◾കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടാതെ പോലീസ്. പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു ചോദ്യം ചെയ്തെങ്കിലും ഒറ്റയ്ക്കു തോന്നിയ കുബുദ്ധിയെന്ന നിലയിലുള്ള മൊഴി മാത്രമാണ് ലഭിച്ചത്. ട്രെയിനില്‍ തീയിടാന്‍ പ്രേരിപ്പിച്ചവരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കോഴിക്കോട് മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ എഡിജിപി അജിത്കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനു നേതൃത്വം നല്‍കുന്നുണ്ട്.
◾ട്രെയിന്‍ തീവയ്പിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കൃത്യത്തിനു പിന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഉറപ്പിച്ചിട്ടില്ലെന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
◾ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കേരള പോലീസിന്റെ സൂരക്ഷാവീഴ്ചകളും പുറത്ത്. തീവയ്പിനുശേഷം അതേ ട്രെയിനില്‍ തന്നെയാണ് കണ്ണൂരിലെത്തിയതെന്ന് ഷാറൂഖ് സെയ്ഫി മൊഴി നല്‍കി. കണ്ണൂര്‍ റയില്‍വെ സ്റ്റേഷനില്‍ പോലീസ് പരിശോധിച്ചിരുന്നപ്പോള്‍ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ച മറ്റൊരു ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ കയറി. അങ്ങനെയാണ് രത്നഗിരിയില്‍ എത്തിയത്. പ്രതിയെ രത്നഗിരിയില്‍നിന്ന് വാഹനത്തില്‍ കേരളത്തിലേക്ക് എത്തിച്ചത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കണ്ണൂരില്‍ കാര്‍ പഞ്ചറായി. പിറകെ എത്തിച്ച വാഹനം ബ്രേക്ക് ഡൗണുമായി. ഇതോടെ സുരക്ഷാക്രമീരണങ്ങളില്ലാതെ ഏറെ സമയം വഴിയില്‍ കുടുങ്ങിയിരുന്നു.
◾പ്രതി ഷാരുഖ് സെയ്ഫിയുടെ വിചിത്രമായ കുറിപ്പുകളടങ്ങിയ നോട്ട്ബുക്ക് കണ്ടെടുത്തു. ഷഹീന്‍ബാഗിലെ വീട്ടിലും അവിടെനിന്ന് 30 കിലോമീറ്റര്‍ അകലെ നോയിഡയിലുള്ള ആശാരിപ്പണിശാലയിലും കേരള പോലീസ് പരിശോധന നടത്തി. ഷാരുഖ് സെയ്ഫിയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യുന്നുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*
പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. സുരക്ഷാ വീഴ്ച വരുത്തിയ പോലീസ് വൈദ്യപരിശോധനയ്ക്കു ഷാറൂഖിനെ കൊണ്ടുപോകുന്നതിനു നാടകീയ നീക്കങ്ങളും വാഹനസന്നാഹങ്ങളുമാണ് ഒരുക്കിയത്. ഷാറൂഖ് സെയ്ഫിന്റെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സര്‍ജന്‍ പരിശോധിച്ചു.
◾ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ കൈകാര്യം ചെയ്യുന്നതില്‍ കേരള പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതി കേരളത്തില്‍നിന്നു രക്ഷപെട്ടത് പൊലീസിന്റെ വീഴ്ചമൂലമാണ്. പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം ചിരിപ്പിക്കുന്ന തമാശയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
◾ലോക്സഭയില്‍ ഇന്നും പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ എത്തിയത്.
◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നേക്കും. പ്രധാന വ്യക്തി ഇന്നു വൈകുന്നേരത്തിനു മുമ്പു ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിലിന്റെ മറുപടി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തെടുക്കല്‍ കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്കുതന്നെ കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു. താത്കാലിക സംരക്ഷണം തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.
◾പൂച്ച മാന്തിയതിന് റാബീസ് വാക്സിനെടുത്ത പതിനാലുകാരന്റെ ശരീരം തളര്‍ന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. രണ്ടാമത്തെ വാക്സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. കുട്ടിയുടെ പേടിയെന്നു പറഞ്ഞ് അധികൃതര്‍ നിസാരവത്കരിച്ചു. മൂന്നാമത്തെ വാക്സിന്‍ എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു.
◾എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് എഴുതിയ കത്തിലാണ് ഈ വരികള്‍. കത്ത് അഞ്ചു ദിവസത്തിനകം എല്ലാ വീടുകളിലും എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
◾രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തില്‍. പ്രതിദിന വ്യാപനം 5000 കടന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5335 പേര്‍ക്കാണ്.
◾കൂറുമാറ്റ നിരോധന നിയമപ്രകാരം തിടനാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകളിലെ മൂന്നംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അംഗം സജി വര്‍ഗീസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. ആറു വര്‍ഷത്തേക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും വിലക്കുണ്ട്.
◾അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധസമരം. ആനപ്പാടിയില്‍ നടന്ന ജനകീയ പ്രതിഷേധ സമരം കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാല്‍ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
◾ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
◾ഇടുക്കി ശാന്തന്‍പാറയില്‍ പൂപ്പാറ ക്ഷേത്രോത്സവ ഡ്യൂട്ടിക്കിടെ ജനമധ്യത്തില്‍ നൃത്തം ചെയ്ത അഡീഷണല്‍ എസ് ഐ കെ സി ഷാജിയെ സസ്പെന്‍ഡ് ചെയ്തു. ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
◾വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ മാള്‍ഡാ സ്വദേശി ഹസനു സമാന്‍ (31) ആണ് മരിച്ചത്. കരുവാറ്റ ടി ബി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
◾ചലച്ചിത്രഗാനങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ഗാനരചയിതാക്കള്‍. കൊച്ചിയില്‍ ഗാന രചയിതാക്കള്‍ യോഗം ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. യൂട്യൂബില്‍ പേരൊഴിവാക്കുന്നത് റോയല്‍ട്ടിയെ ബാധിക്കുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പേരെടുത്ത മുതിര്‍ന്ന ഗാനരചയിതാക്കള്‍ക്ക് പോലും കിട്ടുന്നത് തുച്ഛമായ വേതനമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ ഗാനരചയിതാക്കള്‍ക്കു മികച്ച പ്രതിഫലം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
◾ഗുജറാത്തിലെ ബനാസ് ഡയറിയില്‍ ചാണകംകൊണ്ട് ഗ്യാസുണ്ടാക്കുന്ന പ്ലാന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി. ദിവസവും 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങിക്കൊണ്ടുവന്നാണ് പ്ലാന്റിലേക്ക് ഉപയോഗിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
◾റിപ്പോ നിരക്കിലും പലിശയിലും വര്‍ധനയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്നു ദിവസം നീണ്ട എംപിസി യോഗത്തിലാണ് തീരുമാനം. മുന്‍കാല നിരക്ക് വര്‍ദ്ധന ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 44-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. അസാധ്യമെന്ന വാക്ക് ബിജെപിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് കേരളത്തിലെ വിഴിഞ്ഞം പദ്ധതി അദാനിക്കു കൊടുത്തത് മറക്കരുതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അദാനിക്ക് പദ്ധതികള്‍ നല്‍കുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും അദാനിക്കു നല്‍കിയ പദ്ധതികള്‍ എത്രയെണ്ണമാണ്? കോണ്‍ഗ്രസിനും രാഹുലിനും ഇരട്ടത്താപ്പാണെന്നും നിര്‍മ്മല പറഞ്ഞു.
◾കര്‍ണാടക തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 58 സീറ്റുകളില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപിയില്‍നിന്ന് രാജിവച്ച് എത്തിയവര്‍ക്കും സീറ്റു നല്‍കിയിട്ടുണ്ട്. മെയ് പത്തിനാണ് വോട്ടെടുപ്പ്.
◾ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടിലുള്ള ധര്‍മരാജ ക്ഷേത്രത്തില്‍ അഞ്ചുപേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ഉത്സവത്തിനിടെ പല്ലക്കെഴുന്നള്ളിപ്പിനു ശേഷം കുളത്തില്‍ കുളിക്കാനിറങ്ങിയവരാണു മരിച്ചത്.
◾കാനഡയില്‍നിന്ന് കാമുകനെതേടി ഇന്ത്യയിലെത്തിയ യുവതിയെ കാമുകന്‍ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ കൊലപ്പെടുത്തിയ കാമുകനായ സുനിലിനെ അറസ്റ്റു ചെയ്തു.
◾ഷാജഹാന്‍ ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്ന ആരോപണവുമായി ആസാമിലെ ബിജെപി എംഎല്‍എ രൂപ്ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
◾ഭാര്യയുമായി വഴക്കിട്ട് മദ്യലഹരിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ കയറി ഹൈടെന്‍ഷന്‍ വയറില്‍ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ ചിന്നമങ്കോട് സ്വദേശിയായ ധര്‍മ്മദുരൈ എന്ന 33കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
◾ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾ലോകത്തിലെ ഏറ്റവും വലിയ ധനികനും ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയിസ് വ്യൂട്ടന്‍ (എല്‍.വി.എം.എച്ച്) സി.ഇ.ഒയുമായ ബെര്‍നാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. വ്യക്തിഗത സമ്പത്തിന്റെ കാര്യത്തില്‍ ഇത്രയും ഉയരങ്ങളിലെത്തുന്ന മൂന്നാമത്തെ വ്യക്തിയായി ഇതോടെ ബെര്‍നാഡ് അര്‍നോള്‍ട്ട് മാറി. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക്, ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരായിരുന്നു മുമ്പ് ഈ പദവി കൈവരിച്ചത്. പുതുക്കിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക അനുസരിച്ച് അര്‍നോള്‍ട്ടിന്റെ ആസ്തി ചൊവ്വാഴ്ച 2.4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 201 ബില്യണ്‍ ഡോളറായി. ലോകത്തിലെ സമ്പന്നര്‍ക്കിടയില്‍ ആഡംബര വസ്തുക്കളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ എല്‍.വി.എം.എച്ച് ഓഹരികള്‍ 30 ശതമാനം വര്‍ധിച്ചു. ഇത് അര്‍നോള്‍ട്ടിന്റെ സമ്പത്തില്‍ 39 ബില്യണ്‍ ഡോളര്‍ വര്‍ധനവുണ്ടാക്കി. അതേസമയം മസ്‌കിന്റെയും ബെസോസിന്റെയും സമ്പത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതും വൈദ്യുത വാഹന നിര്‍മാണരംഗത്തെ മൂല്യത്തിലുണ്ടായ 50 ശതമാനം ഇടിവും അദ്ദേഹത്തിന്റെ സമ്പത്തില്‍ 25 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കി. 128 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ബെസോസ് ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്.
◾ഗൂഗിള്‍ കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 7ന് വന്‍ ഡിസ്‌കൗണ്ടുമായി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട്. ഗൂഗിള്‍ പിക്‌സലിന് യഥാര്‍ത്ഥ വില 59,999 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ 20,999 രൂപയ്ക്ക് വാങ്ങാം. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടെ നിരവധി മികവുകളുള്ള ഫോണാണ് പിക്‌സല്‍ 7. പിക്‌സല്‍ 7ന് ഫ്‌ളാറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപ കിഴിവ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നതിലൂടെ അധികമായി 7,000 രൂപയുടെ ഡിസ്‌കൗണ്ടും നേടാം. പുറമേ ഉപയോക്താവിന്റെ ഇപ്പോഴത്തെ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 30,000 രൂപവരെ നേടാം. തിരഞ്ഞെടുത്ത മോഡലുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 3,000 രൂപ അധിക ബോണസും ലഭിക്കും. അതായത് 59,999 രൂപയുടെ ഫോണ്‍ 20,999 രൂപയ്ക്ക് സ്വന്തമാക്കാം. 90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനാണ് ഗൂഗിള്‍ പിക്‌സല്‍ 7നുള്ളത്. 4,355 എം.എ.എച്ച് ആണ് ബാറ്ററി. അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. 30 മിനിട്ടുകൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. മികച്ച പ്രകടനം നടത്തുന്ന ഗൂഗിള്‍ ടെന്‍സര്‍ ജി2, ടൈറ്റന്‍ എം2 പ്രൊസസറാണുള്ളത്. 50 എം.പിയാണ് പിന്നിലെ പ്രധാന ക്യാമറ. ഒപ്പം 12 എം.പി അള്‍ട്രാവൈഡ് ക്യാമറയുമുണ്ട്. 10.8 എം.പിയാണ് സെല്‍ഫി ക്യാമറ.
◾സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഏപ്രില്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. അരുണ്‍ കുര്യനാണ് ആണ് എത്സിയുടെ ഭാവി വരന്‍ സുശീലിനെ അവതരിപ്പിക്കുന്നത്. വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം രഞ്ജിനി ഹരിദാസ്, സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
◾2023 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. 2023 മാര്‍ച്ചില്‍ കമ്പനി 1,52,287 യൂണിറ്റുകളും 2022 മാര്‍ച്ചില്‍ 1,07,081 യൂണിറ്റുകളും വിറ്റഴിച്ചു. അങ്ങനെ വില്‍പ്പനയില്‍ 42 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ 74 ശതമാനം വര്‍ധിച്ചു. മാര്‍ച്ച് 22-ലെ 19,671 യൂണിറ്റില്‍ നിന്ന് മാര്‍ച്ച് 23-ല്‍ 34,235 യൂണിറ്റായി ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 21,193 യൂണിറ്റില്‍ നിന്ന് 51 ശതമാനം ഇടിഞ്ഞ് 10,330 യൂണിറ്റായി കുറഞ്ഞു. വൈടിഡി ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 16,41,084 യൂണിറ്റില്‍ നിന്ന് 18,05,883 യൂണിറ്റായി ഉയര്‍ന്നതോടെ 10 ശതമാനം വളര്‍ച്ച കൈവരിച്ചു. കയറ്റുമതി 21,95,772 യൂണിറ്റില്‍ നിന്ന് 16,36,956 യൂണിറ്റായി കുറഞ്ഞതോടെ 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാണിജ്യ ആഭ്യന്തര വാഹനങ്ങളുടെ വില്‍പ്പന 1,60,723 യൂണിറ്റില്‍ നിന്ന് 87 ശതമാനം വര്‍ധിച്ച് 3,00,734 യൂണിറ്റായി ഉയര്‍ന്നു. ആഭ്യന്തര വില്‍പ്പനയില്‍ വര്‍ധനയുണ്ടെങ്കിലും കയറ്റുമതി കണക്കുകള്‍ 41 ശതമാനം ഇടിഞ്ഞു. 2022 ഏപ്രില്‍-മാര്‍ച്ച് മാസങ്ങളില്‍ കയറ്റുമതി 3,10,854 യൂണിറ്റായിരുന്നു, 2023 ഏപ്രില്‍-മാര്‍ച്ചില്‍ ഇത് 1,84,284 യൂണിറ്റായിരുന്നു.
◾എഐ നിര്‍മ്മിത കവര്‍ ചിത്രത്തോടെ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ചാറ്റ്ജിപിടിയും നിര്‍മ്മിതബുദ്ധിയും’. നിങ്ങളൊരു വിദ്യാര്‍ത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ചാറ്റ്ജിപിടിയുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കും. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീന്‍ ലേണിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേള്‍ക്കുന്ന, എന്നാല്‍ ചാറ്റ്ജിപിടി പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് മികച്ച ധാരണ നല്‍കിക്കൊണ്ട് വിവിധ സാഹചര്യങ്ങളില്‍ ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാര്‍ത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. ട്രിഷാ ജോയിസ്. ഡിസി ബുക്സ്. വില 162 രൂപ.
◾ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള മോശം രക്തചംക്രമണം പേശീ വേദന, ദഹനപ്രശ്നങ്ങള്‍, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ് പോലുള്ള പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരിയായ രക്തചംക്രമണം നടക്കണം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സവാള, ഉള്ളി, മാതളനാരങ്ങ എന്നിവ പോലെ ഫ്ളാവനോയ്ഡുകള്‍ നിറയെ ഉള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തവാഹിനി കുഴലുകള്‍ വികസിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നത് വഴിയും വൈറ്റമിന്‍ സി രക്തചംക്രമണം വര്‍ധിപ്പിക്കും. തക്കാളി, ബെറി പഴങ്ങള്‍ എന്നിവയില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദം കുറച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ആല്‍മണ്ട്, വള്‍നട്ട് പോലുള്ള നട്സ് വിഭവങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസും കുറച്ച് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫാറ്റി ഫിഷും മറ്റ് കടല്‍ മീനുകളും ഹൃദയാഘാത സാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.91, പൗണ്ട് – 102.18, യൂറോ – 89.33, സ്വിസ് ഫ്രാങ്ക് – 90.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.95, ബഹറിന്‍ ദിനാര്‍ – 217.25, കുവൈത്ത് ദിനാര്‍ -267.02, ഒമാനി റിയാല്‍ – 212.75, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.30, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 60.79.