി ചെറി മരത്തിന്റെ ഒറ്റത്തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉളിയും ഉരക്കടലാസും പോലുള്ള പണിയായുധങ്ങള്‍ മാത്രം ഉപയോഗിച്ച് കൈകൊണ്ടാണ് ഈ മരംകൊണ്ടുള്ള കാര്‍ കൊത്തിയെടുത്തത്. 2011ല്‍ ആരംഭിച്ച ഈ കാര്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു. ഇതിനിടെ 5,000 മണിക്കൂര്‍ വേണ്ടി വന്നു കാര്‍ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കാനെന്നും റോബില്ലാര്‍ഡ് പറയുന്നു. 3സിവി മോഡലിന്റെ എന്‍നാണ് ഈ വാഹനത്തിലുള്ളത്.
◾വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകള്‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്. യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും. ‘മതപ്പാടുകള്‍’. അരുണ്‍ എഴുത്തച്ഛന്‍. നിധി ബുക്സ്. വില 269 രൂപ.
◾ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് സംബന്ധിച്ച് ചില സൂചനകള്‍ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. ഇത് നാം അവഗണിക്കുന്നതാണ് പെട്ടെന്നൊരു ദിവസം ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകാന്‍ കാരണമാകുന്നത്. ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ നോക്കിയും കണ്ടെത്താന്‍ സാധിക്കും. കാഴ്ച ശക്തിയെ പൂര്‍ണമായോ ഭാഗികമായോ ബാധിക്കാന്‍ ഹൃദ്രോഗം കാരണമാകാം. മുപ്പത് മിനിറ്റോ അതിലധികമോ ഇത് നീണ്ടു നിന്നേക്കാം. നേരത്തെ കാഴ്ചയ്ക്ക് യാതൊരു പ്രശ്നമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ചെറിയ മാറ്റങ്ങള്‍ കാഴ്ചശക്തിയില്‍ ഉണ്ടാകാം. റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ നിറത്തിലുള്ള കൊഴുപ്പിന്റെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നതും ഹൃദയാരോഗ്യം അത്ര പന്തിയല്ലെന്നതിന്റെ സൂചന നല്‍കുന്നു. കണ്ണിലെ കോര്‍ണിയ്ക്ക് ചുറ്റും അര്‍കസ് സെനിലിസ് എന്ന വലയവും ഹൃദയാഘാതത്തിന് മുന്‍പ് കാണപ്പെടാം. കോര്‍ണിയയുടെ കോണുകളില്‍ പൂപ്പിളിനും ഐറിസിനും മുകളിലുള്ള വട്ടത്തിലുള്ള കോശസംയുക്തത്തിലാണ് വലയം രൂപപ്പെടുക. റെറ്റിനയുടെ നിറത്തില്‍ പെട്ടെന്ന് വരുന്ന വിശദീകരിക്കാനാവാത്ത നിറം മാറ്റവും വരാനിരിക്കുന്ന ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പാണ്. കണ്ണിലെ രക്തധമനികള്‍ വളരെ നേര്‍ത്തതും ലോലമായതുമാണ്. ഇവയ്ക്കുണ്ടാകുന്ന ക്ഷതവും ഹൃദയം പരിശോധിക്കാന്‍ സമയമായെന്ന സൂചന നല്‍കുന്നു. കണ്ണിന് താഴെയുള്ള ചര്‍മത്തില്‍ മഞ്ഞ നിറത്തിലുള്ള നിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും സൂക്ഷിക്കണം. ഇതും ഹൃദയാരോഗ്യത്തെ കുറിച്ച് ശുഭസൂചന നല്‍കുന്നതല്ല. റെറ്റിനയിലെ ആര്‍ട്ടറിയും വെയ്നുകളും തമ്മിലുള്ള വലുപ്പത്തിന്റെ അനുപാതത്തില്‍ വരുന്ന മാറ്റങ്ങളും ഹൃദ്രോഗ മുന്നറിയിപ്പ് നല്‍കും. ആര്‍ട്ടറി വെയ്നിനെ അപേക്ഷിച്ച് വളരെ ചെറുതാകുന്നതോ വെയ്ന്‍ വളരെ അധികം വലുതാകുന്നതോ എല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ ലക്ഷണമാണ്. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.45, പൗണ്ട് – 103.64, യൂറോ – 88.62, സ്വിസ് ഫ്രാങ്ക് – 91.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.57, ബഹറിന്‍ ദിനാര്‍ – 219.06, കുവൈത്ത് ദിനാര്‍ -268.75, ഒമാനി റിയാല്‍ – 214.47, സൗദി റിയാല്‍ – 21.98, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 61.51.