ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. അള്‍ട്ടിമേറ്റ് എസ്‌യുവി ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് ചാക്കോച്ചന്‍ വാങ്ങിയത്. എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എസ്‌യുവികളിലെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്‌റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ കൂടാതെ മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്. 400 ബിഎച്ച്പി കരുത്ത് നല്‍കും ഈ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ്.