പുതിയൊരു വിവാദ പരാമർശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമർശനങ്ങൾക്ക് നെഹ്റു വലിയ സ്ഥാനമാണ് നൽകിയതെന്നും കെ സുധാകരൻ പറഞ്ഞു.
നേരത്തേ ആർഎസ്എസിന്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്ന തന്റെ പ്രസ്താവന മുന്നണിയിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരിക്കെയാണ് കെ സുധാകരന്റെ ഈ പരാമർശം.ശാഖ സംരക്ഷിച്ചുവെന്ന സുധാകരന്റെ പ്രസ്താവനയിൽ മുസ്ലിം ലീഗുൾപ്പെടെ വിമർശിച്ചിട്ടുണ്ട്.
പ്രസംഗം.സിപിഎം, ആർഎസ്എസിന്റെ ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിന്റെ ചുമതലക്കാരനായിരുന്നുവെന്നുമാണ് കെ സുധാകരൻ പറഞ്ഞത്. ഇതേ ചൊല്ലിയാണ് ഇപ്പോൾ ഐക്യജനാധിപത്യ മുന്നണിക്കകത്ത് അസ്വാരസ്യം പുകയുന്നത്. മുസ്ലിം ലീഗ് ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് സാധിക്കില്ലെന്ന് എംകെ മുനീർ പറഞ്ഞിരുന്നു. അടുത്ത മുന്നണി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും. ആർഎസ്എസ് അനുകൂല ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്ന് രാഹുൽ ഗാന്ധി മുൻപ് പറഞ്ഞിട്ടുണ്ട്. കെ സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന സൂചന പോലും സുധാകരൻ നൽകാൻ പാടില്ലായിരുന്നു എന്നും മുനീർ പറഞ്ഞിരുന്നു.