കുഴിമടിയന്റെ വജ്രാരാമം
മിത്തുകള്‍, മുത്തുകള്‍ – 39
അറബിക്കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ബാഗ്ദാദിലെ ഖലീഫ ഹരൂണ്‍ അല്‍ റഷീദിനു മുന്നില്‍ ഒരടിമ ഓടിയെത്തി. താണുവണങ്ങി ഒരു നെക്ലസ് രാജസന്നിധിയില്‍ സമര്‍പ്പിച്ചു. രാജ്ഞി സുബൈദയുടേതായിരുന്നു അത്.
”യജമാനനേ, മഹാറാണി തന്നയച്ചതാണിത്. ഈ നെക്ലസിന്റെ നടുക്കുള്ള കല്ല് ഇളകിപ്പോയി. പകരം ഒന്നുവാങ്ങി നെക്ലസില്‍ ഉറപ്പിച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കണമെന്ന് മഹാറാണി ആവശ്യപ്പെട്ടു.’
കോടികള്‍ വിലമതിക്കുന്ന രത്നക്കല്ലുകളും വൈഡൂര്യവും മരതകവും മറ്റും കോര്‍ത്തിണക്കിയുണ്ടാക്കിയ നെക്ലസാണത്. ഇളകിപ്പോയ കല്ലു കിട്ടാന്‍ എളുപ്പമല്ല, വലിയ വില നല്‍കേണ്ടിവരും. എങ്കിലും ഖലീഫ ബാഗ്ദാദിലെ വന്‍ ആഭരണവ്യാപാ രികള്‍ക്കരികിലേക്കു ദൂതരെ അയച്ചു. ഒരിടത്തുനിന്നും അത്തരമൊരു രത്നക്കല്ല് ലഭിച്ചില്ല.
വീണ്ടും അന്വേഷണം തുടര്‍ന്നപ്പോള്‍ ഒരു രത്നവ്യാപാരി പറഞ്ഞു.
”കുഴിമടിയന്‍ അബുവിന്റെ കൈയിലേ ഇത്രയേറെ വിലമതിക്കുന്ന രത്നങ്ങള്‍ കാണൂ.”
കുഴിമടിയന്‍ അബുവിനെ തേടിപ്പിടിക്കാന്‍ ഖലീഫ മന്ത്രിയെത്തന്നെ ചുമതലപ്പെടുത്തി. ഒടുവില്‍ അബുവിനെ കണ്ടെത്തി. വിലപിടിച്ച രത്നം തേടിയെത്തിയ മന്ത്രിയോടൊപ്പം അബു കൊട്ടാരത്തിലേക്കു തിരിച്ചു. ഒപ്പം വലിയ രണ്ടു പെട്ടികളുമുണ്ട്.
ഖലീഫക്കു മുന്നിലെത്തിയ അബു ആദ്യപെട്ടി തുറന്നു. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചു നിര്‍മിച്ച മൂന്നു വൃക്ഷങ്ങള്‍. ഇലകള്‍ക്കും കായ്കനികള്‍ക്കും പകരം നിറയെ വിലപിടിച്ച രത്നങ്ങള്‍, മരതകങ്ങള്‍. തൊട്ടടുത്ത നിമിഷം രണ്ടാമത്തെ പെട്ടിയും അബു തുറന്നു. അതില്‍ വിവിധയിനം രത്നങ്ങള്‍കൊണ്ടു നിര്‍മിച്ച ഒരു ഉദ്യാനമായിരുന്നു. മരച്ചില്ലകളില്‍ മാണി ക്യക്കിളികള്‍. അവ വാതുറന്നു പാട്ടുപാടി. ഈ കാഴ്ച്ചകണ്ട് ഖലീഫയും മന്ത്രിമാരും കണ്ണുതള്ളി നിന്നുപോയി.
”അങ്ങേയ്ക്ക് ഇഷ്ടമുള്ളതെല്ലാം എടുക്കാം.’ കുഴിമടിയന്‍ അബു പറഞ്ഞു.
”ലോകത്തൊരിടത്തും ലഭ്യമല്ലാത്ത ഇത്രയും വിലപ്പെട്ട രത്നശേഖരം നിനക്ക് എങ്ങനെയാണു ലഭിച്ചത്? ഖലീഫയ്ക്ക ജിജ്ഞാസയായി.
”എന്റെ അച്ഛന്‍ സ്നാനഗൃഹത്തിലെ ജോലിക്കാരനായിരുന്നു, ഞാന്‍ പെരുംമടിയനും. എനിക്കു പ്രായപൂര്‍ത്തിയാകും മുമ്പേ അച്ഛന്‍ മരിച്ചു. എന്നിട്ടും ഞാന്‍ മടിയനായി ഇരുന്നു. അമ്മയാണ് എന്നെ കഷ്ടപ്പെട്ടു തീറ്റിപ്പോറ്റിയത്.
”ഒരുദിവസം അയല്‍ക്കാരനായ മുസാഫീര്‍ ചൈനയിലേക്കു കച്ചവടത്തിനായി പോകുന്നെന്ന് അമ്മകേട്ടു. അമ്മയ്ക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യമായ അഞ്ചു ദിര്‍ഹം അയാള്‍ക്കു കൊടുത്ത് എന്തെങ്കിലും ചൈനയില്‍നിന്ന് വാ ങ്ങിക്കൊണ്ടുവരണമെന്നു പറയാന്‍ എന്നെ അമ്മ നിര്‍ബന്ധിച്ചു.
”എനിക്കൊരു താത്പര്യവും തോന്നിയില്ല. അലസനായി ചുമ്മാ ഇരുന്നതേയുള്ളൂ. ഒടുവില്‍ അമ്മ എന്നെ ഉന്തി ത്തള്ളി വീടിനു പുറത്താക്കി. അഞ്ചു ദര്‍ഹവും കൈയില്‍വച്ചു തന്നു. തൊട്ടടുത്ത മുസാഫീറിന്റെ വീട്ടിലെത്തി പണമേല്പ്പിച്ചു. എന്തെങ്കിലും വാങ്ങിക്കൊണ്ടുവരണമെന്നു പറഞ്ഞു.
‘മുസാഫീര്‍ ചൈനയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങാന്‍ മറന്നുപോയി. ഇടയ്ക്കുവച്ച് കപ്പല്‍ ഒരു ദ്വീപിലടുത്തു. അവിടെ ഒരു സംഘം കുരങ്ങുകള്‍ ഒരു കുരങ്ങനെ തൊഴിക്കുകയും മാന്തുകയും ചെയ്യുന്നതുകണ്ട് മുസാഫീറിനു മനമലിഞ്ഞു. തൊഴിയേറ്റ് അവശതയിലായ കുരങ്ങിനെ അയാള്‍ രക്ഷിച്ചു.
”കുഴിമടിയന്‍ അബുവിന് ഈ കുരങ്ങിനെ കൊടുക്കാം. അയാള്‍ മനസില്‍ കരുതി. കപ്പല്‍ കുറേ മുന്നോട്ടുപോയപ്പോള്‍ ഒരു ദ്വീപില്‍ കുറേ മുക്കുവര്‍ കടലില്‍ മുങ്ങിത്തപ്പി രത്നം ശേഖരിക്കുന്നത് മുസാഫീറും കുരങ്ങും കണ്ടു. പെട്ടെന്ന് കുരങ്ങ് കപ്പലില്‍നിന്ന് വെള്ളത്തില്‍ചാടി. കൈനിറയെ മുത്തുമായി അതു പൊങ്ങിവന്നു.
”കപ്പലില്‍ തിരിച്ചെത്തിയ കുരങ്ങ് ഒരു സഞ്ചിയുമായി വീണ്ടും കടലിലേക്കു ചാടി. സഞ്ചിനിറയെ മുത്തുമായാണ് അതു തിരിച്ചെത്തിയത്.
”കുരങ്ങു ശേഖരിച്ച മുത്തുകളും രത്നങ്ങളുമെല്ലാം മുസാഫീര്‍ എനിക്കു തന്നു. കുരങ്ങിനെ നന്നായി സ്നേഹിക്കണമെന്ന് ഉപദേശിച്ച് കുരങ്ങിനെയും എനിക്കു സമ്മാനിച്ചു.
”മുത്തുകള്‍ അല്‍പാല്‍പമായി ഞാന്‍ രത്നക്കടകളില്‍ വിറ്റു. ഞങ്ങളങ്ങനെ സുഖമായി കഴിയുകയായിരുന്നു. ഒരുദിവസം പൊരിച്ച കോഴിയിറച്ചി തിന്നാന്‍ ഞാന്‍ നല്ലൊരു പൂവന്‍കോഴിയെ വാങ്ങിക്കൊണ്ടുവന്നു. കുരങ്ങ് കോഴിയെ എന്റെ വീടിനു മുന്നിലെ ഉദ്യാനത്തില്‍ നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അപ്രകാരം ചെയ്തു.
”അടുത്തനിമിഷം കുരങ്ങ് ഓടിപ്പോയി എവിടെനിന്നോ ഒരു സര്‍പ്പത്തെ പിടികൂടി കൊണ്ടുവന്നു. പാമ്പിനെ കോഴിക്കു മുന്നിലേക്കിട്ടു.
”ഉദ്യാനത്തില്‍ കോഴിയും പാമ്പും തമ്മില്‍ പൊരിഞ്ഞ യുദ്ധം. ഒടുവില്‍ കോഴി പാമ്പിനെ കൊത്തിക്കൊന്നു. അല്പം കഴിഞ്ഞപ്പോഴേക്കും കുരങ്ങ് കോഴിയെ പിടികൂടി കൊന്നു. കോഴിയുടെ തൂവലുകള്‍ പറിച്ചെടുത്ത് ചെടിനടുന്നതുപോ ലെ ഓരോന്നായി കുഴിച്ചിട്ടു. അതിന്റെ മാംസവും ആമാശയവും ഹൃദയവുമെല്ലാം തോട്ടത്തിലെ വിവിധ സ്ഥലങ്ങളിലായി കുഴിച്ചിട്ടു. പിന്നെ എന്തൊക്കെയോ പുലമ്പിയിട്ട് ആ കുരങ്ങ് ഓടിപ്പോയി.
”കോഴിയുടെ തൂവലുകള്‍ സ്വര്‍ണവൃക്ഷങ്ങളായി വളര്‍ന്നു, ചിലതു രത്നമരങ്ങളായി. കോഴിയുടെ ഹൃദയം കുഴിച്ചിട്ട സ്ഥലത്ത് വജ്രം കൊണ്ടുള്ള ഈ ഉദ്യാനം വളര്‍ന്നു.’ കുഴിമടിയന്‍ അബുവിന്റെ കഥകേട്ടപ്പോള്‍ ഖലീഫ കൂടുതല്‍ വിസ്മയഭരിതനായി. അബു വജ്രോദ്യാനം ഖലീഫയ്ക്കു സമ്മാനിച്ചു. പകരം ഖലീഫ നിരവധി പാരിതോഷികങ്ങള്‍ അബുവിനു നല്കി യാത്രയാക്കി.