◾ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തണം. എത്ര സമയത്തിനകം കഴിക്കണമെന്നും വ്യക്തമാക്കണം. സംസ്ഥാന ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്. ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ഇത്തരം ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെണ്ടെങ്കില് 60 ഡിഗ്രി ഊഷ്മാവില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
◾കേരളം വ്യവസായ സൗഹൃദമല്ലെന്ന് കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം ബഹിഷ്കരിച്ചതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തും കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു. ഇന്നലെ 14 ജില്ലകളിലായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്കിയ സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
◾ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ പൊലീസിലെ അഴിച്ചുപണി തുടരുന്നു. 24 എസ്എച്ച്ഒമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രശ്നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണു സ്റ്റേഷന് ചുമതലയില്‍ നിന്നും മാറ്റിയത്. നടപടി നേരിട്ട എസ്എച്ച് ഒമാര്‍ക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.
◾ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി ഡി. ശില്പ വിളിച്ചുവരുത്തി പരിശോധിക്കുന്നു. ഹൈവേയിലെ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴില്‍ തട്ടിപ്പു തര്‍ക്ക കേസുകളുമാണ് പരിശോധിക്കുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റ മരണത്തില്‍ കെപിസിസി വക അന്വേഷണം. മൂന്നംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം കിട്ടുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. കെപിസിസിയുടെ ഫണ്ട് കട്ടുമുടിച്ചെന്നു കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നാണ് മക്കള്‍ ആദ്യം കെപിസിസിക്കും പിന്നീട് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം ഷൈന്‍ലാല്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷാലിമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയതിനാണ് നടപടി.
◾സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് അയല്‍ക്കാരെ നിരീക്ഷിക്കാനാകരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മാര്‍ഗ്ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി ആഗ്നസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അയല്‍വാസി തന്റെ വീട്ടിലേക്കു തിരിച്ചുവെച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഗ്നസ് ഹര്‍ജി നല്‍കിയത്.
◾വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു തടവുകാരെ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് പരാതി. കൊലക്കേസിലെ വിചാരണ തടവുകാരായ സിനീഷ് കണ്ണന്, പ്രതീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജയിലിലെ മറ്റു തടവുകാരുമായി അടിപിടിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചത്.
◾കള്ളക്കേസില്‍ കുടുക്കിയെന്ന് പൊലീസ് കണ്ട്രോള് റൂമിലേക്കു ഫോണില്‍ വിളിച്ചു പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് ഇയാള്‍ പൊലീസ് കണ്ട്രോള് റൂമിലേക്കു വിളിച്ചുപറഞ്ഞത്. വെങ്ങാനൂര്‍ പ്രസ് റോഡില്‍ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമല്‍ജിത്ത് (28) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
◾‘സേഫ് ആന്റ് സ്ട്രോംഗ്’ നിക്ഷേ തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 33 അക്കൗണ്ടുകളിലായി 138 കോടി രൂപ സമാഹരിച്ചിരുന്നെന്ന് പോലീസ്. നിലവില്‍ 2.25 ലക്ഷമാണ് സേഫ് ആന്‍ഡ് സ്ട്രോംഗ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വന്‍ തുകകള്‍ ആറ് മാസത്തിനുള്ളില്‍ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. ആദം ബസാറിലെ ഓഫീസ്, പുഴക്കലിലെ കോര്‍പ്പറേറ്റ് ഓഫീസ്, ഇടപാട് രേഖകള്‍ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളില്‍ ഇന്നു തെളിവെടുപ്പു നടത്തും.
◾നിക്ഷേപ തട്ടിപ്പ് നടത്തിയ കോഴിക്കോട്ടെ ‘എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡി’നെതിരായ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജീവനക്കാരില്‍നിന്ന് മാത്രം 15 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ കണ്ണൂര്‍ അര്‍ബന്‍ നിധി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് കോഴിക്കോട് പാലാഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ്.
◾ഹജ്ജ് യാത്രക്കു സൗകര്യം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് അനേകരില്നിന്നായി കോടികള്‍ വാങ്ങി മുങ്ങിയ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍. പോരൂര്‍ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നന് കുളത്തിങ്ങല്‍ അനീസ് (35) ആണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.
◾ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഇന്നു വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും. ഉദ്ഘാടന പരിപാടിയിലേക്ക് കെ.സി വേണുഗോപാലിനെയും ജി സുധാകരനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുക.
◾ആര്യങ്കാവില്‍ പിടികൂടിയ പാല് പത്ത് ദിവസം കഴിഞ്ഞിട്ടും ചീത്തയായില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തെറ്റാണെന്ന് പാല് വിതരണ കമ്പനി. പാല് ചീത്തയായെന്ന് കമ്പനിയുടെ അനലിസ്റ്റ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് കമ്പനി അവകാശപ്പട്ടു. 15,300 ലിറ്റര്‍ പാല് കോടതി നിര്‍ദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് മുട്ടത്തറ സീവേജ് പ്ലാന്റിലാണ് നശിപ്പിച്ചത്.
◾എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങി മരിച്ചു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. മകന് ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് ദശാംശം നാലു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
◾സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാത്തതിന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് സിപിഎം ഭരിക്കുന്ന ബാങ്കിന്റെ നോട്ടീസ്. നാല് വര്‍ഷം മുമ്പാണ് രാജേന്ദ്രന് രണ്ടു ലക്ഷം രൂപ മൂന്നാര്‍ സഹകരണ ബാങ്കില്‍നിന്നു വായ്പ എടുത്തത്. ഇപ്പോള്‍ പലിശയടക്കം മൂന്നര ലക്ഷത്തിന്റെ വായ്പാ കുടിശിക തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് നോട്ടീസ് നല്‍കിയത്.
◾തിരുവനന്തപുരം കരമനയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച ഭാര്യ മരിച്ചു. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഉത്തര്‍പ്രദേശ് ജയില്‍ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. 48 തടവുകാരുടെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നടപടി. ജയില്‍ മോചനത്തിന് അര്‍ഹരായവരുടെ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ്. കോടതി നേരത്തെ നല്കിയ നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും ജയില്‍ ഡിജിപി മറുപടി നല്‍കിയിരുന്നില്ല.
◾മംഗലാപുരം സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുപതു പേരാണ് പ്രതികള്‍. ആറു പേര് ഒളിവിലാണ്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
◾ബോംബ് ഭീഷണിയെത്തുടര്‍ന്ന് റഷ്യയില്‍നിന്ന് ഗോവയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ഉസ്ബകിസ്ഥാനിലേക്കാണ് വിമാനമിറക്കിയത്. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടര്‍ക്ക് ഭീഷണി സന്ദേശം കിട്ടിയത് അര്‍ദ്ധരാത്രിയോടെയാണ്.
◾എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് കഴിഞ്ഞ നവംബര്‍ മാസത്തോടെ 16.26 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ താല്‍ക്കാലിക പേറോള്‍ കണക്കുകള്‍ പ്രകാരം പതിനാറര ശതമാനം കൂടുതലാണ്.
◾അമേഠി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെ താന്‍ തോല്പിച്ചത് കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തികഫോറം സമ്മേളനത്തിന് എത്തിയ സ്മൃതി ഇറാനി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
◾ജമ്മുവിലെ നര്‍വാളില്‍ ഇരട്ടബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്. രണ്ടു വാഹനങ്ങളിലാണ് സ്ഫോടനമുണ്ടായത്. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
◾ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ താന്‍ മോദി ഭക്തനാണെന്നു തന്നോടു പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ദാവോസില്‍ ഡബ്ല്യുഇഎഫ് ചടങ്ങിലാണ് ലക്സംബര്‍ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിന്‍ഡെ വെളിപ്പെടുത്തി.
◾ന്യൂസിലാന്‍ഡില്‍ ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയാകും. നാല്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ സഹായിച്ചത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു.
◾ദേശീയ ഗുസ്തി താരങ്ങളുടെ സമരം അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഗുസ്തി ഫെഡറേഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് മാറിനില്‍ക്കും. ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താനാണു തീരുമാനം.
◾ന്യൂസിലാണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാണ്ടിനെ ബാറ്റിംഗിനയച്ചു. ന്യൂസിലാണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. 15 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലാണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തി.
◾നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായം 4,881 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 3,795 കോടി രൂപയായിരുന്നു. അതേസമയം, രണ്ടാം പാദത്തില്‍ 4,729 കോടി രൂപയായിരുന്നു അറ്റാദായം. 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്‍പത് മാസങ്ങളില്‍ ജിയോയുടെ അറ്റാദായം 14,140 കോടി രൂപയായിരുന്നു. ഈ അറ്റാദായം 2021 ഡിസംബര്‍ 31 ന് അവസാനിച്ച ഒന്‍പത് മാസത്തേക്ക് പോസ്റ്റ് ചെയ്ത 11,174 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ്. കമ്പനിയുടെ മൊത്തം വരുമാനം 19,347 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 22,998 കോടി രൂപയിലെത്തി. വാര്‍ഷിക പ്രവര്‍ത്തന ചെലവ് 16 ശതമാനം ഉയര്‍ന്ന് 7,227 കോടി രൂപയായി. മൊത്തം ചെലവുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 14,655 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 16,839 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 178.2 രൂപയാണ്. ഇത് മുന്‍ പാദത്തിലെ 177.2 രൂപയേക്കാള്‍ കാര്യമായി കൂടിയിട്ടില്ല. ഡേറ്റാ ട്രാഫിക്ക് രണ്ടാം പാദത്തിലെ 2820 കോടി ജിബിയില്‍ നിന്ന് മൂന്നാം പാദത്തില്‍ 2900 കോടി ജിബിയായി ഉയര്‍ന്നിട്ടുണ്ട്. വോയ്സ് ട്രാഫിക്കും 1230 കോടി മിനിറ്റില്‍ നിന്ന് 1270 കോടി മിനിറ്റായും വര്‍ധിച്ചു. ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.76 കോടിയില്‍ നിന്ന് 43.29 കോടിയായും ഉയര്‍ന്നു.
◾ഉപഭോക്താക്കളുടെ ദീര്‍ഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സൗകര്യമാണ് വാട്സാപ്പ് ഒരുക്കുന്നത്. അതേസമയം, പുതിയ ഫീച്ചര്‍ വീഡിയോകള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ചിത്രങ്ങള്‍ പങ്കിടുമ്പോള്‍ ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ പ്രത്യേക ക്രമീകരണ ഐക്കണ്‍ തെളിയുന്നതാണ്. ചിത്രങ്ങള്‍ അയക്കുന്നതിനു മുന്‍പ് ഈ ഐക്കണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനല്‍ ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. സെര്‍വര്‍ ലോഡ് കുറയ്ക്കാനും, ഫോണ്‍ മെമ്മറി ലഭിക്കുന്നതിന്റെയും ഭാഗമായാണ് വാട്സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ കംപ്രസ് ചെയ്തിരുന്നത്. ഇത് പലപ്പോഴും അവ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വാട്സാപ്പിലൂടെ അയക്കുമ്പോള്‍ ചിത്രങ്ങളുടെ ക്വാളിറ്റി കുറയുമെന്ന് കണ്ട് അവ, ഡോക്യുമെന്റായും ഇ-മെയിലൂടെയും അയക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ ഉപകാരപ്പെടും.
◾മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിനും നടന് ടൊവിനോ തോമസിനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘നീലവെളിച്ചം’ ടീം. ടൊവിനോ നായകനായി ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. ‘അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്’, എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്, രഞ്ജി കങ്കോല്‍, ജിതിന് പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◾സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘രോമാഞ്ചം’. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഫെബ്രുവരി 3 ആണ് പുതുക്കിയ റിലീസ് തീയതി. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. നേരത്തെ പുറത്തെത്തിയ ട്രെയ്ലറില് ഓജോ ബോര്‍ഡും ആത്മാക്കളെ വിളിക്കലുമൊക്കെ ഉണ്ടായിരുന്നു. സൗബിനൊപ്പം അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല് പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന് അജയ്, ജോമോന് ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ 10 നിയോസിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. ഇറ, മാഗ്ന, സ്പോര്‍ട്സ്, അസ്ത എന്നീ നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 5.68 ലക്ഷം മുതല്‍ 8.11 ലക്ഷം രൂപ വരെയാണ്. ജനുവരി ആദ്യം ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം വിപണിയിലെത്തിയത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന് തന്നെയാണ് പുതിയ മോഡലിലും. 83 ബിഎച്ച്പി കരുത്തും 113.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്ജിന്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ഗീയര്‍ബോക്സ് ഓപ്ഷനുകള്‍. പെട്രോള്‍ കൂടാതെ സിഎന്‍ജി കിറ്റോടു കൂടിയും 1.2 ലീറ്റര്‍ എന്ജിന് എത്തിയിട്ടുണ്ട്. 69 എച്ച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കുമുണ്ട് സിഎന്ജിന് പതിപ്പിന്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. മുന്‍ പതിപ്പിലുണ്ടായിരുന്ന ടര്‍ബോ പെട്രോള്‍ എന്ജിന് ഒഴിവാക്കിയിരിക്കുന്നു. പെട്രോള്‍ മാനുവലിന് ലീറ്ററിന് 20.7 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.1 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് 27.3 കീലോമീറ്ററുമാണ് ഇന്ധനക്ഷമത.
◾നാലു ദശകം പിന്നിട്ട കാവ്യജീവിതത്തില്‍ പ്രകൃതി ശക്തികളും മൂര്‍ത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദര്‍ശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂര്‍ത്തികളെക്കാള്‍ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകര്‍ന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിന് കൂടും നീലക്കൊടുവേലി കവിതകളില്‍ കളങ്ങളാവുന്നു. ‘നീലക്കൊടുവേലി’. ടി.പി രാജീവന്. ഡിസി ബുക്സ്. വില 114 രൂപ.
◾സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കില്‍ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാന്‍ നിങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതര്‍ലന്‍ഡ്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. ഇതിനായി ഇവര്‍ 50 നും 90 നും ഇടയില്‍ പ്രായമുള്ള 2700 പേരുടെ മുഖത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. കാഴ്ചയില്‍ തങ്ങളുടെ ശരിയായ പ്രായത്തേക്കാള്‍ അഞ്ച് വയസ്സ് കുറവ് തോന്നിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ട ധാരണശേഷിയുണ്ടെന്ന് പിന്നീട് നടത്തിയ വിലയിരുത്തലില്‍ കണ്ടെത്തുകയായിരുന്നു. തിമിരം പോലെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവര്‍ക്ക് ബാധിക്കാന്‍ സാധ്യത കുറവാണ്. മുഖം മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിന്റെയും കണ്ണാടിയാണെന്ന് ഗവേഷകര്‍ അടിവരയിടുന്നു. മുഖത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ ഇവരുടെ ഭാരം, പുകവലി ശീലങ്ങള്‍, പൊതുവേയുള്ള ആരോഗ്യം പോലുള്ള കാര്യങ്ങളും ഗവേഷകര്‍ അവലോകനം ചെയ്തു. അഞ്ച് വയസ്സ് കുറവ് പ്രായം തോന്നിച്ചവര്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് ബാധിക്കാനുള്ള സാധ്യത 15 ശതമാനം കുറവാണെന്ന് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഓസ്റ്റിയോപോറോസിസ് ഇവര്‍ക്ക് പിടിപെടാനുള്ള സാധ്യത 24 ശതമാനവും കുറവാണ്. മുഖത്തിന് പ്രായം തോന്നിപ്പിക്കുന്ന ജൈവിക പ്രക്രിയ തന്നെയാണ് എല്ലുകളുടെയും കോശസംയുക്തങ്ങളുടെയും ആരോഗ്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 80.98, പൗണ്ട് – 100.32, യൂറോ – 88.08, സ്വിസ് ഫ്രാങ്ക് – 88.02, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.38, ബഹറിന്‍ ദിനാര്‍ – 214.83, കുവൈത്ത് ദിനാര്‍ -264.99, ഒമാനി റിയാല്‍ – 210.33, സൗദി റിയാല്‍ – 21.57, യു.എ.ഇ ദിര്‍ഹം – 22.05, ഖത്തര്‍ റിയാല്‍ – 22.24, കനേഡിയന്‍ ഡോളര്‍ – 60.46.