yt cover 54

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി. പരാതിക്കു കാത്തു നില്‍ക്കേണ്ടതില്ല. മതം, സമുദായം എന്നീ പരിഗണനകള്‍ നോക്കാതെ കേസെടുക്കണം. യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കു നേരത്തെ നല്‍കിയ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയത്.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരേ പോക്സോ കേസടക്കം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെത്തന്നെ കേസെടുക്കണമെന്നും സമരം തുടരുന്ന പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹി കോണോട്ട് പ്ലേസ് പോലീസ് കേസെടുത്തത്. പരാതി നല്‍കി ഒരാഴ്ചയായിട്ടും കേസെടുക്കാത്തതു കോടതി ചോദ്യം ചെയ്തപ്പോള്‍ ഇന്നലത്തെന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കേസെടുത്തെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. പ്രതിയെ അറസ്റ്റു ചെയ്യണമെന്നു ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍നിന്ന് 392 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ നാല്പതോളം മലയാളികളുണ്ട്. സുഡാനില്‍നിന്ന് ഓപറേഷന്‍ കാവേരിയിലൂടെ 1,492 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 3,400 ഇന്ത്യക്കാരാണ് സുഡാനിലുണ്ടായിരുന്നത്.

കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്നു രാവിലെ എട്ടിനു പുനരാരംഭിക്കും. ഇന്നലെ പുലര്‍ച്ചെ നാലര മുതല്‍ ഉച്ചവരെ തെരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്തെ ഇടതൂര്‍ന്ന ചോലയ്ക്കുള്ളില്‍ അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

റേഷന്‍ കടകള്‍ ഇന്നു തുറക്കും. ഇ പോസ് സര്‍വര്‍ തകരാര്‍ മൂലമാണ് രണ്ടു ദിവസം അടച്ചിട്ടത്. പ്രശ്നം പരിഹരിച്ചതോടെയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്.

ഇറാന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ നാലു മലയാളികള്‍. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്‍, കടവന്ത്ര സ്വദേശികളായ ജിസ്മോന്‍, ജിബിന്‍ ജോസഫ്, എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍ എന്നിവരാണു കപ്പലിലുള്ള മലയാളികള്‍. കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റില്‍നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാനിയന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുത്തത്.

ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചെലവാക്കിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ 66 കോടി രൂപയുടെ ഫണ്ട് കേരളത്തിന് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2021- 22 ലെ വിഹിതമായ 62.80 കോടി രൂപ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണു നല്‍കിയത്. ഈ തുക ചെലവാക്കിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നില്ല. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലല്ലേ കരടി ചത്തതെന്നു ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. പൊതുതാത്പര്യ ഹര്‍ജിയില്‍ വനം വകുപ്പ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പത്തനംതിട്ടയില്‍ ആകാശവാണി എഫ് എം റിലേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷന്‍. തിരുവനന്തപുരം ആകാശവാണിയില്‍ നിന്നുള്ള പരിപാടികളാണ് പ്രക്ഷേപണം ചെയ്യുക. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 91 എം എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ പത്തനംതിട്ടയ്ക്കു പുറമെ കായംകുളത്തും പുതിയ എഫ്എം സ്റ്റേഷന്‍ ഉണ്ടാകും.

വന്ദേഭാരതിന്റെ സുഗമയാത്രയ്ക്കുവേണ്ടി പല ട്രെയിനുകളും പിടിച്ചിടുകയും സമയമാറ്റുകയും ചെയ്യുന്നത് യാത്രക്കരെ ദുരിതത്തിലാക്കുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്. സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റു ട്രെയിനുകളുടെ സമയം കവര്‍ന്നാണു വന്ദേഭാരതിന്റെ യാത്രയെന്ന് സംഘടന കുറ്റപ്പെടുത്തി.

വീണ്ടും മന്ത്രിയാകാത്തതില്‍ നിരാശയില്ലെന്ന് എംഎല്‍എ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കെ. കെ ശൈലജയുടെ ആത്മകഥാ ഗ്രന്ഥമായ ”മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ചടങ്ങിലാണ് ശൈലജ ഇങ്ങനെ പ്രതികരിച്ചത്. ഏല്‍പിച്ച ദൗത്യങ്ങള്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെയും വിശ്വാസ്യതയോടെയുമാണു ശൈലജ നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ നവീകരിച്ച കണ്ടംകുളം ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ജൂബിലി ഹാള്‍ എന്നു പേരിടാനുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരേ ബിജെപി. എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വേണ്ടിയുള്ള ഹാളിന് ഒരാളുടെ മാത്രം പേരിടരുതെന്നാണ് ആവശ്യം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ച തീരുമാനം മാറ്റില്ലെന്ന് മേയര്‍ പ്രൊഫ ബീന ഫിലിപ്പ് പ്രതികരിച്ചു. മന്ത്രി എംബി രാജേഷ് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേ, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ ഉദ്ഘാടന സമരവും നടത്തി.

കേരളത്തിന്റെ വനം വകുപ്പ് ഏറ്റവും മോശമാണെന്ന മേനകാ ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രന്‍. വന്യമൃഗങ്ങളുടെ സംരക്ഷണത്തില്‍ കേരളം ഏറെ മുന്നിലാണ്. കേരളത്തിന്റെ വന, മൃഗ സംരക്ഷണം മനസിലാക്കാന്‍ മനേകാ ഗാന്ധിയെ സ്വാഗതം ചെയ്യുന്നവെന്നും മന്ത്രി മനേകാ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

‘കേരള സ്റ്റോറി’ സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ 32,000 വനിതകളെ ഐഎസ്ഐഎസില്‍ റിക്രൂട്ട് ചെയ്തെന്ന നുണ പ്രചാരണമാണ് ബംഗാളി സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചു കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണു സിനിമയെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൃശൂര്‍ നഗരത്തെ വിറപ്പിച്ചുകൊണ്ട് പൂരം സാമ്പിള്‍ വെടിക്കെട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനു നടക്കാനിരിക്കുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിനെ വെല്ലുന്ന പ്രകടനമാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ കാഴ്ചവച്ചത്. നാളെയാണു തൃശൂര്‍ പൂരം.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍ ചുമന്നുകൊണ്ട്. കേടായ ലിഫ്റ്റ് ഒരു മാസമായിട്ടും നന്നാക്കാത്തതാണു കാരണം. കഴിഞ്ഞയാഴ്ച ഡിസ്ചാര്‍ജായ ഒരു രോഗിയെ ആറാം നിലയില്‍ നിന്ന് ചുമട്ടുകാരാണു ചുമന്ന് താഴെ ഇറക്കിയത്. ഈ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച് പ്രായപൂര്‍ത്തിയാകാത്ത 13 കുട്ടികള്‍ പിടിയിലായി. രക്ഷിതാക്കളായ 13 പേര്‍ക്ക് മഞ്ചേരി സി ജെ എം കോടതി 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷിച്ചു.

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവില്‍ രണ്ട് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ഫഹദ് എന്നിവരാണ് മരിച്ചത്.

കോട്ടയം പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി അജി പി. വര്‍ഗീസ് വടക്കേക്കര (50) നിര്യാതനായി. നാട്ടില്‍ ചികിത്സയിലായിരുന്നു.

വര്‍ക്കലയില്‍ ട്രെയിനിടിച്ച് എന്‍ജിനിലെ കമ്പിയില്‍ കുരുങ്ങിയ വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടില്‍ ഭാനു ആണ് മരിച്ചത്. 65 വയസായിരുന്നു.

എറണാകുളം മുണ്ടംവേലിയില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. മുണ്ടംവേലി ചെറുപറമ്പില്‍ സി.ടി.ജോസഫ് (48) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം രണ്ടു തൊഴിലാളികള്‍ കൂടി കെട്ടിടത്തില്‍നിന്ന് വീണിരുന്നു.

തൊടുപുഴയിലെ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖിനെയാണ് കൊല്‍ക്കത്തയില്‍നിന്ന് പിടികൂടിയത്. ഇയാള്‍ക്കും ഭാര്യയും മക്കളുമുണ്ട്.

രണ്ട് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് 29 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടി ബെന്നി പോളി(50)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിനരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. എടക്കര പാലേമാട് മേല്‍മുറിയില്‍ സുധീഷ് (40)നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിഷപാമ്പ് പരാമര്‍ശം നടത്തിയ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. പരാമര്‍ശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതില്‍ നടപടി വേണമെന്നുമാണ് ആവശ്യം.

വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിനു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ്. നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിര്‍സയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടുനില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ് ജന്തര്‍ മന്തറിലെ സമരമെന്ന് സാനിയ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങള്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്നും സാനിയ മിര്‍സ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ക്കെതിരേ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. സിറ്റിംഗ് ജഡ്ജിയുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

തനിക്കെതിരെ സുപ്രീംകോടതിയിലുള്ള രേഖകള്‍ അര്‍ദ്ധരാത്രിക്കു മുമ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ വിചിത്ര ഉത്തരവ്. അര്‍ധരാത്രി കഴിഞ്ഞ് 12.15 വരെ ചേംബറില്‍ ഇരിക്കുമെന്നും ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ വ്യക്തമാക്കി. സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഈ ഉത്തരവ് സ്റ്റേ ചെയ്തു. തന്റെ പരിഗണനയിലുണ്ടായിരുന്ന കേസില്‍ മാധ്യമത്തിന് അഭിമുഖം നല്കി അഭിപ്രായങ്ങള്‍ പറഞ്ഞതിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ഗംഗോപാദ്ധ്യായയെ വിമര്‍ശിച്ചിരുന്നു. സ്‌കൂള്‍ അദ്ധ്യാപക നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ എന്‍ഫോഴ്സ്മെന്റും സി ബി ഐയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച കേസിലാണ് വിവാദ സംഭവങ്ങള്‍. ഈ കേസ് മറ്റൊരു ജഡ്ജിക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിറകേയാണ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ ഉത്തരവിട്ടത്.

മുസ്ലീങ്ങള്‍ക്കു നാലു ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ജെഡിഎസ് പ്രകടന പത്രികയില്‍ വാഗ്ദാനം. അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാന്‍ഡിനെ രക്ഷിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം.

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. എം.കെ. ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

ജമ്മു കാഷ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി കേസില്‍ സിബിഐ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴിയെടുത്തു. മൂന്നു മണിക്കൂറാണു സി ബി ഐ മൊഴി രേഖപ്പെടുത്തിയത്. റിലയന്‍സിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബോണ്ടുകള്‍ ഇഷ്യൂ ചെയ്ത് 7,500 ലക്ഷം ഡോളര്‍ ധനസമാഹരണം നടത്തുന്നു. 6100 കോടി രൂപയാണ് എസ്ബിഐ സമാഹരിക്കുന്നത്.

ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ് വായ്പ ലഭ്യമാക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന കേസില്‍ പ്രതിയായ ബിബിസി ചെയര്‍മാന്‍ റിച്ചാര്‍ജ് ഷാര്‍പ്പ് രാജിവച്ചു.

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നേടിയ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ തകര്‍ന്ന പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്റെ തോല്‍വി. 72 റണ്‍സ് നേടിയ മാക്കസ് സ്റ്റോയിനിസിന്റേയും 54 റണ്‍സ് നേടിയ കൈല്‍ മായേഴ്സിന്റേയും 45 റണ്‍സ് നേടിയ നിക്കോളാസ് പുരന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 201 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഈ ജയത്തോടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി വ്യാഴാഴ്ച 82,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) അധികം വര്‍ധിച്ചു. മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റിന്റെ ആദ്യ പാദ വരുമാനം മികച്ച പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആസ്തി വര്‍ധന. 2023ലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനത്തില്‍ 3 ശതമാനം വര്‍ധനവോടെ 2865 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 2790 കോടി ഡോളറായിരുന്നു. പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ച 201 കോടിയില്‍ നിന്ന് 204 കോടിയായി. വരുമാന റിപ്പോര്‍ട്ടിന് ശേഷം മെറ്റയുടെ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നു. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 8730 കോടി ഡോളറായി ഉയരുകയും ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ അദ്ദേഹം 12-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഫെബ്രുവരി 2-ന് 1250 കോടി ഡോളറും ഒരു വര്‍ഷം മുമ്പ് 1100 കോടി ഡോളറുമാണ് മുമ്പ് സക്കര്‍ബര്‍ഗിന്റെ ഒരു ദിവസത്തെ ഏറ്റവും വലിയ ആസ്തി വര്‍ധനവ് രേഖപ്പെടുത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലേക്കുള്ള ട്രാഫിക് വര്‍ധിപ്പിക്കാനും പരസ്യ വില്‍പ്പനയില്‍ കൂടുതല്‍ വരുമാനം നേടാനും നിര്‍മിത ബുദ്ധി കമ്പനിയെ സഹായിക്കുന്നുണ്ടെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയിയില്‍ സക്കര്‍ബര്‍ഗിനെ കൂടാതെ വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് ജെഫ് ബെസോസ് (480 കോടി ഡോളര്‍), ഇലോണ്‍ മസ്‌ക് (420 കോടി ഡോളര്‍), ലാറി പേജ് (300 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (290 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കാണ്.

വിശാല്‍, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘മാര്‍ക് ആന്റണി’ ടീസര്‍ എത്തി. ടൈം ട്രാവലാണ് സിനിമയുടെ വിഷയം. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തില്‍ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ വിശാലും എസ്.ജെ. സൂര്യയും ഇരട്ടവേഷത്തിലെത്തുന്നു. വിശാലിന്റെ സ്റ്റൈലന്‍ മേയ്ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ദളപതി വിജയ് ആണ് ടീസര്‍ റിലീസ് ചെയ്തത്. റിതു വര്‍മ, അഭിനയ എന്നിവരാണ് നായികമാര്‍. സുനില്‍, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ജി.വി. പ്രകാശ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്നത്.

മലയാളത്തിലെ ജനപ്രിയ സംഗീതസംവിധായകരായ ഗോപി സുന്ദറും ഷാന്‍ റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു. ‘നെയ്മര്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പാട്ടൊരുക്കുക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷാന്‍ റഹ്‌മാന്‍ പാട്ടുകളും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവുമൊരുക്കും. ‘നെയ്മര്‍’ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയും സംഗീതശകലങ്ങളിലൂടെയും വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍ സമ്മാനിക്കുന്ന ഷാന്‍ റഹ്‌മാനും ഗോപി സുന്ദറും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘നെയ്മര്‍’ അടുത്ത മാസം തിയറ്ററിലെത്തും. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നെയ്മര്‍’. മാത്യു, നസ്ലിന്‍, വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, ബോബി രശ്മി, ബേബി ദേവനന്ദ തുടങ്ങിയവര്‍ വേഷമിടുന്നു.

നീണ്ട 17 വര്‍ഷത്തിനൊടുവില്‍ എഫ്‌ജെ ക്രൂസറിന്റെ ഉല്‍പാദനം ടൊയോട്ട അവസാനിപ്പിക്കുന്നു. അവസാന എഡിഷനായി 1,000 എഫ്‌ജെ ക്രൂസറുകള്‍ പശ്ചിമേഷ്യന്‍ വിപണിയില്‍ വിറ്റശേഷം ഈ വാഹനത്തെ പിന്‍വലിക്കാനാണ് ജാപ്പനീസ് കമ്പനിയുടെ തീരുമാനം. വിപണിയില്‍ തരംഗം സൃഷ്ടിച്ച എഫ്‌ജെ ക്രൂസര്‍ ഭാവിയില്‍ ഇവി മോഡലായി അവതരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പഴമ തുളുമ്പുന്ന രൂപവും ഓഫ് റോഡിങ്ങിന് പറ്റിയ കരുത്തുമായി 2006ലാണ് എഫ്‌ജെ ക്രൂസറിനെ ടൊയോട്ട അവതരിപ്പിച്ചത്. 2022 സെപ്റ്റംബറിലാണ് അവസാന എഡിഷനായി പശ്ചിമേഷ്യയില്‍ ആയിരം വാഹനങ്ങള്‍ കൂടി പുറത്തിറക്കിയ ശേഷം എഫ്‌ജെ ക്രൂസര്‍ പിന്‍വലിക്കുമെന്ന് ടൊയോട്ട അറിയിച്ചത്. തവിട്ടു നിറത്തിലുള്ളതായിരിക്കും ഫൈനല്‍ എഡിഷന്‍ വാഹനങ്ങള്‍. ഫൈനല്‍ എഡിഷന്‍ വാഹനങ്ങളില്‍ 270എച്ച്പി കരുത്തും പരമാവധി 370എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ടൊയോട്ട വി 6 എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എഫ്‌ജെ ക്രൂസര്‍ വില്‍ക്കുന്നില്ല. എങ്കില്‍ പോലും ചുരുക്കം ചില മോഡലുകള്‍ വാഹനപ്രേമികള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തിട്ടുമുണ്ട്. രൂപകല്‍പനകൊണ്ടും കരുത്തുകൊണ്ടും നിരവധി പേരുടെ മനം കവര്‍ന്ന ടൊയോട്ട വാഹനമാണ് എഫ്‌ജെ ക്രൂസറിനൊപ്പം പിന്‍വാങ്ങുന്നത്.

അക്ഷരം അറിയാമായിരുന്നെങ്കില്‍ താനൊരു നോവലെഴുതുമായിരുന്നുവെന്ന് ഒന്നാമന്‍ കഠിനമായി വ്യസനിച്ചു. അക്ഷരം പഠിച്ചെന്നാലും നീതികിട്ടത്തില്ലെന്ന് രണ്ടാമന്‍ കണിശമായും വിശ്വസിച്ചു. ചരിത്രവും കഥകളും കെട്ടുപിണഞ്ഞ ഓര്‍മ്മപ്പടര്‍പ്പുകളില്‍ ഒരിക്കലും പിടിതരാതെ തെന്നിമറഞ്ഞ ഒന്നാമന്‍ നിനവുകളില്‍ മാത്രം വന്നും പോയുമിരുന്നു. രണ്ടാമനെ സ്വപ്നങ്ങള്‍ക്ക് തൊടാനാകുമായിരുന്നില്ല. അയാള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അലഞ്ഞു, ഭ്രമഭാവനയുടെ പുറംതോട് പൊട്ടിച്ച് പിന്നെയും പിന്നെയും ജനിച്ചു. നഗരം ഗ്രാമങ്ങളെ വിഴുങ്ങിത്തുടങ്ങുകയും ഗ്രാമങ്ങള്‍ പതിവിലും വളഞ്ഞുതുടങ്ങുകയും സായാഹ്നവെയില്‍ തൂകിത്തുടങ്ങുകയും

ചെയ്ത നേരത്താണ് ആദ്യമായും അവസാനമായും രണ്ടാമനെ കണ്ടുമുട്ടിയത്. അവര്‍ രണ്ടു കഥകളായിരുന്നു. രണ്ടു ഗാഥകള്‍! മനുഷ്യന്റെ അധികാരാര്‍ത്തിയും അഹംബോധവും മൂലം നീതി നിഷേധിക്കപ്പെടുന്ന സമൂഹങ്ങളുടെ ജീവിതം നിറയുന്ന നോവല്‍. ‘ആ’. കെ.പി ജയകുമാര്‍. മാതൃഭൂമി. വില 270 രൂപ.

തലവേദനയുള്ളപ്പോള്‍ ഉറങ്ങാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍, ഉറങ്ങുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ, തലവേദനയുള്ളപ്പോള്‍ ഉറങ്ങുന്നത് നല്ലതാണ്. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക് പരിഹാരമാണ്. 10-15 സെക്കന്‍ഡ് നേരമെങ്കിലും ഹെഡ് മസാജ് ചെയ്യാന്‍ ശ്രമിക്കണം. ഭക്ഷണം കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. അതുകൊണ്ടു തന്നെ, ഭക്ഷണം കഴിയ്ക്കുന്നതും തലവേദന കുറയ്ക്കും. പലപ്പോഴും ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെയും തലവേദന ഒഴിവാക്കാനാകും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റെ ഫലമായാണ് പലപ്പോഴും തലവേദന നമ്മളെ പിടി കൂടുന്നതും. തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപ്പോഴും ഇത് തലവേദനയെ തുരത്തും. അതിനാല്‍, തലവേദനയുള്ളപ്പോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല, മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് പലപ്പോഴും ശാന്തമാകുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

1987 ഒക്ടോബര്‍ 1, അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. പിതാവിന്റെ കൈകളിലേക്ക് ഡോക്ടര്‍ കുഞ്ഞിനെ ഏല്‍പിച്ചു. കുഞ്ഞിനെ കണ്ട് അയാള്‍ ഞെട്ടിപ്പോയി. കുഞ്ഞിന് ഇരുകാലുകളും ഇല്ല! ഈ കുഞ്ഞിനെ എനിക്ക് വേണ്ട. ഒരു നിമിഷം പോലും ചിന്തിക്കാതെ അയാള്‍ കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചു. ഭാര്യയേയോ ആറുവയസ്സുകാരി മൂത്തമകളെയോ ആ കുഞ്ഞിന്റെ മുഖം പോലും കാണാന്‍ അയാള്‍ അനുവദിച്ചില്ല. ഡോക്ടര്‍ , തന്റെ സുഹൃത്തുക്കള്‍ക്ക് ആ കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന് അന്വേഷിച്ചു. അവര്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. അവര്‍ ആ കുഞ്ഞിനെ ദത്തെടുത്തു. ജെന്നിഫര്‍ ബിക്കര്‍ എന്ന് പേരുമിട്ടു. എനിക്ക് പറ്റില്ല എന്ന് ഒരിക്കലും പറയരുതെന്ന് അവര്‍ ആ മകളെ പഠിപ്പിച്ചു. ഒരു ദിവസം ടിവിയില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക്‌സ് പ്രകടനം ജെന്നിഫര്‍ കണ്ടു. തനിക്കും അതുപോലെ ജിംനാസ്റ്റിക്‌സ് പഠിക്കണം അവര്‍ പറഞ്ഞു. മാതാപിതാക്കള്‍ അവളെ ഒരു ജിംനാസ്റ്റിക്‌സ് സ്‌കൂളില്‍ ചേര്‍ത്തു. ടെലിവിഷനില്‍ കണ്ട പെണ്‍കുട്ടിയെ റോള്‍മോഡലാക്കി അവള്‍ പരിശീലനം തുടങ്ങി. . 1996 ലെ അറ്റ്‌ലാന്റിക് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമില്‍ അവളുടെ റോള്‍മോഡല്‍, ഡൊമിനിക് അംഗമായപ്പോള്‍, രണ്ടുവര്‍ഷത്തിന് ശേഷം നടന്ന ജൂനിയര്‍ ഒളിംപിക്‌സില്‍ ജെന്നിഫറും സമ്മാനം നേടി! പതിനൊന്നാമത്തെ വയസ്സില്‍ സംസ്ഥാനത്തെ ശാരീരിക പരിമിതിയുളളവരുടെ മത്സരത്തില്‍ ജെന്നിഫര്‍ ചാംമ്പ്യനായി. ജിംനാസ്റ്റിക്‌സിനു പുറമേ, മോഡല്‍, ടെലിവിഷന്‍ അവതാരക, മോട്ടിവേഷന്‍ സ്പീക്കര്‍ എന്നീ നിലകളിലെല്ലാം ജെന്നിഫര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ‘ഒന്നും അസാധ്യമല്ല’ എന്ന ജെന്നിഫറിന്റെ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.. അതെ, ഒന്നും അസാധ്യമല്ല. എന്ന് സ്വയം വിശ്വസിക്കുന്നിടത്തുനിന്നാണ് സാധ്യതകളുടെ വലിയ ലോകം നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നത്… നമുക്ക് ഈ വിജയമന്ത്രം മനസ്സില്‍ ഉരുവിടാം — ഒന്നും അസാധ്യമല്ല – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *