s10 yt cover

നാടകീയ നീക്കങ്ങളുമായി ഗവര്‍ണര്‍. പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നു. 40 മിനിറ്റോളം വഴിയില്‍ കണ്ടവരോടു സംസാരിക്കുകയും കടയില്‍ കയറി ഹല്‍വ കഴിക്കുകയും കുട്ടികളെ ചേര്‍ത്തു നിര്‍ത്തുകയും ഫോട്ടോയ്ക്കു പോസു ചെയ്യുകയും ചെയ്തു. കാലിക്കട്ട് സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇഎംഎസ് പഠനകേന്ദ്രവും സന്ദര്‍ശിച്ചു. അവിടെ ജീവനക്കാരോട് ഒരു നിമിഷം സംസാരിച്ചശേഷമാണു കോഴിക്കോട് നഗരത്തിലേക്കു തിരിച്ചത്. സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ട്. കേരള പോലീസ് മികച്ച സേനയാണെന്നും എസ്എഫ്ഐക്കാരെക്കൊണ്ട് അക്രമങ്ങള്‍ ചെയ്യിക്കുന്നതു മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഉച്ചയ്ക്കു ഗസ്റ്റ് ഹൗസിലെത്തി ഗവര്‍ണര്‍ വിശ്രമിച്ചു.

എസ്എഫ്ഐയുടെ ഭീഷണിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു.

സര്‍വ്വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ നിയമനം വൈകുന്നതിനെതിരേ ഹൈക്കോടതി. കെടിയു, ഫിഷറീസ് സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവയടക്കം അഞ്ച് സര്‍വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ഗവര്‍ണര്‍ അല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാരിനാണ് അധികാരമെങ്കില്‍ ഇവിടങ്ങളില്‍ എന്തുകൊണ്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ യുജിസി, സര്‍വ്വകലാശാല വിസിമാര്‍, ഗവര്‍ണര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. യൂണിവേസിറ്റി കോളേജ് മുന്‍ പ്രൊഫസറും സാമ്പത്തിക വിദഗ്ധയുമായ മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജി ജനുവരി 11 ലേക്കു മാറ്റി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മാസപ്പടി കേസില്‍ കോര്‍പ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ സിഎംആര്‍എല്‍ കമ്പനിയ്ക്ക് കോടതി പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയച്ചു. മറ്റ് എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ പാക്കിസ്ഥാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയേറ്റ് കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ്. മരിച്ചെന്നും അഭ്യൂഹമുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ക്യാമ്പസുകളിലെല്ലാം ഗവര്‍ണര്‍ക്കെതിരേ ബാനറുകള്‍ ഉയര്‍ത്തി. ഇതു കേരളമാണ് എന്ന് ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുന്ന വാചകങ്ങളാണ് ബാനറുകളില്‍.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ക്രിസ്മസിനു മുമ്പു വിതരണം ചെയ്യും. ഈ മാസം അടക്കം അഞ്ചു മാസത്തെ കുടിശികയുള്ളപ്പോഴാണ് ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നത്. ഇതിനായി 2000 കോടിയുടെ വായ്പയെടുക്കും. ഓഗസ്റ്റ് മാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സംസ്ഥാനത്ത് ഇന്നലെ 111 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. രാജ്യത്തെ 1828 കോവിഡ് രോഗികളില്‍ 1634 പേര്‍ കേരളത്തിലാണ്.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് സൗജന്യ വൈഫൈ ലഭ്യമാക്കും. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് ഒരാള്‍ക്ക് പരമാവധി അരമണിക്കൂറാണ് സൗജന്യ വൈഫൈ ലഭിക്കുകയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോള്‍ എസ്എഫ്ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം കൊട്ടാരക്കരയില്‍ നവ കേരള സദസിന് എത്തിയ മാധ്യമപ്രവര്‍ത്തകരോടു മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്തു വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അവൈലബിള്‍ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിച്ച എ.കെ ബാലന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരേ സമരം നയിക്കുന്ന എസ്എഫ്ഐയെ പ്രശംസിക്കുകയും ചെയ്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തനം. ഇരിക്കുന്ന പദവിയുടെ വലുപ്പം മനസിലാക്കാതെ വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നിരന്തരമായ രാഷ്ട്രീയ ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായി തെരുവില്‍ ഇറങ്ങി നടന്നത് ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ആരു മറുപടി പറയുമെന്നു ബാലന്‍ ചോദിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ ഡോ. ഷഹീന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ ഇസ്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെ മകള്‍ ഫാത്തിമ ഫഹ്‌മിദയാണ് വധു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രിട്ടീഷ് സേനയുടെ പിടിയിലായ തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ള പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇന്ത്യക്കാരെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്.

നവകേരള സദസിന് കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. കൊല്ലം ബീച്ചില്‍ 30 അടി വിസ്തീര്‍ണത്തില്‍ രണ്ടു ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കലാരൂപം സൃഷ്ടിച്ചത്.

മുഖ്യമന്ത്രിയേയും പോലീസിനേയും പരിഹസിച്ച് കൊല്ലം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവന്‍ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ തന്റെ കറുപ്പുനിറം കണ്ട് മുഖ്യമന്ത്രിയും പോലീസും വിഷമിക്കാതിരിക്കാനാണ് ഇതു ചെയ്തതെന്ന് രഞ്ജിത്ത് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പരബ്രഹ്‌മ ക്ഷേത്രത്തില്‍ 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്.

അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമോദനം. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ബിസിനസില്‍ തന്നെ വഞ്ചിച്ച് 27 കോടി രൂപയുടെ ബാധ്യതയുണ്ടാക്കി മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ എരമകവീട്ടില്‍ പുതിയകത്ത് ഷമീല്‍ (53) എന്നയാള്‍ മുങ്ങിയെന്ന് സൗദി വ്യവസായി. വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ സ്വദേശിയായ ഇബ്രാഹീം മുഹമ്മദ് മുഹൈസ അല്‍ഉതൈബിയാണ് ആരോപണം ഉന്നയിച്ചത്.

ആറന്മുള ഉതൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും. പള്ളിയോടത്തിന്റെ ഗ്രാന്റും റദ്ദാക്കും. അടുത്തവര്‍ഷം ജലമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പള്ളിയോടത്തെ വിലക്കും. . മത്സര വള്ളംകളിയില്‍ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി. വള്ളംകളിക്കു തടസമുണ്ടാക്കിയ ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍ ,മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടിയെടുക്കും.

പൊതുമേഖല കാലിത്തീറ്റ കമ്പനിയായ കേരള ഫീഡ്സിന്റെ തിരുവങ്ങൂരിലെ പ്ലാന്റില്‍ ഉല്‍പാദിപ്പിച്ച അന്‍പത് ടണ്ണിലേറെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്ത കാലിത്തീറ്റ നിലവാരമില്ലാത്തതിനാല്‍ കമ്പനിയിലേക്കു തിരിച്ചയച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷായാണ് പിടിയിലായത്.

റദ്ദാക്കിയ ടിക്കറ്റുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ കയറിയ ആള്‍ പിടിയിലായി. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഫൈസല്‍ ബിന്‍ മുഹമ്മദാണ് പിടിയിലായത്.

തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ്. നാലു തെക്കന്‍ ജില്ലകളിലും ബാങ്കുകള്‍ക്കടക്കം പൊതുഅവധിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണവുമായി കോണ്‍ഗ്രസ്. ക്രൗഡ് ഫണ്ടിംഗ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 1.38 ലക്ഷം രൂപ സംഭാവന നല്‍കി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാര്‍ട്ടിയുടെ 138 വര്‍ഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക.

81 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പ്രതികള്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിവരങ്ങളും പ്രതികള്‍ ചോര്‍ത്തിയിട്ടുണ്ട്.

പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്നോ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്.

ഇന്ത്യക്കാര്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഭക്ഷണമായി ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ബിരിയാണി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. സ്വിഗ്ഗിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും അധികം ഓര്‍ഡറുകള്‍ സ്വിഗ്ഗിയിലേക്ക് എത്തിയത്. ബിരിയാണി പ്രേമികളുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ നഗരം ഹൈദരാബാദാണ്. ഹൈദരാബാദില്‍ മാത്രം ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. സ്വിഗ്ഗിയില്‍ ലഭിക്കുന്ന 6 ഓര്‍ഡറുകളില്‍ ഒന്ന് ഹൈദരാബാദില്‍ നിന്നാണ്. ബിരിയാണി കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം പിസ്സയാണ്. നവംബര്‍ 19ന് നടന്ന ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ 188 പിസ്സ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ മിനിറ്റിലും ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ദുര്‍ഗാ പൂജ സമയത്ത് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത് ഗുലാബ് ജാമൂനിനും, നവരാത്രി സമയത്ത് മസാല ദോശയ്ക്കുമായിരുന്നു. ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് മുംബൈ സ്വദേശിയാണ്. ഈ വര്‍ഷം ഇതുവരെ 42.3 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

ക്രോം ബ്രൗസറുകളില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗൂഗിള്‍. 2024 ജനുവരി 4 മുതലാണ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റര്‍നെറ്റില്‍ വിവിധ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനും, ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പെരുമാറ്റം പിന്തുടരാനും, താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമെല്ലാം കുക്കീസ് ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഉപഭോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍ അല്ലാത്ത, മറ്റു വെബ്സൈറ്റുകള്‍ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാര്‍ട്ടി കുക്കീസ് എന്ന് പറയുന്നത്. ഈ കുക്കീസുകളാണ് അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യുക. കുക്കീസിന് പകരം, ഒട്ടനവധി സുരക്ഷയുള്ള പുതിയ ട്രാക്കിംഗ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഇതിനായി ട്രാക്കിംഗ് പ്രൊട്ടക്ഷന്‍ എന്ന ഫീച്ചറിനാണ് രൂപം നല്‍കുക. ഈ ഫീച്ചര്‍ വിന്‍ഡോസ്, ലിനക്സ്, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ജനുവരി 4 മുതല്‍ ലഭിക്കുന്നതാണ്.

രഞ്ജിത്ത് സജീവ്, നേഹ നസ്നീന്‍ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖല്‍ബ്’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബിന്റെ മധുര ശബ്ദത്തില്‍ എത്തിയ ഗാനം സുഖകരമായ ഒരു അനുഭൂതിയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പ്രകാശ് അലക്സ് സംഗീതം പകര്‍ന്ന ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈല്‍ കോയയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഫ്രാഗ്നന്റെ നാച്വര്‍ ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ഖല്‍ബ്’ല്‍ സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേര്‍സായ കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ, സച്ചിന്‍ ശ്യാം, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഖല്‍ബ് ജനുവരിയില്‍ തീയറ്ററുകളിലെത്തും. സാജിദ് യഹ്യയും സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.

ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത കോമഡി- എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ‘ഫാലിമി’. ബേസില്‍ ജോസെഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഫാലിമിക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുയകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രമെത്തുന്നത്. നാളെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം തന്നെ ജഗദീഷിന്റെയും മഞ്ജു പിള്ളയുടെയും പ്രകടനവും ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു. നിതീഷ് സഹദേവും, സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബബ്ലു അജു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. ജാനേ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും, അമല്‍ പോള്‍സണും ചേര്‍ന്നാണ് ഫാലിമി നിര്‍മ്മിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരം തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ഇന്ന് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. സിമ്പിള്‍ ഡോട്ട് വണ്ണില്‍, കമ്പനി 3.7 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. മൊത്തം നാല് നിറങ്ങളില്‍ ലഭ്യമാണ്. ഡോട്ട് വണ്‍ 750വാട്ട് ചാര്‍ജറുമായി വരുന്നു. ഈ സ്‌കൂട്ടറില്‍ കമ്പനി 72 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള ഈ സ്‌കൂട്ടറിന് പ്രത്യേകം രൂപകല്പന ചെയ്ത ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറും 2.77 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു സവിശേഷത എന്ന നിലയില്‍, ഈ സ്‌കൂട്ടറിന് 35 ലിറ്റര്‍ സീറ്റിനടിയില്‍ സ്റ്റോറേജ് നല്‍കിയിട്ടുണ്ട്, അതില്‍ നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാം. ഇതുകൂടാതെ, ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് സവിശേഷതകളും പ്രവര്‍ത്തിപ്പിക്കുന്നതിന് ആപ്പ് കണക്റ്റിവിറ്റി സൗകര്യവും നല്‍കിയിട്ടുണ്ട്. 99,999 രൂപ പ്രാരംഭ വിലയിലാണ് കമ്പനി ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അറുപതുകളും എഴുപതുകളും ഇന്ത്യന്‍ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തില്‍ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. സര്‍റിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങള്‍ സര്‍റിയലിസത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകള്‍ക്ക് അനഭിലഷണീയമായൊരു ‘യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തില്‍ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാര്‍ക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആര്‍. എന്ന കഥാകൃത്തിന്റെ മേന്മ. ‘അഭിനവകഥകള്‍ – ടി.ആര്‍’. ഡിസി ബുക്സ്. വില 315 രൂപ.

വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫ്രണ്‍ഡിയേഴ്സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വിഷാദരോഗികള്‍ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്‌ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി. രോഗികളിലെ ഭയം മാറുന്നതായും ജീവിതത്തില്‍ ഉത്സാഹം വര്‍ദ്ധിച്ച് സാമൂഹികമായി ഇടപെടുന്നതായും പഠനം കണ്ടെത്തി. ഡോ. കരീന്‍ റോസന്‍ക്രാന്‍സ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.03, പൗണ്ട് – 105.39, യൂറോ – 90.67, സ്വിസ് ഫ്രാങ്ക് – 95.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.80, ബഹറിന്‍ ദിനാര്‍ – 220.29, കുവൈത്ത് ദിനാര്‍ -269.98, ഒമാനി റിയാല്‍ – 215.69, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 62.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *