◾കൊല്ലം ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും അറസ്റ്റിലായി. മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം.ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചു ലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള യുട്യൂബ് ഇന്‍ഫ്ളുവന്‍സറാണ് അനുപമ. പത്മകുമാര്‍ ലോണ്‍ ആപ്പില്‍നിന്നും ക്രഡിറ്റ് കാര്‍ഡ് വഴിയും വായ്പയെടുത്തിരുന്നു. ബാധ്യതകള്‍ തീര്‍ക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 1993 ല്‍ ടി കെ എം എന്‍ജിനിയറിംഗ് കോളജില്‍ പഠിച്ചയാളാണ് പത്മകുമാര്‍.
◾ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നര മാസത്തെ അന്വേഷണത്തിനും ശേഷമാണു പത്മകുമാറും കുടുംബവും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി അജിത്കുമാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം നടത്തിയ കുറ്റകൃത്യമാണിത്. മൂന്നു പ്രതികളെയും തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടി അബിഗേലും സഹോദരന്‍ ജോനാഥനും തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാത്ത പ്രതിരോധമുണ്ടാക്കിയ ജോനാഥനാണ് യഥാര്‍ത്ഥ ഹീറോ. ആശ്രാമം മൈതാനത്ത് അബിഗേലിനെ ഓട്ടോയില്‍ എത്തിച്ചത് അനിതാകുമാരിയാണ്. പത്മകുമാര്‍ മറ്റൊരു ഓട്ടോയില്‍ പിറകേ വന്നിരുന്നു.
◾കാര്‍ട്ടൂണ്‍ കാണിച്ചെന്ന കുഞ്ഞിന്റെ മൊഴിയാണ് പോലീസിനു പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. യുട്യൂബിലൂടെ ടോം ആന്‍ഡ് ജെറി കണ്ട ഐപി അഡ്രസുകള്‍ പോലീസ് ഇന്റര്‍നെറ്റ് ഗേറ്റ് വേയില്‍നിന്നു ശേഖരിച്ചു. കുഞ്ഞു മോചിതയായി ആദ്യ ദിവസംതന്നെ പോലീസിനു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത് ഇങ്ങനെയാണ്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍, തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളില്‍ ഈ ഓഫറുകളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ആറു വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാര്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന് ഭീഷണിക്കത്തു കൈമാറാന്‍ ശ്രമിച്ചെങ്കിലും സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. പണം തന്നാല്‍ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു ഭീഷണിക്കത്തില്‍ എഴുതിയിരുന്നത്. കുട്ടിയെ താമസിപ്പിച്ച വീട്ടിലെത്തി ടിവി ഓണ്‍ ചെയ്തപ്പോള്‍ നാടു മുഴുവന്‍ തങ്ങള്‍ക്കു പിറകേയാണെന്നു മനസിലാക്കി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചു കടന്നത്.
◾ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പത്മകുമാറിന്റെ മകള്‍ അനുപമ യൂട്യൂബില്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്തിരുന്നത്. ഇംഗ്ളീഷിലാണു വിവരണം.
◾കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ് ആത്മാര്‍ത്ഥമായും അര്‍പ്പണ മനോഭാവത്തോടെയും പോലീസ് അന്വേഷിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു യഥാര്‍ഥ പ്രതികളെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന തരത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണു ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾
◾കേരളത്തിനു കേന്ദ്രം നല്‍കേണ്ട ജിഎസ്ടി വിഹിതത്തില്‍നിന്ന് 332 കോടി രൂപ വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നവംബര്‍ അവസാനം ലഭിക്കേണ്ട തുകയാണ് പിടിച്ചുവച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇതു കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾നവകേരള സദസിന് ഫണ്ട് നല്‍കുന്നതിന് നഗരസഭ സെക്രട്ടറിമാര്‍ക്കു നല്‍കിയിരുന്ന അനുമതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ നടപടി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്. നഗരസഭകള്‍ക്ക് കൗണ്‍സില്‍ ചേര്‍ന്ന് പാസാക്കി പണം നല്‍കാമെന്നു രാജേഷ് പറഞ്ഞു.
◾പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് എത്തിയത്. ഗോപിനാഥിനെ വീട്ടില്‍പോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.
◾നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ പങ്കെടുത്തു. പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നു സുബൈദ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം.
◾സിപിഎം നേതാക്കളായ എ.എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. ശിക്ഷ ഇന്നുതന്നെ വിധിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്തെന്നും വാഹനങ്ങള്‍ നശിപ്പിച്ചെന്നും കോടതി കണ്ടെത്തി. 2010 ല്‍ മ്യൂസിയം പൊലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
◾പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി വിഷയത്തില്‍ താന്‍ പ്രതികരിക്കുമെന്ന് മാധ്യമങ്ങള്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിനോടു ചില മാധ്യമപ്രവര്‍ത്തകര്‍ക്കു വിരോധമുണ്ട്. ‘നിങ്ങള്‍ അതുംകൊണ്ട് നടന്നോ ഞാന്‍ മറുപടി പറയുമെന്ന് കരുതേണ്ടെന്നു’മായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
◾മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു പ്രതിയായ ബലാത്സംഗ കേസ് അന്വേഷിക്കാന്‍ ആറംഗ പ്രത്യേക സംഘം. പുത്തന്‍കുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നല്‍കും.
◾നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം മമ്മുണ്ണിയെ സസ്‌പെന്‍ഡു ചെയ്തു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറാണു സസ്‌പെന്‍ഡു ചെയ്തത്.
◾ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന അഞ്ചു കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് പിടികൂടിയത്.
◾സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കു വ്യാജരേഖയുണ്ടാക്കി സര്‍വീസ് നടത്തിയ രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാവശ്ശേരിയില്‍, വടവന്നൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് പിടിയിലായത്. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ട സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചാണ് സര്‍വീസ് നടത്തിയത്. 6,250 രൂപ പിഴ ഈടാക്കി.
◾ചെന്നൈയില്‍ കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തതിനു പിറകേ, എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് സമന്‍സ് അയക്കും.
◾ഗുജറാത്തിലെ സൂറത്തില്‍ ലഹരിക്കായി ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറു പേര്‍ മരിച്ചു. പൊലീസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. പരിശോധനയില്‍ 2195 കുപ്പി ചുമമരുന്ന് പിടിച്ചെടുത്തു.
◾കാമുകനുമൊത്തു ജീവിക്കാന്‍ ഭര്‍ത്താവിന്റെ 45 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ അധ്യാപകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ രാജേഷ് ഗൗതം എന്ന നാല്‍പതുകാരനാണു കൊല്ലപ്പെട്ടത്. ഭാര്യ ഊര്‍മിള കുമാരി (32), കാമുകന്‍ ശൈലേന്ദ്ര സോങ്കര്‍ (34) എന്നിവര്‍ പിടിയിലായി. നടക്കുന്നതിനിടെ കാറിടിച്ചാണ് രാജേഷ് ഗൗതം മരിച്ചത്.
◾മോശം കാലാവസ്ഥമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞും പുകയുംമൂലം കാഴ്ച മങ്ങിയതാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണം. വിമാനങ്ങള്‍ ജയ്പൂര്‍, ലക്നോ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലാണ് ഇറങ്ങിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് മെലോണി മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ‘നല്ല സുഹൃത്തുക്കള്‍’ എന്ന കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. മോദിക്കൊപ്പമുള്ള മെലോണിയുടെ ദൃശ്യങ്ങള്‍ നേരത്തേയും വൈറലായിരുന്നു.
◾ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി രമേശ്ബാബുവും ഇനി ഗ്രാന്‍ഡ് മാസ്റ്റര്‍. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം വൈശാലി സ്വന്തമാക്കിയിരിക്കുന്നത്.
◾ഈ വര്‍ഷത്തെ ഐ.പി.എല്‍. താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1166 പേര്‍. ഇതില്‍ 830 ഇന്ത്യക്കാരും 336 വിദേശതാരങ്ങളുമാണുള്ളത്. ഡിസംബര്‍ 19-ന് ദുബായിലാണ് മിനിലേലം. 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുക 77 താരങ്ങളെയാണ്. ഇതില്‍ 30 പേര്‍ വിദേശികളും. ഫ്രാഞ്ചൈസികള്‍ക്കെല്ലാം കൂടി ചിലവാക്കാന്‍ സാധിക്കുന്ന തുക 262.95 കോടി രൂപയാണ്.
◾നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം താന്‍ അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. എന്നാല്‍ ഇപ്പോള്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്നും പിന്നീട് താന്‍ ലോകകപ്പിന് ഉണ്ടാകുമോ ഇല്ലയോ എന്ന് സമയം പറയുമെന്നും മെസി കൂട്ടിച്ചേര്‍ത്തു.
◾രാജ്യാന്തര വിലയ്‌ക്കൊപ്പം ഉയര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്, വില 46,760 രൂപ. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,845 രൂപയായി. ആദ്യമായാണ് പവന് 46,700 രൂപ കടക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4,850 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ഇന്നലെ 2,075 ഡോളര്‍ വരെ ഉയര്‍ന്ന സ്‌പോട്ട് സ്വര്‍ണം 2,036 ഡോളര്‍ വരെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ 35 ഡോളറിന്റെ വര്‍ധനയോടെ 2,072 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് പവന്‍ വില സര്‍വകാല റെക്കോഡിലെത്തിയപ്പോള്‍ ആഭരണം വാങ്ങാനുള്ള തുകയും കുതിച്ചുയര്‍ന്നു. പവന്‍ വിലയായ 46,760 രൂപയ്‌ക്കൊപ്പം 5% പണിക്കൂലിയിലുള്ള ആഭരണങ്ങള്‍ക്ക് 2330 രൂപയും ജി.എസ്.ടി 1,473 രൂപയും ഹോള്‍ മാര്‍ക്കിംഗ് എച്ച്.യു.ഐ.ഡി ചാര്‍ജ് എന്നിവയായി 53.10 രൂപയും ചേര്‍ത്ത് 50,624 രൂപയോ അതിലധികമോ വേണ്ടി വരും. വെള്ളി വിലയിലും വര്‍ധനയുണ്ടായി, സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 83 രൂപയായി. ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളിക്ക് ഗ്രാമിന് 103 രൂപ.
◾മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. 115.50.0ന് മുമ്പുള്ള ഫയര്‍ഫോക്സ് ഇഎസ്ആര്‍ വേര്‍ഷനുകള്‍, 120ന് മുമ്പുള്ള ഫയര്‍ഫോക്സ് ഐഒഎസ് വേര്‍ഷനുകള്‍, 115.5ന് മുമ്പുള്ള മോസില്ല തണ്ടര്‍ബേര്‍ഡ് വേര്‍ഷന്‍ എന്നീ പതിപ്പുകളിലാണ് പ്രശ്‌നങ്ങളുള്ളത്. മുന്നറിയിപ്പിന് പിന്നാലെ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗവും സിഇആര്‍ടി-ഇന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഫയര്‍ഫോക്സ് അപ്ഡേറ്റ് ചെയ്യുകയാണ് പ്രധാനമായും വേണ്ടത്. ഫയര്‍ഫോക്സ് ആപ്പില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഏജന്‍സി ആവശ്യപ്പെട്ടു. ആന്‍ഡ്രോയ്ഡ് 11, 12,12ഘ, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷാപ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. സിഇആര്‍ടി-ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഞ്ചോളം ആന്‍ഡ്രോയ്ഡ് ഒ.എസ് പതിപ്പുകള്‍ ഉണ്ട്. അതിനാല്‍ നിരവധി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളെ സുരക്ഷാ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ കുറ്റവാളികള്‍ക്ക് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രണം ഏറ്റെടുക്കാനാകും. ഇതിനു പിന്നാലെ സ്മാര്‍ട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും പോലും തട്ടിയെടുക്കാനാകുമെന്നും സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘രാസ്ത’ ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന രാസ്ത തിയേറ്റര്‍ എക്സ്പീരിയന്‍സ് ഉറപ്പു നല്‍കുന്ന ചിത്രമാണ്. അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്.
◾മാര്‍ക്ക് ആന്റണിയുടെ വമ്പന്‍ വിജയത്തിനു ശേഷം വിശാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ എത്തി. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രത്നം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോട്ട് ആണ് പ്രമൊ വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്. ഹരി സിനിമയുടെ എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്ന് വിഡിയോയിലൂടെ വ്യക്തമാണ്. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം എം. സുകുമാര്‍. സ്റ്റണ്ട് കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി. സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങള്‍ക്കു േശഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
◾ജിംനിക്ക് തണ്ടര്‍ എഡിഷന്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 10.74 ലക്ഷം രൂപ മുതല്‍ 14.05 ലക്ഷം രൂപവരെയാണ് തണ്ടര്‍ എഡിഷന്‍ പാക്കേജ് മോഡലിന്റെ എക്സ്ഷോറൂം വില. നിലവിലെ മോഡലുകളിലെല്ലാം തണ്ടര്‍പാക്കേജ് എഡിഷന്‍ ലഭ്യമാകും. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിന് 2 ലക്ഷം രൂപ വരെ വിലക്കുറവാണ്. ജിംനിയുടെ സീറ്റ പ്രോ മാനുവല്‍ മോഡലിന് 12.74 ലക്ഷം രൂപ മുതലാണ് വില. ഈ വര്‍ഷം ആദ്യം ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച 5 ഡോര്‍ ജിമ്നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണിലാണ്. കെ 15 ബി പെട്രോള്‍ എന്‍ജിനാണ് ജിമ്നിയില്‍. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. ജിമ്നിയുടെ മാനുവല്‍ ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓള്‍ഗ്രിപ്പ് പ്രോയാണ് ജിംനിയില്‍. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.
◾രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തില്‍ ആറ് ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചിടത്തോളം സവിശേഷപ്രാധാന്യമുള്ള ചില പ്രമേയങ്ങളെ സൂക്ഷ്മമായി പിന്‍തുടര്‍ന്നുചെന്നു നോക്കാനുള്ള ശ്രമങ്ങളാണ് അവയിലുള്ളത്. തര്‍ക്കവും സംവാദവും, കലയിലെ രാഷ്ട്രീയശരികള്‍, സംസ്‌കാരത്തിന്റെ പ്രക്രിയാപരത, സാഹിത്യത്തിന്റെ നൈതികമാനങ്ങള്‍, വിമര്‍ശനാത്മക ആത്മീയത, അറിവിന്റെ പ്രക്രിയാപരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് അവ ചര്‍ച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തും ആറു ലേഖനങ്ങളാണുള്ളത്. ഗാന്ധിയുടെ മത-രാഷ്ട്ര ദര്‍ശനം, ഗുരുവിന്റെ ദൈവഭാവന, അംബേദ്കറുടെ ഭരണഘടനാദര്‍ശനം, കുറ്റിപ്പുഴയുടെ യുക്തിദര്‍ശനം, സ്‌കറിയാ സക്കറിയയുടെ ജ്ഞാനദര്‍ശനം, പ്രദീപന്‍ പാമ്പിരികുന്നിന്റെ വൈജ്ഞാനിക ജീവിതം എന്നിവയെക്കുറിച്ചുള്ള ആലോചനകളാണ് അവയുടെ ഉള്ളടക്കം. സാഹോദര്യം, മൈത്രി എന്നീ ആശയങ്ങളെ നമ്മുടെ സാമൂഹ്യ-ചരിത്ര-വിചാരജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്താനുള്ള ശ്രമങ്ങളാണ് ഈ ലേഖനങ്ങളിലുള്ളത്. ‘മൈത്രിയുടെ ലോകജീവിതം’. സുനില്‍ പി ഇളയിടം. ഡിസി ബുക്സ്. വില 315 രൂപ.
◾വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രോഗം ബാധിച്ചവരുടെ എക്സ്റേയില്‍ കാണുന്ന വെളുത്ത ഭാഗങ്ങളുടെ ചുവട് പിടിച്ചാണ് ഇങ്ങനെയൊരു പേര് രോഗത്തിന് ലഭിക്കുന്നത്. കൊവിഡ് കേസിലെന്ന പോലെ ചൈന തന്നെയാണ് ഈ ന്യുമോണിയയുടെയും പ്രഭവകേന്ദ്രം. എന്നാലിപ്പോള്‍ ഇത് പല രാജ്യങ്ങളിലേക്കും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അധികവും കുട്ടികളെയാണ് ഇത് ബാധിക്കുന്നത് മൂന്ന് മുതല്‍ എട്ട് വയസ് വരെയുള്ള കുട്ടികളിലാണ് റിസ്‌ക് കൂടുതലുള്ളത്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമായി വരുന്ന ‘മൈക്കോപ്ലാസ്മ ന്യുമോണിയെ’ എന്ന ബാക്ടീരിയയുടെ പുതിയൊരു വകഭേദമാണ് ‘വൈറ്റ് ലങ് സിന്‍ഡ്രോ’ത്തിന് കാരണമാകുന്നതത്രേ. ‘അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം’, ‘പള്‍മണറി ആല്‍വിയോളാര്‍ മൈക്രോലിഥിയാസിസ്’, ‘സിലിക്കോസിസ്’ എന്നിങ്ങനെയുള്ള ശ്വാസകോശ അണുബാധകളെല്ലാം ‘വൈറ്റ് ലങ് സിന്‍ഡ്രോ’ത്തിനകത്ത് ഉള്‍പ്പെടുത്താമെന്നും വിദഗ്ധര്‍ പറയുന്നു. എന്തുകൊണ്ടാണ് ‘വൈറ്റ് ലങ് സിന്‍ഡ്രോം’ പിടിപെടുന്നത് എന്നതിന് കൃത്യമായൊരു കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം ബാക്ടീരിയകള്‍- വൈറസുകള്‍- പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയുടെയെല്ലാം ഒരു ‘കോമ്പിനേഷന്‍’ ആണ് രോഗത്തിലേക്ക് നയിക്കുന്നതെന്ന് പറയപ്പെടുന്നു. ഇക്കൂട്ടത്തില്‍ കൊവിഡ് 19ഉം ഉള്‍പ്പെടുന്നു. അതായത് കൊവിഡ് 19 മഹാമാരിയുടെ ഒരു പരിണിതഫലമായാണ് വൈറ്റ് ലങ് സിന്‍ഡ്രോം വ്യാപകമായത് എന്ന അനുമാനവും ഉണ്ട്. ശ്വാസതടസം, ചുമ, നെഞ്ചുവേദന, പനി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ വൈറ്റ് ലങ് സിന്‍ഡ്രോത്തില്‍ കാണുക. ചിലരില്‍ രോഗതീവ്രതയ്ക്കും രോഗത്തിന്റെ വരവിലുള്ള സവിശേഷതയ്ക്കും അനുസരിച്ച് ലക്ഷണങ്ങളില്‍ ചില മാറ്റങ്ങള്‍ കാണാമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.22, പൗണ്ട് – 105.68, യൂറോ – 90.65, സ്വിസ് ഫ്രാങ്ക് – 95.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 219.86, കുവൈത്ത് ദിനാര്‍ -269.34, ഒമാനി റിയാല്‍ – 215.21, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 61.65.