പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ ”കെ.എസ്.എഫ്.ഇ. ഡ്യുവോ” യുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിച്ചു.
റിയാദിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ അല്‍ കൈ്വസറില്‍ വെച്ചു നടന്ന പ്രവാസി മലയാളി സമ്മേളനത്തില്‍ വെച്ചായിരുന്നു കെ.എസ്.എഫ്.ഇ. ഡ്യുവോയുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ്. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍, കെ.എസ്.എഫ്.ഇ. ഡയറക്ടര്‍ എം.സി.രാഘവന്‍ തുടങ്ങിയവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.
നിക്ഷേപവും ചിട്ടിയും ചേര്‍ന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് പേര് സൂചിപ്പിക്കും പോലെ കെ.എസ്.എഫ്.ഇ. ഡ്യുവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെ.എസ്.എഫ്.ഇ.യുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പ്രവാസിച്ചിട്ടിയുടെ ഗുണഫലങ്ങള്‍ പ്രവാസി മലയാളികള്‍ക്കിടയിലെമ്പാടും എത്തിക്കുന്നതിനായി ബഹു.കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ശ്രീ.കെ.വരദരാജന്‍, ബഹു.മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ.എം.സി.രാഘവന്‍, അഡ്വ.യു.പി.ജോസഫ് എന്നിവരും കെ.എസ്.എഫ്.ഇ. ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം വിവിധ ജി.സി.സി രാജ്യങ്ങളില്‍ പര്യടനം നടത്തി വരികയാണ്. പ്രസ്തുത സമ്മേളനങ്ങളില്‍ നിന്ന് പ്രവാസി ചിട്ടിയുടേയും കെ.എസ്.എഫ്.ഇ. ഡ്യുവോ പദ്ധതിയുടേയും വിശദവിവരങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് ലഭ്യമാകുന്നതാണ്.