◾മുഖ്യമന്ത്രി പ്രസംഗിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ ഇളക്കിവിട്ടതാണെന്നും പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. രാഷ്ട്രപതിക്കു റിപ്പോര്‍ട്ടു നല്‍കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
◾തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാറില്‍ ഇടിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിനെ തിരുത്തിച്ച് ഗവര്‍ണര്‍. ഗവര്‍ണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയതോടെ കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. അറസ്റ്റിലായ 19 പേരില്‍ 12 എസ്എഫ്ഐക്കാര്‍ക്കെതിരെ 124 ാം വകുപ്പു ചുമത്തി. ഗവര്‍ണറെ ആക്രമിച്ചെന്ന വകുപ്പാണിത്. പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോണ്‍ഗ്രസുക്കാര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനാണു കേസെടുത്തത്.
◾
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ഒരു കോളജ് കാമ്പസിലും പ്രവേശിപ്പിക്കില്ലെന്ന ഭീഷണിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കരിങ്കൊടി പ്രതിഷേധം തുടരും. അതു ജനാധിപത്യപരമാണ്. ഗവര്‍ണറുടെ വാഹനം ആക്രമിച്ചിട്ടില്ല. വാഹനത്തിനു മുന്നില്‍ ചാടുകയുമില്ല. ആര്‍ഷോ പറഞ്ഞു.*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇന്ധനം നല്‍കില്ലെന്നു പമ്പുടമകള്‍. ആറു മാസമായി പണം തന്നിട്ടില്ല. അഞ്ചു മുതല്‍ 25 വരെ ലക്ഷം രൂപ ഓരോ പമ്പിനും കിട്ടാനുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
◾തിരക്കുമൂലം ശബരിമല ദര്‍ശനം സാധ്യമാകാതെ പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മടങ്ങുന്നു. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്.
◾ശബരിമലയിലെ തിരക്കും തീര്‍ത്ഥാടകരുടെ പ്രയാസങ്ങളും പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. ശബരിമലയില്‍ 650 പോലീസുകാരേയുള്ളൂ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സംരക്ഷണം നല്‍കാന്‍ നവകേരള സദസിന് 2,500 പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. ആന്റോ ആന്റണി ആരോപിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണ് ഭക്തജനങ്ങള്‍ യാതന അനുഭവിക്കുന്നതെന്ന് ആരോപിച്ച് ടി.എന്‍ പ്രതാപന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. പാര്‍ലമെന്റിനു പുറത്തു ധര്‍ണയും നടത്തി.
◾ശബരിമലയില്‍ തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് കോണ്‍ഗ്രസ് എംപിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഏകോപിതമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു കോണ്‍ഗ്രസ് എം പിമാര്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
*
class="selectable-text copyable-text nbipi2bn">കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിക്കു നോട്ടീസയച്ചു. 16 നു കേസ് വീണ്ടും പരിഗണിക്കും. തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇസ്ലാം മതം സ്വീകരിച്ച് മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്ത യുവതിയാണു ഹാദിയ. മകളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടി. മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ മകളെ തടങ്കലിലാക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
◾റബറിന് 250 രൂപ വില ലഭ്യമാക്കിയാല്‍ എല്‍ഡിഎഫിനു വോട്ട് നല്‍കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര സര്‍ക്കാര്‍ റബ്ബറിന് 300 രൂപ വില ലഭ്യമാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു പ്രസംഗിച്ച് വിവാദത്തിലായ ആര്‍ച്ച്ബിഷപ് കണ്ണൂരില്‍ കര്‍ഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. റബറിന് 250 രൂപയാക്കുമെന്ന് നവകേരള സദസില്‍ പ്രഖ്യാപിച്ച വാഗ്ദാനം പാലിച്ചാല്‍ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.
◾ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുപ്രീം കോടതിക്കു മുന്നില്‍ ഗവര്‍ണര്‍ക്ക് ഉത്തരം പറയേണ്ടി വന്നു. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍.
◾സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ അനാവശ്യ പ്രകോപനമുണ്ടാക്കുകയാണെന്ന് മന്ത്രി പി. രാജീവ്. ഗവര്‍ണര്‍ക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ലെന്നും രാജീവ് പറഞ്ഞു. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു ഹസ്തദാനം നല്‍കണമെന്നാണ് മന്ത്രി റിയാസ് പ്രതികരിച്ചത്.
◾
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നല്‍കി. ഗവര്‍ണറെ തടഞ്ഞ എസ്എഫ്ഐക്കു ഷേയ്ക്ക് ഹാന്‍ഡ് നല്‍കണമെന്ന പരാമര്‍ശം കലാപഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി.◾വയനാട് ബത്തേരി കൂടല്ലൂരില്‍ മനുഷ്യനെ പിടിച്ച കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചിലുമായി വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം കാട്ടിലേക്കു പോയി. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടു. തെരച്ചില്‍ നടക്കുന്ന പൂതാടി പഞ്ചായത്തിലെ 11 -ാം വാര്‍ഡായ മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടുന്നതു തടയാനാണ് നിരോധനാജ്ഞ.
◾കോടഞ്ചേരിയില്‍ കാണാതായ നൂറാംതോട് സ്വദേശി നിതിന്റെ (25)മൃതദേഹം മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു. നിതിനെ കൊലപ്പെടുത്തിയതിനു സുഹൃത്ത് അഭിജിത്തിനെയും രണ്ടു കൂട്ടുകാരേയും അറസ്റ്റു ചെയ്തു. കോടഞ്ചേരി പോലീസില്‍ കീഴടങ്ങിയ അഭിജിത്തിന്റെ ഭാര്യയുമായി നിതിന്റെ സൗഹൃദമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിരുവമ്പാടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍.
◾കട തുടങ്ങാനുള്ള ലൈസന്‍സിന് 1500 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് കാരപറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി അറസ്റ്റിലായി.
◾കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവും മനോരോഗിയുമായ യുവതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ റിത്വിക്കാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ ചേട്ടന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസ് (29) ജീവനൊടുക്കാന്‍ ശ്രമിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തന്റെ ഫോണിലേക്ക് വിദേശത്തുള്ള നമ്പരില്‍നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇയാളെ പിടികൂടാന്‍ സഹായിക്കണമെന്ന് അരിത ബാബു സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.
◾കണ്ണൂരിലെ ജ്വല്ലറിയില്‍നിന്ന് ഏഴരക്കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ വനിതാ ചീഫ് അക്കൗണ്ടന്‍് ചിറക്കല്‍ സ്വദേശി സിന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസിനു മുന്നില്‍ ഹാജരായത്. കൃഷ്ണ ജൂവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.
◾മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
◾വൃക്ക രോഗിയായ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്തശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. പൂന്തുറ സ്വദേശി സുഗുണനെയാണ് അറസ്റ്റു ചെയ്തത്. അഞ്ചു മാസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്തത്.
◾മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് എത്തിയപ്പോഴേക്കും എല്ലാവരും ചിതറിയോടി. മൂന്നു പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.
◾കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവനു വ്യാജ ബോംബ് ഭീഷണി. അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത നമ്പറില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ കോള്‍ എത്തിയത്.
◾ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് വിവാഹമോചനമില്ല. അകന്നു കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍നിന്നു വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ അവ്യക്തമെന്നു ചൂണ്ടിക്കാട്ടി കുടുംബ കോടതിയും നേരത്തെ ഹര്‍ജി തള്ളിയിരുന്നു.
◾രാജസ്ഥാനില്‍ രജുപുത്ര സംഘടനയായ കര്‍ണിസേനയുടെ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊല്ലാന്‍ കൊലയാളികള്‍ക്ക് ആയുധവും ലക്ഷം രൂപയും നല്‍കിയ സ്ത്രീയും ഭര്‍ത്താവും പിടിയിലായി. പൂജാ സെയ്നി എന്ന പൂജാ ബത്ര, ഭര്‍ത്താവ് മഹേന്ദ്രകുമാര്‍ മേഘ് വാള്‍ എന്ന സമീര്‍ എന്നിവരാണു പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
◾ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തട്ടിപ്പാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പയെടുത്തവരെ പ്രലോഭിപ്പിച്ചു പണം തട്ടിയെടുക്കാനാണു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി.
◾ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരം ശക്തമായ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ 1.61 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. അതായത്, എഴുതിത്തള്ളിയ ഓരോ അഞ്ച് രൂപയുടെ വായ്പയില്‍ ഒരു രൂപ പോലും തിരികെപ്പിടിക്കാന്‍ ഇക്കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം എഴുതിത്തള്ളിയ വായ്പകളില്‍ 50 ശതമാനവും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയവയാണ്. 5 കോടി രൂപയ്ക്കുമേല്‍ വായ്പാ ബാധ്യതയുള്ള 2,300 പേര്‍ മൊത്തം രണ്ട് ലക്ഷം കോടി രൂപ മനഃപൂര്‍വം കുടിശിക വരുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വായ്പ എഴുതിത്തള്ളി എന്നതിന് അര്‍ത്ഥം ഇടപാടുകാരന്‍ വായ്പ ഇനി തിരിച്ചടയ്ക്കുകയേ വേണ്ട എന്നല്ല. കിട്ടാക്കടമായ വായ്പകള്‍ ബാലന്‍സ്ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്ന ബാങ്കിന്റെ നടപടിക്രമം മാത്രമാണ് ഈ എഴുതിത്തള്ളല്‍.ഇത് ബാലന്‍സ്ഷീറ്റ് മെച്ചപ്പെട്ടതെന്ന് കാണിക്കാനുള്ള മാര്‍ഗം മാത്രമാണ്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പ തിരിച്ചടയ്ക്കുക തന്നെ വേണം. അല്ലെങ്കില്‍ ബാങ്ക് ജപ്തി അടക്കമുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങും.അതേസമയം, ഇത്തരത്തില്‍ ബാലന്‍സ്ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് നീക്കിവയ്ക്കുന്ന കിട്ടാക്കടങ്ങള്‍ തിരികെപ്പിടിക്കാന്‍ ബാങ്കുകളുടെ ശ്രമം ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍.
◾വാട്സ്ആപ്പിലും ടെലഗ്രാമിലും സിഗ്നലിലുമൊക്കെയുള്ള പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചര്‍ ഒടുവില്‍ ഫേസ്ബുക്ക് മെസഞ്ചറിലും എത്താന്‍ പോവുകയാണ്. ഒരു ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്ന ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചറില്‍ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ സവിശേഷതയാണ് അവതരിപ്പിക്കാന്‍ പോകുന്നത്. മെസഞ്ചറിലൂടെ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും ഇത് അധിക സുരക്ഷ വാഗ്ദാനം ചെയ്യും. നിങ്ങള്‍ അയക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം മൂന്നാമത് ഒരു വ്യക്തി കാണുന്നതില്‍ നിന്നും സംരക്ഷിക്കുകയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇക്കാരണങ്ങളാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള സര്‍ക്കാര്‍ ഏജന്‍സികളുടെ നീക്കത്തെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തടസ്സപ്പെടുത്തുമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സുരക്ഷാ ഫീച്ചറിനായി വര്‍ഷങ്ങളോളം നീണ്ട പരീക്ഷണവും വലിയ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇതുകൂടാതെ, ഉപയോക്താക്കളുടെ സന്ദേശമയയ്ക്കല്‍ അനുഭവം കൂടുതല്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് നേരത്തെ മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓപ്ഷണല്‍ ഫീച്ചറായി നല്‍കിയിരുന്നു. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റഡ് ആവും.
◾രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘പുലരിയില്‍ ഇളവെയില്‍’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ബി. കെ ഹരിനാരായണന്‍ വരികള്‍ കുറിച്ച ഗാനത്തിന് ബിജിബാല്‍ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഫ്രാന്‍സിസ് സേവ്യര്‍ വയലിനില്‍ ഈണമൊരുക്കി. ‘പുലരിയില്‍ ഇളവെയില്‍’ എന്ന പ്രണയ ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ മ്യൂസിക് ആണ് താളിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കരികിലെത്തിക്കുന്നത്. രാജാസാഗര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘താള്‍’. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചു. ഡോ.ജി.കിഷോര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍, അരുണ്‍കുമാര്‍, നോബി മാര്‍ക്കോസ്, വിവ്യ ശാന്ത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
◾സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബര്‍ 15 മുതല്‍ തിയറ്ററുകളിലുമെത്തും. അബ്ബാസ് എ റഹ്‌മത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്കുമാര്‍, അബ്ബാസ് എ റഹ്‌മത് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആദിത്യ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ശക്തി ഫിലിം ഫാക്ടറി തെന്നിന്ത്യ ഒട്ടാകെ വിതരണം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
◾കാമ്രിക്ക് ഡിസംബര്‍ ഇളവുകളുമായി ടൊയോട്ട. കാമ്രിയുടെ സെല്‍ഫ് ചാര്‍ജിങ് ഇലക്ട്രിക് ഹൈബ്രിഡിന്റെ എംസി, എംസി പിഡബ്ല്യു മോഡലുകള്‍ക്ക് 2.60 ലക്ഷം രൂപ വരെ ഇളവുകളാണ് ടൊയോട്ട നല്‍കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടായി 80000 രൂപ, ടൊയോട്ട ഫിനാന്‍സില്‍ നിന്ന് കാര്‍ ലോണ്‍ എടുക്കുകയാണെങ്കില്‍ ടിഎപ്എസ് ബെനിഫിറ്റായി നല്‍കുന്ന 1.60 ലക്ഷം രൂപ, കോര്‍പ്പറേറ്റ് ബോണസായി നല്‍കുന്ന 20000 രൂപയും ചേര്‍ന്നാണ് 2.60 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലവാധി. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 245 ഢ വൈദ്യുത മോട്ടറുമാണ് വാഹനത്തില്‍. പെട്രോള്‍ എന്‍ജിന് 178 പിഎസ് കരുത്തും 221 എംഎം ടോര്‍ക്കും പെര്‍മനെന്റ് മാഗ്‌നെറ്റ് സിഗ്രണൈസ് മോട്ടറിന് 120 പിഎസ് കരുത്തും 202 എന്‍എം ടോര്‍ക്കുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് വാഹനത്തിന് 218 എച്ച്പി കരുത്തു പകരും. ഇസിവിടി ഗിയര്‍ബോക്സ് ഉപയോഗിക്കുന്ന കാറിന് സ്പോര്‍ട്, ഇക്കോ, നോര്‍മല്‍ ഡ്രൈവ് മോഡുകളുണ്ട്. ഡ്രൈവിങ്ങില്‍ സ്വയം ചാര്‍ജാകുന്ന നിക്കല്‍ മെറ്റല്‍ ഹൈഡ്രേഡ് ബാറ്ററിയാണ് കാറില്‍. ബാറ്ററിക്ക് 8 വര്‍ഷം അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. 9 എയര്‍ബാഗ് അടക്കം ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍. രണ്ടു മോഡലുകളിലായി ലഭിക്കുന്ന കാമ്രിയുടെ എംസി വേരിയന്റിന് 46.17 ലക്ഷം രൂപയും എംസി പിഡബ്ല്യു വേരിയന്റിന് 46.32 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
◾ഇഴപിരിക്കാനാവാത്ത ഉണ്മയുടെ സങ്കീര്‍ണ്ണതകളും അനുഭവലോകത്തിന്റെ നൈരന്തര്യവും ചേര്‍ന്ന് ഭാഷയുടെ ഉടലില്‍ കവിതകളായി പൂക്കുന്നു. അനിവാര്യതയുടെ ആഖ്യാനങ്ങളായി, നേരിന്റെ വേരില്‍ തളിര്‍ക്കുന്ന കല്പനകളുടെയും സൗന്ദര്യാനുഭൂതിയുടെയും അപൂര്‍വ്വത. കയറിയെത്തിയ ആഴങ്ങളുടെ നെറുകയില്‍ നിന്ന് ജീവിതത്തെയും കാലത്തെയും നേര്‍ക്കുനേര്‍ അഭിവാദ്യം ചെയ്യുന്നു, ഈ കവിതകള്‍. ഒ.പി. സുരേഷിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. ‘പച്ചിലയുടെ ജീവചരിത്രം’. മാതൃഭൂമി. വില 161 രൂപ.
◾നാല്പത് വയസ് പിന്നിട്ട മിക്ക സ്ത്രീകളും നടുവേദന അഭിമുഖീകരിക്കേണ്ടിവരുന്നു. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. 40 വയസ്സില്‍ സ്ത്രീകള്‍ക്ക് നടുവേദന എന്ന പ്രശ്നം നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ സുഖപ്പെടുത്താമെന്നും നമുക്ക് നോക്കാം. പ്രീ-മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവത്തിനു മുമ്പുള്ള ഡിസ്ഫോറിക് ഡിസോര്‍ഡര്‍, എന്‍ഡോമെട്രിയോസിസ്, ഡിസ്മനോറിയ അല്ലെങ്കില്‍ ആര്‍ത്തവ വേദന, വൈകിയുള്ള ഗര്‍ഭധാരണം, ഓസ്റ്റിയോപൊറോസിസ്, അമിതവണ്ണം, ആര്‍ത്തവവിരാമം, മോശം ജീവിതശൈലി ഇതുകൂടാതെ മസില്‍ സ്ട്രെയിന്‍, സയാറ്റിക്ക, ഹെര്‍ണിയേറ്റഡ് ഡിസ്‌ക്, ഡീജനറേറ്റീവ് ഡിസ്‌ക് എന്നിവ കൊണ്ടും നടുവേദനയുണ്ടാകാം. 40 വയസിന് ശേഷം നിങ്ങള്‍ നടുവേദന നേരിടുന്നുണ്ടെങ്കില്‍ ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ അതില്‍ നിന്ന് ആശ്വാസം ലഭിക്കും. നടുവേദനയുടെ പ്രശ്നം കുറയ്ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ എയ്റോബിക് പരിശീലനം, ശക്തി വ്യായാമം, ഫ്ലെക്സിബിലിറ്റി ബാലന്‍സ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. ആഴ്ചയില്‍ 3 മുതല്‍ 5 തവണയെങ്കിലും വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു. കുളിക്കുമ്പോള്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശികളിലെ വേദന കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നടുവേദന ഉണ്ടെങ്കില്‍, ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വണ്ണം വര്‍ധിക്കുന്നതിനാല്‍ നടുവേദന എന്ന പ്രശ്‌നവും ധാരാളമായി നേരിടേണ്ടിവരുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അമിതഭാരമുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക. എഴുന്നേല്‍ക്കുമ്പോഴോ ഇരിക്കുമ്പോഴോ നിങ്ങളുടെ രീതി പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ജോലി ചെയ്യുകയും മണിക്കൂറുകളോളം കസേരയില്‍ ഇരുന്നു ജോലി ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, ഇത് കൂടുതല്‍ ശ്രദ്ധിക്കുക. ഐസ് പായ്ക്ക് ഉപയോഗിച്ച് നടുവേദന, ഉളുക്ക്, വീക്കം എന്നിവ കുറയ്ക്കാം. ഇത് പ്രയോഗിച്ചാല്‍ വലിയൊരളവില്‍ ആശ്വാസം ലഭിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.39, പൗണ്ട് – 104.82, യൂറോ – 89.95, സ്വിസ് ഫ്രാങ്ക് – 95.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.97, ബഹറിന്‍ ദിനാര്‍ – 221.23, കുവൈത്ത് ദിനാര്‍ -270.41, ഒമാനി റിയാല്‍ – 216.64, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.50.