അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തും 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വര്‍ഷത്തെ കലോല്‍സവത്തിന്റെ ഭക്ഷണ മെനുവില്‍ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോല്‍സവ മാനുവല്‍ പരിഷ്‌കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.
ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ച 63500 പരാതികളില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം. ബഫര്‍സോണ്‍ മേഖലയിലുള്ള ഒരുലക്ഷത്തില്‍പ്പരം കെട്ടിടങ്ങളെ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.
മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ നെയ്യാര്‍ഡാം സ്വദേശി അനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാര്‍ഡാം കിക്മ കോളേജില്‍ തുടങ്ങിയ കാലം മുതല്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറിനെ അടുത്തിടെ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ അനില്‍കുമാര്‍ എത്തിയതെന്ന് പോലിസ് പറഞ്ഞു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രി കെ കെ ശൈലജ. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഉണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജൂഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ നല്‍കിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.
ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പെണ്‍കുട്ടി മരിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് മുഴുവന്‍ പരിശോധന അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കും.നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചു. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
സ്പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കാട്ടിയ കൊല്ലം ജില്ലാ സ്പോട്സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്പെന്റ് ചെയ്തു. ജില്ലാ സ്പോട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്പോട്സ് കൗണ്‍സിലില്‍ പരിശോധന നടത്തിയത്.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നോവ ക്രിസ്റ്റയില്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത്. മീന്‍ മാര്‍ക്കറ്റിലും പോലീസ് കാന്റീനിലും എ ആര്‍ ക്യാമ്പിലും അങ്ങനെ നിരവധി സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഓടുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.
കൊല്ലം ചിതറയില്‍ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നിന്നിരുന്ന പ്രതി അറസ്റ്റില്‍. മാങ്കോട് സ്വദേശി സജീവനെയാണ് മല്‍പ്പിടുത്തത്തിനൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയെല്ലാം പ്രതി ജനല്‍ ചില്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ നായ്കളെ പരിശീലിപ്പിക്കുന്ന സംഘം ആദ്യം കെട്ടിയിട്ടു. ഇതിനു ശേഷമാണ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.
കൊല്ലം നിലമേലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ 13 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.ഇവരില്‍ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ തെറ്റ് ചെയ്‌തെങ്കില്‍ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. മദ്യപിച്ചു സ്ഥാപനത്തില്‍ എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാന്‍ പറഞ്ഞു.
ബത്തേരിയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയെകൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആനയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് .
കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലില്‍ വൃത്തിഹീനമായ ഫ്രീസറുകള്‍ കണ്ടെത്തി.അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. കേരളത്തില്‍ നിന്ന് എം പിമാരായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവര്‍ നിരീക്ഷകരാകും. എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ഏകദേശം നൂറ് ദിവസത്തിനടുത്ത് മാത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൈസൂരു ബിഷപ്പിനെതിരേ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചുമതലയില്‍ നിന്ന് നീക്കി. മൈസുരു ബിഷപ്പ് കനികദാസ് എ വില്യംസിനെതിരെയാണ് വത്തിക്കാന്‍ നടപടിയെടുത്തത്. 2019-ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബെംഗളുരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.
റിയാദ് പ്രവിശ്യയിലെ അഫീഫില്‍ 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബസില്‍നിന്ന് ഇറക്കി.
മക്കയില്‍ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഒരാഴ്ചക്കിടയില്‍ പലപ്പോഴായി മക്ക നഗരത്തില്‍ ശക്തമായ മഴപെയ്തിരുന്നു. മുന്‍കരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു
എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യന്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. മറ്റു യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തില്‍ പുറത്താക്കി.