വിജയ് – അറ്റ്ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ‘ബേബി ജോണ്‍’ എന്നാണ് ഹിന്ദിയില്‍ സിനിമയുടെ ടൈറ്റില്‍. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം അറ്റ്‌ലിയാണ് നിര്‍മിക്കുന്നത്. 2019 ല്‍ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തെരി’ സിനിമയുടെ അതേ ഫോര്‍മാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്നു വ്യക്തം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. സമാന്തയും ആമി ജാക്‌സണുമായിരുന്നു ‘തെരി’യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സമാന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ആമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്‌റോഫ് ആണ് വില്ലന്‍. 2016ല്‍ വിജയ്യെ നായകനാക്കി അറ്റ്ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്‌സ്ഓഫിസിലും വലിയ വിജയമായിരുന്നു.