‘കൂഴങ്കല്‍’ എന്ന പ്രശസ്ത ചിത്രത്തിന് ശേഷം പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുക്കാലി’ എന്ന ചിത്രം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. സൂരിയും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും ഇതോടുകൂടി കൂട്ടുക്കാലി സ്വന്തമാക്കി. നടന്‍ ശിവ കാര്‍ത്തികേയന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ കൂഴങ്കല്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും, റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ആ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയായിരുന്നു ചിത്രം. ആദ്യ ചിത്രം പോലെ തന്നെ കൃത്യമായ രാഷ്ട്രീയവും കരുത്തുറ്റ കഥാപാത്രങ്ങളുമാവും പുതിയ ചിത്രമായ കൂട്ടുക്കാലിയിലൂടെ വിനോദ് രാജ് അവതരിപ്പിക്കുക. അന്ന ബെന്നിന്റെയും സൂരിയുടെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാവും വരാന്‍ പോവുന്ന കൂട്ടുക്കാലിയിലേത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആദ്യ സിനിമയായ കൂഴങ്കല്‍ നിര്‍മ്മിച്ചത് നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നായിരുന്നു.