ഗോവിന്ദൻ മാസ്റ്റർ ലീഗിന് സർട്ടിഫിക്കറ്റ് തരേണ്ടെന്ന് കെ.എം. ഷാജി. തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ അടിയറ വെക്കാൻ ലീഗ് തയ്യാറല്ലെന്നും ലീഗ് വർഗീയപാർട്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും പ്രശ്നമില്ലെന്നും ഷാജി പറഞ്ഞു. ദുബായിൽ കെഎംസിസിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്ന് ഷാജി പറഞ്ഞു. വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഷാജി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗ് വർഗീയപ്പാർട്ടിയല്ലെന്ന് പറഞ്ഞത്.ചാൻസലർ വിഷയത്തിലടക്കം നിയമസഭയിൽ നടന്ന ചർച്ചയിൽ ലീഗെടുത്ത നിലപാടിലേക്ക് കോൺഗ്രസിന് വരേണ്ടി വന്ന സാഹചര്യം മുൻനിർത്തി സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ഈ ഘട്ടത്തിലാണ് മുസ്ലിം ലീഗിനെ കുറിച്ച് ചോദ്യം ഉയർന്നത്.