കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേര്‍ മാത്രം പങ്കുവയ്‌ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവര്‍ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്. ഈ വെളിച്ചത്തില്‍, കൂടുതല്‍ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങള്‍ നിര്‍മ്മിക്കാനും വ്യക്തികള്‍ക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു. ‘കുലസ്ത്രീയും ചന്തപ്പെണ്ണും’. ഡോ ജെ ദേവിക. സൈന്‍ ബുക്‌സ്. വില 418 രൂപ.