കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കൾ പിൻമാറണമെന്നും കെപിസിസി നിര്‍ദ്ദേശിച്ചു. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് തരൂർ തന്നെ നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ കോൺഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.