സ്ഫടികം റി-റിലീസിന്റെ വന്‍ വിജയത്തിനു പിന്നാലെ കാലാപാനിയും 4കെയില്‍ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. സ്ഫടികത്തിന്റെ നിര്‍മ്മാതാവായ ആര്‍ മോഹനാണ് കാലാപാനിയുടെ സഹ നിര്‍മ്മാതാവ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച കാലാപാനിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ സ്ഫടികത്തിന്റെ പുതിയ പതിപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുതന്നെ ആലോചനയിലുണ്ടായിരുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യ ലക്ഷ്യമിട്ടാണ് കാലാപാനി റിലീസിനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ കാലാപാനി പോലുള്ള ഒരു ചിത്രത്തിന് ഇന്ത്യയൊട്ടുക്കും വിപണനസാധ്യതയുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് ദേശീയപുരസ്‌കാരങ്ങളും എട്ട് കേരള സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രം കൂടിയായിരുന്നു കാലാപാനി. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇതില്‍ വന്ദേമാതരം എന്ന ഗാനം തമിഴ് ഗായകന്‍ മനോയും 50 ഗായകരും ചേര്‍ന്നാണ് ആലപിച്ചത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.