◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
◾68 പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ കേരളത്തില്‍ വന്ന് മടങ്ങിയവര്‍. മൂന്നു നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്. പത്തനംതിട്ടയിലെ ആനിക്കാട്ടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു.
◾പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നു ശശി തരൂര്‍ എംപി. തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പരാതി പരിഹരിക്കാന്‍ മറ്റു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തില്‍ തരൂര്‍ പറഞ്ഞു.
◾കോട്ടയത്തെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണു വിവരം. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
◾കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നു നടിക്കുന്നതു വിചിത്രമാണ്. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലാബുകളില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന്‍
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾മാനന്തവാടി പിലാക്കാവില്‍ പശുവിനെ കൊന്ന കടുവ വീണ്ടും എത്തി. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവ കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ മാംസം ഭക്ഷിക്കാനാണ് ഇന്നലെ വൈകിട്ട് വീണ്ടും കടുവയെത്തിയത്.
◾ശബരിമല പാതയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിലാണ് അപകടമുണ്ടായത്. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്.
◾മണ്ണാര്‍ക്കാട് മധ്യവസ്‌കനെ കഴുത്തറത്തു കൊന്നു. ചന്തപ്പടി പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടന്‍ ഹംസയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60) യാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്.
◾കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായികമന്ത്രിയുടെ പരാമര്‍ശം. മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 6,200 ടിക്കറ്റു മാത്രമാണു വിറ്റുപോയതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
◾കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
◾കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി.
◾തൃശൂരിലെ കുഴിക്കാട്ടുശേരിയില്‍ ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
◾
◾തിരുവനന്തപുരം മംഗലപുരം പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ട ഷെഫീഖ് കിണറിലേക്കു തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശഖരന്‍ നായരുടെ സഹോദരന്‍ ശ്രീകുമാറിനെ. ശ്രീകുമാറിന്റെ പണി നടക്കുന്ന വീട്ടിലാണ് ഷെഫീക്കും കൂട്ടാളി അബിനും ഒളിവില്‍ കഴിഞ്ഞത്. തന്റെ വീട്ടില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശ്രീകുമാറിനെ കിണറിലേക്കു തള്ളിയിടുന്നതു കണ്ട നാട്ടുകാരാണ് പ്രതികളെ പിടികൂടിയതും ശ്രീകുമാറിനെ കിണറില്‍നിന്നു രക്ഷിച്ചതും.
◾കോഴിക്കോട് ബാലുശേരിക്കു സമീപം തലയാടിലെ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പള്ളി പെരുന്നാളിന് എത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ഓടിക്കൂടിയ നാട്ടുകര്‍ തീയണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ഫോര്‍ട്ട് കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികന്‍ മരിച്ചു. തിരുനല്‍വേലി സ്വദേശി പി ബാലസുബ്രഹ്‌മണ്യമാണ് മരിച്ചത്.
◾സുല്‍ത്താന്‍ ബത്തേരി അതിര്‍ത്തിയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മിനിലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി സുധീറിനെ (43) അറസ്റ്റു ചെയ്തു.
◾ലോക്സഭാ തെരഞ്ഞെടിപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാതെ നിലവിലുള്ള കമ്മിറ്റികള്‍ തുടരാനുള്ള തീരുമാനവും ഉണ്ടാകും.
◾പൂനെയില്‍ ജി 20 സമ്മേളനം ഇന്നാരംഭിക്കും. 38 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.
◾ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ഒരു വിശാല സഖ്യത്തിനും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി തയാറല്ലെന്നു മായാവതി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
◾ത്രിപുരയില്‍ വിശാല സഖ്യത്തിന് പ്രതിപക്ഷ ശ്രമം. തിപ്ര മോത പാര്‍ട്ടിയേയും സഖ്യത്തിലേക്കു കൊണ്ടുവരാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചര്‍ച്ച തുടങ്ങി. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി.
◾തമിഴ്നാട് ശ്രീപെരുമ്പത്തൂരില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസിലെ പ്രതികള്‍ക്കുനേരെ പൊലീസ് വെടിവച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവച്ചത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണു കാലില്‍ വെടിവച്ച് പ്രതികളെ കീഴ്പ്പെടുത്തിയത്.
◾അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍ മിസ് യൂണിവേഴ്സ്. ഇന്ത്യയുടെ മത്സരാര്‍ത്ഥി ദിവിത റായി അവസാന പതിനാറില്‍ ഇടം പിടിച്ചിരുന്നു. മിസ് വെനുസ്വേല രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവാണ് വിജയ കിരീടം ചൂടിപ്പിച്ചത്. 90 മല്‍സരാര്‍ത്ഥികളില്‍നിന്നാണ് മിസ് യൂണിവേഴ്‌സിനെ തെരഞ്ഞെടുത്തത്.
◾രാജ്യാന്തര ഏകദിന മല്‍സരത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്തത് 317 റണ്‍സിന്. 168 പന്ത് ബാക്കിയിരിക്കെയാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ചരിത്ര വിജയം ആഘോഷിച്ചത്. ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 റണ്‍സ് നേടി. വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. ലങ്കന്‍ ബാറ്റിംഗ്നിരയെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു. 22 ഓവറില്‍ വെറും 73 റണ്‍സിനു ലങ്ക കൂടാരം കയറി. അയര്‍ലന്‍ഡിനെതിരേ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ലങ്കയെ മലര്‍ത്തിയടിച്ചുള്ള മല്‍സരത്തില്‍ മറികടന്നത്. 2007 ല്‍ ബര്‍മുഡയ്ക്കെതിരേ നേടിയ 257 റണ്‍സ് വിജയമായിരുന്നു ഇന്ത്യയുടെ നേരത്തെയുള്ള റിക്കാര്‍ഡ് വിജയം. ആദ്യ രണ്ടുകളിയും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
◾ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍െ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി രണ്ടു റിക്കാര്‍ഡുകള്‍ സ്വന്തമാക്കി. ഗോഹട്ടയില്‍ നടന്ന ആദ്യ ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ 166 റണ്‍സും കോലി നേടി. ഇതോടെ ഏകദിന കരിയറില്‍ 46 സെഞ്ചുറികള്‍ കോലി പൂര്‍ത്തിയാക്കി. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് കോലി സ്വന്തമാക്കി. ലങ്കയ്‌ക്കെതിരെ പത്താം സെഞ്ചുറിയാണ് കോലി ഇന്നലെ നേടിയത്. സച്ചിന് ഒമ്പത് സെഞ്ചുറിയായിരുന്നു. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. കോലിയെ കളിയിലേയും പരമ്പരയിലേയും താരമായി തിരഞ്ഞെടുത്തു.
◾ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ സമനില. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.
◾വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിയുന്നു. ജനുവരി ആറിന് സമാപിച്ച ആഴ്ചയില്‍ 126.8 കോടി ഡോളര്‍ ഇടിഞ്ഞ് 56,158.3 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയവര്‍ദ്ധന മാത്രം ശേഖരം കുറിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ഇടിഞ്ഞശേഷമായിരുന്നു ഇത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 174.7 കോടി ഡോളര്‍ താഴ്ന്ന് 49,644.1 കോടി ഡോളറായതാണ് ജനുവരി ആറിലെ ആഴ്ചയില്‍ തിരിച്ചടിയായത്. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 46.1 കോടി ഡോളര്‍ ഉയര്‍ന്ന് 4,178.4 കോടി ഡോളറായി. തൊട്ടുമ്പത്തെ ആഴ്ചയില്‍ വിദേശ നാണയശേഖരത്തില്‍ വര്‍ദ്ധനയ്ക്ക് കരുത്തായതും കരുതല്‍ സ്വര്‍ണത്തിലെ വര്‍ദ്ധനയാണ്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട്, യെന്‍, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ റിസര്‍വ് ഫണ്ട് തുടങ്ങിയവയുണ്ട്.
◾പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ പേര്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഷറഫുദ്ധീനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ഈ ചിത്രം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ‘ഭോലാ ശങ്കര്‍’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറെ സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേഷ്.
◾ഇന്ത്യന്‍ എസ്യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡലിനോട് അടുത്തു നില്‍ക്കുന്ന പതിപ്പാണ് 2023 ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കില്‍ ഇപ്പോള്‍ അവതരിപ്പിച്ച മോഡലിന് സാധാരണ ഡോറുകളാണ്. ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിച്ച ആദ്യ എസ്യുവിയായ സിയറയുടെ നിര്‍മാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. 1991ല്‍ പുറത്തിറങ്ങിയ സിയറയുടെ സ്മരണാര്‍ഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇസിയറയുടെ കണ്‍സെപ്റ്റും ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ പുതിയ വാഹനമായ ആള്‍ട്രോസ് നിര്‍മിച്ചിരിക്കുന്ന ആല്‍ഫാ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ സിയറയുടെയും നിര്‍മാണമെന്നാണ് സൂചന. 2025 ല്‍ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടാതെ പെട്രോള്‍ എന്‍ജിനുമായി വാഹനം എത്തുമെന്നാണ് പ്രതീക്ഷ.
◾ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം. ‘ഞാന്‍ ഒരു വീട്’. ചന്ദ്രമതി. എച്ച്ആന്‍ഡ്സി ബുക്സ്. വില 133 രൂപ.
◾ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ദര്‍. 1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിരിക്കുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു. മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കള്‍ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാന്‍ മുന്തിരി സഹായിക്കുന്നു. മുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസര്‍ജനം എളുപ്പമാക്കുന്നു. മുന്തിരിയുടെ തോലില്‍ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിന്‍ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട, പാന്‍ക്രിയാസ്, വന്‍കുടല്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന കാന്‍സറുകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. മുന്തിരി ജ്യൂസ് നല്ലതാണെങ്കിലും പഞ്ചസാര കൂടുതലായി ചേര്‍ക്കുന്നതിനാല്‍ അധികം കഴിക്കാത്തതാണ് ഗുണകരം. കൂടാതെ മുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജ്യൂസടിക്കുമ്പോള്‍ അവ നഷ്ടപ്പെടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തില്‍ വന്യമൃഗങ്ങളുടെ ശല്യമുള്ളതുകൊണ്ട് അവിടെയുള്ളവരെയെല്ലാം മരംകയറാന്‍ പഠിപ്പിക്കാന്‍ ഗുരു തീരുമാനിച്ചു. അങ്ങനെയിരിക്കെ താന്‍ പരിശീലിപ്പിച്ചവരെയെല്ലാം കൂട്ടി വളരെ ഉയരമുളള മരങ്ങള്‍ സ്ഥിതിചെയ്യുന്ന കാട്ടില്‍ ഗുരു എത്തി. എല്ലാവരോടും മരത്തില്‍ കയറി തങ്ങളുടെ മികവ് തെളിയിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കഷ്ടപ്പെട്ട് മുകളില്‍ കയറി. പാതിവഴി തിരിച്ചിറങ്ങിയപ്പോള്‍ ഗുരു പറഞ്ഞു: വളരെ സൂക്ഷിക്കണം.. നിലത്തിറങ്ങാറായപ്പോഴും ഗുരു പറഞ്ഞു: ധൃതി വേണ്ട, സാവധാനം മതി. എല്ലാവരോടും ഇതേ കാര്യം ആവര്‍ത്തിച്ചപ്പോള്‍ അവര്‍ചോദിച്ചു: ഞങ്ങള്‍ കയറുമ്പോഴല്ലേ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അങ്ങെന്തിനാണ് താഴെയെത്താറാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുരു പറഞ്ഞു: മുകളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിങ്ങള്‍ക്കറിയാം. ഇറങ്ങുന്നതിനിടയിലെ അശ്രദ്ധകൊണ്ടാണ് പലര്‍ക്കും പരിക്കുപറ്റിയിട്ടുള്ളത്.. ! ലക്ഷ്യത്തിലെത്തുന്നതും ലക്ഷ്യത്തിനടുത്തേക്കെത്തുന്നതിന്റെയും വ്യത്യാസം ദൂരത്തിന്റെതുമാത്രമല്ല. മനോഭാവത്തിന്റേയും പക്വതയുടേയും വ്യക്തത്വവൈശിഷ്ട്യത്തിന്റയും കൂടെയാണ്. ആന്തരിക പ്രേരണമൂലമോ തന്നിഷ്ടപ്രകാരമോ ചെയ്യുന്ന പ്രവൃത്തിയാണെങ്കിലും തുടക്കം ആവേശഭരിതമായിരിക്കും. പക്ഷേ, പാതിവഴി സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസവും ധൈര്യവും ക്രമേണ അഹംബോധത്തിലേക്ക് വഴിമാറും. തുടക്കം പോലെതന്നെയായിരിക്കും തുടര്‍ച്ചയും എന്ന് തെറ്റിദ്ധരിക്കും. യാത്ര മുഴുമിപ്പിക്കാന്‍ കഴിയാത്തവരുടെ പ്രശ്‌നം ആരംഭത്തിലുള്ള ആത്മവിശ്വാസക്കുറവല്ല. അടുത്തഘട്ടത്തിലെ ആത്മവിശ്വാസക്കൂടുതലാണ്. ലക്ഷ്യത്തിലെത്തും മുമ്പേ ലക്ഷ്യം കൈവരിച്ചതിന്റെ ആഹ്‌ളാദം തുടങ്ങുന്നവരൊന്നും ലക്ഷ്യത്തിലെത്താറില്ല. ആനന്ദതിമിര്‍പ്പിനിടയില്‍ അവര്‍ പിടിവിട്ടു താഴെ വീഴും. അവസാന നിമിഷത്തെ അതീവജാഗ്രതയാണ് എല്ലാ വിജയങ്ങളുടേയും അടിത്തറ. അതിനാല്‍ ആത്മവിശ്വാസത്തിലെ ആത്മനിയന്ത്രണം നമുക്കും പിന്തുടരാം – ശുഭദിനം.