yt cover 35

*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഇന്ത്യയുടെ അക്സായ് ചിന്‍ മേഖലയില്‍ ചൈന പട്ടാള ബങ്കറുകളും ഭൂഗര്‍ഭ തുരങ്കങ്ങളും നിര്‍മിക്കുന്നു. ദ്രുതഗതിയിലാണു പണികള്‍ പുരോഗമിക്കുന്നത്. സ്പേസ് ടെക് കമ്പനിയായ മാക്സര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഈ വിവരങ്ങള്‍. ഗല്‍വാനില്‍നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയതിനു പിറകേയാണ് അക്സായ് ചിന്‍ മേഖലയില്‍ ചൈന കടന്നുകയറ്റം നടത്തിയത്. ഈ മേഖലയും അരുണാചല്‍ പ്രദേശ് സംസ്ഥാനവും ഉള്‍പെടുത്തിയാണ് ചൈന പുതിയ മാപ്പ് പുറത്തിറക്കിയത്.

ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. ജമ്മുകാഷ്മീര്‍ വിഭജനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മു കാഷ്മീര്‍ വിഭജിച്ചത് അതിര്‍ത്തി സംസ്ഥാനം എന്ന നിലയ്ക്ക് അസാധാരണ സാഹചര്യത്തിലാണെന്നു കേന്ദ്രം ന്യായീകരിച്ചു. സമാന സാഹചര്യം പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും ഇല്ലേയെന്ന് ബഞ്ച് ചോദിച്ചു.

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസില്‍ സൈബര്‍ ഡിവിഷന്‍ രൂപീകരിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ആഭ്യന്തര സെക്രട്ടറി അടുത്ത മാസം എട്ടിന് യോഗം വിളിച്ചു. സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാനായി സംസ്ഥാനത്ത് ആറു പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രണങ്ങളും വര്‍ദ്ധിക്കുന്നതിനാലാണ് സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നത്.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

കേരളത്തിന് രണ്ടാം വന്ദേ ഭാരത് ഇന്നെത്തും. എട്ടു കോച്ചുകളടങ്ങിയ വന്ദേഭാരത് മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും. ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും. നവീകരിച്ച ഡിസൈനുള്ള വന്ദേഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്.

ഭൂനിയമം ലംഘിച്ചു കെട്ടിടം പണിതതു സിപിഎമ്മാണെന്നും നിയമം ലംഘിച്ചുള്ള ഏറ്റവും വലിയ നിര്‍മിതി എകെജി സെന്ററാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എകെജി സെന്റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴു ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാത്യു കുഴല്‍നാടന്‍. വീണ വിജയനെ സംരക്ഷിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.

സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൂജപ്പുര പൊലീസ് രേഖപ്പെടുത്തി. സെക്രട്ടറിയേറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി അനധികൃത പണ സമ്പാദനം നടത്തിയെന്ന് അധിക്ഷേപിക്കാനാണു പ്രതികള്‍ ശ്രമിച്ചതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രഖ്യാപനവുമില്ലാതെ പിന്‍വലിച്ച പാചകവാതക സബ്സിഡി പുനസ്ഥാപിച്ചു. സിലിണ്ടറിന് 200 രൂപ കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ നിറുത്തലാക്കിയ സബ്സിഡി പുനസ്ഥാപിക്കുകയാണു ചെയ്തത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും.

മഴ തുടരാന്‍ സാധ്യത. എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിമിന്നലിനും സാധ്യത.

നടി നവ്യ നായരുമായി അടുത്ത ബന്ധമുണ്ടെന്നും പണവും ആഭരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദ്. ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് നടിയോടു വിവരങ്ങള്‍ തേടി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു സഹായിച്ചെന്നല്ലാതെ അടുത്ത ബന്ധമില്ലെന്നാണു നവ്യനായര്‍ പറഞ്ഞത്.

ഓണക്കാലത്ത് 106 കോടി രൂപയുടെ റെക്കോര്‍ഡ് കച്ചവടവുമായി കണ്‍സ്യൂമര്‍ ഫെഡ്. 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് ഇത്രയും ബിസിനസ് നടത്തിയത്. 106 കോടി രൂപയുടെ വില്‍പന നടന്നതില്‍ 50 കോടി രൂപയുടേത് സബ്‌സിഡി സാധനങ്ങളാണ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകാര്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. മുന്‍ മാനേജര്‍ ബിജു കരീം, പി.പി കിരണ്‍, അനില്‍ സേട്ട് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിനോട് മൊയ്തീന്‍ സാവകാശം തേടിയിട്ടുണ്ട്.

കാസര്‍കോഡ് കുമ്പളയില്‍ പോലീസ് പിന്തുടര്‍ന്നതുമൂലം കാറപകടത്തില്‍ പതിനേഴുകാരനായ ഫര്‍ഹാസ് മരിച്ചതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു ബന്ധുക്കള്‍. പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എസ് ഐ രജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് മാറ്റിയത്.

എറണാകുളം – ചെന്നൈ റൂട്ടില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്റ്റംബര്‍ മൂന്നിനു പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.

ഗെയില്‍ പ്രകൃതിവാതക പൈപ്പു ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ തണ്ടപ്പേര് രജിസ്റ്ററിലും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും അടിയന്തര പരിഷ്‌കാരം വരുത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഗെയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട് കോഴിക്കോട് മലപ്പുറം കാസര്‍കോട് ജില്ലകളിലെ 510 കിലോമീറ്ററിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.

ഗൂഡല്ലൂര്‍ ആറാട്ടുപാറയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിയുടെ മാതാപിതാക്കളടക്കം മൂന്നു പേരെ കൊന്ന കേസില്‍ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വര്‍ഷം തടവു ശിക്ഷ. ഊട്ടി വനിതാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2014 ജൂണ്‍ 23 നു രാത്രി പ്രതി ലെനിന്‍ ജോഷ്നയേയും അച്ഛന്‍, അമ്മ, മുത്തശി എന്നിവരെയാണു കുത്തുകയും വെട്ടുകയും ചെയ്തത്. ജോഷ്നയ്ക്കു കുത്തേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.

ഓണം അവധിക്കു സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്നു സഹോദരിമാര്‍ മുങ്ങിമരിച്ചു. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിന്‍ഷ അല്‍ത്താജ് (18) എന്നിവരാണ് മരിച്ചത്. കോട്ടേപ്പാടം പത്തംഗം വാര്‍ഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തില്‍ തെന്നിവീഴുകയായിരുന്നു.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.

ഓണാഘോഷ യാത്രയ്ക്കു ബോണറ്റില്‍ കുട്ടിയെ ഇരുത്തി വാഹനമോടിച്ച ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ച കഴക്കൂട്ടം സ്വദേശി ഹരികുമാര്‍, വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന്‍ കഴക്കൂട്ടം സ്വദേശി സോജു എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്കു കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു എന്ന 23 കാരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിക്കരികില്‍ സൈന്‍ ബോര്‍ഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിപ്പിച്ച വിദ്യാര്‍ത്ഥിക്കു തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരേ രണ്ടര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്. തനിക്കെതിരേ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രചരിപ്പിച്ചത് അപകീര്‍ത്തിപരമാണെന്നു നോട്ടീസില്‍ പറയുന്നു.

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച സതിയമ്മയെ പിരിച്ചുവിട്ടതിനെതിരേ പ്രതിഷേധ സമരം നടത്തിയ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ മാസം 22 ന് നടന്ന സംഭവത്തില്‍ 21 നാണ് കേസെടുത്തത്. എഫ്ഐആറില്‍ പിഴവുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൂണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ടു പേര്‍ കൊല്ലപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ രണ്ടിടത്താണ് കൊലപാതകങ്ങള്‍ നടന്നത്. മണ്ണുത്തി മുളയം സ്വദേശി അഖില്‍, നെടുപുഴ സ്വദേശി കരുണാമയന്‍ എന്ന വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് അഖില്‍ കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തില്‍ കൊലപ്പെടുത്തിയ കരുണാമയനെ അപകടത്തില്‍ പെട്ടെന്നു പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു കൊലയാളികള്‍ മടങ്ങുകയായിരുന്നു.

കഴക്കൂട്ടത്ത് ഓണാഘോഷത്തിനു വടംവലി മത്സരത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. വെട്ടു റോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്. വെട്ടുറോഡ് മാര്‍ക്കറ്റില്‍ അല്‍ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം.

തിരുവോണനാളില്‍ കൊല്ലം ഓച്ചിറയില്‍ ദമ്പതികള്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ഓച്ചിറ മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയന്‍, ഭാര്യ സുധ എന്നിവരാണ് മരിച്ചത്.

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാര്‍ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

കൊല്ലം ചിതറയില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന പ്രതികളെ പിടികൂടി. ദര്‍പ്പക്കാട് സ്വദേശി 34 വയസുള്ള സെയ്ദലി എന്ന ബൈജുവാണ് കൊല്ലപ്പെട്ടത്. ഷാജഹാന്‍, നിഹാസ് എന്നിവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാറില്‍ രക്ഷപ്പെട്ട ഷാന്‍, ഷെഹീന്‍ എന്നിവരെ പൊലീസ് പിടികൂടി. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.

കോട്ടയം നീണ്ടൂരില്‍ തിരുവോണ നാള്‍ രാത്രി മദ്യപിച്ചുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് യുവാവ് മരിച്ചു. രണ്ടു പേര്‍ അറസ്റ്റിലായി. നീണ്ടൂര്‍ ഓണംതുരുത്ത് സ്വദേശി അശ്വിന്‍ എന്ന 23 കാരനാണു കൊല്ലപ്പെട്ടത്. കൈപ്പുഴ മിഷ്യന്‍പറമ്പില്‍ വീട്ടില്‍ ഭാസി എന്ന അനന്തു സുരേന്ദ്രന്‍, നീണ്ടൂര്‍ തോട്ടപ്പള്ളി വീട്ടില്‍ അനിയായി എന്ന അജിത്ത് എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ആലപ്പുഴ പള്ളിപ്പാട് സോമന്‍ എന്ന അമ്പത്തഞ്ചുകാരനെ വെടിവച്ചു കൊന്ന സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു പേര്‍ പിടിയില്‍. നീണ്ടൂര്‍ മുറിയില്‍ കൊച്ചുകുഞ്ഞു മകന്‍ പ്രസാദ് (52), സഹോദരന്‍ ഹരിദാസ് (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കണ്ണൂര്‍ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേള കത്തിച്ചു. കപ്പേളയിലെ തിരുസ്വരൂപമാണു കത്തിച്ചത്. എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിയുടെ കപ്പേളയാണു കത്തിച്ചത്.

‘ഇന്ത്യ’ സഖ്യ യോഗം ഇന്നു മുംബൈയില്‍. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തിനായി കടുംപിടിത്തമില്ലെന്നു കോണ്‍ഗ്രസ്.

ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്. കപ്പലിന് അനുമതി നല്‍കിയിട്ടും വിവരം ശ്രീലങ്ക സ്ഥിരീകരിച്ചില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊളംബോ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് കപ്പല്‍ എത്തിയത്.

ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ സ്പീക്കര്‍ക്കു കൈമാറി. കമ്മിറ്റിക്കു മുന്‍പില്‍ അധിര്‍ രഞ്ജന്‍ ചൗധരി ഹാജരായി തന്റെ ഭാഗം വിശദീകരിച്ചിരുന്നു.

ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റേയും ലാന്‍ഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയുടേയും ഇല്‍സയുടേയും പ്രവര്‍ത്തന സജ്ജമായ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.

ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ മിതുല്‍ ത്രിവേദിയെയാണ് സൂററ്റ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഇന്ത്യയുടെ ഭൂമി കൈയേറുകയും കൈയേറിയവയേയും കൈയേറാത്തവയേയും ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈയിടെ ലഡാക്ക് സന്ദര്‍ശിച്ചപ്പോഴും നാട്ടുകാരെല്ലാം ചൈനയുടെ കൈയേറ്റം ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ ഉന്നയിച്ചപ്പോള്‍ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്നു മോദി പറഞ്ഞത് കള്ളമാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂരില്‍ കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയാണു വെടിവച്ചത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ വെറുതെവിട്ട സിജെഎം കോടതി വിധി പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സമ്പാദന കേസിലാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിട്ടേഷ് സ്വമേധയാ റിവിഷന്‍ നടപടിക്ക് അസാധാരണ ഉത്തരവു പുറപ്പെടുവിച്ചത്. 2012 ലാണു ശിവഗംഗ സി ജെ എം കോടതി പനീര്‍ശെല്‍വത്തെ വെറുതെ വിട്ടത്.

മംഗളൂരു മടിക്കേരിയില്‍ വനംവകുപ്പ് ഗസ്റ്റ് ഹൗസില്‍ വനംവകുപ്പ് ഓഫീസറായ യുവതി തൂങ്ങി മരിച്ചു. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറും മണ്ഡ്യ സ്വദേശിനിയുമായ ജി.സി രശ്മിയാണ് (27) ജീവനൊടുക്കിയത്.

പ്രണയത്തെ എതിര്‍ത്ത അച്ഛനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പതിനാറുകാരിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെരിയകുളം സ്വദേശിയായ വേണുഗോപാലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകളെയും കാമുകന്‍ മുത്തു കാമാക്ഷി, കൂട്ടുകാരായ ശെല്‍വ കുമാര്‍, കണ്ണപ്പന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഗുസ്തി താരവും ഭര്‍ത്താവും ചേര്‍ന്ന് തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ദീപക് ശര്‍മ്മയില്‍നിന്ന് 51 ലക്ഷം രൂപ തട്ടിയെടുത്തെന്നു കേസ്. ഗുസ്തിക്കാരായ റൗണക് ഗുലിയ റൗണ, ഭര്‍ത്താവ് അങ്കിത് ഗുലിയ എന്നിവര്‍ക്കെതിരേയാണു കേസ്.

ശ്രീലങ്കയില്‍നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ മാനേജര്‍ ആദി ലിംഗത്തിന് എതിരായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍. എക്സ് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വെളിപെടുത്തിയത്. കേസില്‍ ആദി ലിംഗം അറസ്റ്റിലായിരുന്നു.

റഷ്യയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സര്‍ക്കാര്‍ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെയായിരുന്നു സംസ്‌കാരം.

വ്യാഴത്തിന്റെ പുതിയ ചിത്രങ്ങളുമായി നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്റെ മേഘപാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.

ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് 238 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ നേടിയ 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 131 പന്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ് 71 പന്തില്‍ 109 റണ്‍സ് നേടി.

മെഡിമിക്‌സ്, മേളം, സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ മാതൃകമ്പനിയും പ്രമുഖ മലയാളി വ്യവസായി ഡോ.എ.വി. അനൂപ് സാരഥിയുമായ എ.വി.എ ചോലയില്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നീല്‍ഗിരി ഡയറി ഫാം ലിമിറ്റഡിനെ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡില്‍ നിന്ന് 67 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നീല്‍ഗിരി ഡയറി ഫാമിന്റെ മുഴുവന്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും ചെന്നൈ ആസ്ഥാനമായ എ.വി.എ ഗ്രൂപ്പ് ഏറ്റെടുക്കും. ഇതുപ്രകാരം നീല്‍ഗിരീസ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഫ്രാഞ്ചൈസി ശൃംഖല, ഡയറി ഉത്പന്നങ്ങളുടെ ശേഖരണം, സംസ്‌കരണം, പാക്കേജിംഗ്, വിപണനം, ബേക്കറി ഉത്പന്നങ്ങള്‍, അതിവേഗം വിറ്റഴിയുന്ന ഉപയോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയവ എ.വി.എ ഗ്രൂപ്പിന്റെ സ്വന്തമാകും. മൂന്ന് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ തുക കൈമാറുകയെന്നാണ് സൂചന. കടബാദ്ധ്യതയാല്‍ ബുദ്ധിമുട്ടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന് നീല്‍ഗിരി ബ്രാന്‍ഡിന്റെ വില്‍പന ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലെ ഫ്യൂച്ചര്‍ കണ്‍സ്യൂമറിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ നീല്‍ഗിരി. ഫ്യൂച്ചര്‍ കണ്‍സ്യൂമറിന്റെ മൊത്തം വിറ്റുവരവില്‍ 10.40 ശതമാനം നീല്‍ഗിരി ബ്രാന്‍ഡില്‍ നിന്നാണ്.

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്യൂന്‍ എലിസബത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. ‘പൂക്കളേ വാനിലേ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. ഷിബു ചക്രവര്‍ത്തി രചിച്ച് രഞ്ജിന്‍ രാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്. ഫുള്‍ ഫണ്‍ ഡ്രാമ ജോണറില്‍ പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോന്‍, മല്ലികാ സുകുമാരന്‍ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു, ആര്യാ, വിനീത് വിശ്വം, രഞ്ജിത്ത് കങ്കോള്‍, ചിത്രാ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അര്‍ജ്യന്‍.ടി.സത്യന്റേതാണു തിരക്കഥ. ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. രണ്ടാം വരവിലെ രണ്ടാമത്തെ സിനിമയാണ് ക്യൂന്‍ എലിസബത്ത്.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടു. ആസിഫ് അലിയും ഇന്ദ്രജിത്തും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും എന്നാണ് സൂചനകള്‍. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദില്‍ ഹുസൈന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹന്‍ദാസ്, ജലജ എന്നിവരാണ് പ്രധാന താരങ്ങള്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എം. ജയചന്ദ്രന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഹീറോയുടെ കരിസ്മ എത്തി. കരിസ്മ എക്‌സ്എംആറിന് 1,72,900 രൂപയാണ് വില. പുത്തന്‍ കരിസ്മയുടെ ബുക്കിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്. ഹൃത്വിക് റോഷനാണ് പുതിയ കരിസ്മയുടേയും ബ്രാന്‍ഡ് അംബാസിഡര്‍.

പുതിയ 210 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹീറോ കരിസ്മ എക്‌സ്എംആറിന്റെ പ്രധാന കരുത്ത്. 9,250 ആര്‍പിഎമ്മില്‍ 25.5 ബിഎച്പിയും 7,250 ആര്‍പിഎമ്മില്‍ പരമാവധി 20.4 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഉരുക്കുകൊണ്ടുളള പ്രത്യേകം കൂടിന്റെ സുരക്ഷയും എന്‍ജിനുണ്ട്. അഡ്ജസ്റ്റബിള്‍ മോണോഷോക്കും ടെലസ്‌കോപിക് ഫോര്‍ക്കുമുള്ള പുതിയ കരിസ്മയിലെ ബ്രക്കിങ് കാര്യക്ഷമമാക്കുന്നത് 300എംഎം ഫ്രണ്ട് 230എംഎം റിയര്‍ ഡിസ്‌കുകളാണ്. ഡുവല്‍ ചാനല്‍ എബിഎസുള്ള ആദ്യത്തെ ഹീറോ മോട്ടോര്‍ സൈക്കിളാണ് കരിസ്മ എക്‌സ്.എം.ആര്‍. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ കരിസ്മ ലഭ്യമാണ്. തുടക്കകാല ഓഫറായാണ് 1,72,900 രൂപക്ക് ഹീറോ കരിസ്മ എക്‌സ്എംആര്‍ ലഭിക്കുക. ഈ ഓഫര്‍ കഴിഞ്ഞാല്‍ പതിനായിരം രൂപയുടെ വര്‍ധനവ് വിലയിലുണ്ടാവും.

നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന, യാദൃച്ഛികമായി കൊലപാതകത്തിന്റെ ഭാഗമായ അമേയയെന്ന അഡ്വക്കേറ്റും അന്വേഷണ ഉദ്യോഗസ്ഥനും കുരുക്കഴിക്കുന്നത് പൊലീസ് കുഴിച്ചു മൂടിയ കേസിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയാണ്. മരണം എന്ന യാഥാര്‍ഥ്യത്തിലും ജീവിതമെന്ന മിഥ്യയിലും ജീവിക്കുന്ന അമേയയുടെ മനസ്സാക്ഷിയാകുന്ന അന്തര്യാമിയായ മൈക്കല്‍, നോവലിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു. ‘അവ്യക്തപ്രകൃതി’. നിവേദിത മാനഴി. ഡി സി ബുക്സ്. വില: 210 രൂപ

വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ ഗ്യാസിനുള്ള അന്റാസിഡ് ഗുളിക കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാല്‍സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്നലുകളെ നിയന്ത്രിക്കുന്നു. ഹൃദയം എത്ര വേഗത്തില്‍ മിടിക്കുന്നു എന്നതിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം എത്ര കാര്യക്ഷമമായി എത്തിക്കുന്നു എന്നതിലും ഇതിനാല്‍ തന്നെ കാല്‍സ്യത്തിന് നിര്‍ണായക സ്വാധീനം ചെലുത്താനാകും. കാല്‍സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും. അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം. ഹൃദയധമനികളെ കട്ടിയാക്കാനും വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിതമായ കാല്‍സ്യം നിക്ഷേപങ്ങള്‍ കാരണമാകാമെന്നും ഹൃദ്രോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. അന്റാസിഡുകള്‍ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയ്ക്കുന്നത് വൃക്ക പ്രശ്നങ്ങളിലേക്കും നയിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

പഠനം കഴിഞ്ഞുളള ഒഴിവ് നേരത്ത് ലോകത്തിലെ ഏറ്റവും ശക്തമായ വസ്തു ഏതെന്ന് അവരിലൊരാളില്‍ ചോദ്യമുദിച്ചു. പലരും പലതും പറഞ്ഞു. തര്‍ക്കങ്ങളും പ്രതിവാദങ്ങളുമായി. അവസാനം ഗുരുവിനോട് ചോദിക്കാന്‍ തീരുമാനമായി. ചോദ്യം കേട്ട് ഗുരു പ്രകോപിതനായി. ഇത്രയും നാള്‍ പരിശീലിച്ചിട്ടും ഈ ചെറിയ ചോദ്യത്തിന്റെ ഉത്തരം പോലും നിങ്ങള്‍ക്കറിയില്ലേ? ഗുരു ദേഷ്യപ്പെട്ടു. ഗുരു പോയപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അവര്‍ അത്ഭുതപ്പെട്ടു. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഒഴിവുസമയത്തും നിങ്ങള്‍ ഗൗരവമുളള കാര്യങ്ങളെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. ശിഷ്യന്മാര്‍ക്ക് ആശ്വാസമായി. ഗുരു തുടര്‍ന്നു: ഞാന്‍ രണ്ടുവിധത്തില്‍ നിങ്ങളോട് പെരുമാറി. ദേഷ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഞാന്‍ കാണാതെ എന്നെ വിമര്‍ശിച്ചു. അഭിനന്ദിച്ചപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചു. വാക്കുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായത്. നമുക്ക് മറ്റുള്ളവരെ സുഖപ്പെടുത്താം, മുറിപ്പെടുത്താം അഭിനന്ദിക്കാം, അവഹേളിക്കാം, വളര്‍ത്താം തളര്‍ത്താം.. വാക്കുകള്‍ വിഷലിപ്തവും വിശുദ്ധവുമാക്കാം.. നിഘണ്ടുവില്‍ പദാനുപദഅര്‍ത്ഥങ്ങളേ ഉണ്ടാകൂ. പക്ഷേ, പറയുന്നവരുടെ മനോഭാവത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനുമനുസരിച്ച് അര്‍ത്ഥവ്യത്യാസം സംഭവിക്കാം. മിടുക്കനാണ് എന്നൊരു വാക്ക് നമുക്ക് അനുമോദിക്കാനും കുറ്റപ്പെടുത്താനും ഉപയോഗിക്കാം. എന്തുപറയുന്നു എന്നതുമാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ഒരു പോലെ പ്രസക്തമാണ്. വാളുകൊണ്ടുമുറിഞ്ഞാല്‍ നമുക്ക് മരുന്ന് വെക്കാം.. പക്ഷേ, വാക്കുകൊണ്ട് മുറിഞ്ഞാല്‍ അതൊരു വ്രണമായി ആയുസ്സ് മുഴുവന്‍ നിലനില്‍ക്കും. നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ കണ്ണില്‍ തെളിച്ചമുണ്ടാകുന്നതാകട്ടെ, ഒരു പടി മുന്നോട്ട് പോകാനുളള ആത്മവിശ്വാസമുണ്ടാകുന്നതാകട്ടെ.. ഒന്നിനുമുന്നിലും തകരാതിരിക്കാനുളള പോരാട്ടവീര്യം പകരുന്നതാകട്ടെ.. – ശുഭദിനം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *