ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയും വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബില്ലിനെ അനുകൂലിച്ച വിഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.പ്രതിപക്ഷധർമ്മം മറന്നതുകൊണ്ടാണ് യുഡിഎഫ് സിപിഎമ്മിന്‍റെ ആധിപത്യം സ്ഥാപിക്കാനുള്ള ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താൻ വേണ്ടി സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ സുരേന്ദ്രൻ കുറ്റപ്പടുത്തി.
കോൺഗ്രസിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മുസ്ലിംലീഗിന്‍റെ സമ്മർദ്ദമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. ഇപ്പോൾ കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ കഴിയില്ല.നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം പിന്തിരിപ്പിൻ നിലപാടുകൾ മൂലം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവ്വകലാശാല വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവ്വകലാശാലകൾ എന്നും സുരേന്ദ്രൻ പറഞ്ഞു.