◾ലാല്‍സലാം മുഴക്കി പ്രിയ നേതാവിനു വിടയേകി ജനസാഗരം. സംസ്‌കാരം നടക്കുന്ന പയ്യമ്പലത്തേക്ക് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് കാല്‍നടയായുള്ള വിലാപയാത്രയില്‍ നിരന്നത് ജനസഹസ്രങ്ങള്‍. പയ്യമ്പലത്ത് ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തി. ദു:ഖ സൂചകമായി കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍. വാഹന ഗതാഗതത്തിനു തടസമില്ല.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം ബിജെപിയെ നേരിടാനുള്ള മല്‍സരമാണെന്ന ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റിലെ വിശദീകരണം തരംഗമായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയോട് ഞാന്‍ യോജിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നാമെല്ലാവരും പരസ്പരമല്ല, ബിജെപിയെ നേരിടാനാണ് മല്‍സരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. അദ്ദേഹം കുറിച്ചു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി 75 ആയി നിജപ്പെടുത്തിയതോടെ സി. ദിവാകരന്‍ സംസ്ഥാന കൗണ്‍സിലില്‍നിന്നു പുറത്തായി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയാണ് പ്രായപരിധി ഏര്‍പ്പെടുത്തിയത്. സംസ്ഥാന കൗണ്‍സിലില്‍ 101 പേരാണുള്ളത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് അംഗങ്ങള്‍ കൂടുതല്‍. സംസ്ഥാന കൗണ്‍സിലില്‍ ബഹുഭൂരിപക്ഷവും കാനം പക്ഷക്കാരായതിനാല്‍ മല്‍സരത്തിനു സാധ്യത കുറവാണ്.
◾അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികില്‍ അല്‍പസമയം ഇരുന്ന ഗവര്‍ണര്‍ കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
◾കൊല്‍ക്കത്തയില്‍ ഹിന്ദു മഹാസഭയുടെ ദുര്‍ഗാപൂജാ പന്തലിലെ വിഗ്രഹത്തിനൊപ്പം മഹിഷാസുരനായി മഹാത്മാ ഗാന്ധിയുടെ രൂപമുള്ള വിഗ്രഹം. മഹാത്മാഗാന്ധിയെ മഹിഷാസുരനാക്കിയതു വിവാദമായി. കേന്ദ്രഅഭ്യന്തര മന്ത്രാലയം ഇടപെട്ടതിനെത്തുടര്‍ന്ന് ഗാന്ധിയുടെ മുഖമുള്ള രൂപം മാറ്റി പകരം മറ്റൊന്ന് വച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്.
◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യാന്‍ അഞ്ചു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പോപ്പുലര്‍ ഫ്രണ്ടിനു വിദേശപണം ലഭിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
◾അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്നു വൈകുന്നേരം ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ നടക്കും. കോവിഡ് ബാധിച്ചിരുന്നതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.
◾കേരളത്തില്‍ മഹാനവമി ആഘോഷങ്ങള്‍ക്കു തുടക്കം. ഇന്നു ദുര്‍ഗാഷ്ടമി. നാളെ മഹാനവമി. ബുധനാഴ്ച വിജയദശമി. ക്ഷേത്രങ്ങളില്‍ പൂജവയ്പിനും വിദ്യാരംഭത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
◾
◾ചങ്ങനാശേരിയില്‍ ബിന്ദുകുമാറിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പുതുപ്പള്ളി സ്വദേശികളായ രണ്ടുപേരെ പോലീസ് തെരയുന്നു.
◾കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി പൊള്ളലേറ്റ് അത്യാസന്ന നിലയില്‍. 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്.
◾സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകന്‍ കെ.പി. മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി.
◾കണ്ണൂരിലെ ചാലയില്‍ നിയന്ത്രണം വിട്ട ലോറി എഴു കടകളുടെ മുന്‍ഭാഗം തകര്‍ത്തു. കോഴിക്കോടുനിന്ന് പാലുമായി കണ്ണൂരിലേക്കു വന്ന ലോറിയാണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്.
◾ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിനായി എട്ടു വര്‍ഷം ബഹിരാകാശത്തുണ്ടായിരുന്ന മാര്‍സ് ഓര്‍ബിറ്റര്‍ ക്രാഫ്റ്റിനു പ്രൊപ്പല്ലന്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ‘മംഗള്‍യാന്‍’ പേടകത്തിന്റെ ബാറ്ററിയിലെ ഊര്‍ജം തീര്‍ന്നതാണ് കാരണം. 450 കോടി രൂപയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി വിക്ഷേപിച്ചത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കര്‍ണാടകത്തില്‍ പര്യടനം നടത്തുന്ന യാത്രയില്‍ ആറാം തീയതി ഇവര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം കുറേകാലമായി സോണിയ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലായിരുന്നു.
◾കര്‍ണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയിലും ‘ഭാരത് ജോഡോ യാത്ര’ നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കനത്ത മഴയില്‍ രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്ന വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ ആര്‍ക്കും ഞങ്ങളെ തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശശി തരൂര്‍ ഹൈദരബാദില്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രചാരണത്തിനു തുടക്കമിട്ടു. ഖാര്‍ഗെയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കാന്‍ നേതാക്കളായ ദീപീന്ദര്‍ ഹൂഡാ, നാസീര്‍, ഗൗരവ് വല്ലഭ് എന്നിവര്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു.
◾ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ ഓരോ പശുവിന്റെയും സംരക്ഷണത്തിന് പ്രതിദിനം 40 രൂപ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. രാജ്കോട്ടില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ജനസഹസ്രങ്ങള്‍ നിരക്കുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാന്‍ ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് കര്‍ണാക അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് എന്ഫോഴ്സ്െന്റ് സമന്‍സ് അയച്ചതിനെ പരാമര്‍ശിച്ചാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയില്‍ ഡിജിറ്റലായി അണിചേരാന്‍ പ്രത്യേക ആപ്പ് പുറത്തിറക്കി.
◾കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നിര്‍ത്തലാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍ ലയിപ്പിക്കുമെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
◾ഉത്തര്‍ പ്രദേശിലെ ധദോഹിയില്‍ ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. അറുപതു പേര്‍ക്കു പൊള്ളലേറ്റു. രാത്രി ഒമ്പതോടെ പന്തലില്‍ ആരതി നടക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നു സംശയിക്കുന്നു.
◾സമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ ഡല്‍ഹിയില്‍ ആറു വയസുകാരനെ ബലി നല്‍കി. സംഭവത്തില്‍ രണ്ടു കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍, അമര്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിലെ ലോധി കോളനിയിലെ കെട്ടിട നിര്‍മ്മാണ പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്.
◾ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലുലയും, നിലവിലെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ലുലയ്ക്ക് 48.3 ശതമാനം വോട്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ബോള്‍സോനാരോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. ഇതോടെ അടുത്ത ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 30 ന് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് യുദ്ധം നിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ യുക്രൈനിനുവേണ്ടി നടന്ന പ്രാര്‍ത്ഥനയിലായിരുന്നു മാര്‍പാപ്പ ഈ ആവശ്യം ഉന്നയിച്ചത്.
◾റഷ്യ പിടിച്ചെടുത്ത് തങ്ങളുടേതെന്ന് പ്രഖ്യാപിച്ച നഗരങ്ങളിലൊന്ന് യുക്രൈന്‍ തിരിച്ചുപിടിച്ചു. യുക്രൈന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തി റഷ്യയോടു കൂട്ടിച്ചേര്‍ന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനു പിറകേയാണ് ലൈമാന്‍ നഗരം തിരിച്ചുപിടിച്ചെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടത്. യുക്രൈനിന്റെ തെക്കുകിഴക്കന്‍ പട്ടണങ്ങളായ ലുഹാന്‍സ്‌ക്, ഖേര്‍സോണ്‍, സപ്പോരിസിയ, ഡോനെറ്റസ്‌ക് എന്നിവയാണു റഷ്യയോടു കൂട്ടിച്ചേര്‍ത്തത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 30 രൂപയാണ് ഉയര്‍ന്നത് നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്.
◾യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകള്‍ സെപ്തംബറില്‍ 11 ലക്ഷം കോടി രൂപ കവിഞ്ഞെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഗസ്റ്റിലെ 10.73 ലക്ഷം കോടി രൂപയില്‍ നിന്ന് 11.16 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധന. യു.പി.ഐ ഇടപാടുകളുടെ എണ്ണം ആഗസ്റ്റിലെ 657.9 കോടിയില്‍ നിന്ന് കഴിഞ്ഞമാസം മൂന്നു ശതമാനം ഉയര്‍ന്ന് 678 കോടിയിലെത്തി. ജൂലായില്‍ യു.പി.ഐ ഇടപാടുകള്‍ 628 കോടിയും മൂല്യം 10.28 ലക്ഷം കോടി രൂപയുമായിരുന്നു.
◾രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര്‍ ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. 500 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ശ്രീനാഥ് ഭാസി നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ലാലു അലക്സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സഞ്ജിത്ത് ചന്ദ്രസേനന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകന്‍.
◾ഉത്സവകാല വിപണി ഉന്നമിട്ട് ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ശ്രേണി മോട്ടോര്‍സൈക്കിളായ ഹീറോ എക്‌സ്ട്രീമിന്റെ 160 ആര്‍ സ്റ്റെല്‍ത്ത് 2.0 പതിപ്പ് വിപണിയിലെത്തി. മികച്ച രൂപകല്പന, കണക്ടിവിറ്റി, നൂതന ഫീച്ചറുകള്‍ എന്നിങ്ങനെ മികവുകളുണ്ട്. സ്മാര്‍ട്ട് തലമുറ റൈഡര്‍മാര്‍ക്കും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമാണ് പുത്തന്‍ മോഡല്‍. എക്‌സ്ഷോറൂം വില 1.29 ലക്ഷം രൂപ (ന്യൂഡല്‍ഹി).
◾നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. ‘യെല്ലൂരം’. വി.ആര്‍. സന്തോഷ്. മാതൃഭൂമി ബുക്സ്. വില 161 രൂപ.
◾ഏത് പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവേദന. ശരിയായ പൊസിഷനില്‍ ഇരിക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കൊണ്ടോ ആവാം പൊതുവെ നടുവേദന വരുന്നത്. ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചൂട് വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ ഈ വേദന കുറയുന്നു. അതുകൊണ്ടുതന്നെ പലരും നടുവേദനയെ നിസാരമായി കാണുകയാണ്. എന്നാല്‍ ഇത് അത്ര നിസാരമായ പ്രശ്നമല്ല. നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ നിസാര വേദന ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. അതിനാല്‍ ഇടയ്ക്കിടെ നടുവേദന വരുമ്പോള്‍ സ്വയം ചികിത്സിക്കാന്‍ നില്‍ക്കരുത്. നടുവേദന പ്രാഥമിക ലക്ഷണമായി കാണുന്ന കാന്‍സറുകള്‍ ഏതൊക്കെയെന്ന് നോക്കാം. ഇടയ്ക്കിടെ ഉണ്ടാകുന്ന അസഹനീയമായ നടുവേദന ചിലപ്പോള്‍ മൂത്രാശയ കാന്‍സറിന്റെ ലക്ഷണമാകാം. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സുഷുമ്നയിലെ കാന്‍സറും നടുവേദനയ്ക്ക് കാരണമാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാന്‍ സാദ്ധ്യതകുറവായ ഈ രോഗം അപൂര്‍വമായാണ് ഉണ്ടാകുന്നത്. സുഷുമ്നയില്‍ കാന്‍സര്‍ വരുന്നതിന്റെ ആദ്യ ലക്ഷണമാണ് നടുവേദന. കാലക്രമേണ ഈ വേദന തീവ്രമാവുകയും ഇടുപ്പ്, കാലുകള്‍ എന്നിവിടങ്ങളിലേയ്ക്ക് വേദന വ്യാപിക്കുകയും ചെയ്യാം. ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ് നടുവേദന. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.78, പൗണ്ട് – 91.51, യൂറോ – 80.26, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.73, ബഹറിന്‍ ദിനാര്‍ – 216.77, കുവൈത്ത് ദിനാര്‍ -263.03, ഒമാനി റിയാല്‍ – 212.44, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 59.48.