s8 yt cover

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകോപനമുണ്ടാക്കാന്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. അതിനെതിരേയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പത്തനംതിട്ടയില്‍ നവകേരള സദസിനിടെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഗണ്‍മാന്‍ അനില്‍ നടത്തിയ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

കേരളത്തില്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎന്‍ 1 സ്ഥിരീകരിച്ചു. തിരുവനന്തപുരം കരകുളത്ത് ഒരു മാസം മുമ്പു നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. ഇന്നലെ സംസ്ഥാനത്ത് 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 രോഗികളും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന നിരക്കെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതേസമയം കര്‍ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

നവകേരള സദസിനെതിരേ കരിങ്കൊടി കാണിക്കുന്ന കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. കറുത്ത തുണിയെ പേടിക്കുന്ന മുഖ്യമന്ത്രിയെ അടിക്കാനോ ആക്രമിക്കാനോ ആരും ശ്രമിച്ചിട്ടില്ല. കേരളം വിജയന്റെ ഏകാധിപത്യ രാജ്യമാണോയെന്നും സുധാകരന്‍ ചോദിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കളായ മുന്‍മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു എന്നിവര്‍ക്കു കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ പണം നല്‍കിയെന്ന് കൂട്ടുപ്രതിയായ സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ മൊഴി. സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴി പകര്‍പ്പിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി സിപിഐയില്‍ തര്‍ക്കം. ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതിനെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി പ്രസാദ്. വിവാദങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പ്രസാദ് പറഞ്ഞു.

നവകേരള സദസ് നടക്കുന്ന വേദിക്കു സമീപം കറുത്ത ബലൂണുകള്‍ പറത്തിവിട്ട് യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിനു സമീപത്താണ് കറുത്ത ബലൂണ്‍ പറത്തിയത്.

കായംകുളത്ത് നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച രണ്ടു കാലുകളുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ ബസിനുനേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാര്‍ എടുത്തു മാറ്റിയപ്പോഴാണ് ഓടിയെത്തിയ ഡിവൈഎഫ്ഐക്കാര്‍ പിറകില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് അജിമോന്‍ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് അജിമോന്‍.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍

*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ഗവര്‍ണര്‍ ഗവണ്‍മെന്റിന്റെ സംരക്ഷണത്തിലാണെന്നു മറക്കേണ്ടെന്ന് മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ ഒരുക്കിയ ബെന്‍സ് കാറടക്കം അത്യാധുനിക സൗകര്യങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നതുപോലെ എസ്എഫ്ഐക്കാരോട് ഏറ്റുമുട്ടുന്ന ഗവര്‍ണറുടേത് ഒരു നിലവാരവുമില്ലാത്ത പേക്കൂത്താണെന്ന് മന്ത്രി എം.ബി. രാജേഷ്. ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവര്‍ണറെന്നും അദ്ദേഹം ആരോപിച്ചു.

വണ്ടിപ്പെരിയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച കേസാണിത്. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരന്‍.

വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജും ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോയും നവ കേരള സദസില്‍ പങ്കെടുത്തു. നവകേരള സദസില്‍ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോണ്‍ഗ്രസില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവരും സസ്പെന്‍ഷനിലാണ്.

ശബരിമല സോപാനത്ത് ക്യു സംവിധാനം തുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനു പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തില്‍ 25 ലിറ്റര്‍ ചാരായവുമായി വിതുര കളിയിക്കല്‍ കിഴക്കുംകര റോഡരികത്തു വീട്ടില്‍ ശിവജി(53)യെ നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

പാലക്കാട് ഒരു വീട്ടിലെ നാലുപേര്‍ അബോധാവസ്ഥയില്‍. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള വീട്ടിലെ സന്ധ്യ, ശ്രുതി, സുന്ദരന്‍, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സൗത്ത് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലെ സ്ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. പാക്കിംഗിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

പാര്‍ലമെന്റിലെ പുകയാക്രമണം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴത്തിലുള്ള അന്വേഷണം വേണം. ഗൗരവം ഒട്ടും കുറച്ചു കാണരുതെന്നും സംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.

തന്റെ വാഹനത്തിനുവേണ്ടി മറ്റു വാഹനങ്ങള്‍ തടയരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസിനു നിര്‍ദേശം നല്‍കി. അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവാഹത്തട്ടിപ്പ് നടത്തിയ വിരുതനെ ഒഡീഷയില്‍ അറസ്റ്റു ചെയ്തു. മുപ്പത്തേഴുകാരനായ ഇഷാന്‍ ബുഖാരി എന്ന സയാദ് ഇഷാന്‍ ബുഖാരിയാണു പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു വരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്. ഇയാള്‍ക്ക് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ആറു സ്ത്രീകളെ ഇയാള്‍ വിവാഹ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ചെന്നൈ പുഴലിലെ തുറന്ന ജയിലില്‍നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗളൂരുവില്‍ പിടിയില്‍. മൂന്നു ദിവസം മുന്‍പ് ജയില്‍ ചാടിയ ജയന്തി മൂന്ന് മോഷണ കേസുകളിലെ പ്രതിയാണ്.

മാര്‍പാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കര്‍ദിനാള്‍ ഏഞ്ചലോ ബെച്ചുവിനെ അഞ്ചര വര്‍ഷം തടവിനു വത്തിക്കാന്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ലണ്ടനിലെ സ്ഥലം വിറ്റ ഇടപാടില്‍ സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന കേസിലാണു ശിക്ഷ.

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപസ്ഥാപനമായ റിലയന്‍സ് റീറ്റെയില്‍ രാജ്യത്തെ ചെറു നഗരങ്ങളിലേക്കും ഫാഷന്‍ ഉത്പന്ന ഷോറൂമുകള്‍ വ്യാപിപ്പിക്കുന്നു. ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് ബ്രാന്‍ഡിന് കീഴില്‍ ചെറുപട്ടണങ്ങളിലുടനീളം 500 സ്റ്റോറുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സ്റ്റോറുകള്‍ ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപിക്കുന്നത്. നിലവില്‍, സിലിഗുരി, ധൂലെ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളില്‍ അഞ്ച് ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ് സ്റ്റോറുകള്‍ റിലയന്‍സ് തുറന്നിട്ടുണ്ട്. ഏകദേശം 2,600 ട്രെന്‍ഡ്‌സിന്റെ സ്റ്റോറുകള്‍ റിലയന്‍സ് ചെറുപട്ടണങ്ങളില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് സ്റ്റോറുകള്‍ അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. റിലയന്‍സ് ഈ മാസം 20 ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് സ്റ്റോറുകളും അടുത്ത വര്‍ഷം 100ലധികം സ്റ്റോറുകളും തുറക്കുമെന്ന് അറിയിച്ചു. ചില നഗരങ്ങളില്‍ ഒന്നിലധികം സ്റ്റോറുകള്‍ തുറക്കാം. റിലയന്‍സ് റീറ്റെയ്‌ലിന് ഒന്നിലധികം ബ്രാന്‍ഡുകളിലായി 4,000ല്‍ അധികം സ്റ്റോറുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ് ട്രെന്‍ഡ്‌സ് ബ്രാന്‍ഡ്.

ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭമായ എക്സ്എ, വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക്. ഓപണ്‍ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാര്‍ഡിനും ബദലായി എത്തിയ ഗ്രോക് എ.ഐ ചാറ്റ്ബോട്ട് ഒടുവില്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിന്റെ ഇന്ത്യയിലുള്ള പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ഗ്രോക്ക് ഉപയോഗിച്ച് തുടങ്ങാം. ഇന്ത്യക്ക് പുറമേ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ 46 രാജ്യങ്ങളില്‍ ഗ്രോക്കിന്റെ സേവനങ്ങള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാവുന്നതാണ്. നിലവില്‍ ബീറ്റാ ഘട്ടത്തില്‍ തന്നെ തുടരുന്ന ഗ്രോക് പരീക്ഷിച്ച് നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ എക്സിന്റെ പ്രീമിയം+ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതുണ്ട്. ഇന്ത്യയില്‍ പ്രതിമാസം 1,300, പ്രതിവര്‍ഷം 13,600 എന്നിങ്ങനെയാണ് ചാര്‍ജ്. എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോണ്‍ മസ്‌കിന്റെ എ.ഐ മോഡല്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സില്‍ നിന്നുള്ള തത്സമയ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനാല്‍, മറ്റ് പ്രമുഖ എഐ ചാറ്റ്‌ബോട്ടുകള്‍ നിരസിച്ചേക്കാവുന്ന ചോദ്യങ്ങളോട് വരെ പ്രതികരിക്കാനുള്ള കഴിവ് ഗ്രോക്കിനുണ്ട്. കൂടാതെ, ഇന്റര്‍നെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനായി ഇന്റര്‍നെറ്റില്‍ തിരയാനും ഗ്രോക്കിന് കഴിയും.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാന്‍’. വിക്രമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വേഷപകര്‍ച്ചകള്‍ കൊണ്ട് എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് വിക്രം. അതുകൊണ്ട് തന്നെ താരത്തിന്റെ തങ്കലാനിലെ മേക്ക്ഓവര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ബാക്കിയുള്ള ഡബ്ബിങ് പൂര്‍ത്തിയാക്കി എന്ന വിവരമാണ് വിക്രം എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മാളവിക മോഹനനും ഡബ്ബിങ്ങിനായി എത്തിച്ചേര്‍ന്നിരുന്നു. ജനുവരി 26 നാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസായി എത്തുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍പറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനില്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.

ഷെമീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുറിവ്’. ആക്ഷന്‍ സൈക്കോ- ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സുഹൈല്‍ സുല്‍ത്താന്‍ രചിച്ച്, യൂനസിയോ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ് എന്നിവര്‍ ചേര്‍ന്നാണ്. വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരിയിലാണ് റിലീസ്.

ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകള്‍ ഈ മാസം ജനപ്രിയ നെക്സോണ്‍ ഇവി ശ്രേണിയില്‍ വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഡീലര്‍മാര്‍ പുതിയ നെക്സോണ്‍ ഇവിയിലും പ്രീ-ഫേസ്ലിഫ്റ്റ് നെക്സോണ്‍ ഇവിയിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. പ്രീ-ഫേസ്ലിഫ്റ്റ് ടാറ്റ നെക്സോണ്‍ ഇവി മാക്സ് വേരിയന്റിന് ടാറ്റ മോട്ടോഴ്‌സ് 2.20 ലക്ഷം രൂപ വരെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഇതോടൊപ്പം, പഴയ ഇ-എസ്യുവിയില്‍ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. പ്രീ-ഫേസ്ലിഫ്റ്റ് നെക്സോണ്‍ ഇവിയുടെ പ്രൈം വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. പഴയ മോഡല്‍ മാത്രമല്ല, പുതിയ തലമുറ ടാറ്റ നെക്‌സോണും ആദ്യമായി ക്യാഷ് ആനുകൂല്യങ്ങളോടെ ലഭ്യമാണ്. പുതിയ നെക്സോണ്‍ ഇവിയില്‍ ഉപഭോക്താക്കള്‍ക്ക് 35,000 രൂപ വരെ ക്യാഷ് കിഴിവ് ലഭിക്കും. പുതിയ മോഡല്‍ ആറ് വേരിയന്റുകളില്‍ ലഭ്യമാണ്. കൂടാതെ 14.74 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ വാഹനം ലഭ്യമാണ്.

പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരുഷന്മാരുടെ സ്മൃതികളുണര്‍ത്തുന്ന വീരക്കല്ലുകള്‍, മാതൃഭാവത്തില്‍ കുടികൊള്ളുന്ന വരദായിനികളായ യക്ഷിഅമ്മന്മാര്‍, ചരിത്രവും ഐതിഹ്യങ്ങളും പാട്ടുകഥകളും ഇഴചേര്‍ത്തു നെയ്‌തെടുത്ത ചരിത്രസാംസ്‌കാരിക പെരുമ. വേളിമലയുടെ ഔന്നത്യം, കടലിന്റെ ഗാംഭീര്യം, സമതലത്തിന്റെ ചാരുത, പച്ചപ്പട്ടു വിരിക്കുന്ന നെല്പാടങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊയ്കകള്‍ എല്ലാം ഒത്തിണങ്ങിയ സ്വപ്നഭൂമി. ‘നാഞ്ചിനാടിന്റെ ഇന്നലെകള്‍’. എസ്.പി. ഹരികുമാര്‍. ഗ്രീന്‍ ബുക്സ്. വില 519 രൂപ.

അണുബാധയ്ക്ക് ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ കൊറോണ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠനം. എന്നാല്‍ ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് നിന്ന് അപ്രത്യക്ഷമാകും. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ അള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. അണുക്കള്‍ക്കെതിരെയുള്ള നമ്മുടെ തനത് പ്രതിരോധശക്തിയുടെ പരാജയമാണ് ഇത്ര കാലം വൈറസ് ശരീരത്തില്‍ നിലനില്‍ക്കാന്‍ കാരണമെന്ന് നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ചിലപ്പോള്‍ വൈറസുകള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്. വൈറസ് സംഭരണികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എച്ച്‌ഐവി വൈറസ് ഇത്തരത്തില്‍ ചില പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന് വീണ്ടും സജീവമാകാറുണ്ട്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവി വൈറസിന്റെ കാര്യത്തിലും ഇത് സംഭവിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ശരീരത്തില്‍ അവശേഷിക്കുന്ന വൈറസ് തോത് യഥാര്‍ത്ഥ കൊറോണ വൈറസിനെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന്റെ കാര്യത്തില്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അല്‍വിയോളാര്‍ മാക്രോഫേജുകള്‍ എന്ന ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങള്‍ക്കുള്ളിലാണ് വൈറസുകള്‍ ഒളിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ കള്‍ച്ചര്‍ ചെയ്ത് പരിശോധിക്കുമ്പോള്‍ ഇവയ്ക്ക് വീണ്ടും പെരുകാനുള്ള ശേഷിയുള്ളതായും ഗവേഷകര്‍ നിരീക്ഷിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *