സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമായി. കേന്ദ്ര കമ്മിറ്റി നനിര്‍ദേശിച്ച പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനും കെ.എ ഇസ്മായിലും പുറത്തായി. ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ ഘടകം ഒഴിവാക്കിയിരുന്നു.
വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. ‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണു പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താന്‍ ശ്രമിക്കും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയത്.
കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് രണ്ടര കിലോമീറ്റര്‍ വിലാപയാത്രയായി നടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് സംസ്‌കാര സ്ഥലത്തേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ. അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരമാണ് എത്തിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ദുഷ്പ്രചാരണം അരുതെന്ന് വരണാധികാരിയായ മധുസൂദനന്‍ മിസ്ത്രി. നേതാക്കള്‍ പദവിയിലിരുന്ന് പ്രചാരണം നടത്തുന്നതും വിലക്കി. തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും ജനാധിപത്യപരവുമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു. 85 ശതമാനം പൊള്ളലേറ്റ ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്.