sunset 22

ദേവികുളം മുന്‍ എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്കു സുപ്രീം കോടതി ഭാഗിക സ്റ്റേ അനുവദിച്ചു. എ രാജ സമര്‍പ്പിച്ച അപ്പീലിലാണ് കേസ് ജൂലൈയില്‍ പരിഗണിക്കുന്നതു വരെ വിധി സ്റ്റേ ചെയ്തത്. ഇതോടെ രാജയ്ക്കു നിയമസഭ നടപടികളില്‍ പങ്കെടുക്കാം. പക്ഷേ വോട്ടു ചെയ്യാനുള്ള അവകാശമില്ല. നിയമസഭ അലവന്‍സും പ്രതിഫലവും വാങ്ങാനുള്ള അവകാശവും ഉണ്ടായിരിക്കില്ല.

കാട്ടാന അരിക്കൊമ്പനെ കാണാനില്ല. മയക്കുവെടി വച്ചു പിടികൂടാന്‍ വനത്തിലിറങ്ങിയ ദൗത്യ സംഘത്തിന് അരിക്കൊമ്പനെ കണ്ടെത്താനാകാതെ ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തില്‍നിന്നു മാറി കാട്ടില്‍ ഉറങ്ങുകയാണെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം. പുലര്‍ച്ചെ നാലു മുതല്‍ നൂറ്റമ്പതോളം പേരടങ്ങുന്ന ദൗത്യസംഘം വനത്തിലാണ്. ദൗത്യം തുടരുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികളുടെ ഹെല്‍മെറ്റ് വിദ്യാലയങ്ങളില്‍ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൂട്ടികളെ മൂന്നാമതൊരാളായി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടാലും ഫലമുണ്ടാകുമെന്നു പ്രതീക്ഷയില്ല. എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ മേയ് പത്തിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി.

വേനല്‍ മഴ ശക്തമാകുന്നു. ഞായറാഴ്ച എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. തിങ്കളാഴ്ച ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ഉച്ചയ്ക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം ഏഴിനാണു സാമ്പിള്‍ വെടിക്കെട്ട്. ഞായറാഴ്ച തൃശൂര്‍ പൂരം. മേയ്ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനു പൂരം വെടിക്കെട്ട്.

‘ദി കേരള സ്റ്റോറി’ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളം സമീപകാലത്തു കണ്ട ഏറ്റവും വലിയ കുംഭകോണമാണ് എഐ ക്യാമറ ഇടപാടെന്ന് ഷിബു ബേബി ജോണ്‍. ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണെങ്കില്‍ പരിശോധിക്കാന്‍ 164 പേരെ നിയോഗിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യ പരിചരണത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പിന്നിടുന്ന തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സുവര്‍ണ വര്‍ഷാഘോഷങ്ങള്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എംപി, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്ദിക്കര, ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

രണ്ടുപേരില്‍ നിന്നായി 93 പവന്‍ സ്വര്‍ണവും ഒമ്പത് ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയില്‍ വനിതാ എഎസ്ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വര്‍ണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലുള്ള മാലിന്യക്കുഴിയിലെ തീകുണ്ഠത്തില്‍ വീണ കൊല്‍ക്കത്ത സ്വദേശി നസീര്‍ ഷെയ്ഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായിരുന്ന ഇയാള്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കുഴിയിലേക്കു വീഴുകയായിരുന്നു.

കരിപ്പൂരില്‍ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സൂള്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസ്, പട്ടര്‍കുളം സ്വദേശിയായ യാസിം എന്നിവരാണ് പിടിയിലായത്.

പാലക്കാട് കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീടിനും വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയും കാറും കത്തി നശിച്ചു.

ക്ഷേത്രത്തിലെ വാതിലുകള്‍ക്ക് തീയിട്ടശേഷം മോഷണശ്രമം. തിരുവന്തപുരം പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്താ ക്ഷേത്രത്തിലെ രണ്ട്ുവാതിലുകളാണ് കത്തിച്ചത്. ക്ഷേത്രത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞിട്ടുണ്ട്.

ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വസതിയില്‍ സിബിഐ സംഘം. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങളുടെ തെളിവു ശേഖരിക്കാനും മൊഴിയെടുക്കാനുമാണ് സിബിഐ സംഘം എത്തിയത്. സിബിഐ നേരത്തെ സത്യപാല്‍ മാലിക്കിനു നോട്ടീസ് നല്‍കിയിരുന്നു.

മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പ്രസംഗിക്കാനിരുന്ന വേദിക്കു തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചെന്നാണ് ഗോത്രവര്‍ഗ സംഘടന പറയുന്നത്. പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. മോദി പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ജിയയുടെ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

സമരം നടത്തുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരായ പി ടി ഉഷ എംപി യുടെ പരാമര്‍ശം അപഹാസ്യമായിപ്പോയെന്ന് ശശി തരൂര്‍ എംപി. പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് ‘രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ’ കളങ്കപ്പെടുത്തില്ല. അവരുമായി ചര്‍ച്ച നടത്തി ന്യായമായ നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു.

മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം സംബന്ധിച്ചു വിശദ സത്യവാങ്മൂലം നല്‍കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി. വികാസ് ദുബൈ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതീഖ് അഹമ്മദിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വിവരം പ്രതികള്‍ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു. ആംബുലന്‍സിലോ വാഹനത്തിലോ കൊണ്ടുപോകാതെ നടത്തി കൊണ്ടുപോയത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.

തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. 54 വയസുള്ള ബാലനാണ് മരിച്ചത്. മസിനി എന്ന പിടിയാനയാണ് പാപ്പാനെ ആക്രമിച്ചത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ആയിരം പൈലറ്റുമാരെ നിയമിക്കുന്നു. ക്യാപ്റ്റന്‍മാരും പരിശീലകരും ഉള്‍പ്പെടെയുള്ളവരെ നിയമിക്കും. നിലവില്‍ എയര്‍ ഇന്ത്യയില്‍ 1,800 ലധികം പൈലറ്റുമാരുണ്ട്.

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

സ്വകാര്യമേഖല ബാങ്കായ ആക്‌സിസ് ബാങ്ക് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 5,728.42 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ ഉപഭോക്തൃ ബിസിനസ്, സിറ്റികോര്‍പ്പ് ഫിനാന്‍സ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ഉപഭോക്തൃ ബിസിനസ് എന്നിവയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിന് കാരണം. 11,949 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍ നടന്നത്. പ്രൊവിഷനിംഗ് പോളിസികള്‍, പ്രവര്‍ത്തനച്ചെലവുകള്‍, ഒറ്റത്തവണ ഏറ്റെടുക്കല്‍ ചെലവുകള്‍ എന്നിവയുള്‍പ്പടെയുള്ള അധിക ചിലവുകള്‍ ചേര്‍ത്ത് ആക്‌സിസ് ബാങ്കിന് ഈ പാദത്തിലെ ഒറ്റത്തവണ ചെലവ് 12,489.82 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ബാങ്കിന്റെ അറ്റാദായം 4,118 കോടി രൂപയായിരുന്നു. ബാങ്കിംഗില്‍ നിന്നുള്ള വരുമാനം 33 ശതമാനം ഉയര്‍ന്ന് 11,742 കോടി രൂപയായി. നാലാം പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 36 ബേസിസ് പോയിന്റ് കുറഞ്ഞ് 2.02 ശതമാനമായി ആയി. ബാങ്കിന്റെ വായ്പകള്‍ 2023 മാര്‍ച്ച് 31 വരെ 19 ശതമാനം വര്‍ധിച്ച് 8.45 ലക്ഷം കോടി രൂപയായി. മൊത്തം നിക്ഷേപത്തില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. ഇതില്‍ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 23 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപം 17 ശതമാനവും വര്‍ധിച്ചു. മൊത്തം നിക്ഷേപങ്ങളിലെ കറന്റ്-സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ വിഹിതം 215 ബേസിസ് പോയിന്റ് വര്‍ധിച്ച് 47ശതമാനമായി.

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ മീറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൂഗിള്‍ മീറ്റില്‍ 1080 റെസൊലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ മീറ്റ് ഒരുക്കുന്നത്. അതേസമയം, ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ മീറ്റിന്റെ വെബ് വേര്‍ഷനില്‍ മാത്രമേ 1080 പിക്സല്‍ റെസൊലൂഷനിലുള്ള വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം തന്നെ വെബ്കാം ക്വാളിറ്റിയും പരിഗണിക്കപ്പെടുന്നതാണ്. ഗൂഗിള്‍ മീറ്റില്‍ നല്‍കിയ പ്രത്യേക ടോഗിള്‍ ബട്ടണ്‍ ഇനേബിള്‍ ചെയ്താല്‍ റെസൊലൂഷനില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ സാധിക്കും. ഇതുവരെ, 720 പിക്സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്.

ചിരഞ്ജീവി നായകനാകുന്ന ചിത്രം’ഭോലാ ശങ്കറെന്ന’ ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങി. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ഇന്റര്‍വല്‍ സ്വീക്വന്‍സ് ചിത്രീകണം പുരോഗമിക്കുകയുമാണ്. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്‍.

കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക. 36 വര്‍ഷത്തിനുശേഷം കമല്‍ഹാസനും മണിരത്നവും ഒരുമിക്കുന്ന ചിത്രത്തിലാണ് നയന്‍താര എത്തുന്നത്. തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച നയന്‍താര ആദ്യമായാണ് കമല്‍ഹാസനൊപ്പം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിനുശേഷം കമല്‍ഹാസന്‍, മണിരത്നം ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശനത്തിലാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്. തമിഴകത്തിന്റെ പ്രിയ സംവിധായകന്‍ അറ്റ്ലി ആണ് ജവാന്‍ ഒരുക്കുന്നത്. അറ്റ്‌ലിയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ്. വിജയ് സേതുപതി ആണ് പ്രതിനായകന്‍. നയന്‍താരയുടെ 76-ാമത്തെ സിനിമയാണ് കമല്‍ഹാസന്‍ – മണിരത്നം ചിത്രം. നയന്‍താര ആദ്യമായാണ് മണിരത്നം ചിത്രത്തിന്റെ ഭാഗമാവുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ടെക് ഇന്നൊവേഷന്‍ കമ്പനിയായ മാറ്റര്‍, വരാനിരിക്കുന്ന ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയ്ക്കായി ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാര്‍ട്ടുമായി സഹകരിക്കുന്നു. എയിറ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനുമാണ് അവസരമൊരുക്കുന്നത്. ഇന്ത്യയിലെ 25 ജില്ലകളില്‍ ഉടനീളമുള്ള ഉപഭോക്താക്കള്‍ക്ക് 2000 പിന്‍ കോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ബൈക്ക് പ്രത്യേക ഓഫറുകളിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്‌സസ് നല്‍കിക്കൊണ്ട് വാങ്ങാം. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാര്‍ത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5കിവാട്ട് ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇലക്ട്രിക് മോട്ടോര്‍ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കിയെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകള്‍, വരും കാലലോകത്തിന്റെ വാതായനം എന്നീ കഥകള്‍ക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കന്‍കാറ്റില്‍ പെയ്ത മഴ, രാമകൃഷ്ണ അപ്പാര്‍ട്ട്‌മെന്റ്‌സ്, കഫറ്റേരിയ, മൃത്യോര്‍മാ, കോകില വാതില്‍ തുറക്കുമ്പോള്‍, കച്ചോടം, സ്റ്റോറിബോര്‍ഡ്, ക്ലാരയുടെ കാമുകന്‍ എന്നിങ്ങനെ പതിനഞ്ചു കഥകള്‍. ‘സ്റ്റോറിബോര്‍ഡ്’. സതീഷ് ബാബു പയ്യന്നൂര്‍. മാതൃഭൂമി. വില 142 രൂപ.

ഇന്നത്തെ കാലത്ത് മിക്കവരുടെയും പ്രശ്‌നമാണ് മറവി. ചിലര്‍ക്ക് പ്രായമാകും തോറുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുള്ളത് എങ്കില്‍, ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മിക്കവരിലും കണ്ടു വരുന്നു. ഇത്തരം മറവികള്‍ ഒരുപരിധി വരെ നമ്മള്‍ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കുവാന്‍ സാധിക്കുന്നവയാണ്. അമിതമായി സെട്രസ്സ് അനുഭവിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മറവി. നല്ല ടെന്‍ഷനോ, അതുമല്ലെങ്കില്‍ അമിതമായ ആകാംഷ, ഡിപ്രഷന്‍, ഇവയെല്ലാം മെമ്മറി പവറിനെ കുറയ്ക്കുന്ന ഘടകങ്ങളാണ്. നമ്മളുടെ മെന്റല്‍ ഹെല്‍ത്ത് നല്ലതല്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തേയും ഓര്‍മ്മ ശക്തിയേയും കാര്യമായി ബാധിക്കും. നന്നായി മദ്യപിച്ചിട്ടും എനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ല എന്ന് കരുതുന്നവരാണ് മിക്കവരും. എന്നാല്‍, ഇവരില്‍ പ്രധാനമായും കണ്ടുവരുന്ന അധികം ശ്രദ്ധിക്കാത്ത ഒരു പ്രശ്‌നമാണ് മറവി രോഗം എന്നത്. സ്ഥിരമായി ഡോസ് കൂടിയ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉണ്ട്. ഇവരിലും മറവി രോഗം കൂടുതലായി കണ്ടുവരുന്നു. മരുന്നുകള്‍ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും, പതിയെ മറവി രോഗം ഇവരില്‍ വേരുറപ്പിക്കും. വൈറ്റമിന്‍ ബി-12ന്റെ അഭാവവും നമ്മുടെ ഓര്‍മ്മശക്തിയെ ബാധിച്ചേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.80, പൗണ്ട് – 101.94, യൂറോ – 89.87, സ്വിസ് ഫ്രാങ്ക് – 91.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.85, ബഹറിന്‍ ദിനാര്‍ – 216.96, കുവൈത്ത് ദിനാര്‍ -266.84, ഒമാനി റിയാല്‍ – 212.48, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 59.91.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *