വൃക്കരോഗികളെ എപ്പോഴും അലട്ടുന്ന ഒന്നാണ് ഭക്ഷണക്രമം. സുരക്ഷിതവും ആരോഗ്യകരവുമെന്നും തോന്നുന്ന പലതും ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരാം. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങയും വാഴപ്പഴവും. ഇവ ഒറ്റയ്ക്ക് കഴിക്കുന്നതും ചേര്‍ത്തു കഴിക്കുന്നതും അപകടമാണെന്ന് പ്രമുഖ യൂറോളജിസ്റ്റ് ആയ ഡോ. പര്‍വേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കുന്നതിനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണ് പൊട്ടാസ്യം. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികമാകുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ വൃക്കരോഗികളില്‍ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കും. ഇത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടാന്‍ കാരണമാകും. പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴവും തേങ്ങയും ഈ സാഹചര്യത്തില്‍ വളരെ ചെറിയ അളവില്‍ വൃക്ക രോഗി കഴിക്കുന്നത് പോലും അവരുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടാനും ഇത് ഹൃദയാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കുമെന്ന് അദ്ദേഹം പറയുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടിയാല്‍ മലബന്ധം, ക്ഷീണം, ഛര്‍ദ്ദി, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയാഘാതം പോലുള്ള ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ അല്ലെങ്കില്‍, ഹൃദയസ്തംഭനം എന്നിവയാണ്. തീവ്ര വൃക്കരോഗമുള്ളവര്‍ ഒഴിവാക്കേണ്ട പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്. വാഴപ്പഴം, അവോക്കാഡോ, തേങ്ങ, കരിക്കിന് വെള്ളം, ഓറഞ്ച്, തക്കാളി, ഉരുളക്കിഴങ്ങ്, ചീര. വൃക്കരോഗികള്‍ക്ക് ഇവ സുരക്ഷിതമായ പഴങ്ങള്‍ ആപ്പിള്‍, ബെറിപ്പഴങ്ങള്‍, പൈനാപ്പിള്‍, മുന്തിരി എന്നിവയാണ്.