മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിനു പരിഗണിച്ചത്. എന്നാല്‍ കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ.കെ ശൈലജ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനു മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ മാഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തെങ്കിലും നിരസിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങരുതെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് അവാര്‍ഡ് നിരസിച്ചതെന്ന് ആരോപണം. അവാര്‍ഡ് നിരസിക്കുകയാണെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചിരുന്നു.
ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വലിയ രണ്ടു കപ്പലുകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. ഇതിനുള്ള പ്രോജക്ട് സമര്‍പ്പിക്കാന്‍ മല്‍സ്യഫെഡിന് അദ്ദേഹം നിര്‍ദേശം നല്‍കി. മൂന്നു ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.
നാളെ അധ്യാപകദിനം. അധ്യാപകര്‍ക്ക് ആശംസകളും ആദരവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വിദ്യാലയങ്ങളില്‍ അധ്യാപക ദിന പരിപാടികള്‍.
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷ കേന്ദ്രത്തില്‍ വസ്ത്രം അഴിപ്പിച്ചു പരിശോധനയ്ക്കു വിധേയരായ പെണ്‍കുട്ടികള്‍ക്ക് ഇന്നു വീണ്ടും പരീക്ഷ. കൊല്ലം എസ് എന്‍ സ്‌കൂളിലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളിലും ഇന്ന് പരീക്ഷയുണ്ട്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരിയിലെ സച്ചിന്‍ ദേവ് എംഎല്‍എയും തമ്മില്‍ വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ച് പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാസ്വപ്നമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ? ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്‍കി വാങ്ങി കൂട്ടിയെന്നും ബേബി കുറ്റപ്പെടുത്തി.
ആലപ്പുഴ പുന്നമടക്കായലില്‍ കടലോളം ആവേശവുമായി വള്ളംകളി. രണ്ടു വര്‍ഷത്തിനുശേഷമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. അഞ്ചു ഹീറ്റ്സുകളിലായി 20 ചുണ്ടന്‍വള്ളങ്ങളാണ് മല്‍സരിക്കുന്നത്.
മുസ്ലിം ലീഗ് യുവജനവിഭാഗമായ യൂത്ത് ലീഗില്‍ പുതിയ ഭാരവാഹികളെ നിയമിച്ചു. നിലവിലുള്ള ഭാരവാഹികളെ അറിയിക്കാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് ആരോപണം. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ അഭിപ്രായ വ്യത്യാസം അറിയിച്ചു. പ്രവാസി വ്യവസായിയെ പേയ്മെന്റ് സീറ്റിലാണു ഭാരവാഹിയാക്കിയതെന്നും വിമര്‍ശനം.
ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കെതിരേ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു.
പേവിഷ ബാധയ്ക്കുള്ള വാക്സിന്റെ ഗുണനിലവാരത്തെകുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ലെന്ന് ആക്ഷേപം. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല.
കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന്റെ മറവില്‍ നടന്ന കോടികളുടെ കുഴല്‍പ്പണ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കേസില്‍ പിടിയിലായ ഷെബീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിദേശത്തുനിന്ന് കോടിക്കണക്കിനു രൂപ എത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ അസുഖംമൂലം ചികില്‍സയിലായിരുന്നു.
തൃശൂര്‍ പോട്ടോരില്‍ ട്രാക്ക് പരിശോധിക്കുന്നതിനിടെ കീമാന്‍ ട്രെയിനിടിച്ചു മരിച്ചു. പ്രമോദ് കുമാര്‍ ആണ് മരിച്ചത്. പരിശോധിക്കുകയായിരുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നതുകണ്ട് അടുത്ത ട്രാക്കിലേക്കു മാറി നിന്ന പ്രമോദിനെ രണ്ടാമത്തെ ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം പൗഡിക്കോണത്ത് വയോധിക വീട്ടില്‍ മരിച്ച നിലയില്‍. കല്ലറത്തല ഭഗവതിവിലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയാണു മരിച്ചത്. മുറിക്കുള്ളില്‍ കട്ടിലിനടിയിലായിരുന്ന മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. മുഖത്തും ശരീരത്തിലും അടിയേറ്റ ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനുമാണ് വീട്ടിലുണ്ടായിരുന്നത്.