◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നല്‍കിയേക്കും. ഭരണഘടനാ സമിതിയുടെ നിര്‍ദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും സ്ഥിരാംഗത്വം നല്‍കും. പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശം ചെയ്താല്‍ വേണ്ടെന്ന് പറയില്ലെന്ന് ശശി തരൂരും പ്രതികരിച്ചിരുന്നു.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കു കേരളത്തില്‍നിന്നു 47 പേര്‍ക്കു വോട്ടവകാശം. മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എന്നിവര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും ഉണ്ടാകും.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനത്തിനും ഭസ്മത്തിനും ഗുണനിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കമ്മീഷന്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
◾മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ജില്ലയിലെ ചുടലയിലും പരിയാരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്.
◾മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിമാനമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണ്. രണ്ടു കുട്ടികള്‍ കരിങ്കൊടി കാണിക്കുമ്പോള്‍ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനക്കെതിരായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം കോഴിക്കോട് ആരംഭിച്ചു. കരുതല്‍ തടങ്കലിലടച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സിപിഎം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പിടിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ വെങ്കിട്ടരമണി ഹാജരാകും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എജി നേരിട്ട് ഹാജാരാകുന്നത്.
◾മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കാന്‍ മാറ്റി. എന്‍ഫോഴ്സ്മെന്റ് അന്വേഷണം മൂലം മറ്റു സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു.
◾സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് രാജി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്തഫയെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയാക്കാനാണു പാര്‍ട്ടി തീരുമാനം.
◾വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയില്‍. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോര്‍ട്ടു വേണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
◾വടക്കഞ്ചേരിക്കടുത്ത് ഓലപ്പടക്കം നിര്‍മ്മാണത്തിനിടെ കരിമരുന്നിനു തീപിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. വടക്കഞ്ചേരി തേനിടുക്ക് അപ്ലൈഡ് സയന്‍സ് കോളേജിനു പുറകിലാണ് അപകടമുണ്ടായത്.
◾ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം ഇന്നു വൈകുന്നേരം തില്ലങ്കേരിയില്‍ നടത്തുന്ന പൊതുയോഗത്തില്‍ പി ജയരാജന്‍ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാന്‍ പി ജയരാജനെ തന്നെ സംസ്ഥാന നേതൃത്വം നിയോഗിച്ചിരിക്കുകയാണ്.
◾
◾ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തില്‍ വെങ്ങാനൂര്‍, മുക്കോല സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനില്‍ സോമരാജന്‍ (59 ) വെങ്ങാനൂര്‍ പീച്ചോട്ടു കോണം രാജു നിവാസില്‍ രാജു (52) എന്നിവരാണ് മരിച്ചത്. എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായാണു യാത്ര തിരിച്ചത്.
◾ഇസ്രായേലിലെ കൃഷിരീതികള്‍ പഠിക്കാന്‍പോയ കര്‍ഷക സംഘം തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘത്തിലെ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിനു ശേഷം കാണാതായെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. ഇസ്രായേല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഇസ്രയേലിലേക്കു പോയത്.
◾വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു. കെഎസ്ആര്‍ടിസിയിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനാണു മന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനം. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാന്‍ ഇറങ്ങരുത്. വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു.
◾കോട്ടയം നഗരസഭ അധ്യക്ഷയ്ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയാതെ തള്ളി. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതാണു കാരണം. വിട്ടുനില്‍ക്കാനുള്ള ബിജെപി തീരുമാനമാണ് നിര്‍ണായകമായത്. ബിജെപി അവിശ്വാസ പ്രമേയത്തെ അനകൂലിക്കുമെന്ന ഇടതു പ്രതീക്ഷ അവസാന നിമിഷം പാളുകയായിരുന്നു.
◾കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെണ്‍കുട്ടിക്ക് ലഹരി നല്‍കുന്നത്. ഇയാള്‍ ഒരു ഉത്തരേന്ത്യന്‍ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്തുവിടുന്നതെന്നും കണ്ടെത്തി. 25 പേരടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റം.
◾കടയില്‍ മോഷണം നടത്തുന്നത് ആളുകള്‍ കണ്ടതോടെ രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി പി.സി. മുക്കിലെ ‘പി.ടി.സ്റ്റോര്‍’ സ്റ്റേഷനറി കടയില്‍ മോഷണം നടത്തി അപകടത്തില്‍ കുടുങ്ങിയത് കൊടുവള്ളി കരീറ്റിപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ ഹബീബ് റഹ്‌മാന്‍ (23) ആണെന്നു പോലീസ് സ്ഥിരീകരിച്ചു.
◾ഗോവയില്‍ ലഹരി പാര്‍ട്ടിക്കിടെ മൂന്നു മലയാളികള്‍ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദില്‍ഷാദ് (27), അജിന്‍ ജോയ് (20), നിധിന്‍ എന്‍എസ് (32) എന്നിവരാണ് പിടിയിലായത്.
◾ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഒരു വീട് തകര്‍ത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് ആന അക്രമിച്ചത്.
◾കാര്‍ത്തിക് സുബ്രഹ്‌മണ്യന്‍ പകര്‍ത്തിയ ‘ഡാന്‍സ് ഓഫ് ദ ഈഗിള്‍സ്’ എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പിക്ചേഴ്സ് ഓഫ് ദ ഇയര്‍ അവാര്‍ഡ്. അയ്യായിരത്തോളം എന്‍ട്രികളെ മറികടന്നാണ് കാര്‍ത്തിക് സുബ്രഹ്‌മണ്യം ഈ നേട്ടം സ്വന്തമാക്കിയത്. ‘എവിടെ സാല്‍മണ്‍ ഉണ്ടോ അവിടെ അരാജകത്വമുണ്ട്.’ എന്നാണ് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്‌മണ്യന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ്. സാല്‍മനെ കഴിക്കാനെത്തുന്ന കഷണ്ടിത്തലയന്‍ പരുന്തിന്റെ ചിത്രമാണ് അവാര്‍ഡു നേടിയത്.
◾ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം.
◾കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ വനിതാ ഐപിഎസ് ഓഫീസറായ ഡി രൂപ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചു. വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ. മൈസുരുവില്‍ ജെഡിഎസ് എംഎല്‍എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട ഓഫീസറാണ് രോഹിണി.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനി ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
◾പ്രധാനമന്ത്രിയുടെ റാലി നടത്താന്‍ സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സര്‍ക്കാര്‍. സഖ്യകക്ഷികളായിരുന്ന ബിജെപിയും എന്‍പിപിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ഇക്കുറി ഒറ്റക്കു മത്സരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച തുറയിലെ സ്റ്റേഡയത്തില്‍ നടത്താനാണു ബിജെപിയുടെ തീരുമാനം.
◾നിയമസഭാ തെരഞ്ഞെടുപ്പിനു പിറകേ ത്രിപുരയില്‍ സംഘര്‍ഷം. വിവിധയിടങ്ങളില്‍ ബിജെപി – സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ബഗന്‍ബസാറിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു ബിജെപി പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു.
◾കര്‍ണാടകത്തില്‍ മുന്‍ എംഎല്‍എ അടക്കം രണ്ട് വൊക്കലിഗ, ലിംഗായത്ത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുമകുരു മേഖലയിലെ മുന്‍ ജെഡിഎസ് എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലിംഗായത്ത് നേതാവായ കിരണ്‍ കുമാര്‍, വൊക്കലിഗ നേതാവും ചലച്ചിത്ര നിര്‍മാതാവുമായ സന്ദേഷ് നാഗരാജ്, ജെഡിഎസ് മുന്‍ എംഎല്‍എ എച്ച് നിംഗപ്പ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
◾ജമ്മു കാഷ്മീരിലെ താഴ് വാരത്തെ ഉള്‍പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചേക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴാണു വന്‍തോതില്‍ സൈനികരെ വിന്യസിച്ചിത്.
◾ജോഷിമഠില്‍ പുതിയ വിള്ളലുകള്‍. ബദരിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് വിള്ളലുകള്‍. പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തായി വിള്ളല്‍ വീണതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
◾ഭോപ്പാലില്‍ ഭാര്യമാര്‍ തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവിനു വെടിയേറ്റു. ഭോപ്പാല്‍ സ്വദേശിയായ താഹിര്‍ ഖാനാണ് വെടിയേറ്റത്. ഇയാളുടെ ആദ്യ ഭാര്യ അജ്മുവും മകനുമൊപ്പം എത്തിയ സംഘത്തിലെ ഒരാളാണ് താഹിര്‍ ഖാനുനേരെ വെടിയുതിര്‍ത്തത്. രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയശേഷമാണു വെടിവച്ചത്.
◾തുര്‍ക്കി -സിറിയ ഭൂചലനത്തിന്റെ പന്ത്രണ്ടാം ദിവസം അപാര്‍ട്മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദമ്പതികളെയും മകനെയും രക്ഷപ്പെടുത്തി. കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു. മൂത്രം കുടിച്ചാണ് ഇത്രയും നാള്‍ അതിജീവിച്ചതെന്ന് ദമ്പതികളിലൊരാള്‍ വെളിപ്പെടുത്തി.
◾മെറ്റയുടെ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചു. പ്രതിമാസം 990 രൂപ മുതലാണു ഫീസ്. ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ആദ്യഘട്ടമായി സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നത്.
◾ഒരിടവേളക്കുശേഷം വിദേശ നിക്ഷേപത്തില്‍ വീണ്ടും മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വാരം വന്‍ തോതിലാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ, ഇന്ത്യന്‍ ഓഹരി വിപണിയിലെത്തിയ പിഎഫ്ഐ 7,666 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. 2023 ജനുവരിയില്‍ 28,852 കോടി രൂപ വരെ പിന്‍വലിച്ചിരുന്നു. ഇത് നേരിയ തോതില്‍ ആഘാതം സൃഷ്ടിച്ചെങ്കിലും, ഫെബ്രുവരിയില്‍ മുന്നേറുകയായിരുന്നു. ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ ഈ വര്‍ഷം 5,944 കോടി രൂപയുടെ വിദേശ നിക്ഷേപം വരെ എത്തിയിട്ടുണ്ട്. നാണയപ്പെരുപ്പം രൂക്ഷമായതോടെ ആഗോളതലത്തില്‍ വിവിധ കേന്ദ്രബാങ്കുകള്‍, പ്രത്യേകിച്ച് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് എന്നിവ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്ത് നിന്ന് എഫ്പിഐ നിക്ഷേപം ഉയര്‍ന്ന തോതില്‍ പിന്‍വലിക്കപ്പെട്ടത്. നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനാണ് വിവിധ ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.
◾ട്വിറ്ററിന് പിന്നാലെ ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി ഫേയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയും. ‘മെറ്റ വെരിഫൈഡ്’ എന്ന സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. നിലവില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും മെറ്റാ വേരിഫൈഡ് പരീക്ഷിക്കുന്നുണ്ട്. പ്രതിമാസം വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക. ആന്‍ഡ്രോയിഡിലും ആപ്പിള്‍ ഒഎസിലും കമ്മീഷന്‍ നല്‍കേണ്ടതിനാലാണ് മൊബൈല്‍ പതിപ്പിന് ഉയര്‍ന്ന തുക. വെരിഫൈഡ് ആകുന്ന പ്രൊഫൈലുകള്‍ക്ക് പേരിന് അടുത്തായി ഒരു നീല ടിക്ക് ലഭിക്കും. ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ അധിക സുരക്ഷാ ഫീച്ചറടക്കം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൊഫൈല്‍ വെരിഫൈ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. മെറ്റ വെരിഫൈഡ് ലഭിക്കുന്നവര്‍ക്ക് ഒരു വെരിഫൈഡ് ബാഡ്ജ്, ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷ, മികച്ച ഉപഭോക്തൃ സേവനം, അക്കൗണ്ടില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം കൂടുതല്‍ റീച്ച്, പ്രത്യേക സ്റ്റിക്കറുകള്‍ അങ്ങനെ പല സവിശേഷതകളും ലഭിക്കും.
◾ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തുന്നു. കാരൈക്കുടിയില്‍ രണ്ടു ദിവസം കൊണ്ട് ടൊവിനോയുടെ സീനുകള്‍ ചിത്രീകരിച്ചു. ഓണം റിലീസായി എത്തുന്ന കിംഗ് ഒഫ് കൊത്ത അവസാന ഘട്ട ചിത്രീകരണത്തിലാണ്. ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, പ്രസന്ന, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ , പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്ത ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് കിംഗ് ഒഫ് കൊത്ത നിര്‍മ്മിക്കുന്നത്.
◾നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളില്‍ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമ പാന്‍ ഇന്ത്യ തലത്തില്‍ വന്‍ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചനും പ്രൊജക്റ്റ് കെയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ പിറന്നാള്‍ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു മള്‍ട്ടീസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.
◾ടിവിഎസ് റോനിന്‍ സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണി. റോനിന്റെ താക്കോല്‍ ടിവിഎസ് ടുവീലേഴ്‌സിന്റെ ഇന്ത്യന്‍ മേധാവി വിമല്‍ സുംബ്ലിയാണ് ധോണിക്ക് കൈമാറിയത്. ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്ട്രീറ്റ് മോട്ടോര്‍ സൈക്കിളാണ് റോനിന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടിവിഎസ് റോനിന്‍ രൂപകല്‍പന കൊണ്ടും ഫീച്ചറുകള്‍കൊണ്ടും ബൈക്ക് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 7,750 ആര്‍പിഎമ്മില്‍ 20 ബിഎച്പി വരെ പരമാവധി കരുത്തും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം പരമാവധി ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റോനിനുള്ളത്. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ഫീച്ചറുള്ള ഈ ബൈക്കിന് 5 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. 41എംഎം യുഎസ്ഡി ഫോര്‍ക്കാണ് ബൈക്കിന്റെ സസ്‌പെന്‍ഷന്‍. പിന്നില്‍ മോണോഷോക്കാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 300എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം മോണോഷോക്കും ബൈക്കിലുണ്ട്. നേരത്തെ അപ്പാച്ചെ ആര്‍.ആര്‍310 സ്വന്തമാക്കിയിട്ടുള്ള ധോണിയുടെ രണ്ടാമത്തെ ടി.വി.എസ് ബൈക്കാണ് റോനിന്‍. പഴയതും പുതിയതുമായി 150ഓളം ബൈക്കുകള്‍ ധോണിയുടെ ഗാരേജിലുണ്ട്.
◾ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വളരെയധികം വിജ്ഞാനപ്രദമാണ്. ഗൂഗ്‌ളില്‍ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും. ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനികമായ ഭാഷയിലൂടെയും. ‘വെബിനിവേശം’. രാംമോഹന്‍ പാലിയത്ത്. മാതൃഭൂമി. വില 255 രൂപ.
◾തണുപ്പ് കാലം മാറാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയില്‍ നിന്ന് മുക്തരായിട്ടില്ല. പനി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മളെ ബുദ്ധിമുട്ടിക്കുന്നത്. ജലദോഷ പനിയെ കാര്യക്ഷമമായി നേരിടാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. പനി വരുമ്പോള്‍ ശരീരം പൊതുവേ ദുര്‍ബലമായിരിക്കും. ഈ സമയം കൂടുതല്‍ ജോലികള്‍ ചെയ്ത് ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കാത്തതാണ് നല്ലത്. ജോലികള്‍ ചെയ്യുന്നതിന് പകരം നന്നായി വിശ്രമിക്കുകയാണ് ചെയ്യേണ്ടത്. കൂടുതല്‍ സമയം കിടന്ന് വിശ്രമിക്കാം, കഴിവതും പുറത്തിറങ്ങരുത്. വായിക്കുക, ടി വി കാണുക പോലുള്ള പ്രയത്നം വേണ്ടാത്ത വിനോദങ്ങളില്‍ ഏര്‍പ്പെടാം. വെള്ളമുള്‍പ്പെടെ ധാരാളം പാനീയങ്ങള്‍ കുടിക്കണം. കരിക്കിന്‍ വെള്ളം, സൂപ്പ്, ഇഞ്ചി നീര്, ചായ തുടങ്ങിയവയെല്ലാം നല്ലതാണ്. ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലെങ്കിലും ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന വൈറസിനോട് പോരാടാന്‍ ആരോഗ്യം വേണമെങ്കില്‍ ഭക്ഷണം കഴിക്കുക തന്നെ വേണം. ഓറഞ്ച്, മാതളനാരങ്ങ, സ്ട്രോബെറി, ചീര, മധുരക്കിഴങ്ങൊക്കെ പനിക്കാലത്ത് കഴിക്കാവുന്ന പഴങ്ങളാണ്. ഇവ പനി മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ചൂട് വെള്ളത്തിലെ കുളി, ആവി പിടിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് ശരീരത്തെ സഹായിക്കണം. ലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.66, പൗണ്ട് – 99.59, യൂറോ – 88.44, സ്വിസ് ഫ്രാങ്ക് – 89.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.08, ബഹറിന്‍ ദിനാര്‍ – 219.40, കുവൈത്ത് ദിനാര്‍ -269.86, ഒമാനി റിയാല്‍ – 214.76, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 61.40.