സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ചേര്‍ക്കാനായി കൂലിപ്പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു അലിയെ. മരങ്ങളും ഏറുമാടവും കാറ്റും മേഘങ്ങളും മലമുകളിലെ തൂക്കാംപാറയും പൊന്തക്കാടുകളും താഴ്വരയിലെ നാരകത്തോട്ടങ്ങളും കാട്ടുപാതകളും അവയുടെ വന്യവും ഹൃദ്യവുമായ ഭാവങ്ങളില്‍ പകര്‍ന്നാടുന്ന കാഴ്ചയാണ് യസ്ബക് വരച്ചുകാണിക്കുന്നത്. ചെരുപ്പുകളിടാതെ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളുമായി പൊന്തക്കാട്ടിനുള്ളിലൂടെ ഓടിനടക്കാന്‍ മാത്രം കൊതിച്ച അലി. അഗാധഗര്‍ത്തത്തിലേക്ക് വഴുതിവീഴാന്‍ പോകുന്നതിനിടയിലും ഓക്കുമരത്തിന്റെ ശിഖരങ്ങളിലേക്ക് പറന്നുയരുന്നത് സ്വപ്നം കാണുന്ന, ഒരു കൗമാരക്കാരന്റെ കഥയാണിത്. ‘കാറ്റ് പാര്‍ക്കുമിടം’. സമര്‍ യസ്‌ബെക്. പരിഭാഷ – എം.ഷംനാദ്. ഗ്രീന്‍ ബുക്‌സ്. വില 247 രൂപ.