◾കരിമണല്‍ കമ്പനിയില്‍നിന്നു പണം വാങ്ങിയതിനു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അടക്കമുള്ളവര്‍ക്കു നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയരായവരെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി.
◾സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത ഒമ്പതു സര്‍വ്വകലാശാലകളില്‍ വിസിമാരെ നിയമിക്കാനുള്ള നടപടികളുമായി ഗവര്‍ണര്‍. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലകളുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ഉടന്‍ രജിസ്ട്രാര്‍മാര്‍ക്കു കത്തയക്കും. വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നു കണ്ണൂര്‍ വിസി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കേയാണ് ഗവര്‍ണറുടെ നടപടികള്‍. ഗവര്‍ണറുടേയും സര്‍വ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് വിസി നിയമനത്തിനുള്ള മൂന്നംഗ സര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകുക. കമ്മിറ്റി അംഗത്വം അഞ്ചാക്കി നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്.
◾മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ താന്‍ വേവലാതിപ്പെട്ടോളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്നാണ് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടു പിണറായി പറഞ്ഞത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു നോട്ടീസയക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രധാന വഴിത്തിരിവാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. പിവി മുഖ്യമന്ത്രിയാണെന്നു കോടതിക്കും ബോധ്യമായെന്ന് കുഴല്‍നാടന്‍ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമായതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
◾പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കും. ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ധാരണാ പത്രം ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധന ലഭിക്കും.
◾സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്നു വിജിലന്‍സ്. ‘ഓപ്പറേഷന്‍ വെറ്റ് സ്‌കാന്‍’ എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങി കൂടിയ വിലയ്ക്ക് മൃഗാശുപത്രികളിലൂടെ വില്‍ക്കുന്നതായി കണ്ടെത്തി. ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനോടു 15 നു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. കരുവന്നൂര്‍ ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ലൈഫ് മിഷന്‍ കേസില്‍ ആരോഗ്യകാരണങ്ങളാല്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ ചീഫ് സെക്രട്ടറി എം. ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്തണമെന്നു സുപ്രീംകോടതി ഉത്തരവ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജാമ്യം നീട്ടണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. ജാമ്യം നീട്ടണമെങ്കില്‍ മെഡിക്കല്‍ പരിശോധന വേണമെന്ന് ഇഡി കോടതിയില്‍ നിലപാട് അറിയിച്ചു.
◾നവകേരള സദസ് ആരംഭിച്ച് 20 ദിവസങ്ങള്‍കൊണ്ട് 76 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിട്ടെന്നും നവകേരളം സൃഷ്ടിക്കാന്‍ ജനങ്ങള്‍ ആവേശത്തോടെയാണ് എത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വന്‍ ജന പിന്തുണയുണ്ടെന്നതിനു തെളിവാണ് നവകേരള സദസിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു.
◾മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. മന്ത്രി 63 ലക്ഷം രൂപ തരാതെ കബളിപ്പിച്ചെന്നു കാണിച്ച് വടകര സ്വദേശി എകെ യൂസഫാണ് പരാതി നല്‍കിയത്.
◾പിജി ഡോക്ട്ടേഴ്‌സ് അസോസിയേഷന്‍ ആക്റ്റിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ അഫ്‌സാന ഫാബി ഖാനെ നിയമിച്ചതായി കെഎംപിജിഎ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രസിഡന്റായിരുന്ന ഡോ. റുവൈസ് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ നിയമിച്ചത്.
◾അങ്കമാലിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചതു ഡിവൈഎഫ്ഐ പ്രവര്‍ത്തകരല്ല, നാട്ടുകാരാണെന്ന് മന്ത്രി സജി ചെറിയാന്‍. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുത്തെന്നും മന്ത്രി പറഞ്ഞു.
◾
◾ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറിന്റെ കുടുംബം വേറേയും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി തയാറാക്കിയിരുന്നെന്ന് പോലീസ്. ഇതു സംബന്ധിച്ച റൂട്ടു മാപ്പ് അടക്കമുള്ള തെളിവുകള്‍ ലഭിച്ചെന്നും പോലീസ് പറഞ്ഞു.
◾കമ്മീഷന്‍ തന്നില്ലെങ്കില്‍ ക്രിസമ്സ് കാലത്ത് റേഷന്‍ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍. പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. നവകേരളാ സദസില്‍ ഉള്‍പ്പെടെ റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം.
◾വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിനെതിരെ മാഹിയില്‍ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. വിരമിച്ച അധ്യാപകരെയും വൈദ്യുതി വകുപ്പ് എന്‍ജിനീയര്‍മാരെയുമാണ് താത്കാലികമായി വീണ്ടും നിയമിക്കുന്നത്. മാഹി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നിലാണ് ഇരുകൂട്ടരും സമരം നടത്തിയത്.
◾‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവന്‍ ഷാര്‍ജയില്‍ അന്തരിച്ചു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാര്‍ജയില്‍ ജോലി ചെയ്തു വരികയായിരുന്നു.
◾കാസര്‍കോഡ് പെരിയ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ അധ്യാപകനെ സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.
◾വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ച യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഷ്ടമായെന്നു പരാതി. കഴിഞ്ഞ മാസം 28 ന് മരിച്ച മഞ്ചേരി മാലാംകുളം സ്വദേശി നടുവത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമ (37)യുടെ മാലയും രണ്ട് മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു തട്ടിപ്പുകേസ് കൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയില്‍നിന്ന് 80,000 രൂപ തട്ടിയെന്നാണ് പരാതി. . പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ആറന്മുള പൊലീസ് കേസെടുത്തു.
◾പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾എഴുത്തുകാരിയും തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥയുമായ ജസിന്ത മോറിസ് ഹിന്ദി, മലയാളം, ഇംഗ്ളീഷ് എന്നീ മൂന്നു ഭാഷകളില്‍ രചിച്ച അഞ്ചു കഥാ, കവിതാ സമാഹാരങ്ങളുടെ പ്രകാശനത്തിനു ബഹുഭാഷാ കവിയരങ്ങും. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നാളെ രാവിലെ ഒമ്പതരയ്ക്കുള്ള കവിയരങ്ങില്‍ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, തമിഴ് എന്നീ നാലു ഭാഷകളിലെ കവികള്‍ കവിതകള്‍ അവതരിപ്പിക്കും. പ്രഭാവര്‍മ, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.
◾തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് ഇടുക്കി ജില്ലക്കാരായ ദമ്പതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
◾ഉള്ളി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അടുത്ത മാര്‍ച്ച് 31 വരെയാണ് നിരോധനം. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായതോടെ ഉള്ളിക്കു ക്ഷാമമുണ്ടാകുകയും വിപണിയില്‍ ഉള്ളി വില കുതിച്ചുയരുകയും ചെയ്തതോടെയാണു കയറ്റുമതി നിരോധിച്ചത്.
◾തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹു മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിനു കൈമാറിയത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചതോടെ പ്രതപക്ഷം ബഹളംവച്ചു. എംപിയെന്ന നിലയില്‍ ഉപഹാരവും യാത്രാസൗകര്യങ്ങളും കൈപ്പറ്റിയത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം വാങ്ങിയെന്ന ആരോപണം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റിന് സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രതി ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണയ്ക്കു മുന്‍പ് ആളുകളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാനോ റിമാന്‍ഡു ചെയ്യാനോ കഴിയില്ലെന്ന് വ്യക്തമാക്കി. 13 മാസമായി ബിനോയ് ബാബു ജയിലാണ്. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ ആരോപിക്കുന്നതും ഇഡി ആരോപിക്കുന്നതും തമ്മില്‍ വൈരുധ്യമുണ്ടെന്നും ജസ്റ്റിസ് ഖന്ന നീരീക്ഷിച്ചു.
◾രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വശത്താക്കി റിസോര്‍ട്ടുകളിലേക്കു മാറ്റുന്നു. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ ഞായറാഴ്ചയോടെ തീരുമാനിക്കുമെന്നാണു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്. രാജസ്ഥാനില്‍ വസുന്ധര ക്യാമ്പിലെ എംഎല്‍എമാരെയാണു റിസോര്‍ട്ടിലേക്കു മാറ്റിയത്. തന്റെ മകന്‍ ലളിത് മീണയടക്കം അഞ്ചു പേരെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് മുന്‍ എംഎല്‍എ ഹേംരാജ് മീണ പറഞ്ഞു.
◾തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വീട്ടിലെ ശുചിമുറിയില്‍ വീണ് ഇടുപ്പെല്ലിനു ഗുരുതര പരിക്കേറ്റു. അര്‍ദ്ധരാത്രി കെസിആറിനെ ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന്റെ ഇടതു ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
◾തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കല്‍പെട്ടില്‍ റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച 12 ബിജെപി എംപിമാര്‍ രാജിവച്ച സാഹചര്യത്തില്‍ ഒരു മാസത്തിനകം ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
◾നാലു ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി പതിനെട്ടുകാരി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിനടുത്ത മഹേസ്ര സ്വദേശിനിയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഹരിയാന സ്വദേശിക്കു വിവാഹമെന്ന പേരിലാണ് വിറ്റതെന്നും അയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ ഉപോയഗിച്ചെന്നും ഉപദ്രവിച്ചെന്നും യുവതി പരാതിപ്പെട്ടു.
◾അമ്മ നല്‍കിയ ബലാല്‍സംഗ പരാതി പിന്‍വലിക്കാത്തതിനു പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു നേരെ ആസിഡ് ആക്രമണം. സംഭവത്തിനു പിറകേ പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ഡല്‍ഹി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 54 കാരനായ പ്രേം സിംഗാണ് ആക്രമണം നടത്തിയശേഷം ജീവനൊടുക്കിയത്.
◾യു.പി.ഐ വഴി കൈമാറാവുന്ന പരമാവധി തുക ഒരുലക്ഷമെന്ന പരിധി വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ഇനി 5 ലക്ഷം വരെ കൈമാറാം. കാലതാമസമില്ലാതെ ഹോസ്പിറ്റല്‍ ബില്ലുകളും വിദ്യാഭ്യാസ ഫീസുകളും തത്സമയം അടയ്ക്കാനാകുമെന്ന പ്രയോജനം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇപ്പോഴും മറ്റ് ചില മേഖലകള്‍ക്ക് യു.പി.ഐ വഴി അയക്കാവുന്ന പണത്തിന്റെ പരമാവധി പരിധിയില്‍ റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മൂലധന വിപണി, വായ്പാ തിരിച്ചടവ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് നിലവില്‍ രണ്ടുലക്ഷം രൂപവരെ ഒരുദിവസം കൈമാറാന്‍ അനുമതിയുണ്ട്. റിസര്‍വ് ബാങ്കിന്റെ റീറ്റെയ്ല്‍ ഡയറക്റ്റ് സ്‌കീം, പ്രാരംഭ ഓഹരി വിപണിയിലൂടെ ഓഹരി വാങ്ങല്‍ എന്നിവയുടെ പരമാവധി പ്രതിദിന പരിധി 5 ലക്ഷം രൂപയുമാണ്. ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസ തവണത്തുക ഓട്ടോമാറ്റിക്കായി പിന്‍വലിക്കുന്ന റെക്കറിംഗ് പണമിടപാട് പരിധി റിസര്‍വ് ബാങ്ക് ചില മേഖലകള്‍ക്ക് ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മ്യൂച്വല്‍ഫണ്ട്, ഇന്‍ഷ്വറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ് എന്നിവയ്ക്കാണ് നിലവിലെ ഇളവ് ബാധകം. മറ്റ് മേഖലകളില്‍ 15,000 രൂപയെന്ന പരിധി തുടരും. നിലവിലെ 15,000 രൂപയെന്ന പരിധിക്കുമേല്‍ 8.5 കോടിപ്പേര്‍ രാജ്യത്ത് ഇ-മാന്‍ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്നത് 2,800 കോടി രൂപയാണ്. മ്യൂച്വല്‍ഫണ്ട്, ഇന്‍ഷ്വറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ് ഇടപാടുകളാണ് ഇതില്‍ കൂടുതലുമെന്ന് വിലയിരുത്തിയാണ് നിലവില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയും അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഇന്ന് ധനനയവും പ്രഖ്യാപിച്ചു.
◾വിന്‍ഡോസ് 10 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പും പി.സികളും ഉപയോഗിക്കുന്നവര്‍ക്ക് ദുഃഖവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 വിരമിക്കാന്‍ പോവുകയാണ്. 2025 ഒക്ടോബറില്‍ ജീവിതാവസാന ഘട്ടത്തില്‍ വിന്‍ഡോസിന്റെ പത്താം പതിപ്പ് എത്തും. എന്നാല്‍, ഇനിയും അതില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് നിര്‍ണായകമായ അപ്‌ഡേറ്റുകള്‍ ഇല്ലാതെയാണെങ്കിലും, അപ്‌ഡേറ്റ് ചെയ്യാത്ത ഒരു പകര്‍പ്പ് ഉപയോഗിക്കാനാകും. അതെ, പഴയ വേര്‍ഷനില്‍ തുടരേണ്ടവര്‍ക്കായി വിന്‍ഡോസ് 10-നുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകളുമായി മൈക്രോസോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കള്‍, സംരംഭങ്ങള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ വിന്‍ഡോസ് 10-ല്‍ തുടരാന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു പ്രോഗ്രാമില്‍ എന്റോന്‍ ചെയ്യേണ്ടതായുണ്ട്. എന്നാല്‍, പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് അടയ്‌ക്കേണ്ടി വരും. ഇ.എസ്.യു പ്രോഗ്രാമില്‍ സബ്സ്‌ക്രിപ്ഷന്‍ എടുത്ത ആര്‍ക്കും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ എല്ലാ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഒരിക്കല്‍ എന്റോള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് തുടരാം. ഇ.എസ്.യു പ്രാപ്തമാക്കിയ വിന്‍ഡോസ് 10 പരിതസ്ഥിതിയില്‍, ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകളൊന്നും കൂടാതെ വിശ്വസനീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. പ്രോഗ്രാം സുരക്ഷാ അപ്‌ഡേറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. 2025 ഒക്ടോബറില്‍ വിന്‍ഡോസ് 10-ന്റെ ഇഒഎല്‍ ഘട്ടത്തിന് ശേഷം ഒരു പുതിയ ഫീച്ചറും ലഭ്യമാകില്ല.
◾ഒന്നര വര്‍ഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാര്‍ യാഷ് തന്റെ അടുത്ത ചിത്രമായ ‘ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്‌സ്’ പ്രഖ്യാപിച്ചു. എക്കാലത്തെയും രസകരമായ ഒരു സഹകരണം പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം, രാജ്യാന്തര തലത്തില്‍ പ്രശസ്തയായ സംവിധായിക ഗീതു മോഹന്‍ദാസിനെയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളിലൊരാളായ റോക്കിംഗ് സ്റ്റാര്‍ യാഷിനെയും ഒരുമിച്ച് കൊണ്ടുവരുന്നു. തങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച സിനിമയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വ്യക്തത, ക്ഷമ, അഭിനിവേശം എന്നിവയോടെ, ഇരുവരും സിനിമ രൂപപ്പെടുത്തുന്നതിനും അതിനായി ഒരു മികച്ച ടീമിനെ ഒരുക്കുന്നതിനും സമയം കണ്ടെത്തി. ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്‌സ് എന്ന തലക്കെട്ട് വെളിപ്പെടുത്തുന്ന വീഡിയോ, പ്രേക്ഷകരെ ലഹരിപിടിപ്പിക്കുമെന്ന വാഗ്ദാനവും റിലീസ് തീയതിയും നല്‍കി പ്രേക്ഷകര്‍ക്ക് ഒരു വലിയ സര്‍പ്രൈസ് നല്‍കുന്നു. ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ ടോക്സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്സ്, കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും.
◾മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ടീസര്‍ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് ഭേദിച്ചു ഒന്നാമനായി ചരിത്രം തിരുത്തിക്കുറിച്ചു. വാലിബന്റെ വരവറിയിച്ച ചിത്രത്തിന്റെ ടീസറിനു 24മണിക്കൂറില്‍ 9.7മില്യണ്‍ കാഴ്ചക്കാരാണ് ലഭിച്ചത്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പത്തു മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമന്‍ ആണ്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ തകര്‍ത്തെറിഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും നല്‍കുന്ന സൂചന. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.
◾ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ 2025 മാര്‍ച്ചില്‍ പുറത്തിറക്കും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്യുവിയും ഇന്ത്യയിലെത്തും. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്. ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ വിപണികളിലേക്കും വേണ്ട ഇവിഎക്സ് ഇവിടെ നിര്‍മിക്കും. 2024-2025 സാമ്പത്തിക വര്‍ഷം ഇവിഎക്സ് പുറത്തിറക്കുമെന്നാണ് മാരുതി പറയുന്നത്. ഹന്‍സാല്‍പൂറിലെ എസ്എംജി കാര്‍ നിര്‍മാണ ഫാക്ടറിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നും നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഇവിയുടെ നിര്‍മാണത്തിനു വേണ്ടി പുതിയൊരു നിര്‍മാണ സംവിധാനം കൂടി ആരംഭിക്കും. അഹമ്മദാബാദില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഹന്‍സാല്‍പൂറിലെ സുസുക്കി മോട്ടോര്‍ ഗുജറാത്തിലാണ് ഇവിഎക്സും ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്യുവിയും നിര്‍മിക്കുക. ടൊയോട്ടയുടെ 27പിഎല്‍ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് അര്‍ബന്‍ എസ്യുവിയും ഇവിഎക്സും നിര്‍മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇ.വികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും. അടുത്ത വര്‍ഷം ഒക്ടോബറില്‍ മാരുതി സുസുക്കി ഇവിഎക്സ് അവതരിപ്പിക്കുമെന്നും 2025തുടക്കത്തില്‍ വിലവിവരം പുറത്തുവിടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
◾സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നില്‍ കണ്ട് ജീവിതം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അകക്കണ്ണ് തുറപ്പിക്കുന്ന കഥകള്‍. ‘കറുത്തു വെളുത്ത കുട്ടി’. സി. രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 102 രൂപ.
◾പതിമൂന്ന് വയസ്സിന് മുന്‍പ് പെണ്‍കുട്ടികളില്‍ ആര്‍ത്തവ ചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും സ്ട്രോക്ക് വരാനുമുള്ള സാധ്യതയും ഇരട്ടിയാക്കുമെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ന്യുട്രിഷന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജീവിതശൈലിയിലെ മാറ്റം കുട്ടികളില്‍ വളരെ ചെറുപ്പത്തിലെ ആര്‍ത്തവ ചക്രം ആരംഭിക്കാന്‍ കാരണമാകുന്നുണ്ട്. അമിത ശരീരഭാരം അതിനൊരു ഘടകമാണ്. ഇവരില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രമേഹ രോഗവും 65 വയസിനു മുന്‍പ് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്. 20 വയസ്സിനും 65 വയസ്സിനുമിടയില്‍ പ്രായമായ 17,000 സ്ത്രീകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. എന്നാല്‍ പഠനത്തിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് യുഎസ്സിലെ ടുലെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെയും ബ്രിഗാം ആന്റ് വിമാന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ ആദ്യ ആര്‍ത്തവ ചക്രം വരുന്നത് സ്ത്രീകളില്‍ സംഭവിക്കാവുന്ന കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നാണെന്നാണ് പഠനത്തില്‍ ചൂണ്ടികാണിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 10 ശതമാനം (1773 പേര്‍) സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹമുള്ളതായി കണ്ടെത്തി. ഇതില്‍ 11.5 ശതാനം സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായി പല അസുഖങ്ങള്‍ ഉള്ളതായി ഗവേഷകര്‍ അറിയിച്ചു. 10 വയസിനും അതിന് താഴെ പ്രായമായ പെണ്‍കുട്ടികളില്‍ ആവര്‍ത്തവചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 വിന്റെ സാധ്യത 32 ശതമാനം വര്‍ധിപ്പിക്കും. 11-ാം വയസില്‍ അത് 14 ശതമാനം മുതല്‍ 29 ശതമാനം വരെയെന്നാണ് പഠനത്തില്‍ പറയുന്നത്. 10 വയസ്സ് തികയുന്നതിന് മുന്‍പ് ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ പ്രമേഹമുള്ളവരില്‍ 65 വയസ്സിന് താഴെ സ്‌ട്രോക്ക് വരാനുള്ള സാധ്യത 81 ശതമാനമാണെന്ന് ഗവേഷകര്‍ പറയുന്നു. കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത നിര്‍ണയിക്കുന്ന മറ്റൊരു ഘടകം കൂടി ഈ പഠനത്തിലൂടെ മുന്നോട്ടുവെക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ ആര്‍ത്തവം ആരംഭിക്കുന്ന സ്ത്രീകളില്‍ കാര്‍ഡിയോമെറ്റബോളിക് ഹൃദ്രോഗം തടയുന്നതിന് ഇടപെടല്‍ നടത്തുന്നതിന് പുതിയ പഠനങ്ങള്‍ നടത്തണമെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.39, പൗണ്ട് – 104.78, യൂറോ – 89.88, സ്വിസ് ഫ്രാങ്ക് – 95.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.10, ബഹറിന്‍ ദിനാര്‍ – 221.19, കുവൈത്ത് ദിനാര്‍ -270.52, ഒമാനി റിയാല്‍ – 216.58, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.37.