പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ആട്ടക്കത്തി’ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയാണിത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
രണ്‍ബിര്‍ കപൂര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഷംഷേര. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്ററില്‍ വന്‍ തിരിച്ചടിയായിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ രണ്‍ബിര്‍ ചിത്രം ‘ഷംഷേര’ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. ആരവങ്ങളൊന്നുമില്ലാതെ റിലീസ് തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇപ്പോള്‍ ചിത്രം സ്ട്രീം തുടങ്ങിയത്. മിഥുന്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. വാണി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് വില്ലനായി അഭിനയിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.
മലയാളി സ്റ്റാര്‍ട്ടപ്പായ ‘സെല്ലര്‍ആപ്പി’ല്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ നിക്ഷേപക വിഭാഗമായ ഫ്‌ലിപ്കാര്‍ട് വെഞ്ചേഴ്‌സ് ഏകദേശം 4 കോടി രൂപയുടെ (5 ലക്ഷം ഡോളര്‍) നിക്ഷേപം നടത്തി. രാജ്യമാകെ 6 സ്റ്റാര്‍ട്ടപ്പുകളിലാണ് ഫ്‌ലിപ്കാര്‍ട് നിക്ഷേപം നടത്തിയത്. ഫ്‌ലിപ്കാര്‍ട്ടിനു പുറമേ കോണ്‍ഗ്ലോ വെഞ്ചേഴ്‌സ് അടക്കമുള്ള നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള തുക കൂടി കണക്കാക്കിയാല്‍ ഏകദേശം 15 കോടിയോളം രൂപയാണ് ഈ റൗണ്ടില്‍ ബെംഗളൂരു ആസ്ഥാനമായ സെല്ലര്‍ആപ്പിനു ലഭിച്ചത്. ഹരിപ്പാട് സ്വദേശിയായ ദിലീപ് വാമനനാണ് കമ്പനിയുടെ സ്ഥാപകന്‍. ഇകൊമേഴ്‌സ് ശൃംഖലകളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സെല്ലര്‍മാര്‍ക്ക് ഡേറ്റ അധിഷ്ഠിതമായ പിന്തുണ നല്‍കുന്ന സ്ഥാപനമാണ് 2017ല്‍ ആരംഭിച്ച സെല്ലര്‍ആപ്പ്.
ലംബോര്‍ഗിനിയുടെ എസ്‌യുവി മോഡലായ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്‌യുവി. ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത് എന്നാണ് വിവരം. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ വി8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്.
മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു. പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇലകളില്‍ കാറ്റ് തൊടുമ്പോള്‍’. പി സുരേന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 142 രൂപ.
ഹാര്‍ട്ട് ഫെയ്‌ലിയറായാല്‍ അതിജീവിക്കുന്നവരുടെ എണ്ണം കാന്‍സര്‍ അതിജീവിതരെക്കാള്‍ കുറയുന്നതായും രാജ്യത്ത് ഏഴില്‍ ഒരാള്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ സംഭവിച്ച് 90 ദിവസത്തിനുള്ളില്‍ മരിക്കുന്നതായും കണ്ടെത്തല്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം പരിചരണ കുറവും മരുന്നുകള്‍ കൃത്യമായി കഴിക്കാത്തുമാണ് രോഗം മൂര്‍ച്ഛിക്കാനും മരണത്തിനും കാരണമാകുന്നത്. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി 40 ശതമാനത്തില്‍ കുറയുമ്പോഴാണ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ ഉണ്ടാവുന്നത്. ഹൃദയാഘാതമാണ് ഇതിന് പ്രധാന കാരണം. വാല്‍വ് തകരാര്‍ ഉള്‍പ്പെടെ ഹൃദയത്തിന്റെ മറ്റ് രോഗാവസ്ഥകളും കാരണങ്ങളാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 2018 മുതല്‍ 2021വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓരോ 23സെക്കന്‍ഡിലും ഒരു ഹാര്‍ട്ട് ഫെയ്‌ലിയര്‍ രോഗിയെന്ന നിലയില്‍ പ്രതിവര്‍ഷം രാജ്യത്ത് 14ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ 90,000 മുതല്‍ 1,20,000 വരെയാണ് രോഗികളുടെ എണ്ണം. ശ്രീചിത്രയിലെ പ്രൊഫ.ഡോ.ഹരികൃഷ്ണന്‍, അസോ.പ്രൊഫ.ഡോ.ജീമോന്‍ പന്യംമാക്കാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 സംസ്ഥാനങ്ങളിലെ 53 ആശുപത്രികളിലായി 11,000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ പത്തില്‍ ഏഴുപേര്‍ക്കും ഹാര്‍ട്ട് അറ്റാക്കാണ് ഹാര്‍ട്ട് ഫെയ്‌ലിയറിന് കാരണം. ശരാശരി 60വയസുള്ളവരെയാണ് പഠനവിധേയമാക്കിയത്. ജീവിത ശൈലിയും ഭക്ഷണക്രമവും കാരണം ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരില്‍ മാത്രമാണ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടാകുന്നതെന്ന ധാരണ തെറ്റാണെന്നും പഠനത്തില്‍ കണ്ടെത്തി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.80, പൗണ്ട് – 94.92, യൂറോ – 80.50, സ്വിസ് ഫ്രാങ്ക് – 83.31, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 211.71, കുവൈത്ത് ദിനാര്‍ -259.51, ഒമാനി റിയാല്‍ – 207.28, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.92, കനേഡിയന്‍ ഡോളര്‍ – 61.50.