കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള പാതയ്ക്കുവേണ്ടി സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും. പണമില്ലാത്തതിനാല്‍ നാലില്‍ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകിയതാണ് സ്ഥലം ഏറ്റെടക്കാന്‍ വൈകിയത്. കലൂര്‍ മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്ററാണു പുതിയ മെട്രോ പാത. 11 സ്റ്റേഷനുകളുണ്ടാകും. 1950 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

ഇന്ത്യ ലോകത്തിന്റെ മുന്‍നിരയിലേക്കെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റേയും നാവിക സേനയുടേയും അഭിമാനമായ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിച്ചത് പുത്തന്‍ സൂര്യോദയമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാത്ത പ്രതീകമാണിത്. മൂന്നു സമുദ്രങ്ങളില്‍ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവിക സേനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയല്‍ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നാലാം തവണയാണ് നാവികസേനയുടെ പതാക മാറ്റുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരത്ത് എത്തും. നാളെ രാവിലെ പത്തരയ്ക്ക് കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സോണല്‍ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടേറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നു രാജിവച്ചേക്കും. പുതിയ മന്ത്രി ആരെന്നു തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്തു ചേരുന്നുണ്ട്.

നിയമസഭ കയ്യാങ്കളി കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണം. ഹര്‍ജിയില്‍ ഈ മാസം 26 ന് കോടതി വിശദമായ വാദം കേള്‍ക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശികയ്ക്കു പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്കു മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഇവ സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തണം. ശമ്പളം മൂന്നില്‍ ഒരു ഭാഗം നല്‍കാനാണ് കോടതി ഉത്തരവ്. സര്‍ക്കാര്‍ ഇതിനായി 50 കോടി ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്നു സംസ്ഥാന സര്‍ക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ആറു മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചു. ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജന്‍സികളെകൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നല്‍കി.

പഞ്ചസാര വില വര്‍ദ്ധിച്ചേക്കും. രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ ആയിരിക്കും രണ്ട് ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുക. അടുത്ത സീസണിലേക്ക്  ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് നായിക് നവരെ പറഞ്ഞു.

ഷവര്‍മ കടകള്‍ അടക്കമുള്ള ഭക്ഷ്യശാലകളില്‍ പരിശോധനയ്ക്കു നിര്‍ദേശം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

അടുത്ത തവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  താന്‍ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവര്‍ക്കു മരുന്ന് നല്‍കാനറിയാം. സിപിഐയെ തകര്‍ക്കാനുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ചിലരാണ്. അതിനെയെല്ലാം ശക്തമായി നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി ഡോറിലൂടെ എല്‍കെജി വിദ്യാര്‍ത്ഥിനി റോഡിലേക്കു തെറിച്ചു വീണു. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസ  തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആലുവ വഴുങ്ങാട്ടുശേരി അല്‍ഹിന്ദ് സ്‌കൂള്‍ ബസിലാണ് അപകടം ഉണ്ടായത്. പിറകിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.

വിഴിഞ്ഞത്ത് ഇന്നും മല്‍സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തേക്ക് ഇരച്ചുകയറിയാണ് സമരം നടത്തിയത്. തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കള്‍ എന്നപേരില്‍ സൂക്ഷിച്ച ശില്‍പങ്ങള്‍ അടക്കം ഉടമയ്ക്കു വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്. 900 സാധനങ്ങളാണ് വിട്ടുകൊടുക്കേണ്ടത്. ശില്‍പങ്ങളുടെ ഉടമ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

മലപ്പുറത്തു ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസ്. അമ്പതിലേറെ  നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ചത്തതിന് വനം വകുപ്പാണ് കേസെടുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭിനേതാക്കളെ അണിനിരത്തുന്ന ‘സ്ലേവ് മാര്‍ക്കറ്റ്’ എന്ന രാജ്യാന്തര ടെലിവിഷന്‍ സീരീസില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി താരം. നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡോ. കലാമണ്ഡലം രാധികയാണ് അന്താരാഷ്ട്ര ടിവി സീരീസില്‍ അഭിനേതാവായത്. ഈജിപ്തിലെ കെയ്റോയിലാണ് ചിത്രീകരണം. എമ്മി അവാര്‍ഡു ജേതാവായ ട്യൂണീഷ്യന്‍ സംവിധായകന്‍ ലസാദ് ഒസാള്‍ട്ടിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

സിപിഎമ്മില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആര്യങ്കാവ് പഞ്ചായത്തംഗം സലീമിനെതിരേ മേല്‍ കരിഓയില്‍ പ്രയോഗം നടത്തിയ അഞ്ചു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. സലീം പഞ്ചായത്ത് മെമ്പര്‍സ്ഥാനം രാജിവക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിഓയില്‍ ഒഴിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ ദേഹത്തും കരിഓയില്‍ പതിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലുള്ള 1650 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീര്‍ പൊലീസിന്റെ പിടിയിലായി.

വാളയാറില്‍ ദുരൂഹമായി സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *