yt cover 26

അധ്യാപകരെ ‘ടീച്ചര്‍’ എന്നു വിളിക്കണമെന്നു ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്നു ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ അറിയിച്ചെന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍, മാഡം അഭിസംബോധനകള്‍ മാറ്റി ടീച്ചര്‍ വിളി വേണമെന്ന നിര്‍ദേശം സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. വളരെ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ ജലന്ധറില്‍നിന്നുള്ള ലോക്സഭാംഗമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 75 വയസായിരുന്നു. മുന്‍ മന്ത്രിയാണ്. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് എംപി മരിച്ചത്. യാത്ര താത്കാലികമായി നിറുത്തിവച്ചു.

സംസ്ഥാനത്തെ ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ് സ്ഥാപന മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രാക്ടിക്കലിന്റെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അധ്യാപകര്‍ ശ്രദ്ധിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനവും പരിസരവും അയ്യപ്പഭക്തരെക്കൊണ്ട് നിറഞ്ഞു. പത്തരയോടെ എരുമേലിയിലും ഉച്ചയോടെ പമ്പയിലും തീര്‍ത്ഥാടകരെ തടഞ്ഞു. എരുമേലിയില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.

തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി ബി അനിലിന്റെ പരാതി. പൊലീസ് കേസെടുത്തു. നഗരസഭാധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍ഗോഡും നിക്ഷേപ തട്ടിപ്പ്. നിക്ഷേപങ്ങള്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിലെ ജിബിജി നിധി ലിമിറ്റഡിനെതിരായാണു പരാതി. ജിബിജി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ വിനോദ് കുമാര്‍, ആറ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. 20 പേരാണ് ബേഡകം പൊലീസില്‍ പരാതി നല്‍കിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

താന്‍ ധരിക്കുന്നതു മുഖ്യമന്ത്രി കോട്ടല്ലെന്ന് ശശി തരൂര്‍. മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ? താന്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പരിഹാസത്തോടെ തിരിച്ചടിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ പരിപാടികളിലേക്കു ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ തന്നെ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നു. താന്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.

എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി അവസാനിച്ചെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായരെന്ന് പരസ്യമായി വിളിക്കാമോയെന്നും നടേശന്‍ ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരള സമൂഹത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ശ്രമിച്ചപ്പോള്‍ എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്റെ കരണത്തടിപ്പിക്കുകയും ചെയ്ത സിപിഎം മാപ്പു പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കൊല്ലം മയ്യനാട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ ആറു പെണ്‍കുട്ടികളെ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് മതില്‍ ചാടി പെണ്‍കുട്ടികള്‍ മുങ്ങിയത്. എട്ടരയോടെ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ പൊലീസ് പിടികൂടിയത്.

മാനന്തവാടിയില്‍ കടുവയെ മയക്കുവെടി വച്ച് കീഴടക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്താണു കടുവയെ കണ്ടത്. വാഴത്തോട്ടത്തില്‍ കിടക്കുകയായിരുന്ന കടുവയെ കണ്ട നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കര്‍ഷകനായ തോമസിനെ ആക്രമിച്ചു കൊന്ന കടുവയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

മകള്‍ക്കു പരീക്ഷ എഴുതാന്‍ എറണാകുളത്തേക്കു കുടുംബസമേതം പോയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി എന്ന 52 കാരിയാണു മരിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് അംബുജാക്ഷനും രണ്ട് പെണ്‍മക്കളുമാണ് കാറിലുണ്ടായിരുന്നത്.

ബീനാച്ചി- പനമരം റോഡില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അരിവയല്‍ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അഖിന്‍ എം അലി എന്ന ആഷിഖ് (23) ആണ് മരിച്ചത്.

ഇടുക്കി ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്ററില്‍ കാട്ടാന കയറി. നീന്തിക്കയറി വന്ന ചക്കക്കൊമ്പന്‍ എന്ന പേരിലറിയപ്പെടുന്ന ഒറ്റയാന്‍ കുട്ട വഞ്ചിയും ബോര്‍ഡും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും തകര്‍ത്തു.

നടന്‍ ബാലയുടെ വീട്ടില്‍ ആക്രമണശ്രമം. കാറിലെത്തിയ മൂന്നു പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. അയല്‍ വീടുകളിലും ഇവര്‍ ഭീഷണിപ്പെടുത്തി. അക്രമിസംഘം ലഹരിയിലാണെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

കോവളം ബീച്ചില്‍ സെയിലിംഗിനിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിനോദസഞ്ചാരി പാരാസെയിലിംഗ് ബലൂണുമായി കടലില്‍ പതിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ ഇയാളെ കരയ്ക്കെത്തിച്ചു.

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ അധ്യാപകനായിരുന്ന ഫൈസല്‍ 26 വിദ്യാര്‍ത്ഥികളെ പീഡിപിച്ചെന്നു പൊലീസ്. കണ്ണൂര്‍ തളിപറമ്പില്‍ യു പി സ്‌കൂളിലെ 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നല്‍കി. മലപ്പുറം സ്വദേശിയായ ഫൈസല്‍ റിമാന്റിലാണ്.

മണ്ണാര്‍ക്കാട് ഒന്നാം മൈലില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ചങ്ങലീരി മോതിക്കല്‍ സ്വദേശി പാട്ടത്തില്‍ വീട്ടില്‍ സജയനെ(32) ആണ് 11.63 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.

ഏപ്രില്‍ മുതല്‍ പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ പ്രകൃതി സൗഹൃദ മോഡലുകള്‍ സജ്ജമാക്കണം. മന്ത്രി പറഞ്ഞു. നോയിഡയില്‍ ഓട്ടോ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തമിഴ്നാട്ടില്‍ വിളവെടുപ്പുല്‍സവമായ പൊങ്കല്‍ നാളെ തുടങ്ങും. കൊവിഡ്മൂലം മൂന്നു വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷത്തിനായി നാടും നഗരവും തെരുവുകളുമെല്ലാം അലംകൃതമായി ഒരുങ്ങിക്കഴിഞ്ഞു.

ആഗോള വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതു- സ്വകാര്യ മേഖലകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനു മുന്നോടിയായി നിതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യ -ശ്രീലങ്ക മൂന്നാം ഏകദിന മത്സരം. ഇരു ടീമംഗങ്ങളും ഇന്ന് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്കു നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. നാളെ രാവിലെ 11.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്കു കയറ്റും.

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 560 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4300 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

5ജി സ്മാര്‍ട്ട്ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി ആമസോണ്‍. ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് 60 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍ എന്നിവയും ലഭ്യമാണ്. എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എസ്20 സ്മാര്‍ട്ട്ഫോണുകള്‍ക്ക് 59 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 30,999 രൂപയ്ക്ക് സാംസംഗ് ഗാലക്സി എസ്20 5ജി വാങ്ങാന്‍ സാധിക്കും. ലാവ ബ്ലേസ് 5ജി സ്മാര്‍ട്ട്ഫോണുകള്‍ 27 ശതമാനം വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കും. ലോഞ്ച് ചെയ്യുമ്പോള്‍ ഈ സ്മാര്‍ട്ട്ഫോണുകളുടെ വില 14,999 രൂപയാണ്. നിലവില്‍, 10,999 രൂപയ്ക്കാണ് ലാവ ബ്ലേസ് 5ജി വാങ്ങാന്‍ സാധിക്കുക. വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജി സ്മാര്‍ട്ട്ഫോണുകള്‍ 5 ശതമാനം കിഴിവില്‍ 18,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 20,999 രൂപ വിലയുള്ള റെഡ്മി നോട്ട് 11ടി 5ജി ഇപ്പോള്‍ 19 ശതമാനം ഇളവില്‍ 16,999 രൂപയ്ക്കും 24,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എം33 5ജി ഇപ്പോള്‍ 28 ശതമാനം ഇളവില്‍ 17,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

ബോക്സ്ഓഫിസ് വേട്ടയില്‍ അജിത്തിനെയും വിജയ്യെയും കടത്തി വെട്ടി ബാലയ്യയുടെ വിളയാട്ടം. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ വീര സിഹം റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കളക്ഷന്‍). സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ കലക്ഷന്‍ 42 കോടിയാണ്. ആന്ധ്രപ്രദേശ്. തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 38.7 കോടിയും കര്‍ണാടകയില്‍ നിന്നും 3.25 കോടിയും വാരി. ഓവര്‍സീസ് കളക്ഷന്‍ എട്ട് കോടിയും നേടുകയുണ്ടായി. ഇതിനു മുമ്പ് ബാലയ്യയുടേതായി ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച ചിത്രം അഖണ്ഡയായിരുന്നു. 29.6 കോടിയാണ് ചിത്രം ആദ്യദിനം വാരിക്കൂട്ടിയത്. അതേസമയം വാരിസിനും തുനിവിനും ആദ്യദിനം അന്‍പത് കോടി നേടാനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ഷാഹിദ് കപൂര്‍വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഫര്‍സിയുടെ ട്രെയിലര്‍ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോള്‍ പൊലീസിന്റെ വേഷത്തില്‍ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തില്‍ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി ഖന്ന, കെ കെ മേനോന്‍, ഭുവന്‍ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍. ഫാമിലി മാന്‍ എന്ന ഹിറ്റിനുശേഷം രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതല്‍ ആമസോണ്‍ പ്രൈം വഴി സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘മിഹോസ്’ അവതരിപ്പിച്ചു. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 100 കി.മീ വരെ യാത്ര ചെയ്യാം. സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, ആന്റിതെഫ്റ്റ് റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെന്‍സിങ്, കീലെസ് ഓപ്പറേഷന്‍, റിമോട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 വാട്ട് മോട്ടോര്‍, 95 എന്‍എം ടോര്‍ക്ക്, 70 കി.മീ ടോപ് സ്പീഡിലാണ് ഇത് എത്തുന്നത്. മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാലു നിറഭേദങ്ങളില്‍ ലഭിക്കും. കമ്പനിയുടെ അറുനൂറിലേറെ വരുന്ന എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മിഹോസിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലുടനീളം എക്സ്-ഷോറൂം വില 1,49,000 രൂപയാണ്.

മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല, മുളയ്ക്കുന്നവയെല്ലാം തഴച്ചുവളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യ ഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ. കവി, ഗാനരചയിതാവ്. സിനിമാസംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജമഹൃദയങ്ങളില്‍ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരന്‍ തമ്പിയുടെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലിന്റെ പരിഷ്‌കരിച്ച പതിപ്പ്. പി.ഭാസ്‌കരന്‍ ഈ നോവല്‍ ഇതേപേരില്‍ അഭ്രപാളികളില്‍ പകര്‍ത്തിയിട്ടുണ്ട്. ‘കാക്കത്തമ്പുരാട്ടി’. ശ്രീകുമാരന്‍ തമ്പി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 114 രൂപ.

മീന്‍ വിഭവങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനം.യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡ് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും അത് കുട്ടികളില്‍ നല്ല ഉറക്കത്തിന് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികളെയും രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം മീന്‍ കഴിച്ചിരുന്ന കുട്ടികളിലുമാണ് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍പഠനം നടത്തിയത്. അതില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മീന്‍ കഴിച്ചിരുന്ന കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ഐ ക്യൂ ടെസ്റ്റില്‍ ഈ കുട്ടികള്‍ ഏറെ മുന്നിലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് ധാരാളം നല്‍കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.29, പൗണ്ട് – 99.42, യൂറോ – 88.18, സ്വിസ് ഫ്രാങ്ക് – 87.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.75, ബഹറിന്‍ ദിനാര്‍ – 216.04, കുവൈത്ത് ദിനാര്‍ -266.43, ഒമാനി റിയാല്‍ – 211.49, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.32, കനേഡിയന്‍ ഡോളര്‍ – 60.65.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *