കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എസ് ആർ ടി സി യെ സർക്കാർ സഹായിക്കുന്നില്ല എന്ന തരത്തിൽ ചില സംഘടനകളുടെ പ്രചാരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തുൾപ്പെടെ 8 എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. എട്ട് പേർ ബിജെപിയിലേക്ക് പോയാൽ ഗോവയിൽ ശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാകും. അങ്ങിനെ വന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും ഈ എംഎൽഎ മാർക്ക് കഴിയും.
നിയമസഭാ കയ്യാങ്കളി കേസിലെ ഒരു പ്രതിയായ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകില്ല.കയ്യാങ്കളിക്കേസിന്റെ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാൻ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അസുഖം മൂലം കണ്ണൂരിൽ വിശ്രമിക്കുന്ന ഇ പി ജയരാജൻ അക്കാര്യം അഭിഭാഷകൻ മുഖേന അറിയിക്കാൻ തീരുമാനിച്ചത് .വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കെ ടി ജലീലും കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നീ എൽഡിഎഫ് നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി.മഹാസമാധിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു.നെഹ്റു കുടുംബം മുഴുവൻ മഠത്തിൽ എത്തിയിട്ടുണ്ടെന്നും . നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുൻപ് സന്ദർശിച്ചിട്ടുണ്ടെന്നും ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെനും അദ്ദേഹം പ്രതികരിച്ചു. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്. ഇത് തുടർന്നാൽ ഇനിയും ഇടത് സർക്കാർ അധികാരത്തിലെത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു. കോൺഗ്രസ്സിൽ ശ്രീനാരായണീയർക്ക് പ്രാതിനിധ്യം കുറവാണെന്നു പറഞ്ഞ സ്വാമിയോട് ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് രാഹുൽ പറഞ്ഞു.
കണ്ണൂർ കൂത്തുപറമ്പിൽ സുഹ്റയുടെ വീട് ജപ്തി ചെയ്ച വിഷയത്തിൽ കേരള ബാങ്ക്, ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും ബാങ്ക് തീരുമാനം ആയി. ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. വീട് വിറ്റ് ലോൺ അടയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു. 2012ൽ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത്. .
വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരണമെന്ന് കോടതിയോടാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47ലക്ഷം രൂപയാണ് തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് വിജിലൻസ് കോടതിയെ ഷാജി സമീപിച്ചിത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് ഷാജിയുടെ നിലപാട്. എന്നാൽ പണം തിരികെ കൊടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ്.