ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകള്‍ ഏറ്റുവാങ്ങിയ താരമാണ് ജോജു ജോര്‍ജ്. ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് പൊലീസ് കഥാപാത്രമായി എത്തുന്ന സിനിമയാണ് എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പുലിമട’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിന്‍സെന്റ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയാണ് ജോജു ചിത്രത്തിലെത്തുന്നത്. വിന്‍സെന്റ് സ്‌കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സംവിധായകനായ എ. കെ സാജന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷ്, ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്‍, ജിയോ ബേബി, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.