നികുതി വളര്‍ച്ചയില്‍ രാജ്യത്ത് ഏറ്റവും പിന്നിലായി കേരളം. മറ്റ് പ്രധാന സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ 32 പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ വെളിവാകുന്നു. നികുതി സമാഹരണത്തിലെ വന്‍വീഴ്ചയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തായിരുന്നു പഠനം. 2016 – 2021 കാലത്ത് കേരളം കൈവരിച്ച വളര്‍ച്ച 2 ശതമാനം മാത്രം. 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനമാണ്. കേന്ദ്ര ഗ്രാന്റ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യു വരവിലും കേരളം 16-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഹരിയാനയും, ജാര്‍ഖണ്ഡും, ഛത്തിസ്ഗഢും വരെ കേരളത്തെക്കാള്‍ മുന്നിലാണ്. അതേ സമയം, മദ്യം, ലോട്ടറി അടക്കം നികുതിയേതര വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായിട്ടുമില്ല. ഈ ഇനത്തില്‍ 22 ശതമാനം വളര്‍ച്ച നേടി കേരളം നാലാം സ്ഥാനത്തെത്തി. റിസര്‍വ് ബാങ്കിന്റെയും, സി.എ.ജിയുടെയും ജി.എസ്.ടി വകുപ്പിന്റെയും കണക്കുകള്‍ താരതമ്യം ചെയ്താണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. 5 വര്‍ഷത്തെ കടംനികുതി വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടുവെങ്കിലും ചെലവുകള്‍ക്ക് കുറവൊന്നുമില്ല. റവന്യൂ ചെലവില്‍ രാജ്യത്ത് ഒന്നാമത് കേരളമാണ്. 90.39 ശതമാനം. ബംഗാളാണ് തൊട്ടുപിന്നില്‍. 2016ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കടം 1,89,768 കോടിയാണ്. എന്നാല്‍ 2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കടം 3,08,386 കോടിയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചെലവില്‍ കുതിപ്പാണ്. 2021-22 വര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് മടങ്ങാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കും പറയുന്നു.