ലംബോര്‍ഗിനി, മെക്ലാറന്‍, മിനി കൂപ്പര്‍ തുടങ്ങി വാഹന ലോകത്തെ സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങുന്ന കാര്‍ത്തിക് ആര്യന്റെ ഗാരിജിലേക്ക് മറ്റൊരു അതിഥി കൂടി. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലൊന്നായ റേഞ്ച് റോവര്‍ ലോങ് വീല്‍ബെയ്‌സ് എസ്വി എന്ന മോഡലാണ് ബോളിവുഡ് യുവതാരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം കാര്‍ത്തിക് ആര്യന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. റേഞ്ച് റോവര്‍ നിലയിലെ ഏറ്റവും കുരുത്തുറ്റ എസ്‌യുവികളിലൊന്നായ ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില 4.46 കോടി രൂപയാണ്. ലാന്‍ഡ് റോവറിന്റെ സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വികസിപ്പിച്ച എസ്‌വി മോഡലിന് പ്രത്യേകതകള്‍ ഏറെയാണ്. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച് ആഡംബര സൗകര്യങ്ങള്‍ വാഹനത്തില്‍ ലാന്‍ഡ് റോവര്‍ കസ്റ്റമൈസ് ചെയ്തുകൊടുക്കും. നാലു സീറ്റ് ലേ ഔട്ടിലുള്ള എസ്‌വി സിഗ്‌നേച്ചര്‍ സ്യൂട്ടില്‍ ഇന്റഗ്രേറ്റഡ് റഫ്രിജറേറ്ററുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി 13.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിരിക്കുന്നു. എസ്വി പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് സീറ്റുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ടുകള്‍, ബാക് റെസ്റ്റിലെ എസ്‌വി ഇലുമിനേറ്റഡ് ലോഗോ തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ഈ എസ്‌യുവിക്ക്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വലിയ 4.4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. ഓള്‍വീല്‍ ഡ്രൈവ് ലേഔട്ടില്‍ മാത്രം ലഭിക്കുന്ന വാഹനത്തിന് 615 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം 100 കടക്കാന്‍ വെറും 4.6 സെക്കന്‍ഡ് മാത്രം മതി ഈ എസ്‌യുവിക്ക്.