◾2002 ലെ ഗോധ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഉത്തരവാദിയെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യ റിപ്പോര്‍ട്ട് ബിബിസി പുറത്തുവിട്ടു. ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ രണ്ട് എപിസോഡുള്ള പരമ്പരയാണ് ബിബിസി സംപ്രേക്ഷണം ചെയ്തത്. ബിബിസി കൊളോണിയല്‍ ചിന്ത വളര്‍ത്തുകയാണെന്ന് ഇന്ത്യ പ്രതിഷേധിച്ചു. 59 പേര്‍ കൊല്ലപ്പെട്ട കലാപക്കേസില്‍ മോദിക്കെതിരേ തെളിവില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. കേസെടുത്തതിന് ആര്‍.ബി ശ്രീകുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
◾തട്ടേക്കാട് പക്ഷിസങ്കേതം, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്.
◾പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ ഒരുകെട്ട് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ഹൈക്കോടതിയില്‍. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്. ടേബിള്‍ അഞ്ചില്‍ എണ്ണിയ പോസ്റ്റല്‍ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്. ഈ പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന്റെ രേഖകളുണ്ട്. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ടിട്ടുമുണ്ട്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഡല്‍ഹിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേ അതിക്രമം. ഡല്‍ഹി എയിംസ് പരിസരത്ത് പുലര്‍ച്ചെ മൂന്നേകാലോടെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപമാന ശ്രമം. അക്രമിയായ ഹരീഷ് ചന്ദ്രയുടെ കാറില്‍ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചു. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.
◾വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച് 20,000 കോടി രൂപ സമാഹരിക്കാന്‍ വ്യോമയാന മന്ത്രാലയം. റായ്പൂര്‍, ജയ്പൂര്‍, വിജയവാഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവയുള്‍പ്പെടെ 12 വിമാനത്താവളങ്ങളാണു സ്വകാര്യവല്‍കരിക്കുക. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിലൂടെ ഈ വര്‍ഷം 8,000 കോടി രൂപ വരുമാനമുണ്ടാക്കാനാണ് പരിപാടി.
◾അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിനു മാനദണ്ഡമല്ലെന്ന് സുപ്രിം കോടതി കൊളിജീയം. നേരത്തെ ഒരാളുടെ ലൈംഗിക ആഭിമുഖ്യം ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. സ്വവര്‍ഗ്ഗാനുരാഗിയായ സൗരബ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം മടക്കിയിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾കേരളത്തിന്റെ റവന്യു വരുമാനത്തില്‍ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നു ചിലര്‍ കള്ള പ്രചാരണമാണു നടത്തുന്നത്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ആറാം വര്‍ഷത്തിലേക്കു കടന്നിട്ടും സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. മുഖ്യമന്ത്രി പറഞ്ഞു.
◾ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിച്ചത് സി പി എം – ബി ജെ പി ഇടനിലക്കാരനായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കോടികളുടെ ബാധ്യതയുണ്ടാക്കുന്ന ഈ നിയമന ധൂര്‍ത്ത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
◾ഗുണ്ടാബന്ധത്തിന്റെ പേരില്‍ തിരുവനന്തപുരത്തു രണ്ടു ഡിവൈഎസ്പിമാരെ സസ്പെന്‍ഡു ചെയ്യുകയും മൂന്നു പോലീസുകാരെ പിരിച്ചുവിടുകയും ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്‍, വിജിലന്‍സ് ഡിവൈഎസ്പി എം. പ്രസാദ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസിലെ ശ്രീകാര്യം മുന്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്, ട്രാഫിക് സ്റ്റേഷനിലെ റെജി ഡേവിഡ്, നന്ദാവനം എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറി എന്നിവരെയാണ് പിരിച്ചുവിട്ടത്.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. എന്‍ഡിഎ മുന്നണി വിപുലപ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രചാരണം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. വിഷുവിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വിരുന്നൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾സില്‍വര്‍ ലൈന്‍ പദ്ധതിക്കു റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടത്തിയ കണ്ണൂരിലെ ഭൂമി റെയില്‍വേ 45 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുന്നു. റയില്‍വേ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയില്‍വേ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി പാട്ടത്തിനു നല്‍കുന്നത്.
◾സാമ്പത്തിക പ്രതിസന്ധിയിലും ഇടതു സര്‍ക്കാര്‍ കടംവാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ല. കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം. മോദി സര്‍ക്കാര്‍ കേരളത്തിനു തന്ന സാമ്പത്തിക സഹായത്തെകുറിച്ച് ധവളപത്രമിറക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
◾വെഞ്ഞാറമൂട്ടില്‍ ലഹരി മാഫിയക്കെതിരെ വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
◾കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോകുന്നതു 45 വാഹനങ്ങളുമായാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്തു പോലീസുകാരെ ടെന്റു കെട്ടി പാര്‍പ്പിച്ചിരിക്കുന്നു. ‘ഇയാളെ ആര് എന്തു ചെയ്യാനാണ്? എന്നും ചെന്നിത്തല ചോദിച്ചു.
◾എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം.
◾ഗുരുവായൂരിലെ ലോഡ്ജില്‍ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണു മരിച്ചത്.
◾കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേര്‍ പിടിയിലായി. പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുല്‍നാസര്‍ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീന്‍ (37), തിരുത്തിവളപ്പ് ഷബീര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
◾എടിഎം മെഷീനില്‍നിന്നു പണം തട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍. കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍മാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍നിന്ന് 38 എടിഎം കാര്‍ഡുകള്‍ പിടിച്ചെടുത്തു.
◾മലയിന്‍കീഴ് ബിവറേജസ് മദ്യശാലയ്ക്കു മുന്നില്‍ ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വിറ്റ യുവാവ് പിടിയില്‍. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്.
◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
◾ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
◾ലഖിംപൂര്‍ ഖേരി അക്രമ കേസിലെ പ്രതികളിലൊരാളായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കുന്നത് സമഹൂത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും യുപി സര്‍ക്കാര്‍ വാദിച്ചു.
◾നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിന് എതിരായ കേസില്‍ സിനിമാ ടെലിവിഷന്‍ താരം രാഖി സാവന്ദ് അറസ്റ്റില്‍. മുംബൈയിലെ അമ്പോലി പൊലീസാണ് നടിയെ അറസ്റ്റു ചെയ്തത്. തന്റെ മോശമായ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് പൊലീസ് നടപടി.
◾ഡല്‍ഹിയില്‍ മതിലില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍. പശ്ചിം വിഹാര്‍ മേഖലയിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പൊലീസ് എത്തി ചുമരിലെ എഴുത്തുകള്‍ മായ്ച്ചു.
◾ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയുടെ യാത്രാവിലക്ക് എയര്‍ ഇന്ത്യ നാലു മാസത്തേക്ക് കൂടി നീട്ടി.
◾നല്ല അയല്‍ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തീവ്രവാദവും ശത്രുതയും അക്രമവും ഇല്ലാതാക്കണമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
◾ഇ-കൊമേഴ്‌സ് ഭീമനായ ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് 2,300 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.
◾റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് റസ്ലിംഗ് താരങ്ങളുടെ സമരം രണ്ടാം ദിവസവും തുടര്‍ന്നു. സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ സമരക്കാരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ജന്തര്‍ മന്ദിറിലെ സമരത്തിനു പിന്തുണ അറിയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും എത്തി. സമരക്കാരുടെ കൂട്ടത്തില്‍ ഇരുന്ന ബൃന്ദ കാരാട്ടിനോട് സമരത്തിന് രാഷ്ട്രീയമില്ലെന്നു പറഞ്ഞ് സമരക്കാര്‍ മടക്കിയയച്ചു.
◾ഹോക്കി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വെയ്ല്‍സിനെ തോല്‍പിച്ചു. വെയ്ല്‍സിനോട് ജയിച്ചെങ്കിലും പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. സ്പെയിനിനെ 4-0 ന് തോല്‍പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമതെത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. ഇനി രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ മത്സരത്തിലൂടെ യോഗ്യത ഉറപ്പാക്കണം. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി.
◾സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേട്ടത്തോടെ അല്‍ നസര്‍ ക്ലബില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ലിയോണല്‍ മെസിയുടെ പിഎസ്ജിക്ക് വിജയം. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി റിയാദ് ഇലവനെ തോല്‍പിച്ചത് 5- 4 നാണ്. സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. മെസിയും നെയ്മറും എംബാപ്പേയും ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തിന്റെ 3-ാം മിനിറ്റില്‍ തന്നെ മെസ്സി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 34-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നല്‍കി. 43-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ റിയാദ് ഇലവനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയുടേതടക്കം മൂന്ന് ഗോള്‍ പിഎസ്ജി നേടിയപ്പോള്‍ രണ്ട് ഗോള്‍ തിരിച്ചടിക്കാനേ റിയാദ് ഇലവന് സാധിച്ചുള്ളു. റൊണാള്‍ഡോയടക്കമുള്ള സൂപ്പര്‍ താരങ്ങളെയെല്ലാം 60 മിനിറ്റ് പൂര്‍ത്തിയായതോടെ കളിക്കളത്തില്‍ നിന്നു പിന്‍വലിച്ച മത്സരത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ മുഖ്യാതിഥിയായിരുന്നു.
◾സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഉല്‍പ്പന്നം, എന്‍ജിനീയറിംഗ്, ഓപ്പറേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ കൂടുതല്‍ ബാധിക്കാന്‍ സാധ്യത. 2022 നവംബറില്‍ സൊമാറ്റോ അവരുടെ 3,800 തൊഴിലാളികളില്‍ 3 ശതമാനം പേരെ പുറത്താക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് സ്വിഗ്ഗിയില്‍ പിരിച്ചുവിടല്‍ വരുന്നത്. ഓഹരികളുടെ മോശം പ്രകടനം മൂലം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകള്‍ സെബിയില്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തി. ഇപ്പോള്‍ ഐപിഒയ്ക്കായുള്ള കരട് രേഖ സമര്‍പ്പിക്കുന്നത് കമ്പനി 2023 ഡിസംബറിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ട് പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 1617 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 3,628.90 കോടി രൂപയായി.
◾ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന രജനികാന്ത് നായകനായ ‘ജയിലര്‍’ ചിത്രമാണ് ജയിലര്‍. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്. തമന്നയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ആദ്യമായാണ് തമന്ന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക.
◾നവാഗതനായ സനീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാപ്പി ന്യൂ ഇയര്‍’. ഗൗരി നന്ദ, മാളവിക മേനോന്‍, മറീന മൈക്കിള്‍, ലക്ഷ്മി നന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സനീഷ് ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. റിയാസ് ഖാന്‍, വിനോദ് കോവൂര്‍, കലേഷ്, വിജയകൃഷ്ണന്‍, നന്ദു ആനന്ദ്, ബിജു മണികണ്ഠന്‍, ആദിര്‍ഷ, സ്വപ്ന പിള്ള, നീരജ, സാരംഗി കൃഷ്ണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് ഗ്രീഷ്മ സുധാകരന്‍ ആണ്. മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ചിത്രീകരണം തൃശ്യൂരില്‍ തുടങ്ങി.
◾ഇന്ത്യന്‍ വിപണി കീഴടക്കാന്‍ അതിനൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി രൂപകല്‍പ്പന ചെയ്ത ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി. ഫ്ലാഷ്, ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുള്ള അതിവേഗ ചാര്‍ജിംഗ് ബാറ്ററികളോടെ ലാന്‍ഡി ലാന്‍സോ ഇ- ബൈക്കായ ലാന്‍ഡി ഇ- ഹോഴ്സ്, ലാന്‍ഡി ലാന്‍സോ ഇ- സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവയാണ് പുറത്തിറക്കിയത്. സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഹിന്ദുസ്ഥാന്‍ ഇ.വി മോട്ടോഴ്സ് കോര്‍പ്പറേഷന്റെ നവീന സാങ്കേതികവിദ്യകള്‍ അടങ്ങിയ ഇലക്ട്രിക് ബൈക്കുകളാണ് ഇവ. ലാന്‍ഡി ലാന്‍സോ ഇസഡ് സീരീസ് വാഹനങ്ങളിലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സിനോനോ ബാറ്ററി പായ്ക്ക് വെറും 5 മിനിറ്റ് മുതല്‍ 10 മിനിറ്റിനകം തന്നെ ചാര്‍ജ് ചെയ്യാവുന്നതാണ്.
◾ഓരോ മനുഷ്യനിലും ഒരു ബോധിസത്ത്വനുണ്ട്. ഒരുപക്ഷേ, വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ആനന്ദം തേടി അവന്‍ അകലങ്ങളില്‍ അലയുന്നു. ഭൗതികമായ അസ്തിത്വം സ്ഥാപിച്ചെടുത്തുകഴിയുമ്പോള്‍ അവനറിയുന്നു, താന്‍ ഇനിയും ദരിദ്രനാണെന്ന്. പ്രാചീനമായ ഒരു ഗൃഹാതുരത്വം അവനെ അലട്ടുന്നു. അപ്പോഴാണ് എവിടെയോ കാത്തിരിക്കുന്ന ബോധിദ്രുമത്തെ അയാള്‍ ഓര്‍ക്കുന്നത്. പിന്നെ യാത്ര തുടങ്ങാതെ വയ്യ. ദേവദാസ് എന്ന ചെറുപ്പക്കാരന്റെ ആത്മായനങ്ങളുടെ കഥ. ‘ബോധിസത്ത്വന്റെ പരമ്പരകള്‍’. രമേശന്‍ തമ്പുരാന്‍. മാതൃഭൂമി. വില 351 രൂപ.
◾വ്യത്യസ്ത ഭക്ഷണശീലങ്ങളും ഡയറ്റുമൊക്കം മൂലം പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യമൊന്നും കൊടുക്കാറില്ലെങ്കിലും ഒരിക്കലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ അമിതദേഷ്യം, മലബന്ധം,മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മള്‍ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചില പ്രഭാതഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കലര്‍ന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
എന്തിനേയും പോസറ്റീവ് ആയി കാണുന്ന ഒരു ചിന്താഗതിക്കാരനായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ അയാളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. തന്റെ കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതില്‍ ഇടപെട്ട് ഏറ്റവും ഉചിതമായ വഴി കണ്ടെത്താനും അയാള്‍ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അയാള്‍ വീട്ടില്‍ വെച്ച് കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു. അവര്‍ വെടിയുണ്ടയുതിര്‍ത്തു. ഭാഗ്യത്തിന് അടുത്തുളള ആളുകള്‍ അയാളെ കണ്ടെത്തുകയും എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓപ്പറേഷന്‍ തിയറ്ററിലേക്ക് പോകുന്ന സമയത്ത് അയാള്‍ നോക്കിയപ്പോള്‍ ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മുഖത്ത് ആശങ്കകള്‍ നിറഞ്ഞു കണ്ടു. അവര്‍ തന്നെ മരിച്ചുപോയ ഒരു വ്യക്തിയെ കാണുന്നതുപോലെ നോക്കുന്നത് കണ്ട് അയാള്‍ക്ക് സങ്കടമായി. ഓപ്പറേഷന്‍ ടേബിളില്‍ കിടത്തിയപ്പോള്‍ താന്‍ മരിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ അയാള്‍ ആവത് ശ്രമിച്ചു. അയാള്‍ നേഴ്‌സിനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ അയാളോട് എന്തിനെങ്കിലും അലര്‍ജിയുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് ആയാള്‍ ഉറക്കെ പറഞ്ഞു. ഇതു കേട്ട് ഓപ്പറേഷന്‍ തിയേറ്ററിലെ എല്ലാവരുടേയും ശ്രദ്ധ ഇയാളുടെ മറുപടിയിലേക്കായി. അയാള്‍ വീണ്ടും ഉറക്കെ തന്നെ പറഞ്ഞു. എന്റെ ശരീരത്തിലെ ബുള്ളിറ്റിനോട് എനിക്ക് അലര്‍ജിയുണ്ട് എന്ന്. അയാള്‍ തുടര്‍ന്നു. നിങ്ങള്‍ എല്ലാവരും മികച്ച ഡോക്ടര്‍മാര്‍ ആണെന്നും എന്റെ ജീവന്‍ എനിക്ക് തിരിച്ചുതരുമെന്നും എനിക്ക് ഉറപ്പുണ്ട്. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ അയാള്‍ ജീവിത്തിലേക്ക് തിരിച്ച് വന്നു. ഓരോ ദിവസവും നന്നായി ജിവക്കാനും പോസിറ്റീവ് ആയി ജിവിക്കാനുമുള്ള ഒരു ചോയ്‌സ് നമുക്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെ മികച്ചതും സന്തോഷകരവുമാക്കാമെന്ന് നമുക്ക് തിരഞ്ഞെടുക്കാനാകും. തീരുമാനം നമ്മുടെ കയ്യിലാണ്.. അത് വിവേകത്തോടെ തന്നെ നമുക്ക് തിരിഞ്ഞെടുക്കാം – ശുഭദിനം.