കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ. വി സി ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഗോപിനാഥ് രവീന്ദ്രനെ പ്രോ ചാൻസലർ എന്ന നിലയിൽ പുനർ നിയമിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് നേരത്തേ പുറത്ത് വന്നിരുന്നു. സർക്കാരിന് ഏത് ബില്ലും പാസാക്കാം. എന്നാൽ ഭരണഘടനപരമായ പരിശോധനകൾ ഇല്ലാതെ താൻ ഒപ്പിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്ന മൽസ്യത്തൊഴിലാളികളുടെ സംഘടനാ നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടു.തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് ക്ലിഫ് ഹൗസിൽ വൈകിട്ട് 3 മണിക്ക് നടന്ന ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചർച്ചയും പരാജയട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത് .
വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികൾ സമരം ശക്തമാക്കുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. സംസ്ഥാന സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എങ്കിലും നടപടി ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത് എന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. തങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണം എന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്
7 ലക്ഷം ഓണക്കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു എന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ എല്ലാ റേഷന് കാര്ഡ് ഉടമകള്ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന് കടകളിലെ തിരക്ക് ഒഴിവാക്കാന് പ്രത്യേക ക്രമീകരണം ഏര്പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. . തിരക്കൊഴിവാക്കാനായി വിവിധ കാർഡുകാർക്ക് ഓരോ ദിവസങ്ങൾ നിശ്ചയിച്ചു എങ്കിലും അന്നേ ദിവസം ഏതെങ്കിലും കാരണത്താൽ വാങ്ങാൻ കഴിയാത്തവർക്ക് മറ്റു ദിവസങ്ങളില് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും മന്ത്രി പറഞ്ഞു.
ആംആദ്മി പാർട്ടി നേതാക്കൾ അഴിമതി നടത്തി എന്ന് ആരോപിക്കുന്ന ബിജെപി ആണ് യഥാർത്ഥത്തിൽ ഓപ്പറേഷൻ താമരയെന്ന അഴിമതി നടത്തുന്നത് എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണ് വന്നതെന്ന ചോദ്യമുയര്ത്തിയ കെജ്രിവാൾ, ഇന്ത്യയിലെ ജനങ്ങളുടെ പണമാണതെന്നും ഓര്മ്മിപ്പിച്ചു. ഓപ്പറേഷന് താമരയില്നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ എംഎൽ എ മാർക്കൊപ്പം രാജ്ഘട്ടിൽ പ്രാർത്ഥന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ കോടതിയെ സമീപിച്ചു. ബഷീറിന്റെ കയ്യിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. നേരത്തെ സർക്കാരിനോട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എങ്കിലും നടപടിയുണ്ടായില്ല എന്നും ഹർജിയിൽ പറയുന്നു.