ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്നു കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസുകാരന്‍ ഗണേഷിനു വാരിയെല്ലിനു ചതവുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ആദ്യം കുട്ടിയുടെ തലക്കിടിച്ച പ്രതി, കുട്ടി കാറിനരികില്‍നിന്നു മാറാതായതോടെ കാലുകൊണ്ട് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
25 വര്‍ഷത്തിനകം രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ ഒന്നാമത്തേതും മികച്ചതുമാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. നഗരങ്ങളിലെ ഗതാഗത കുരുക്കും പരിസ്ഥിതി മലിനീകരണവും ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ പതിനഞ്ചാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹര്‍ദ്ദീപ് സിംഗ് പുരി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ കേരളം ഒന്നാമതായത് മികച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 928 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.
പാലക്കാട് ശ്രീനിവാസന്‍ വധ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന വാടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിലെ ആകെ 45 പ്രതികളാണുള്ളത്. 32 പേരാണ് ഇതുവരെ അറസ്റ്റിലായത്.