താക്കോലും പഴ്‌സുമൊക്കെ വീട്ടിലും ഓഫീസിലും മറന്നു വയ്ക്കാത്തവര്‍ വിരളമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ചെറിയൊരു ഉത്പന്നവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ ടാഗ് എന്ന ബ്ലൂടൂത്ത് ട്രാക്കറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പേഴ്‌സിലും കീചെയിനിലും ബാഗിലുമൊക്കെ ജിയോ ടാഗ് ഇട്ടുവെച്ചാല്‍, അവ ഏതെങ്കിലും സാഹചര്യത്തില്‍ കാണാതാവുകയാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എളുപ്പം കണ്ടെത്താം. ആപ്പിളിന്റെ എയര്‍ടാഗുമായി മത്സരിക്കുന്ന ജിയോ ടാഗ് അതേ ഫീച്ചറുകളാണ് നല്‍കുന്നത്, അതും കുറഞ്ഞ വിലയ്ക്ക്. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഓര്‍മിപ്പിക്കും. ഉപകരണം ബന്ധിപ്പിച്ച ഫോണില്‍ സന്ദേശമയക്കുകയാണ് ചെയ്യുക. 9.5 ഗ്രാം മാത്രം ഭാരമുള്ള ജിയോ ടാഗ് കാണാതായ നിങ്ങളുടെ വസ്തുക്കള്‍ അതിവേഗം ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുമെന്നും ഒരു വര്‍ഷത്തോളം അതിന് ബാറ്ററി ലൈഫുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് ഉപകരണത്തിന്റെ നിര്‍മാണം. ജിയോ ടാഗിന് കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 മീറ്ററും, പുറത്ത് 50 മീറ്ററും റേഞ്ചും ലഭിക്കും. ടാഗിന്റെ അവസാന ലൊക്കേഷന്‍ തിരിച്ചറിയാനായി കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ്വര്‍ക്ക് ഓപ്ഷനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 749 രൂപയാണ് ജിയോ ടാഗിന്റെ വില. ഇത് ആപ്പിള്‍ എയര്‍ടാഗിനേക്കാള്‍ (3000 രൂപ) ഏറെ കുറവാണ്.