ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന് പിന്നാലെ ഇതാ വീണ്ടും ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘കുന്നും കയറി’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പാര്‍വതി എ ജിയാണ്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.