2023-24 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ നഷ്ടം 433.49 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വരുമാനം കൂടിയിട്ടും നഷ്ടത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണം ചെലവ് കൈവിട്ടു പോയതാണ്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 100 കോടി രൂപയിലധികമാണ് നഷ്ടത്തില്‍ വര്‍ധിച്ചത്. ടിക്കറ്റ് വില്പന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയാണ്. മറ്റ് ഇനങ്ങളില്‍ നിന്ന് വരുമാനമായി ലഭിച്ചത് 95.11 കോടി രൂപയും. ആകെ വരുമാനം 246.61 കോടി രൂപയാണ്. 2022-23 സാമ്പത്തികവര്‍ഷം മൊത്തം നഷ്ടം 335.71 കോടി രൂപയായിരുന്നു. ഇതാണ് 100 കോടിക്ക് മുകളില്‍ വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചെലവ് 205.60 കോടി രൂപയാണ്. ഇതിന് പുറമേ വിവിധ ബാങ്കുകളില്‍ നിന്നും വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ചേര്‍ക്കുമ്പോഴാണ് നഷ്ടം വര്‍ധിക്കുന്നത്. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്ന് 1019.79 കോടി രൂപയും കാനറ ബാങ്കില്‍ നിന്ന് 1,386.97 കോടി രൂപയും കൊച്ചി മെട്രോയ്ക്ക് വായ്പയുണ്ട്. മെട്രോയുടെ ആദ്യ ഘട്ടത്തിലെ നിര്‍മാണത്തിനായി എടുത്തതാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാട്ടര്‍ മെട്രോ പ്രവര്‍ത്തനസജ്ജമായത് ചെലവില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി. 1,064.83 കോടി രൂപയാണ് വാട്ടര്‍ മെട്രോയുടെ പദ്ധതി തുക. ഇതില്‍ 156.07 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്.